Image

ഗീതാരഹസ്യം ( മധ്യരേഖ - ഡി. ബാബുപോള്‍ )

ഡി. ബാബുപോള്‍ Published on 12 March, 2013
ഗീതാരഹസ്യം ( മധ്യരേഖ - ഡി. ബാബുപോള്‍ )
‘ഏതാണ് എന്റെ ഇഷ്ടകൃതി’ എന്ന് ഒരിക്കല്‍ ആരോ ചോദിച്ചത് ഓര്‍മ വരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥം ഏതാണ് എന്നു മനസ്സിലാക്കാന്‍ അന്ന് ഏറെ ആലോചിക്കേണ്ടിവന്നു. ബാല്യകാലത്തുവായിച്ച റവ. എസ്. ആല്‍ഫ്രഡ് അവര്‍കളുടെ മിശിഹാകഥകള്‍ അക്കാലത്ത് എന്നെ വളരെ ആകര്‍ഷിച്ചിരുന്നു. പതിനാലു പതിനഞ്ച് വയസ്സുകാലത്ത് മുട്ടത്തുവര്‍ക്കിയോടായിരുന്നു ഇഷ്ടം. കഴിഞ്ഞ മൂന്നു വ്യാഴവട്ടക്കാലമായി ഗൗരവബുദ്ധ്യാ ബൈബ്ള്‍ പഠിക്കുകയും ഒമ്പതുവര്‍ഷത്തെ പ്രയത്നംകൊണ്ട് ബൃഹത്തായ ഒരു കൃതി ആ വിഷയത്തില്‍ രചിക്കുകയും ചെയ്തതുവഴി ബൈബ്ളും അതിന്റെ ബാര്‍ക്ളെ വ്യാഖ്യാനം മുതല്‍ ജറോം ഭാഷ്യം വരെ ഉള്ള കൃതികളും എന്‍െറ സന്തതസഹചാരികളായി ഭവിച്ചിട്ടുണ്ട്. എന്നാല്‍, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരുകൃതി ഏതാണ് എന്ന് ആലോചിച്ചപ്പോള്‍ ഒടുവില്‍ ഞാന്‍ എത്തിച്ചേര്‍ന്നത് ഭഗവദ്ഗീതയിലാണ്. ഇന്നാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അത് പറയാനാവും എന്നത് അന്ന് ആലോചിച്ചതിന്റെ ബാക്കിയാവാം. ഒരു പക്ഷേ, മഹാഭാരതത്തില്‍നിന്ന് ഭഗവദ്ഗീത എന്നതുപോലെ ഒരു ഗ്രന്ഥസമുച്ചയമായ ബൈബ്ളില്‍ നിന്ന് ഏതെങ്കിലും ഭാഗം പ്രത്യേകം അടര്‍ത്തിയെടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ നിത്യേന പാരായണം ചെയ്യുന്ന സങ്കീര്‍ത്തനങ്ങള്‍, സുഭാഷിതങ്ങള്‍ എന്നിവയോ ഓരോ വായനയിലും പുതിയ വെളിച്ചം നല്‍കുന്ന പൗലോസിന്‍െറ ലേഖനങ്ങളോ ഞാന്‍ എടുത്തു പറഞ്ഞേനെ. എന്നാല്‍, ബൈബ്ളിന്‍െറ കാര്യത്തില്‍ അങ്ങനെ ഒരു രീതി ഇല്ലാത്തതുകൊണ്ടാണ് ഭഗവദ്ഗീതയേക്കാള്‍ എനിക്ക് പരിചിതമായതും യാത്രചെയ്യുമ്പോള്‍ പോലും നിത്യവും പാരായണം ചെയ്യുന്നതുമായ ബൈബ്ളാണ് എന്‍െറ ഇഷ്ടകൃതി എന്ന് ഞാന്‍ പറയാത്തത്.
ഭഗവദ്ഗീത ആദ്യം ശ്രദ്ധയില്‍ വന്നത് ഒരു സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്. അന്ന് എനിക്ക് ഓട്ടോഗ്രാഫുകള്‍ സമ്പാദിക്കുന്ന വിനോദം ഉണ്ടായിരുന്നു. ഭൂദാന പ്രസ്ഥാനവുമായി ഭാരതപര്യടനം നടത്തിയ വിനോബാജി ഞങ്ങളുടെ നാട്ടില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്‍െറ ഓട്ടോഗ്രാഫ് തേടി ഇറങ്ങിയ എനിക്ക് അദ്ദേഹം രചിച്ച ഏതെങ്കിലും കൃതി വാങ്ങിയാല്‍ മാത്രമേ അത് കിട്ടുകയുള്ളൂ എന്ന് മനസ്സിലായി. ഞാന്‍ വാങ്ങിയ കൃതി ഗീതയോട് ബന്ധപ്പെട്ടതായിരുന്നു. ഓട്ടോഗ്രാഫ് കിട്ടുകയും ചെയ്തു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് എന്‍െറ വന്ദ്യപിതാവ്, 1987ല്‍ സീനിയര്‍ കോറെപ്പിസ്കോപ്പ ആയി ഭാഗ്യമരണം പ്രാപിച്ച കോറൂസോദസറോറോ പി.എ. പൗലോസ്, അന്ന് ഞാന്‍ പഠിക്കുന്ന സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ഫാ. പി.എ. പൗലോസ്, പതിവായി ഗീത വായിക്കുന്ന ആളാണ് എന്നും അതുകൊണ്ട് ഗീതയെക്കുറിച്ചുള്ള കൃതി വാങ്ങിയത് അച്ഛന് ഉപകാരമായെന്നും മനസ്സിലായത്.
‘യോഗ$കര്‍മസു കൗശലം’ എന്നതാണ് ഐ.എ.എസ് മുദ്രവാക്യമായി സ്വീകരിച്ചിട്ടുള്ളത്. ഇത് ഇപ്പോള്‍ ഓര്‍മിക്കാന്‍ കാരണം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയിലും ഏറ്റവും പ്രയോജനകരമായ കൃതിയാണ് ഭഗവദ്ഗീത എന്നു പറയുന്നതിനുവേണ്ടിയാണ്. ഗാണ്ഡീവചാപം കൈയില്‍നിന്ന് വഴുതിപ്പോകുന്നു. തൊലി മുഴുവന്‍ പൊള്ളുന്നു. തേരില്‍ ഉറച്ചിരിക്കുന്നതിനും കഴിയുന്നില്ല. എന്‍െറ മനസ്സ് ചുറ്റിക്കറങ്ങുന്നതുപോലെയും തോന്നുന്നുവെന്ന് വിഷാദയോഗത്തിലെ അര്‍ജുനനെപ്പോലെ ഒരിക്കലെങ്കിലും പതറിയിട്ടില്ലാത്ത ഉദ്യോഗസ്ഥന്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്നാല്‍, അങ്ങനെ വരുമ്പോള്‍. ‘മനസ്സ് എന്നില്‍ ഉറപ്പിക്കൂ. എന്‍െറ ഭക്തനായി ഭവിക്കൂ. എല്ലാ കര്‍മങ്ങള്‍കൊണ്ടും എന്നെ ജയിക്കുന്നവനുമായി ഭവിക്കൂ. എവിടെയും എന്നെ നമസ്കരിക്കൂ. പരമാത്മാവായ എന്നെത്തന്നെ നീ പ്രാപിക്കും. ഇതുസത്യം, ഞാന്‍ നിന്നോടിതാ പ്രതിജ്ഞ ചെയ്യുന്നു. നീ എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്’എന്ന ആഹ്വാനത്തേക്കാള്‍ ധൈര്യം പകരുന്നതായി എന്താണുള്ളത്?
ഗീത മുഴുവന്‍ദിവസവും വായിക്കാന്‍ കഴിയുന്ന ആള്‍ മോക്ഷം പ്രാപിക്കും, പകുതി വായിക്കുന്നയാള്‍ക്ക് ഗോദാനം ചെയ്യുന്നതിന് തുല്യമായ പുണ്യം ലഭിക്കും. മൂന്നിലൊന്ന് വായിക്കുന്നയാള്‍ക്ക് ഗംഗാസ്നാനത്തിന്‍െറ ഫലം കിട്ടും, ആറിലൊന്നു വായിക്കുന്നയാള്‍ സോമയാജിപ്പാടിന് തുല്യനാകും. ഒരധ്യായം എങ്കിലും വായിക്കുന്നയാള്‍ ശിവലോകത്തില്‍ ഭാഗ്യവാനായി വസിക്കും. ഒരു വരിയെങ്കിലും വായിച്ചാല്‍ ജന്മാന്തരങ്ങളില്‍ മനുഷ്യനായിത്തന്നെ തുടരാന്‍ കഴിയും എന്നിങ്ങനെയൊക്കെയുള്ള പ്രസ്താവനകള്‍ മാര്‍പാപ്പമാര്‍ മധ്യയുഗങ്ങളില്‍ നല്‍കിയിരുന്ന ദണ്ഡവിമോചന പത്രികകളെയാണ് അനുസ്മരിപ്പിക്കുന്നത്. എങ്കിലും അങ്ങനെ ഗീതയെ ചിലര്‍ ബഹുമാനിക്കുന്നതിനാല്‍ ഗീതയുടെ പ്രസക്തി അവര്‍ക്ക് മാത്രമായി ചുരുങ്ങുന്നില്ല. മാനവകുലത്തിന്‍െറ നന്മക്കും വ്യക്തിയുടെ ജീവിത വിജയത്തിനും ഉപയോഗപ്രദമായ ഉപദേശങ്ങളാണ് ഗീതയില്‍ നിറയെ. അത് മതപരമായ സങ്കുചിതത്വത്തില്‍ തളക്കപ്പെടാനുള്ള കൃതിയല്ല.
ഭഗവദ്ഗീതയും ബൈബ്ളും തമ്മില്‍ വളരെയേറെ പൊരുത്തം കാണാന്‍ കഴിയും എന്നതും ശ്രദ്ധിക്കണം. ‘‘അപി ചേത് സുദുരാചാരാ$’ എന്ന ശ്ളോകവും മാനസാന്തരപ്പെടുന്ന പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ ഉണ്ടാകുന്ന സന്തോഷത്തെക്കുറിച്ച് ബൈബ്ളില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ഇവിടെ സ്മരിക്കാവുന്നതാണ്. ജ്ഞാന സമ്പാദനത്തിനായി ഗീതയും സുഭാഷിതങ്ങളും ഒരുപോലെ ആഹ്വാനം ചെയ്യുന്നു. എന്തു ചെയ്താലും എന്തു ഭുജിച്ചാലും എന്തു ഹോമിച്ചാലും എന്തു ദാനംചെയ്താലും അതെല്ലാം ഈശ്വരനുള്ള കാണിക്കയായി കണക്കാക്കണം എന്ന ഗീതാവാക്യവും സെന്‍റ് പോള്‍ കൊരിന്തിലെ സഭക്ക് എഴുതിയ ലേഖനത്തിലെ ‘ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്‍െറ മഹത്വത്തിനായി ചെയ്യുവിന്‍’ എന്ന വാക്യവും അതുപോലെതന്നെ, യജ്ഞശിഷ്ടം ഭുജിക്കുന്നതിനെക്കുറിച്ച് ഗീതയും വിശുദ്ധകുര്‍ബാനയെക്കുറിച്ച് പൗലോസും പറയുന്നതും ഒന്നുതന്നെയാണ്. കൃഷ്ണന്‍ എന്നു പറയുമ്പോള്‍ ഈശ്വരന്‍ എന്നു ധരിക്കുമെങ്കില്‍ അബ്രഹാമിന് മുമ്പേ ഞാനുണ്ട് എന്നു പറഞ്ഞ ക്രിസ്തുവും ‘ഹേ അര്‍ജുനാ എനിക്കും നിനക്കും എത്രയോ ജന്മങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു. അവയെല്ലാം ഞാന്‍ അറിയുന്നു, എന്നാല്‍ നീ അത് അറിയുന്നില്ല’ എന്നു പറഞ്ഞ കൃഷ്ണനും ചരിത്രത്തിന് അതീതമായ, സ്ഥലകാല പരിമിതികള്‍ക്ക് അന്യമായ സനാതനമായ ഒരു ബന്ധം ഈശ്വരനും മനുഷ്യനും തമ്മിലുണ്ടെന്ന് തെളിയിക്കുകയും ചെയ്യുന്നു. ആനുഷംഗികമായി ഈ സമാനതകള്‍ ചൂണ്ടികാണിച്ചുവെന്നു മാത്രമേയുള്ളൂ. ബൈബ്ള്‍ എന്‍െറ മതഗ്രന്ഥമാണ്. ഭഗവദ്ഗീത എന്‍െറ സംസ്കാരത്തിന്‍െറ വില തീരാത്ത മുത്താണ്. രണ്ടിനെയും ഞാന്‍ സ്നേഹിക്കുന്നു.
ഗീതയുടെ പരമമായ തത്ത്വശാസ്ത്രം ചര്‍ച്ച ചെയ്യുമ്പോള്‍ ‘അത് പറയാന്‍ എളുപ്പാണ് അതേസമയം, അത് അത്യന്തം ക്ളേശകരവുമാണ്’ എന്ന് പറയാതെ വയ്യ. സ്വാഭാവികമായും ഭഗവദ്ഗീത മുഴുവന്‍ ഒരിക്കല്‍ക്കൂടി വായിക്കേണ്ടിവന്നു ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍. ഇന്ന് കണ്ടെത്തിയ ഉത്തരം നാളെ മാറിയെന്നുവരാം എന്ന തിരിച്ചറിവോടെയാണ് ഗീതയുടെ പരമോന്നത ദര്‍ശനം അതിന്‍െറ അവസാനത്തെ ശ്ളോകത്തിലാണെന്ന് ഇവിടെ പ്രസ്താവിക്കുന്നത്. നേരത്തെ ഉദ്ധരിച്ച ആ ശ്ളോകത്തിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിക്കട്ടെ. യത്ര യോഗേശ്വരകൃഷ്ണ എന്ന പദങ്ങളില്‍ നമ്മുടെ വിശ്വാസം ആണ് വിവക്ഷിക്കപ്പെടുന്നത്. കൃഷ്ണനാണ് യോഗേശ്വരന്‍. ഈശ്വരനാണ് യോഗനിയന്താവ്. യത്ര പാര്‍ഥോ ധനുര്‍ധര എന്ന പദങ്ങളിലാകട്ടെ നമ്മുടെ വിശ്വസ്തതയാണ് വീക്ഷിതം. ധനുര്‍ധരനാവണം പാര്‍ഥന്‍. ഈശ്വരന്‍ നല്‍കിയതാണ് നമ്മുടെ സിദ്ധികള്‍. അവ നഷ്ടപ്പെടുത്താനുള്ളതല്ല, മറിച്ച് സാധന ചെയ്ത് ഉപയോഗ സജ്ജമാക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ആ സിദ്ധികള്‍ ഈശ്വര കല്‍പന അനുസരിച്ച് ഉപയോഗിക്കാന്‍ സജ്ജരായി മനുഷ്യര്‍ ഈശ്വരസന്നിധിയില്‍ നില്‍ക്കണം. അതാണ് അവിടന്ന് നല്‍കിയിട്ടുള്ള വരദാനങ്ങളോടുള്ള കൃതജ്ഞതാബദ്ധമായ പ്രതികരണം. ഈശ്വരന്‍ യോഗനിയന്താവാണെന്ന വിശ്വാസവും ഈശ്വരന്‍െറ ദാനങ്ങള്‍ ഈശ്വര ഹിതാനുസാരം പ്രയോഗിക്കാന്‍ തയാറാകുമ്പോള്‍ നാം പ്രദര്‍ശിപ്പിക്കുന്ന വിശ്വസ്തതയും ഒത്തുചേരുമ്പോഴാണ് വിജയം കരഗതമാകുക. ബൈബ്ളില്‍ താലന്തുകളുടെ ഉപമ എന്നൊന്നുണ്ട്. യജമാനന്‍ മൂന്ന് ദാസന്മാര്‍ക്ക് മൂലധനം നല്‍കി. അഞ്ച്, രണ്ട്, ഒന്ന്. അഞ്ച് കിട്ടിയവന്‍ അധ്വാനിച്ച് അഞ്ച് കൂട്ടി. രണ്ട് കിട്ടിയവന്‍ അധ്വാനിച്ച് രണ്ട് കൂട്ടി. ഒന്ന് കിട്ടിയവനാകട്ടെ കിട്ടിയത് നഷ്ടപ്പെടാതിരിക്കാന്‍ അത് മണ്ണില്‍ കുഴിച്ചിട്ടു. യജമാനന്‍ ഒരു ദീര്‍ഘയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ ദാസന്മാര്‍ മുഖം കാണിച്ചു. ആദ്യത്തെ രണ്ട് പേര്‍ക്ക് പ്രശംസയും പ്രതിഫലവും കിട്ടി. മൂന്നാമത്തെയാള്‍ ശിക്ഷിക്കപ്പെട്ടു. എന്തിന്? അയാള്‍ ഒന്നും നശിപ്പിച്ചിട്ടില്ല. ഇല്ല, നശിപ്പിച്ചില്ല. എന്നാല്‍, വര്‍ധിപ്പിച്ചില്ല. അതിനാണ് ശിക്ഷ. പാര്‍ഥന്‍ ധനുര്‍ധരനാവാന്‍ വിളിക്കപ്പെട്ടവനാണ്. അവന്‍ ആയുധം മാറ്റിവെച്ച് ഒഴികഴിവ് തേടുമ്പോള്‍ ഈശ്വരന്‍െറ പ്രീതി അവന് നഷ്ടപ്പെടുന്നു.
ഇതാണ് ഗീതയുടെ പരമോന്നതപാഠം എന്ന് ഞാന്‍ വിചാരിക്കുന്നു. ഈശ്വരനിലുള്ള വിശ്വാസവും ഈശ്വരനോടുള്ള വിശ്വസ്തതയും ആണ് വിജയരഹസ്യം. രണ്ടുംവേണം. കൃഷ്ണന്‍ യോഗേശ്വരനാണ് എന്ന് വിശ്വസിക്കണം. ധനുര്‍ധരനായ ആജ്ഞാനുവര്‍ത്തിയായി പാര്‍ഥന്‍ വിശ്വസ്തത പാലിക്കുകയും വേണം. എവിടെ രണ്ടും ഒത്തുവരുന്നുവോ അവിടെ ശ്രീര്‍ വിജയോഭൂതിധ്രുവാഹ നീതിര്‍ മമ.

(ബ്രഹ്മകുമാരിമാര്‍ സംഘടിപ്പിച്ച ദ്വാദശ ജ്യോതിര്‍ലിംഗ പ്രദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഗീതാസമ്മേളനത്തിലെ പ്രഭാഷണത്തിനായി തയാറാക്കിയത്)
ഗീതാരഹസ്യം ( മധ്യരേഖ - ഡി. ബാബുപോള്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക