Image

`പ്രതി'ക്കൂട്ടിലായ പൂഞ്ഞാര്‍ പുലി

ജി.കെ. Published on 15 September, 2011
`പ്രതി'ക്കൂട്ടിലായ പൂഞ്ഞാര്‍ പുലി
സെഞ്ചുറി അടിക്കാനിരുന്ന ബാറ്റ്‌സ്‌മാന്‍ അനാവശ്യ ഓട്ടത്തിലൂടെ റണ്ണൗട്ടായ അവസ്ഥയിലാണിപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയും കൂട്ടരും. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടി പൂര്‍ത്തിയായതിന്റെ വിജയാഘോഷങ്ങള്‍ക്കിടെയാണ്‌ പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന്‌ ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ജഡ്‌ജിക്കെതിരെ രാഷ്‌ട്രപതിക്കും ഗവര്‍ണര്‍ക്കും ചീഫ്‌ ജസ്റ്റിസിനും കേന്ദ്രനിയമമന്ത്രിക്കുമെല്ലാം പരാതി അയച്ച്‌ പൂഞ്ഞാര്‍ പുലിയും സര്‍ക്കാര്‍ ചീഫ്‌ വിപ്പുമായ പി.സി.ജോര്‍ജ്‌ സ്വയം പ്രതിക്കൂട്ടിലായതിനൊപ്പം കുഞ്ഞൂഞ്ഞിനെയും കൂട്ടരെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്‌.

പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന്‌ ഉത്തരവിട്ട വിധി വീണ്‌ടും സജീവ ചര്‍ച്ചയായി എന്നു മാത്രമല്ല സര്‍ക്കാരിന്റെ നൂറുദിന നേട്ടങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തി ജോര്‍ജിന്റെ നടപടി എന്നും പറയാതിരിക്കാനാവില്ല. കോടതി വിധിയുടെ ന്യായ അന്യായങ്ങളെ ഇഴകീറി വാദിച്ചും പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും പ്രതിച്ഛായ വലിച്ചുകീറി പോസ്റ്ററൊട്ടിച്ചും സ്വന്തം നിലപാട്‌ സ്ഥാപിക്കാന്‍ ജോര്‍ജ്‌ പരമാവധി ശ്രമിക്കുന്നുണ്‌ട്‌. എങ്കിലും ഇപ്പോള്‍ അകപ്പെട്ട കൂട്ടില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ കാബിനറ്റ്‌ മന്ത്രിയുടെ പദവിയുള്ള ചീഫ്‌ വിപ്പ്‌ ജോര്‍ജ്‌ വെറും എംഎല്‍എ ജോര്‍ജ്‌ ആവുമോ എന്നാണ്‌ ഇനി കണ്‌ടറിയേണ്‌ടത്‌.

സര്‍ക്കാര്‍ നൂറടിച്ചതിന്റെ ആഘോഷം അലങ്കോലമാക്കാന്‍ വടികാത്തിരുന്ന പ്രതിപക്ഷത്തിനാകട്ടെ നല്ല കാഞ്ഞിരത്തിന്റെ വടിതന്നെ ജോര്‍ജ്‌ തളികയില്‍ വെച്ചു നല്‍കി. ജുഡീഷ്യറിക്കെതിരായി നില്‍ക്കുന്നത്‌ സി.പി.എമ്മാണെന്ന ആക്ഷേപമാണ്‌ എന്നും കോണ്‍ഗ്രസ്‌ ഉന്നയിച്ചിരുന്നത്‌. എം.വി.ജയരാജന്റെ `ശുംഭന്‍' പരാമര്‍ശം തൊട്ട്‌ ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും ഉയര്‍ത്തിക്കാട്ടാനും ആവുമായിരുന്നു. പാമോയില്‍ കേസില്‍ വിജിലന്‍സ്‌ കോടതിയുടെ നിര്‍ദേശം വന്നപ്പോഴും അതിനെതിരെ പരസ്യമായ നിലപാടെടുക്കാന്‍ ഉമ്മന്‍ചാണ്‌ടിയോ കെപിസിസിയോ തയാറായിരുന്നില്ല. പ്രതിച്ഛായക്കുപ്പായത്തില്‍ തുളവീഴ്‌ത്താതെ അന്വേഷണത്തെ ചോദ്യംചെയ്‌ത്‌ മേല്‍ക്കോടതികളെ സമീപിക്കില്ലെന്ന്‌ ഉമ്മന്‍ ചാണ്‌ടി വ്യക്തമാക്കുകയും അഗ്നിശുദ്ധിക്കായി വിജിലന്‍സ്‌ വകുപ്പ്‌ ഒഴിയുകയും ചെയ്‌തതാണ്‌. എന്നാല്‍ ഇപ്പോള്‍ എല്ലാ പുകയും കെട്ടടങ്ങി എന്ന്‌ കരുതിയപ്പോഴാണ്‌ രാജാവിനെക്കാള്‍ വലിയ രാജഭക്തിയുമായി പൂഞ്ഞാര്‍ പുലി ചാടി വീണത്‌.

ഇത്തരമൊരു പരാതി നല്‍കിയതിലൂടെ തുടരന്വേഷണത്തിന്‌ ഉത്തരവിട്ട കോടതി വിധി റദ്ദാക്കപ്പെടുകയോ ഉത്തരവ്‌ പുറപ്പെടുവിച്ച ജഡ്‌ജിയുടെ മൂക്ക്‌ ചെത്തിക്കളയുകയോ സംഭവിക്കില്ലെന്ന്‌ മറ്റാരേക്കാളും നന്നായി അറിയാവുന്ന ആള്‍ പി.സി.ജോര്‍ജ്‌ തന്നെയായിരിക്കും. എന്നിട്ടും എന്തിന്‌ ഈ കടുംകൈ ചെയ്‌തു എന്നാണ്‌ മുന്നണിയിലുള്ളവര്‍ ചോദിക്കുന്നത്‌. കോടതിവിധിയുടെ പൊള്ളത്തരത്തെപ്പറ്റി ജനങ്ങളെയും മാധ്യമങ്ങളെയും ഉത്‌ബുദ്ധരാക്കാന്‍ എന്നാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ജ്‌ തന്നെ പറഞ്ഞത്‌. അതിന്‌ ഇതൊക്കെ വ്യക്തമാക്കിക്കൊണ്‌ട്‌ ഒരുവാര്‍ത്താസമ്മേളനം നടത്തുകയോ പത്രക്കുറിപ്പിറക്കുകയോ ചെയ്‌താല്‍ പോരെ എന്നുചോദിച്ചാല്‍ സത്യത്തിനും നീതിക്കും വേണ്‌ടിയുള്ള പോരാട്ടമാണ്‌ താന്‍ നടത്തുന്നതെന്നും ഉമ്മന്‍ ചാണ്‌ടി ശുദ്ധനും നിഷ്‌കളങ്കനുമണൊന്നൊക്കെ വലിയവായില്‍ വിളിച്ചുപറയും.

ജനങ്ങളെ ഉത്‌ബുദ്ധരാക്കാനാണെങ്കില്‍ പിന്നെ രഹസ്യമായെന്തിന്‌ പരാതി അയച്ചുവെന്ന ചോദ്യത്തിന്‌ ജോര്‍ജിനും ഉത്തരമുണ്‌ടാകില്ല. പൗരന്‍ എന്ന നിലയിലാണ്‌ പരാതി അയച്ചതെന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പതുവട്ടം ആവര്‍ത്തിക്കുന്നതിനൊപ്പം സര്‍ക്കാര്‍ ചീഫ്‌ വിപ്പിന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ തന്നെ പരാതി അയക്കാനും ജോര്‍ജ്‌ മറന്നിട്ടില്ല. പരാതിയുടെ ഒരു കോപ്പി മുഖ്യമന്ത്രിക്കും അയച്ചിരുന്നു എന്നതിനാല്‍ ഒന്നും താനറിഞ്ഞില്ലെന്ന്‌ പരിതപിക്കാനും ഉമ്മന്‍ ചാണ്‌ടിക്കാവില്ല. അപ്പോള്‍ പിന്നെ അറിഞ്ഞുകൊണ്‌ട്‌ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ എന്തിന്‌ ജോര്‍ജിന്‌ കൂട്ടുനിന്നു എന്ന ചോദ്യത്തിന്‌ കുഞ്ഞൂഞ്ഞ്‌ തന്നെ ഉത്തരം പറയേണ്‌ടതായുംവരും.

വി.എസിന്റെ വിശ്വസത്‌നായിരിക്കെ മതികെട്ടാനിലും പൂയംകുട്ടിയിലും മൂന്നാറിലുമൊക്കെ വി.എസിനെ കൈപിടിച്ച്‌ നടത്തിയത്‌ പി.സി. ജോര്‍ജായിരുന്നു. അതേ പിസി ജോര്‍ജ്‌ യുഡിഎഫിലെത്തിയപ്പോള്‍ വി.എസ്‌ വിദ്യാഭ്യാസമില്ലാത്തവനും പള്ളിക്കൂടത്തില്‍ പോകാത്തവനുമാണെന്നൊക്കെ വിളിച്ചുകൂവുന്നതിന്‌ അവസരവാദം എന്നല്ലാതെ വേറൊരു വിശേഷണവും നിഘണ്‌ടുവിലുണ്‌ടാവുമെന്ന്‌ തോന്നുന്നില്ല.

ഉമ്മന്‍ ചാണ്‌ടിയെ വിശുദ്ധനാക്കുകയും വി.എസിനെ വെറുക്കപ്പെട്ടവനാക്കുകയും ചെയ്യുന്ന പി.സി.ജോര്‍ജ്‌ സ്‌നേഹിച്ചാല്‍ നക്കിക്കൊല്ലും ഇല്ലെങ്കില്‍ ഞെക്കിക്കൊല്ലും എന്ന നയമാണ്‌ നടപ്പിലാക്കുന്നത്‌. രണ്‌ടായാലും മരണം ഉറപ്പായതിനാല്‍ പുലിയെ ഇങ്ങനെ തുറന്നുവിടുന്നതിനേക്കാള്‍ നല്ലത്‌ കൂട്ടിലടക്കുകയാണെന്ന്‌ ഇനി മാണി സാറും ചിന്തിച്ചുകൂടായ്‌കയില്ല.

ഇതിനിടെ സ്വന്തം പാര്‍ട്ടിയിലെ ചിലരും ജോര്‍ജിനെ വാരിക്കുഴി ഒരുക്കി കാത്തിരിപ്പുണ്‌ട്‌. എസ്‌എംഎസ്‌ വിവാദത്തില്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ.ജോസഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചത്‌ ജോര്‍ജാണെന്ന്‌ വിശ്വസിക്കുന്ന ഫ്രാന്‍സിസ്‌ ജോര്‍ജിനെ പോലുള്ളവരാണ്‌ കൂട്ടില്‍ ഇരയുമായി ജോര്‍ജിനെ കാത്തിരിക്കുന്നത്‌.

അടുത്ത നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനുമുമ്പേ ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലി എത്തുമെന്നൊരു ശ്രുതിയുണ്‌ട്‌. അതുകൂടി മുന്നില്‍ കണ്‌ടുകൊണ്‌ടാണോ ജോര്‍ജിന്റെ ഇപ്പോഴത്തെ നീക്കമെന്നേ കണ്‌റിയേണ്‌ടതുള്ളു. എന്തായാലും 18ന്‌ മാണിസാര്‍ പാരീസില്‍ നിന്ന്‌ തിരികെയെത്തും. അതിനുശേഷം 20ന്‌ യുഡിഎഫ്‌ യോഗം ചേരും. പുലിയെ കൂട്ടിലടക്കുമോ അതോ കാട്ടിലേക്ക്‌ തന്നെ തുറന്നുവിടുമോ എന്ന്‌ അതിനുശേഷമെ അറിയാനാവു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക