Image

യാക്കോബായ-ഓര്‍ത്തഡോക്‌സ് ഒത്തുതീര്‍പ്പു സാധ്യത തെളിയുന്നു

Published on 14 September, 2011
യാക്കോബായ-ഓര്‍ത്തഡോക്‌സ്  ഒത്തുതീര്‍പ്പു സാധ്യത തെളിയുന്നു

Deepika

 

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയുമായി ബന്ധപ്പെട്ട് യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും അതില്‍നിന്ന് ഉടലെടുത്ത സംഘര്‍ഷവും അവസാനിക്കുന്നതിനു സാധ്യത തെളിയുന്നു.

ഹൈക്കോടതിയുടെ മീഡിയേഷന്‍ സെന്റര്‍ നിയോഗിച്ച രണ്ട് അഭിഭാഷകരുടെ സമിതിയും ജില്ലാ കളക്ടറും ഇരു വിഭാഗങ്ങളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പു സാധ്യത തെളിഞ്ഞത്.

പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വീതീയന്‍ ബാവയും നടത്തിവരുന്ന ഉപവാ സസമരം ഇന്ന് അവസാനിപ്പിച്ചേ ക്കും. തര്‍ക്കം പരിഹരിക്കാന്‍ എറണാകുളം ഗസ്റ്റ്ഹൗസില്‍ ഇന്ന് അനുരഞ്ജന യോഗം നടക്കും.

കോലഞ്ചേരിപ്പള്ളിയിലും കോട്ടൂര്‍ സെന്റ് ജോര്‍ജ് പള്ളിയിലും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു യാക്കോബായ വിഭാഗമാണു കഴിഞ്ഞ ശനിയാഴ്ച സമരം തുടങ്ങിയത്.

ഇതിനെതിരേ പിറ്റേന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും രംഗ ത്തുവന്നു. ഇരുസഭകളുടെയും മേലധ്യക്ഷന്മാര്‍ ഉപവാസ സമരം ആരംഭിച്ചതു മുതല്‍ പ്രദേശത്തു വന്‍ പോലീസ് സംഘമാണു ക്യാ മ്പ് ചെയ്യുന്നത്. അഭിഭാഷക സമി തി ഇരു വിഭാഗങ്ങളിലെയും പ്രതിനിധികളുമായി ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തി. ജില്ലാ കളക്ടര്‍ പി.ഐ. ഷേക്ക് പരീതും ചര്‍ച്ചയില്‍ പങ്കെടുത്തു. ആറു നിര്‍ദേശങ്ങളാണു സമിതി സമരക്കാര്‍ക്കു മുന്നില്‍ വച്ചത്. നിര്‍ദേശങ്ങള്‍ ഇവയാണ്: സമവായത്തിനു ചര്‍ച്ച നടത്തുമ്പോള്‍ പുറത്തു സമരപരിപാടികള്‍ നടത്തുന്നത് ഒഴിവാക്കണം; ഇപ്പോള്‍ നടക്കുന്ന സമരം രണ്ടു ദിവസത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കണം; പ്രശ്‌നം തീര്‍ക്കാന്‍ ഇരു വിഭാഗവും മനസുവയ്ക്കണം; നിയമലംഘനവും മധ്യസ്ഥ ചര്‍ച്ചയും വെവ്വേറെയാകും സര്‍ക്കാര്‍ കാണുക; മധ്യസ്ഥക്കരാറിനു നിയമസാധുതയുണ്ടാകും; ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ഹൈക്കോടതി ഡിവിഷ ന്‍ ബെഞ്ചിന്റെ വിധി വരുക. പള്ളിയിലെ പ്രാര്‍ഥന നടത്തുന്നത് ഒഴികെയുള്ള കാര്യങ്ങളില്‍ ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറായി. ഇപ്പോള്‍ നടക്കുന്ന സമരം അവസാനിപ്പിക്കാമെന്ന ഉറപ്പും ഇരു വിഭാഗങ്ങളും ചര്‍ച്ചയില്‍ നല്കിയതോടെ സമവായ സാധ്യത തെളിഞ്ഞു. വൈകുന്നേരം കളക്ടറുടെ ക്ഷണപ്രകാരം ഇരു വിഭാഗവും ഒന്നിച്ചു ചര്‍ച്ചയില്‍ പങ്കെടുത്തു.

യോഗത്തില്‍ പ്രാര്‍ഥനാ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴികെയുള്ളവയ്ക്കു പരിഹാരം കാണാനായെന്നും തര്‍ക്കം ഭാഗികമായി പരിഹരിക്കപ്പെട്ടെന്നും അനുരഞ്ജന ചര്‍ച്ചകള്‍ക്കായി ഹൈക്കോടതി നിയോഗിച്ച പാനലിലെ അഭിഭാഷകര്‍ അറിയിച്ചു. അഭിഭാഷകരും ജില്ലാ കളക്ടറും കോല ഞ്ചേരി സന്ദര്‍ശിച്ചു കാതോലിക്ക ബാവമാരുമായി നേരില്‍ ചര്‍ച്ച നടത്തിയതോടെയാണ് ഉപവാസ സമരം അവസാനിപ്പിക്കാന്‍ വഴിതുറന്നത്.

യാക്കോബായ വിഭാഗത്തില്‍നിന്നു സഭാ സൂന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ടി.യു. കുരുവിള എംഎല്‍എ, സഭാ ട്രസ്റ്റി ജോര്‍ജ് മാത്യു എന്നിവരും ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നു വൈദിക ട്രസ്റ്റി ഡോ. ജോ ണ്‍ ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, പള്ളി വികാരി ഫാ. ജേക്കബ് കുര്യന്‍, പി.സി. കുര്യാക്കോസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുമായി പൂര്‍ണമായി സഹകരിക്കാന്‍ യാക്കോബായ സഭാ സൂന്നഹ ദോസ് യോഗം തീരുമാനിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ച യോഗത്തില്‍ സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും പങ്കെടുത്തു.

ഇന്നലെ വൈകുന്നേരം വിവിധ ഇടവകകളില്‍ നിന്നെത്തിയ ആയിരക്കണക്കിനു യാക്കോബാ യ വിഭാഗക്കാര്‍ കോലഞ്ചേരി പട്ടണത്തില്‍ പ്രകടനം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, പി. രാജീവ് എംപി തുടങ്ങിയവര്‍ ഇന്നലെ ഉപവാസപ്പന്തലുകളിലെത്തി കാതോലിക്ക ബാവമാരെ സന്ദര്‍ശിച്ചു.

ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ ബാവ ഇന്നലെ കോലഞ്ചേരിയിലെത്തി, ഉപവാസമനുഷ്ഠിക്കുന്ന പരിശുദ്ധ കാതോലിക്കയെ കണ്ടു.

ഉപവാസസമരം നാലുദിവസം പിന്നിട്ടതോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സം ഘം മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ബാവയുടെയും കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം തോമസ് പ്രഥമന്‍ ബാവയുടെയും ആരോഗ്യനില പരിശോധിച്ചു.

ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. യാക്കോബായ സഭ പ്രാര്‍ഥനായജ്ഞം നടത്തിവന്ന കുരിശുംതൊട്ടിയില്‍ ഇന്നലെ അതിക്രമിച്ചുകയറി കുര്‍ബാ ന നടത്തിയെന്ന പരാതിയില്‍ അമ്പതുപേര്‍ക്കെതിരേ പുത്തന്‍കുരിശ് പോലീസ് കേസെടുത്തു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക