Image

ആര്‍.സി.സിയിലെ കുട്ടികള്‍ക്ക്‌ സാന്ത്വനൗഷധവുമായി `സസ്‌നേഹം'

വിനീത നായര്‍ Published on 07 March, 2013
ആര്‍.സി.സിയിലെ കുട്ടികള്‍ക്ക്‌ സാന്ത്വനൗഷധവുമായി `സസ്‌നേഹം'

അനുഗ്രഹീത ഗായകന്‍ ജി. വേണുഗോപാല്‍ എനിക്ക്‌ ജ്യേഷ്‌ഠ സഹോദരനെപ്പോലെയാണ്‌.  2009 - ല്‍ ഞാന്‍ നാട്ടിലുണ്ടായിരുന്ന സമയത്ത്‌, ഒരു ദിവസം വേണു ചേട്ടന്‍ എന്നെ ഫോണില്‍ വിളിച്ചു. സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റായ ഓര്‍ക്കുട്ടില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ചേര്‍ന്ന്‌ ഒരു ഫോറം ഉണ്ടാക്കിയിട്ടുണ്ടെന്നും തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ കുട്ടികളുടെ വാര്‍ഡില്‍ `സസ്‌നേഹം ജി. വേണുഗോപാല്‍' എന്ന പേരില്‍ ജീവകാരുണ്യ പരിപാടി ആരംഭിക്കുന്നുവെന്നും, അതിന്റെ ഉദ്‌ഘാടന ചടങ്ങില്‍ സംബന്ധിക്കണമെന്നും പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനം എന്നു കേട്ടപ്പോള്‍ നിര്‍ധനരായ കുരുന്നു രോഗികള്‍ക്ക്‌ സാമ്പത്തിക സഹായമെത്തിക്കുന്ന പരിപാടിയായിരിക്കും എന്നാണ്‌ ആദ്യം കരുതിയത്‌. എന്നാല്‍ മാരകമായ രോഗത്തോട്‌ പൊരുതുന്ന കുട്ടികളോടും കുടുംബാംഗങ്ങളോടുമൊപ്പം സമയം ചെലവിട്ട്‌, സംഗീതത്തിലൂടെയും, നൃത്തത്തിലൂടെയും, മാജിക്‌ ഷോയിലൂടെയും, ചിത്രരചനയിലൂടെയും, ക്ലേ മോഡലിംഗിലൂടെയും മറ്റും കുറച്ചു നേരമെങ്കിലും അവര്‍ക്ക്‌ ആശ്വാസം പകരുക എന്നതാണ്‌ സസ്‌നേഹം ലക്ഷ്യമിടുന്നതെന്ന്‌ വേണുചേട്ടന്‍ വിശദീകരിച്ചു. കേട്ടപ്പോള്‍ തന്നെ വ്യത്യസ്‌തമായ ഈ ആശയത്തോട്‌ മതിപ്പ്‌ തോന്നി.

ആശുപത്രിയില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ ദാരുണമായ ദൃശ്യങ്ങള്‍ക്ക്‌ സാക്ഷിയാകും എന്ന്‌ ഉറപ്പായിരുന്നു. എങ്കിലും മനസ്‌ പതറാതെ ചടങ്ങില്‍ പങ്കെടുത്ത്‌, എന്നാല്‍ കഴിയുന്ന സഹായമെത്തിക്കണം എന്നാഗ്രഹിച്ചു. ചടങ്ങ്‌ തുടങ്ങുന്നതിനു മുമ്പുതന്നെ അവിടെയെത്തി. കുറച്ച്‌ കുട്ടികളും അവരുടെ അമ്മമാരും അപ്പോള്‍ തന്നെ ഓഡിറ്റോറിയത്തിലുണ്ടായിരുന്നു. ആറോ, എട്ടോ മാസം പ്രായം തോന്നിക്കുന്ന പിഞ്ച്‌ കുഞ്ഞുങ്ങള്‍ കൈയ്യില്‍ ബാന്‍ഡേജുമായി അമ്മമാരുടെ തോളില്‍ ഉറങ്ങുന്നു. ചില കുരുന്നുകള്‍ കരയുന്നു....തലയില്‍ മുടിയില്ലാതെ കളിപ്പാട്ടങ്ങളുമായി കളിക്കുന്ന കളിക്കുന്ന ചെറിയ കുട്ടികള്‍.. സ്‌കൂളില്‍ പോകാന്‍ കഴിയാതെ കാന്‍സര്‍ വാര്‍ഡില്‍ മാസങ്ങളോളം താമസിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍....`ഈശ്വരാ..' എന്ന്‌ മനസ്‌ മന്ത്രിച്ചു. കുട്ടികളേക്കാളേറെ അവരുടെ അമ്മമാരുടെ മുഖങ്ങളാണ്‌ ഹൃദയത്തെ തീക്കനല്‍ പോലെ പൊള്ളിച്ചത്‌. അഗാധമായ ദുഖത്തിന്റെ, ഭയത്തിന്റെ, സ്‌നേഹത്തിന്റെ, നിസ്സഹായതയുടെ, മരവിപ്പിന്റെയൊക്കെ പ്രതിഫലനങ്ങള്‍ ആ മുഖങ്ങളില്‍ കണ്ടു. ചില അമ്മമാരോട്‌ സംസാരിച്ചു. ആര്‍.സി.സിയില്‍ മികച്ച ചികിത്സയാണ്‌ ലഭ്യമാകുന്നതെന്നും, ധൈര്യവും, പ്രതീക്ഷയും കൈവിടരുതെന്നും, അവരുടെ പൊന്നുമക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാമെന്നും പറഞ്ഞു. ഞാനും ഒരമ്മയാണ്‌. സ്വന്തം ജീവനെക്കാളേറെ മകനെ സ്‌നേഹിക്കുന്ന അമ്മ. അതുകൊണ്ടുതന്നെ ആ അമ്മമാരുടെ മനസ്‌ വായിക്കാന്‍ എനിക്ക്‌ സാധിച്ചു.

തികച്ചും ലളിതമായിരുന്നു ഉദ്‌ഘാടന ചടങ്ങ്‌. ജി. വേണുഗോപാല്‍, ആര്‍.സി.സി ഡയറക്‌ടര്‍ ഡോ. രാമചന്ദ്രന്‍, പീഡിയാട്രിക്‌ ഓങ്കോളജി ഡിവിഷന്‍ ഹെഡ്‌ ഡോ. കുസുമകുമാരി, സസ്‌നേഹം പരിപാടിക്ക്‌ ചുക്കാന്‍ പിടിക്കുന്ന ഗിരീഷ്‌ ഗോപിനാഥ്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ ഗാനമേള അരങ്ങേറി. ചികിത്സയില്‍ കഴിയുന്ന ചില കുട്ടികളും പാട്ടുപാടി. വളരെ ചെറിയ കുട്ടികളുടെ പാട്ടു കേട്ടപ്പോള്‍ കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. എന്റെ തൊട്ടടുത്തുണ്ടായിരുന്ന വേണുച്ചേട്ടന്റെ ഭാര്യ രശ്‌മി ചേച്ചിയും കരയുന്നുണ്ടായിരുന്നു. വിദഗ്‌ധ ചികിത്സയിലൂടെ എത്രയും വേഗം അസുഖം ഭേദമായി കുട്ടികള്‍ക്ക്‌ വീട്ടില്‍ പോകാന്‍ കഴിയണേ എന്ന്‌ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ചില നിമിഷങ്ങള്‍ ആയിരുന്നു അത്‌. നിസാരമായ കാര്യങ്ങള്‍ക്കുപോലും വല്ലാതെ വിഷമിക്കുന്ന, തന്റെ ദുഖമാണ്‌ ഏറ്റവും വലുത്‌ എന്ന്‌ കരുതുന്ന, എന്തിലും പരാതിയും പരിഭവവും കണ്ടെത്തുന്ന മനുഷ്യര്‍ വന്നു കാണേണ്ട രംഗങ്ങള്‍ക്കാണ്‌ ഞാന്‍ സാക്ഷിയായത്‌.

അമേരിക്കയിലേക്ക്‌ തിരികെ വരേണ്ടി വന്നതിനാല്‍ അക്കൊല്ലം സസ്‌നേഹത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഗിരീഷിന്റേയും സുഹൃത്തുക്കളുടെയും കൂട്ടായ്‌മയില്‍ വിവിധതരം പരിപടികള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ആര്‍.സി.സിയില്‍ നടന്നുവരുന്നു. ഓണം, വിഷു, തുടങ്ങിയ വിശേഷാവസരങ്ങളില്‍ ജി. വേണുഗോപാല്‍ നേരിട്ട്‌ എത്തി പ്രത്യേക പരിപാടികള്‍ നടത്തുന്നുണ്ട്‌.  2011 - ല്‍ പോയപ്പോള്‍ വീണ്ടുമെനിക്ക്‌ സസ്‌നേഹവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഹൃദ്യമായ ഗാനമേള, മാജിക്‌ ഷോ, എന്റെ അമ്മ പ്രൊഫ. ലളിതാബായിയുടെ കവിതചൊല്ലല്‍ എന്നീ പരിപാടികളില്‍ പങ്കെടുത്തു. ഇത്തവണ കരയില്ല എന്ന്‌ ഉറപ്പിച്ചിരുന്നു. കാരണം, ഈ പരിപാടിയുടെ ലക്ഷ്യം വേദനിക്കുന്നവര്‍ക്ക്‌ കുറച്ചുനേരമെങ്കിലും ആശ്വാസം പകരുക എന്നതാണ്‌. അതിനാല്‍ കുട്ടികളോടും അമ്മമാരോടും സന്തോഷപൂര്‍വ്വം പെരുമാറുകയാണ്‌ വേണ്ടത്‌. കുറച്ച്‌ പ്രയാസപ്പെട്ടെങ്കിലും അതിന്‌ കഴിഞ്ഞു. ചില കുട്ടികള്‍ രോഗത്തിന്റേയും ചികിത്സയുടേയും തീവ്രതമൂലം അവശരായിരുന്നെങ്കിലും ഭൂരിഭാഗം കുട്ടികളും പരിപാടികള്‍ ആസ്വദിക്കുന്നത്‌ കണ്ടു.

 

എല്ലാ ശനിയാഴ്‌ചയും മുടങ്ങാതെ ഈ പരിപാടി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നത്‌, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചില നല്ല മനസുകളുടെ അദ്ധ്വാനം കൊണ്ടുമാത്രമാണ്‌. ഒരു സൗഹൃദകൂട്ടായ്‌മയാണ്‌ `സസ്‌നേഹം'. ആര്‍ക്കും പ്രത്യേകിച്ച്‌ പദവികളൊന്നുമില്ല. കൂട്ടായ്‌മയില്‍ പങ്കുചേരാന്‍ അംഗത്വഫീസില്ല. പരിപാടികള്‍ നടത്താന്‍ പണപ്പിരിവുമില്ല. എന്റെ ബാല്യകാല സുഹൃത്ത്‌ ലക്ഷ്‌മി എസ്‌. നായര്‍ സസ്‌നേഹത്തിന്റെ സജീവ പ്രവര്‍ത്തകയാണ്‌.

അടുത്തയിടെ സസ്‌നേഹത്തിന്റെ നാലാമത്‌ വാര്‍ഷികം ആഘോഷിച്ചു. ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ. യേശുദാസ്‌ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. വാര്‍ഡുകള്‍ സന്ദര്‍ശിച്ച്‌ അദ്ദേഹം കുട്ടികള്‍ക്ക്‌ മധുരം നല്‍കി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനാഗാനങ്ങള്‍ ആലപിച്ചു. വിജയ്‌ യേശുദാസും ഒപ്പമുണ്ടായിരുന്നു.

`സസ്‌നേഹം' വളരുകയാണ്‌. കാന്‍സര്‍ എന്ന മാരക രോഗത്തോട്‌ മല്ലടിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള സ്‌നേഹസംരംഭം ഇനിയും ഒരുപാട്‌ വളരട്ടെ. കുരുന്നുകളെ ദൈവം അനുഗ്രഹിക്കട്ടെ, അവരുടെ മാതാപിതാക്കള്‍ക്ക്‌ ശക്തിപകരട്ടെ!

വിനീത നായര്‍.

ആര്‍.സി.സിയിലെ കുട്ടികള്‍ക്ക്‌ സാന്ത്വനൗഷധവുമായി `സസ്‌നേഹം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക