Image

പ്രമേഹ രോഗത്തിലും പൊണ്ണത്തടിയിലും കൊച്ചിക്ക്‌ ഒന്നാംസ്ഥാനം

Published on 08 March, 2013
പ്രമേഹ രോഗത്തിലും പൊണ്ണത്തടിയിലും കൊച്ചിക്ക്‌ ഒന്നാംസ്ഥാനം
കൊച്ചി: രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയന്‍മാരും ഏറ്റവുമധികം പ്രമേഹരോഗികളുമുള്ള നഗരം കൊച്ചിയാണെന്ന്‌ റിപ്പോര്‍ട്ട്‌. രാജ്യത്ത്‌ പഞ്ചാബ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയന്‍മാരുള്ളത്‌ കേരളത്തിലാണ്‌. പൊതുവെ 50 വയസ്‌ കഴിഞ്ഞവരിലാണ്‌ ഹൃദയാഘാതമുണ്‌ടാകുന്നതെങ്കില്‍ കേരളത്തില്‍ 40-ാം വയസില്‍ തന്നെ രോഗത്തിന്‌ അടിമപ്പെടുന്നു.

കൊച്ചി സണ്‍റൈസ്‌ ഹോസ്‌പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ സര്‍ജനും മെഡിക്കല്‍ ഡയറക്‌ടറുമായ ഡോ. ആര്‍. പത്മകുമാര്‍ പറഞ്ഞു. ജീവിതശൈലീ രോഗങ്ങളെക്കുറിച്ച്‌ ഗ്രേറ്റര്‍ കൊച്ചി ബാങ്കേഴ്‌സ്‌ ക്ലബ്‌ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളവത്‌ക്കരണത്തെത്തുടര്‍ന്ന്‌ ലഭ്യമായ നവീന ജീവിത സൗകര്യങ്ങള്‍ വേണ്‌ടതില്‍കൂടുതല്‍ ഉപയോഗപ്പെടുത്തുകയും തെറ്റായ ഭക്ഷണരീതി പിന്തുടരുകയും ചെയ്യുന്നതാണ്‌ ജീവിതശൈലി രോഗങ്ങളായ പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയ്‌ക്ക്‌ കാരണമാകുന്നത്‌. വ്യായാമമില്ലായ്‌മയാണ്‌ മറ്റൊരു കാരണം. കുടവയര്‍ രോഗലക്ഷണമായാണ്‌ കാണുന്നത്‌. ആഗോള തലത്തില്‍ 15 ലക്ഷം പേര്‍ പൊണ്ണത്തടി കാരണം 2000-ത്തില്‍ മരിച്ചു. 2015ല്‍ ഇത്‌ 20 ലക്ഷമായി വര്‍ധിക്കുമെന്നാണു കണക്ക്‌. 2008ല്‍ 20 വയസിനുമേലെയുള്ള 140 കോടി ആളുകള്‍ ഭാരക്കൂടുതലുള്ളവരായിരുന്നു.

2011-ലെ കണക്കു പ്രകാരം അഞ്ചു വയസിനു താഴെയുള്ള നാലു കോടി കുഞ്ഞുങ്ങള്‍ തടിയന്‍മാരാണ്‌. ലോകത്ത്‌ പോഷകാഹാരക്കുറവു മൂലം മരണപ്പെടുന്നവരുടെ മൂന്നിരട്ടിയാണ്‌ പൊണ്ണത്തടി കാരണമുള്ള മരണമെന്നതാണ്‌ മറ്റൊരു കണക്കെന്നും ഡോ. പത്മകുമാര്‍ അഭിപ്രായപ്പെട്ടു. പക്ഷെ ഭാരം വര്‍ധിക്കുന്നതു തടയാന്‍ സാധിക്കും. ശസ്‌ത്രക്രിയയിലൂടെ പൊണ്ണത്തടി ഫലപ്രദമായി കുറയ്‌ക്കാം. തടിയന്‍മാരല്ലാത്ത പ്രമേഹരോഗികള്‍ക്കും കീ ഹോള്‍ സര്‍ജറി ഫലപ്രദമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക