Image

ഫോമാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രം കുറിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 19 March, 2013
ഫോമാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രം കുറിച്ചു
കേരളത്തിലേയും അമേരിക്കയിലേയും മലയാളി സമൂഹം ഒരു ചരിത്രമുഹൂര്‍ത്തത്തിന്‌ സാക്ഷിയായി. മറ്റുള്ള കണ്‍വന്‍ഷനില്‍ നിന്ന്‌ വ്യത്യസ്‌തമായി പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ കൊച്ചിയിലെ ഫൈവ്‌ സ്റ്റാര്‍ ഹോട്ടല്‍ ആയ `ഡ്രീ'മിന്റെ ഗ്രാന്റ്‌ ബാള്‍ റൂമില്‍ ഗ്ലോബല്‍ ബിസിനസ്‌ മീറ്റ്‌, സാഹിത്യ-മാധ്യമ സംഗമം, ബ്രിംഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌, വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, കലാ-സാംസ്‌കാരിക സമ്മേളനം എന്നിവ നടത്തപ്പെട്ടപ്പോള്‍ ഫോമയുടെ യശസ്‌ ഉയരുന്ന ഒരു സമ്മേളനമായി അത്‌ മാറി. ഈ സമ്മേളനത്തില്‍ വെച്ച്‌ അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളായ ഒസിഐ കാര്‍ഡ്‌ പ്രശ്‌നം, സ്വര്‍ണ്ണം നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം എന്നിവയ്‌ക്ക്‌ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക്‌ നിവേദനം നല്‍കുകയുണ്ടായി. അദ്ദേഹം പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാമെന്ന്‌ ഫോമാ നേതാക്കള്‍ക്ക്‌ ഉറപ്പു നല്‍കി.

കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്‌ഘാടനം ചെയ്‌ത കണ്‍വന്‍ഷന്‍, കേരളത്തിലെ പ്രതിപക്ഷ ഉപനേതാവ്‌ കൊടിയേരി ബാലകൃഷ്‌ണന്‍ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ പി.സി. വിഷ്‌ണുനാഥ്‌ എംഎല്‍എ അധ്യക്ഷതവഹിച്ചു. പതിനൊന്ന്‌ എം.എല്‍.എമാര്‍, കൊച്ചി മേയര്‍ ടോമി ചിമ്മണി, ഡോ. ബാബു പോള്‍ ഐ.എ.എസ്‌, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ ഐ.എ.എസ്‌, പ്രമുഖ ബിസിനസുകാരായ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ എം.ഡി ജോര്‍ജ്‌ എം. മുത്തൂറ്റ്‌, വീഗാലാന്റിന്റേയും വീ ഗാര്‍ഡിന്റേയും ഉടമ കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളി, പ്രമുഖ ഷിപ്പ്‌ ബില്‍ഡിംഗ്‌ കമ്പനിയുടെ സി.ഇ.ഒ പ്രിന്‍സ്‌ ആന്റണി, അബുദാബി രാജാന്റെ സി.എഫ്‌.ഒയും ദുബായ്‌ ആസ്ഥാനമായുള്ള കമ്പനിയായ പ്രിന്‍സ്‌ ഹോള്‍ഡിംഗിന്റെ ചെയര്‍മാനുമായ സെബാസ്റ്റ്യന്‍ ജോസഫ്‌, ചെന്നൈ യു.എസ്‌ കോണ്‍സുലേറ്റിലെ ഒബാമ അഡ്‌മിനിസ്‌ട്രേഷനിലെ രണ്ട്‌ സീനിയര്‍ ഓഫീസര്‍മാര്‍, കേരളാ ഫിലിം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍, സിനിമാതാരങ്ങളായ ഭാവന, കവിയൂര്‍ പൊന്നമ്മ, ബാബു ആന്റണി തുടങ്ങി ആറോളം താരങ്ങള്‍, അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള മലയാളികള്‍ എന്നിവര്‍ ഒന്നുചേര്‍ന്നപ്പോള്‍ ഫോമയുടെ ചരിത്ര താളുകളില്‍ ഈ കണ്‍വന്‍ഷന്റെ മഹിമ എഴുതപ്പെട്ടു.

ആനയുടേയും അമ്പാരിയുടേയും അകമ്പടിയോടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ്‌, കോ- ചെയര്‍മാന്‍ ശശിധരന്‍ നായര്‍, മറ്റ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, ഫോമയുടെ മുന്‍ നേതാക്കന്മാര്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളെ സ്വീകരിച്ചു.

ഫോമയുടെ കേരളാ കണ്‍വന്‍ഷന്റെ നേട്ടങ്ങളില്‍ ഒന്ന്‌ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉദാരമായി നല്‍കിയ സംഭാവനകള്‍ ആണ്‌. കേരളത്തിലെ വൃക്ക രോഗികള്‍ക്ക്‌ തണലായി നില്‍ക്കുന്ന ചാരിറ്റി പ്രവര്‍ത്തകരായ ഉമാ പ്രേമന്‍, ഫാ. ഡേവിഡ്‌ ചിറമേല്‍ എന്നിവര്‍ക്ക്‌ പാരിതോഷികം നല്‍കുകയും, പത്ത്‌ വികലാംഗര്‍ക്ക്‌ സൗജന്യമായി വീല്‍ ചെയറുകള്‍, കാന്‍സര്‍ രോഗികള്‍ക്ക്‌ ചികിത്സയ്‌ക്കായി ധനസഹായം, ബുദ്ധിമാന്ദ്യമുള്ളവര്‍ക്കുവേണ്ടി നടത്തുന്ന `തീരം' എന്ന സംഘടനയ്‌ക്കു സംഭാവന നല്‍കുകയും ചെയ്‌തു. ഫോമയുടെ ഏറ്റവും മികച്ച പദ്ധതിയാണ്‌ ഇതെന്ന്‌ മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ തന്റെ പ്രസംഗത്തില്‍ പറയുകയുണ്ടായി.

ഫോമയുടെ കണ്‍വന്‍ഷന്‍ ചരിത്ര വിജയമാക്കിയതിനു പിന്നില്‍ എല്ലാ മാധ്യമങ്ങളും മുഖ്യ പങ്കുവഹിച്ചു. മനോരമ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ തോമസ്‌ ജേക്കബ്‌, കേരളാ കൗമുദി ഡല്‍ഹി ബ്യൂറോ ചീഫ്‌ ശരത്‌ ലാല്‍, മാതൃഭൂമി കൊച്ചി ബ്യൂറോ ചീഫ്‌ എം. കൃഷ്‌ണന്‍കുട്ടി, മനോരമ ഇന്റര്‍നെറ്റ്‌ എഡിഷന്‍ ചീഫ്‌ സന്തോഷ്‌ ജോര്‍ജ്‌, ഇന്ത്യാ വിഷന്റെ വീണാ ജോര്‍ജ്‌ എന്നിവര്‍ പങ്കെടുത്ത സമ്മേളനത്തില്‍ കൈരളി ടിവി, ഏഷ്യാനെറ്റ്‌, ഐപി ടിവി, ജീവന്‍ ടിവി, ദൂരദര്‍ശന്‍, ബോം ടിവി, വിവിധ അമേരിക്കന്‍ മാധ്യമങ്ങള്‍, മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, ദീപിക തുടങ്ങിയ വിവിധ മാധ്യമങ്ങള്‍ ലൈവ്‌ ആയി വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

തുടക്കം മുതല്‍ അവസാനം വരെ വളരെ ചിട്ടയായി സംഘടിപ്പിച്ച ഫോമയുടെ കേരളാ കണ്‍വന്‍ഷനില്‍ സഹകരിച്ച എല്ലാ അമേരിക്കന്‍ മലയാളികളോടും, കേരളത്തിലേയും അമേരിക്കയിലെ മാധ്യമങ്ങളോടും സ്‌പോണ്‍സേഴ്‌സിനോടും ഫോമാ ഭാരവാഹികളോടും ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, മറ്റ്‌ അഭ്യുദയകാംക്ഷികളോടുമുള്ള നന്ദിയും കടപ്പാടും, പ്രസഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ ഫോമാ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി അറിയിച്ചു.
ഫോമാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രം കുറിച്ചുഫോമാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രം കുറിച്ചുഫോമാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രം കുറിച്ചുഫോമാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രം കുറിച്ചുഫോമാ കേരളാ കണ്‍വന്‍ഷന്‍ ചരിത്രം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക