Image

പെട്രോള്‍ വില ലിറ്ററിന്‌ മൂന്നുരൂപ വീണ്ടും കൂട്ടി

Published on 15 September, 2011
പെട്രോള്‍ വില ലിറ്ററിന്‌ മൂന്നുരൂപ വീണ്ടും കൂട്ടി
ന്യൂഡല്‍ഹി: പെട്രോളിന്‌ വില വര്‍ധിപ്പിച്ചുകൊണ്ട്‌ വീണ്ടും ഇരുട്ടടി. ഇത്തവണ ലിറ്ററിന്‌ മൂന്നുരൂപ വര്‍ധിപ്പിക്കാനാണ്‌ എണ്ണക്കമ്പനികളുടെ തീരുമാനം. വര്‍ധന ഇന്ന്‌ അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. നാലുമാസത്തിനിടെ ഇതു രണ്ടാം തവണയാണ്‌ പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്‌. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ വില ലിറ്ററിന്മേല്‍ മൂന്നു രൂപ കണ്ട്‌ വര്‍ധിപ്പിക്കണമെന്ന്‌ എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

ഡോളര്‍ വിനിമയത്തില്‍ രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയതു കാരണം പ്രതിദിനം 15കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ്‌ എണ്ണക്കമ്പനികളുടെ വാദം. ഡോളറൊന്നിന്‌ 48 രൂപയാണ്‌ ബുധനാഴ്‌ചത്തെ നിരക്ക്‌. രാജ്യാന്തര ഇടപാടുകള്‍ ഡോളറിലായതിനാല്‍ മൂല്യം ഇടിഞ്ഞത്‌ താങ്ങാനാവില്ലെന്ന നിലപാടിലാണ്‌ എണ്ണക്കമ്പനികള്‍. അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞിട്ടുണ്ടെങ്കിലും ഡോളറിന്റെ മൂല്യവുമായുള്ള അന്തരം കൂടിയത്‌ പ്രതിസന്ധിയാണെന്ന്‌ കമ്പനികള്‍ വാദിക്കുന്നു. ഇന്ന്‌ ചേര്‍ന്ന എണ്ണക്കമ്പനി മേധാവികളുടെ യോഗത്തിലാണ്‌ ഇന്ധനവില കൂട്ടാന്‍ തീരുമാനിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക