Image

അമൃതയുടെ ഇടിക്കു പിന്നിലെ കള്ളകളികള്‍....

Published on 10 March, 2013
അമൃതയുടെ  ഇടിക്കു പിന്നിലെ കള്ളകളികള്‍....
കരാട്ടെ,,, കുങ്‌ഫു,,,, കളരിപ്പയറ്റ്‌....എന്തൊക്കെയായിരുന്നു. അവസാനം `പവനായി ശവമായി' എന്നതുപോലെയായി കാര്യങ്ങള്‍. ഒറ്റ ഇടി കൊണ്ട്‌ കേരളത്തിലെ ഫെമിനിസ്റ്റുകളുടെ കാണപ്പെട്ട ദൈവമായി മാറിയ തിരുവനന്തപുരംകാരി അമൃതയെക്കുറിച്ചാണ്‌ ഈ പറയുന്നത്‌. തന്നെ കമന്റടിക്കുകയും അസഭ്യം പറയുകയും ചെയ്‌ത നാലംഗ പൂവാല സംഘത്തെ അമൃത എന്ന കോളജ്‌ വിദ്യാര്‍ഥിനി രാത്രിയില്‍ തെരുവില്‍ നേരിടുകയും പൂവാലന്‍മാര്‍ അടികൊണ്ട്‌ ഓടുകയും ചെയ്‌തു എന്നതായിരുന്നു ആദ്യത്തെ വിശേഷം. ഈ വിശേഷത്തിന്റെ പുതിയ കഥയാണ്‌ കഴിഞ്ഞ ദിവസം പുറത്തു വന്നത്‌. അതായത്‌ പൂവാലന്‍മാരെ തല്ലിയോടിച്ചെന്ന അമൃതയുടെ കഥ ശുദ്ധ നുണയാണെന്നും മറിച്ച്‌ ചെറുപ്പക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്‌ അമൃതക്കൊപ്പമുണ്ടായിരുന്നവരാണെന്നും പോലീസ്‌ ഹൈവേയില്‍ സ്ഥാപിച്ചിട്ടുള്ള സി.സി ടിവി ദൃശ്യങ്ങളില്‍ നിന്നും തെളിഞ്ഞിരിക്കുന്നു. ഇതോടെ കൊട്ടിഘോഷിക്കപ്പെട്ട `ഇടിവിശേഷം' നാടോടിക്കാറ്റിലെ `പവനായി ശവമായി' എന്നതുപോലെയായിരിക്കുന്നു.

ഇന്നത്തെ കേരളീയ പൊതു സമൂഹത്തിന്റെ സാഹചര്യത്തില്‍ ഈ കേസിന്‌ വലിയ മാനങ്ങളുണ്ട്‌. ഒന്ന്‌, യാതൊരു ചിന്തയുമില്ലാതെ വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമ മത്സരങ്ങള്‍ കാരണം പൊതുസമൂഹത്തെ തെറ്റുദ്ധരിപ്പിക്കാന്‍ എന്തിന്‌ കോടതിയെ പോലും തെറ്റുദ്ധരിപ്പിക്കാന്‍ കഴിയുന്നു എന്ന പ്രശ്‌നം. രണ്ടാമത്തെ പ്രശ്‌നം, ഒരു പെണ്‍കുട്ടിയുടെ മറവില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക്‌ രക്ഷപെടാന്‍ കഴിഞ്ഞുവെന്ന സത്യം. (സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ അവര്‍ക്ക്‌ ഇനി രക്ഷപെടാന്‍ കഴിയില്ല എന്നതും ഉറപ്പാണ്‌.) മൂന്ന്‌, ഡെല്‍ഹി സംഭവത്തിനു ശേഷം സ്‌ത്രീസുരക്ഷക്ക്‌ വേണ്ടി ശക്തമായി ഉയര്‍ന്നു വന്ന ഒരു പൊതുബോധം അമൃതയെപ്പോലുള്ളവര്‍ തരംതാണ പബ്ലിസിറ്റിക്ക്‌ ഉപയോഗിച്ചു വഴിതെറ്റിച്ചു വിടുന്നു എന്ന പ്രശ്‌നം. ഇത്തരം തരംതാണ വികലമായ പബ്ലിസിറ്റി സ്റ്റണ്ടുകള്‍ സ്‌ത്രീസുരക്ഷയല്ല മറിച്ച്‌ സ്‌ത്രീസുരക്ഷക്കു വേണ്ടിയുള്ള പോസിറ്റീവായ മുന്നേറ്റത്തെപോലും തകര്‍ക്കും എന്നത്‌ ഉറപ്പാണ്‌.

ഡെല്‍ഹി സംഭവത്തിനു ശേഷം സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ഒരു ജനവികാരം കേരളത്തിലും ശക്തമായിരുന്നു. സൂര്യനെല്ലി കേസ്‌ വീണ്ടും വിവാദമായപ്പോള്‍ കേരളീയ സമൂഹം ഒറ്റക്കെട്ടായി ആ പെണ്‍കുട്ടിക്കൊപ്പം നിന്നുവെന്നത്‌ ഇതിന്‌ തെളിവാണ്‌. മാധ്യമങ്ങളും ആ പെണ്‍കുട്ടിക്ക്‌ വേണ്ടി ശക്തമായി രംഗത്തു വന്നിരുന്നു. പിന്നീട്‌ ഒരു മധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേന്ദ്രമന്ത്രി വയലാര്‍ രവിയെക്കൊണ്ട്‌ മാപ്പ്‌ പറയിക്കാനും കേരളത്തിലെ സ്‌ത്രീകള്‍ക്ക്‌ അനുകൂലമായി നിന്ന പൊതുജനവികാരത്തിനു കഴിഞ്ഞു. ഈ സമയത്താണ്‌ തിരുവനന്തപുരത്തെ പ്രശസ്‌തമായ വിമന്‍സ്‌ കോളജില്‍ പ്രസംഗിക്കാനെത്തിയ വിവാദനായകന്‍ രജത്‌കുമാറിന്റെ സ്‌ത്രീ വിരുദ്ധ പ്രസംഗത്തിനെതിരെ (സ്‌ത്രീകളെ തീര്‍ത്തും അപഹസിച്ചുകൊണ്ടുള്ള പ്രസംഗം) ആര്യ എന്ന പെണ്‍കുട്ടി കൂവി പ്രതിഷേധിച്ചത്‌. മെയില്‍ ഷോവനിസ്റ്റ്‌ പ്രവണതയുടെ മുഖത്ത്‌ ആഞ്ഞടിച്ചതിനു തൂല്യമായിരുന്നു ആര്യയുടെ ഒറ്റക്കൂവല്‍. അതും ചാനലുകളുടെ കാമറക്ക്‌ മുമ്പില്‍. ആര്യയെ അഭിനന്ദിക്കാതെ തരമില്ല.

ഇതിനു തൊട്ടുപിന്നാലെയാണ്‌ അമൃത എന്ന കോളജ്‌ വിദ്യാര്‍ഥിനി മാധ്യമങ്ങളിലെ പ്രത്യേകിച്ചും ചാനലുകളിലെ താരമാകുന്നത്‌. ഈ സമയമായപ്പോഴേക്കും പോസിറ്റീവായി വളര്‍ന്നു വന്ന സ്‌ത്രീ ശാക്തികരണ പൊതുബോധത്തെ ചില ഫെമിനിസ്റ്റുകളും ചാനല്‍ മാധ്യമങ്ങളും കൂടി വെറും ഹീസ്‌റ്റീരിയ ബാധിച്ച ബഹളങ്ങള്‍ എന്ന നിലയിലേക്ക്‌ തള്ളിയിട്ടിരുന്നു എന്നു വേണം മനസിലാക്കാന്‍. അതുകൊണ്ടു തന്നെ അമൃത വാര്‍ത്തയിലെ തിളങ്ങുന്ന താരമായി.

രാത്രി തട്ടുകടയില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ വന്ന അമൃതയെ സര്‍ക്കാര്‍ ജീപ്പില്‍ വന്ന ചിലര്‍ കമന്റടിക്കുകയും അസഭ്യം പറയുകയുമൊക്കെ ചെയ്‌തപ്പോള്‍ കരാട്ടെയും കളരിപ്പയറ്റും പഠിച്ച അമൃത അവരെ ഒറ്റക്ക്‌ ഇടിച്ചിടുകയും അമൃതയുടെ ഇടി സഹിക്കാതെവയ്യാതെ അവര്‍ ജീപ്പില്‍ കയറി രക്ഷപെടുകയും ചെയ്‌തു എന്നതാണ്‌ വാര്‍ത്ത. ഈ സംഭവം മറ്റാരും പറഞ്ഞതല്ല, അമൃത തന്നെയാണ്‌ ചാനലുകളായ ചാനലുകളിലെല്ലാം വന്ന്‌ പറഞ്ഞത്‌. ഒരു ചാനലുകാരനും സംഭവം നേരിട്ടു കണ്ടിരുന്നില്ല. പക്ഷെ ചാനലുകളിലെ ഫെമിനിസ്റ്റ്‌ വാര്‍ത്താ അവതാരകര്‍ അമൃതയെ പ്രോല്‍സാഹിപ്പിക്കുകയും അമൃത ഞാന്‍ ഇടിച്ചതിന്റെ കഥകള്‍ പൊടിപ്പും തൊങ്ങളും വെച്ച്‌ വിളമ്പുകയും ചെയ്‌തു. അമൃതയുടെ പരാതിയില്‍മേല്‍ പോലീസ്‌ തല്ലുകൊണ്ടവര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്‌.

ഇവിടെ അമൃത പറഞ്ഞത്‌ ചാനലുകള്‍ അക്ഷരം പ്രതി ശരിവെക്കുകയായിരുന്നു ആ ദിവസങ്ങളില്‍. ഹിസ്റ്റീരിയ ബാധിച്ചതുപോലെ ചാനലുകള്‍ അമൃതയെ ഉയര്‍ത്തികാണിച്ചു കൊണ്ടു നടന്നു. അമൃത ഒരു എബിവിപി പ്രവര്‍ത്തകയാണെന്നത്‌ ദേശാഭിമാനിക്കും, കൈരളിക്കും എന്തിന്‌ മാധ്യമം പത്രത്തിനും അമൃതയെ വാഴ്‌ത്തുന്നതില്‍്‌ തടസമായില്ല. എന്നും സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ചുപോരുന്ന സിപിഎമ്മിലെ പ്രമുഖ നേതാക്കളായ ശ്രീമതി ടീച്ചര്‍ അടക്കം അമൃതക്ക്‌ വേണ്ടി വാദിച്ചു എന്നതാണ്‌ ഏറ്റവും രസകരം.

ഇവിടെ സംഭവത്തിന്റെ സത്യാവസ്ഥ എന്തെന്ന്‌ അന്വേഷിക്കാന്‍ ആരും മിനക്കെട്ടില്ല. അമൃതയുടെ വാക്ക്‌ തന്നെ സത്യം എന്ന്‌ എല്ലാവരും ചേര്‍ന്ന്‌ വിധിയെഴുതി. ആര്യ തന്റെ പെണ്‍കരുത്ത്‌ കാട്ടിയത്‌ നൂറുകണക്കിന്‌ വിദ്യാര്‍ഥികളെയും അധ്യാപകരെയും ചാനല്‍ കാമറയെയും സാക്ഷിനിര്‍ത്തിയായിരുന്നു. എന്നാല്‍ അമൃതയുടെ കേസില്‍ അമൃത പറഞ്ഞതു മാത്രമേ എല്ലാവരും കേട്ടുള്ളു. സത്യം എന്തെന്ന്‌ തിരക്കാന്‍ ഒരു ചാനല്‍ ചര്‍ച്ചക്കാരും മിനക്കെട്ടില്ല. എന്നാല്‍ എല്ലാം കാണുന്ന ഒരാള്‍ മുകളിലുണ്ടെന്ന്‌ പറയുന്നത്‌ ശരിയാണ്‌. പോലീസ്‌ ഹൈവേയില്‍ സ്ഥാപിച്ചിരുന്ന സി.സി ടിവി ദൃശ്യങ്ങള്‍ എല്ലാം കാണുന്നുണ്ടായിരുന്നു. തല്ലിയത്‌ അമൃതക്കൊപ്പമുള്ളവരായിരുന്നുവെന്ന്‌ സിസി ടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നു. അതോടെ വലിയൊരു നൂണക്കഥ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയും ചെയ്‌തു.

ഇനിയാണ്‌ ഈ കഥയില്‍ ഇതുവരെ ആരും പറയാത്ത മറ്റൊരു ട്വിസ്റ്റ്‌ കൂടി പറയേണ്ടി വരുന്നത്‌. അമൃത എന്ന പെണ്‍കുട്ടി സമീപകാലത്ത്‌ റിലീസ്‌ ചെയ്‌ത `ബ്രേക്കിംഗ്‌ ന്യൂസ്‌ ലൈവ്‌' എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അമൃതയുടെ അടിപിടിക്കേസ്‌ നടന്ന അതേ വാരം തന്നെയാണ്‌ ബ്രേക്കിംഗ്‌ ന്യൂസ്‌ ലൈവ്‌ എന്ന സിനിമയും റിലീസിനെത്തിയത്‌. ബ്രേക്കിംഗ്‌ ന്യൂസ്‌ ലൈവ്‌ എന്ന സിനിമ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരെ സ്‌ത്രീ ശക്തി ഉണര്‍ന്നു വരുന്നത്‌ പ്രമേയമാക്കിയ സിനിമയായിരുന്നു. കാവ്യാമാധവനായിരുന്നു ചിത്രത്തിലെ നായിക. പ്രമേയം നല്ലതെങ്കിലും സിനിമക്ക്‌ വെറും ടിവി സീരിയലിന്റെ നിലവാരം മാത്രമേയുള്ളു എന്നതിനാല്‍ ബ്രേക്കിംഗ്‌ ന്യൂസ്‌ ലൈവ്‌ തീയറ്ററില്‍ പച്ചതൊട്ടില്ല. എന്നാല്‍ അമൃതയുടെ വിഷയം ബ്രേക്കിംഗ്‌ ന്യൂസ്‌ ലൈവിന്റെ അണിയറക്കാര്‍ തങ്ങളുടെ സിനിമയുടെ പ്രമോഷനു വേണ്ടി വ്യക്തമായി ഉപയോഗിച്ചു. താരതമ്യേന ചെറിയ ഒരു റോള്‍ ചെയ്‌ത അമൃതയുടെ ചിത്രം ബ്രേക്കിംഗ്‌ ന്യൂസ്‌ ലൈവിന്റെ പോസ്റ്ററുകളിലും തിളങ്ങി. ചാനലുകളില്‍ അമൃത അഭിനവ ഉണ്ണിയാര്‍ച്ചയായി ആഘോഷിക്കപ്പെടുമ്പോള്‍ അത്‌ ഗുണം ചെയ്യുക ബ്രേക്കിംഗ്‌ ന്യൂസ്‌ ലൈവ്‌ എന്ന സിനിമക്കായിരിക്കും എന്ന്‌ ചിലരൊക്കെ കണക്കുകൂട്ടി. യഥാര്‍ഥത്തില്‍ അമൃതക്കൊപ്പമുണ്ടായിരുന്ന പുരുഷന്‍മാര്‍ സര്‍ക്കാര്‍ ജീപ്പിലെത്തിയവരെ മര്‍ദ്ദിച്ചതിനു ശേഷം മര്‍ദ്ദനത്തിന്റെ ക്രെഡിറ്റ്‌ അമൃതയില്‍ ചാര്‍ത്തി നല്‍കി ഒരു ആഘോഷ വാര്‍ത്ത പ്ലാന്‍ ചെയ്‌ത്‌ പ്ലാന്റ്‌ ചെയ്യുകയായിരുന്നു എന്നതാണ്‌ യഥാര്‍ഥ്യം. അതിന്‌ ചാനലുകളില്‍ അടുത്ത ബന്ധമുള്ള ബ്രേക്കിംഗ്‌ ന്യൂസ്‌ ലൈവ്‌ എന്ന സിനിമയുടെ അണിയറക്കാരും കൂട്ടു നിന്നിരിക്കാം എന്ന്‌ ന്യായമായും സംശയിക്കേണ്ടി വരും. പ്രസ്‌തുത സിനിമയുടെ പിന്നണി പ്രവര്‍ത്തകരില്‍ ഒരാള്‍ ചാനല്‍ രംഗത്തു നിന്നും സിനിമയിലെത്തിയ വ്യക്തിയുമാണ്‌. ഈ വാര്‍ത്ത പ്ലാന്റ്‌ ചെയ്യുന്നതിനു പിന്നില്‍ ന്യൂസിനു വേണ്ടി പായുന്ന ചാനലുകളെ എളുപ്പം കബിളിപ്പിക്കാം എന്ന ധാരണയുമുണ്ടായിരുന്നു.

ഇനിയെങ്കിലും തിരുത്തപ്പെടേണ്ട ഒരു വലിയ തെറ്റുകൂടി നമുക്ക്‌ അമൃത വിഷയത്തില്‍ സംഭവിച്ചു. അതുംകൂടി പറയാതെ ഈ ലേഖനം പൂര്‍ത്തിയാവില്ല.

അമൃതയുടെ തല്ലുകൊണ്ട (യഥാര്‍ഥത്തില്‍ അമൃതയുടെ ഒപ്പമുണ്ടയിരുന്നവരുടെ തല്ലുകൊണ്ടവര്‍) പ്രതികള്‍ ഹോസ്‌പിറ്റലില്‍ ചികില്‍സ തേടുകയും അമൃതക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ ഒരു സ്വകാര്യ അന്യായം മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഫയല്‍ ചെയ്യുകയും ചെയ്‌തിരുന്നു. ഇതിന്‍ പ്രകാരം അമൃതക്കെതിരെ കേസ്‌ എടുത്ത്‌ അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഇതിനെതിരെ ചാനലുകളിലും പൊതുസമൂഹത്തിലും വലിയ കോലാഹലം ഉയര്‍ന്നു വരുകയുണ്ടായി. ഒരു പരാതിക്കാരന്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്‌താല്‍ അതില്‍ കേസ്‌ എടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത്‌ സ്വാഭാവികമായ കോടതി നടപടിയാണ്‌. അതുപോലും ചിന്തിക്കാതെയാണ്‌ കോടതിയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു വന്നത്‌. തുടര്‍ന്ന്‌ അമൃതക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജഡ്‌ജിയെ ഹൈക്കോടതി ഇടപെട്ട്‌ സ്ഥലം മാറ്റുകയും ചെയ്‌തു. അമൃതയുടെ മര്‍ദ്ദനമേറ്റു എന്ന്‌ ആരോപിക്കപ്പെട്ടവര്‍ അന്ന്‌ തന്നെ പോലീസിന്‌ മൊഴിനല്‍കിയിരുന്നതാണ്‌ തങ്ങളെ മര്‍ദ്ദിച്ചത്‌ മറ്റു ചിലര്‍ ചേര്‍ന്നാണണെന്ന്‌. ഇത്‌ പോലീസ്‌ കേള്‍ക്കാതിരുന്നത്‌ കൊണ്ടാണ്‌ അവര്‍ക്ക്‌ സ്വകാര്യ അന്യായവുമായി കോടതിയെ സമീപിക്കേണ്ടി വന്നത്‌. അമൃത ആദ്യം തന്നെ പോലീസില്‍ നല്‍കിയ കേസില്‍ അവര്‍ പ്രതികളാണ്‌ എന്നതുകൊണ്ട്‌ അവര്‍ക്ക്‌ തങ്ങളുടെ ന്യായം വിശദീകരിക്കാന്‍ പോലീസിനെയും കോടതിയെയും സമീപിക്കാന്‍ കഴിയില്ല എന്നു വരുന്നില്ല. കോടതി ശിക്ഷിക്കുമ്പോള്‍ മാത്രമേ നിയമത്തിനു മുമ്പില്‍ അവര്‍ കുറ്റവാളികളാകുന്നുള്ളു. അതുവരെ നമ്മുടെ നിയമസംവിധാനങ്ങളുടെ പരിരക്ഷ കിട്ടാന്‍ അവര്‍ക്കും അവകാശമുണ്ട്‌. തങ്ങളുടെ സത്യസന്ധത ബോധിപ്പിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്‌. എന്നാല്‍ ചാനലുകളും പൊതുസമൂഹവും ഈ അവകാശത്തെ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്‌തു. ഇത്‌ ജനാധിപത്യസംവിധാനത്തില്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. ചാനലുകള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ അനുസരിച്ച്‌ ഒരു ഹിസ്റ്റീരിയ പടര്‍ന്നതു പോലെ ജനങ്ങള്‍ പ്രതികരിക്കുന്നതും അതിലൂടെ നിതിയുക്തമല്ലാത്ത വീണ്ടുവിചാരമില്ലാത്ത പൊതുബോധം രൂപപ്പെടുന്നതും ജനാധിപത്യ - മനുഷ്യവകാശ വിരുദ്ധമായ ഫാസിസ്റ്റ്‌ മോറലിസമാണ്‌.

പോലീസും കോടതിയും പിന്തുടരേണ്ടത്‌ നിമയത്തെയാണോ ചാനലുകളില്‍ വരുന്ന വാര്‍ത്തയെയാണോ എന്ന ചോദ്യമാണ്‌ ഇവിടെ ഉയരുന്നത്‌. തന്നെ അസഭ്യം പറഞ്ഞുവെന്ന്‌ ചാനലുകളില്‍ വന്നിരുന്ന അമൃത പറഞ്ഞിരുന്നു. വാര്‍ത്താ അവതാരകര്‍ പ്രോല്‍സാഹിപ്പിച്ചതിന്‌ അനുസരിച്ച്‌ അടിച്ചെന്നും ഇടിച്ചെന്നുമൊക്കെയുള്ള നിരവധിയായ വിരവാദങ്ങളും അമൃത മുഴക്കി. ഇവിടെ പ്രധാനപ്പെട്ടകാര്യം അസഭ്യം പറയുന്നവരെ തല്ലുകയെന്നാല്‍ അത്‌ നമ്മുടെ നിയമപ്രകാരം സ്വയരക്ഷയുടെ പരിധിയില്‍ വരുന്നില്ല എന്നതാണ്‌. ക്രൈം തടയുന്നതിന്‌ ആവിശ്യമായ ഫോഴ്‌സ്‌ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നതാണ്‌ നിയമം. തന്നെ അക്രമിക്കാന്‍ വന്നവരെ പ്രതിരോധനത്തിനായി തിരിച്ചക്രമിച്ചു എന്നായിരുന്നു അമൃതയുടെ മൊഴിയെങ്കില്‍ അവര്‍ക്ക്‌ നിയമ പരിരക്ഷ ലഭിക്കുമായിരുന്നു. പക്ഷെ ചാനലുകളില്‍ അമൃത പറഞ്ഞതു പ്രകാരം അസഭ്യം പറഞ്ഞവരെയും കമന്റടിച്ചവരെയുമാണ്‌ അവര്‍ തല്ലിയോടിച്ചത്‌. അങ്ങനെ വരുമ്പോള്‍ ഏഴുവര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന ക്രമിനല്‍ കുറ്റമാണ്‌ അവര്‍ ചെയ്‌തത്‌. അതായത്‌ ചാനല്‍ ആഘോഷ ചര്‍ച്ചകളുടെ ഇരയാണ്‌ സത്യത്തില്‍ അമൃത.

ഇപ്പോഴിതാ അമൃത പറഞ്ഞതൊക്കെയും കള്ളമാണ്‌, പ്രതികളെന്ന്‌ ആരോപിക്കപ്പെട്ടവരെ അമൃതക്കൊപ്പം ഉണ്ടായിരുന്നവര്‍ തല്ലുകയായിരുന്നു എന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരിക്കുന്നു. ഇതോടെ പോലീസിനെ തെറ്റുദ്ധരിപ്പിച്ചതിന്റെ നിയമ പ്രശ്‌നവും, പൊതുസമൂഹത്തെ തെറ്റുദ്ധരിപ്പിച്ചതിന്റെ ധാര്‍മ്മിക പ്രശ്‌നവുമൊക്കെയായി അമൃത ഒരു വലിയ നുണക്കഥയായി മാറിയിരിക്കുന്നു.

കേള്‍ക്കുന്നതിനു പിന്നാലെ ഹിസ്റ്റീരീയ ബാധിച്ചതു പോലെ ഓടിക്കൂടരുത്‌, എന്നാണ്‌ ഇവിടെ പൊതുസമൂഹത്തോടും ചാനലുകളോടും ഓര്‍മ്മിപ്പിക്കാനുള്ളത്‌. ഒപ്പം നമ്മുടെ എം.പി സുധാകരന്‍ പറയുന്നതിലും അല്‌പം കാര്യമുണ്ട്‌ എന്നാവുമോ ഇനിയുള്ള കാര്യങ്ങള്‍ എന്ന തോന്നലും ശക്തമാകുന്നു. സ്‌ത്രീ പറയുന്നതെല്ലാം ശരിയെന്ന്‌ കണ്ണുമടച്ചു വിശ്വസിക്കണമെന്ന രീതി പോലീസിലും, മാധ്യമങ്ങളിലും കോടതിയിലുമൊക്കെ പടര്‍ന്നാല്‍ , ഇത്‌ ദൂരപയോഗം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചാല്‍, ഇത്‌ ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ കാര്യങ്ങളിലേക്കല്ലേ സമൂഹത്തെ നയിക്കുക.


http://www.youtube.com/watch?v=BInkg6EczPI

അമൃതയുടെ  ഇടിക്കു പിന്നിലെ കള്ളകളികള്‍....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക