Image

ഗണേഷ്‌കുമാര്‍ സദാചാര പോലീസിന്റെ ഇരയോ?

Published on 04 March, 2013
ഗണേഷ്‌കുമാര്‍ സദാചാര പോലീസിന്റെ ഇരയോ?
കെ.ബി ഗണേഷ്‌കുമാറിന്റെ സദാചാര ലംഘനത്തില്‍ കുടുങ്ങി നില്‍ക്കുകയാണ്‌ ഇപ്പോള്‍ സംസ്ഥാന രാഷ്‌ട്രീയം. ബജറ്റില്‍ കേരളത്തിന്‌ കാര്യമായ വീതമൊന്നും കിട്ടിയില്ല എന്നതും, തലസ്ഥാന നഗരിയില്‍ ദിവസങ്ങളായി കുടിവെള്ളമില്ല എന്നതും, കെ.എസ്‌.ആര്‍.ടി.സി ഏതാണ്ടൊക്കെ പൂട്ടുമെന്നതും ഒരു ജനകീയ വിഷയമല്ല എന്നായിരിക്കുന്നു. പ്രെടോള്‍ വില വീണ്ടും കൂടിയത്‌ ഇപ്പോള്‍ ജനങ്ങള്‍ പോലും മൈന്‍ഡ്‌ ചെയ്യുന്നില്ല. അതൊരു സ്ഥിരം സംഭവമായതോടെ ജനങ്ങളും പൊരുത്തപ്പെട്ടുവെന്ന്‌ തോന്നുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ കേരള രാഷ്‌ട്രീയത്തിലെ വാര്‍ത്തയും വ്യക്തിയും കെ.ബി ഗണേഷ്‌കുമാറും അദ്ദേഹത്തെ തല്ലിയെന്ന്‌ ആരോപിക്കപ്പെടുന്ന `അജ്ഞാതനായ' കാമുകി ഭര്‍ത്താവുമാണ്‌. ഏതാണ്ടൊരു രഞ്‌ജി പണിക്കര്‍ - ഷാജി കൈലാസ്‌ പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയില്‍ കണ്ടുമറന്ന ഒരു രംഗം പോലെ തോന്നും കെ.ബി ഗണേഷ്‌കുമാറിന്‌ നേരെ കഴിഞ്ഞ ദിവസങ്ങളില്‍ വീണു പൊട്ടിയ ബോംബ്‌ കാണുമ്പോള്‍.

സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ്‌ മന്ത്രി മന്ദിരത്തില്‍ കയറി മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു `പ്രമുഖ പത്ര'ത്തിന്റെ ഒന്നാം പേജില്‍ ലീഡ്‌ ന്യൂസായി കടന്നു വരുന്നു. വാര്‍ത്തക്കു വേണ്ടി പരക്കം പായുന്ന സകല ചാനലുകളും രാവിലെ പ്രസ്‌തുത പത്രം കണ്ടപ്പോള്‍ ഇളഭ്യരായിപ്പോയി. കാരണം ഇതുപോലൊന്ന്‌ അവര്‍ക്ക്‌ സ്വപ്‌നം കാണാന്‍ പോലും കഴിഞ്ഞില്ല. പിന്നെ കിട്ടിയതാവട്ടെ എന്നുവെച്ച്‌ ചാനലുകള്‍ പത്രവാര്‍ത്ത പ്രധാന ന്യൂസാക്കി സമയം തികച്ചു. അധികം സമയം കഴിയും മുമ്പു തന്നെ സംസ്ഥാന സര്‍ക്കാര്‍ ചീഫ്‌ വിപ്പും യു.ഡി.എഫിലെ പ്രമുഖനുമായ സാക്ഷാല്‍ പി.സി ജോര്‍ജ്ജ്‌ പത്രസമ്മേളനം വിളിച്ച്‌ അടികിട്ടയത്‌ കെ.ബി ഗണേഷ്‌കുമാറിനാണെന്ന്‌ കാര്യകാരണ സഹിതം വിളിച്ചു പറഞ്ഞു. ഗണേഷ്‌കുമാറിന്റെ രാജിയും ആവിശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തിന്‌ ഉറഞ്ഞു തുള്ളാന്‍ ഇതില്‍ കൂടുതല്‍ ഒരു വാര്‍ത്തയും വേണ്ടതില്ലല്ലോ.

കെ.ബി ഗണേഷ്‌കുമാറിനെതിരെ ഉയര്‍ന്ന ആരോപണം യു.ഡി.എഫ്‌ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടത്രേ. സിപിഎം അടക്കം എല്ലാ പ്രതിപക്ഷ കക്ഷികളും പിന്നെ മഹിളാ സംഘടനകളും ഗണേഷ്‌കുമാറിന്റെ രാജി ആവിശ്യപ്പെട്ടു കഴിഞ്ഞു. ഇവിടെ രാഷ്‌ട്രീയത്തിനും അപ്പുറത്ത്‌ സദാചാരമാണ്‌ വിഷയം. മന്ത്രിയുടെ സദാചാരവും സ്വഭാവവും ശരിയാണോ എന്നതാണ്‌ ചോദ്യം. ഇവിടെ രാജി ആവശ്യപ്പെടുന്നവര്‍ക്കും സദാചാര പോലീസിനും വിഷമമുണ്ടാക്കുന്ന മറ്റൊരു കാര്യമുണ്ട്‌. കെ.ബി ഗണേഷ്‌കുമാറിനെതിരെ പി.സി ജോര്‍ജ്ജ്‌ ഉന്നയിച്ചിരിക്കുന്നത്‌ അദ്ദേഹത്തിന്റെ വ്യക്തിപരമായ ആരോപണമാണ്‌. സത്യത്തില്‍ ഗണേഷിനെതിരെ രേഖാമൂലമായ ഒരു പരാതിയും ഇവിടെ നിലവിലില്ല. ഗണേഷ്‌കുമാറിന്‌ ഒരു സ്‌ത്രീയുമായി ബന്ധമുണ്ടെന്ന്‌ തന്നെയിരിക്കട്ടെ. ഇതില്‍ മൂന്നാമതൊരാള്‍ക്ക്‌ പരാതി പറയാന്‍ എന്താണ്‌ അവകാശം. സ്‌ത്രീ ഭര്‍ത്തൃമതിയാണെങ്കില്‍ അവരുടെ ഭര്‍ത്താവിന്‌ ആക്ഷേപം ഉന്നയിക്കാം. അപ്പോള്‍ മാത്രമാണ്‌ നിമയത്തിന്‌ മുമ്പില്‍ അതൊരു കുറ്റമാകുന്നത്‌. ക്രിമിനല്‍ നടപടി ചട്ടം 198(2)പ്രകാരം പരാതി നിയമപരമായി ഉന്നയിക്കാനുള്ള അവകാശം സ്‌ത്രീയുടെ ഭര്‍ത്താവിന്‌ മാത്രമാണ്‌. അങ്ങനെയൊരാള്‍ പരാതിയുന്നയിക്കാത്തിടത്തോളം കാലം പി.സി ജോര്‍ജ്ജിന്റെയും പ്രമുഖ പത്രത്തിന്റെയും വെളിപ്പെടുത്തല്‍ വെറും ആരോപണം മാത്രമാണ്‌. അത്‌ ജോര്‍ജ്ജോ പ്രമുഖ പത്രമോ കാര്യകാരണം സഹിതം വെളിപ്പെടുത്താത്തിടത്തോളം കാലം വെറുമൊരു വെടിവട്ട സദസിലെ വെടിപറച്ചിലിന്റെ നിലവാരം മാത്രമേ ഈ ആരോപണത്തിനുള്ളു.

എന്നാല്‍ ധാര്‍മ്മികതയുടെ വിഷയം ഇവിടെ തീരുന്ന ഒന്നല്ല. നമ്മുടെ മന്ത്രിമാര്‍ ആദര്‍ശ ധീരന്‍മാരാവണമെന്ന്‌ സ്വാഭാവികമായും നിര്‍ബന്ധം പറയാം. പക്ഷെ ഇവിടെ ചോദ്യമുള്ളത്‌ ആരാണ്‌ ഈ ധാര്‍മ്മികതയുടെ അളവുകോല്‍ തീരുമാനിക്കുന്നത്‌ എന്നാണ്‌. ഇവിടെ ഒരു സ്‌ത്രീയുമായി കെ.ബി ഗണേഷ്‌കുമാറിന്‌ ബന്ധമുണ്ടെങ്കില്‍ അതില്‍ ലൈംഗീകത മാത്രമേ ആവാന്‍ തരമുള്ളു എന്ന്‌ ആര്‍ക്കാണ്‌ ഉറപ്പിച്ചു പറയാന്‍ കഴിയുന്നത്‌. അവരുടെ ഭര്‍ത്താവ്‌ ഗണേഷിനെ അക്രമിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത്‌ അയാളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാനും വഴിയില്ലേ. അങ്ങനെ സംഭവിച്ചു കൂടാ എന്നില്ലല്ലോ. ഇവിടെ ഏറ്റവും രസകരം മോറല്‍ പോലീസിംഗിനെതിരെ നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയവരാണ്‌ നമ്മുടെ നിമയസഭയിലെ എം.എല്‍.എമാരും മന്ത്രിമാരും. എന്നിട്ടാണിപ്പോള്‍ ഗണേഷിന്‌ പറയാനുള്ളത്‌ പോലും കേള്‍ക്കാതെ സദാചാരം പറയുന്നതെന്നാണ്‌ ഏറ്റവും രസകരം. ഇനി കുറെ ധാര്‍മ്മികത കൈയ്യിലുണ്ടെങ്കില്‍ ഒരാള്‍ മികച്ച മന്ത്രിയാകുമെന്നുണ്ടോ.

നെല്ലിയാമ്പതി ഭൂമി കയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വനം മന്ത്രി എന്ന നിലയില്‍ കെ.ബി ഗണേഷ്‌കുമാര്‍ സ്വീകരിക്കുന്ന ശക്തമായ നിലപാടുകള്‍ ഗണേഷിനെയും പി.സി ജോര്‍ജ്ജിനെയും തമ്മില്‍ തെറ്റിച്ചു എന്നത്‌ പുതിയ കാര്യമല്ല. യു.ഡി.എഫ്‌ യോഗത്തില്‍ ഇരുവരും അടിപിടിയുടെ വക്കില്‍ വരെയെത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്‌. നെല്ലിയാമ്പതിയില്‍ തന്നോട്‌ കൊമ്പുകോര്‍ത്ത ഗണേഷിനെ ഒതുക്കാനുള്ള ആയുധമാണ്‌ പി.സി ജോര്‍ജ്‌ ഉപയോഗിക്കുന്നതെന്ന്‌ ന്യായമായും ആരോപിക്കാം. പക്ഷെ പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത അങ്ങനെ തള്ളിക്കളയാന്‍ കഴിയില്ലല്ലോ.

പ്രസ്‌തുത വാര്‍ത്ത വരുന്നതിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ഈ പ്രമുഖ പത്രത്തില്‍ ഏറെക്കാലമായി ജോലി ചെയ്‌തു വന്നിരുന്ന എക്‌സിക്യുട്ടീവ്‌ എഡിറ്റര്‍ കൂടിയായ പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു പോയത്‌ ചെറുതല്ലാത്ത വാര്‍ത്തയായിരുന്നു. ഇദ്ദേഹം തന്റെ രാജിക്കുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്‌ പത്രത്തില്‍ തുടര്‍ച്ചയായി വരുന്ന പെയ്‌ഡ്‌ ന്യൂസുകളായിരുന്നു. നിഷേധിക്കാന്‍ കഴിയാത്ത വിധം അതിന്റെ കാര്യകാരണങ്ങള്‍ അദ്ദേഹം നിരത്തിയത്‌ ചെറിയ ചില വാര്‍ത്താസൈറ്റുകളെങ്കിലും പ്രസിദ്ധീകരിക്കുകയും ചെയ്‌തു. കേരളത്തിലെ ചില പത്രങ്ങളില്‍ പെയ്‌ഡ്‌ന്യൂസുകള്‍ അധികമാകുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഈ പത്രപ്രവര്‍ത്തകന്റെ രാജി. പല പ്രമുഖ വ്യക്തികളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും വാര്‍ത്തകള്‍ വരുകയും ഒരു ഇടവേള കഴിയുമ്പോള്‍ തുടര്‍ വാര്‍ത്തകള്‍ തനിയെ അപ്രത്യക്ഷമാകുകയും ചെയ്യുന്നത്‌ പെയ്‌ഡ്‌ ന്യൂസിന്റെ ഉദാഹരണമായി എടുത്തു കാട്ടപ്പെടുന്നു. ഇവിടെയാണ്‌ കെ.ബി ഗണേഷ്‌കുമാറിനെക്കുറിച്ച്‌ പത്രത്തില്‍ വന്ന വാര്‍ത്ത, പ്രത്യേകിച്ച്‌ ആധികാരിക പോലും വെളിപ്പെടുത്താത്ത ഒരു വാര്‍ത്ത, പെയ്‌ഡ്‌ ന്യൂസാണോ എന്നത്‌ സംശയിക്കേണ്ടി വരുന്നത്‌. നെല്ലിയാമ്പതി വിഷയത്തില്‍ പി.സി ജോര്‍ജ്ജിന്‌ ഗണേഷിനോടുള്ളതിനേക്കാള്‍ ശത്രുത സ്വന്തം അച്ഛനായ ബാലകൃഷ്‌ണപിള്ളക്ക്‌ ഗണേഷ്‌കുമാറിനോടുണ്ട്‌. ഗണേഷിനെ എങ്ങനെയും രാജിവെപ്പിക്കും എന്ന്‌ സത്യം ചെയ്‌തു പരിശ്രമിക്കുന്ന വ്യക്തിയാണ്‌ ബാലകൃഷ്‌ണപിള്ള. ഇങ്ങനെയൊക്കെയുള്ളപ്പോള്‍ ന്യായമായും ഗണേഷിന്‌ പറയാനുള്ളത്‌ കൂടി കേള്‍ക്കേണ്ടതുണ്ട്‌.

ഇനി ഗണേഷ്‌കുമാര്‍ യു.ഡി.എഫ്‌ സര്‍ക്കാരിനെ വീഴ്‌ത്താനുള്ള തന്ത്രത്തിന്റെ ഇരയാകുകയാണോ എന്നും സംശയിക്കേണ്ടതാണ്‌. ഗണേഷ്‌കുമാറിന്‌ രാജിവെക്കേണ്ടി വന്നാല്‍ സ്വാഭാവികമായും യു.ഡി.എഫ്‌ ഗവണ്‍മെന്റ്‌ കൂടുതല്‍ സമര്‍ദ്ദത്തിലാകും. ഗവണ്‍മെന്റിനെ വീഴ്‌ത്താന്‍ എല്‍.ഡി.എഫ്‌ ശ്രമിക്കുമെന്ന്‌ അവരും വെളിപ്പെടുത്തി കഴിഞ്ഞു. ഇതിനുള്ള അണിയറ നീക്കങ്ങള്‍ സജീവമായിട്ട്‌ നാളുകള്‍ ഏറെയായിരിക്കുന്നു.

അത്‌ ശരിവെക്കുന്ന ഒരു വാര്‍ത്ത ഇപ്പോള്‍ ഒരു പ്രമുഖ ന്യൂസ്‌ മാഗസീന്‍ പുറത്തുവിട്ടിരിക്കുന്നു. പിണറായി വിജയനും കെ.എം മാണിയും തമ്മില്‍ ബാംഗ്ലൂരില്‍ വെച്ച്‌ രഹസ്യ ചര്‍ച്ച നടത്തിയെന്ന വിവരമാണ്‌ ഇത്‌. മാണി ഗ്രൂപ്പ്‌ യുഡിഎഫില്‍ നിന്നും പിരിഞ്ഞ്‌ എല്‍ഡിഎഫിനോട്‌ കൈകോര്‍ക്കുന്നതിനുള്ള രഹസ്യ അജണ്ടയായിരുന്നുവത്രേ ചര്‍ച്ചയിലെ വിഷയം. അനുകൂല സാഹചര്യമാണെങ്കില്‍ ഇതിന്‌ തയാറാണെന്ന്‌ മാണിഗ്രൂപ്പും അറിയിച്ചിട്ടുണ്ടത്രേ. ഇതെല്ലാം ചേര്‍ത്തു വായിച്ചാല്‍ ഗണേഷിനെതിരെയുള്ള ആരോപണം വലിയൊരു രാഷ്‌ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന്‌ കരുതേണ്ടി വരും. മാണിഗ്രൂപ്പിനെയും പി.സി ജോര്‍ജിനെയുമൊക്കെ പിണക്കാതെ നിര്‍ത്തണമെങ്കില്‍ മുഖ്യമന്ത്രിക്ക്‌ ഗണേഷ്‌കുമാറിനെ കൈയ്യൊഴിയാതെ തരമില്ല. അങ്ങനെയെങ്കില്‍ രാഷ്‌ട്രീയ ഗൂഡാലോചനയുടെയും സദാചാര പോലീസിംഗിന്റെയും ഇരയായി മാറും കെ.ബി ഗണേഷ്‌കുമാറെന്ന മന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക