Image

ആനന്ദ് ജോണ്‍ കേസ്; നിര്‍ണ്ണായക തെളിവുകളോടെ അറ്റോര്‍ണിയുടെ വിശദീകരണം

മൊയ്തീന്‍ പുത്തന്‍ചിറ Published on 18 March, 2013
ആനന്ദ് ജോണ്‍ കേസ്; നിര്‍ണ്ണായക തെളിവുകളോടെ അറ്റോര്‍ണിയുടെ വിശദീകരണം
ന്യൂയോര്‍ക്ക്: ലോകശ്രദ്ധയാകര്‍ഷിച്ച ആനന്ദ് ജോണ്‍ ലൈംഗീകപീഡന കേസിനെക്കുറിച്ച് വിശദീകരിക്കാന്‍ മാര്‍ച്ച് 17 ഞായറാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലെ 26 ടൈസന്‍ അവന്യൂവില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആനന്ദ് ജോണ്‍ കേസിന്റെ ഗതിവിഗതികളുടേയും നിര്‍ണ്ണായകമായ പല സംഭവങ്ങളുടേയും ചുരുളഴിഞ്ഞു.

' ജസ്റ്റിസ് ഫോര്‍ആനന്ദ് ജോണ്‍' പ്രചരണം ശക്തിയാര്‍ജ്ജിച്ചതോടെ സംഘാടകര്‍ക്ക് വീര്യം പകര്‍ന്ന് ജാതിമതദേശഭേദമന്യേ അനേകം പേര്‍ ഈ സമ്മേളനത്തിനെത്തി. രാജ്യദേശഭാഷകള്‍ മറന്ന് ആനന്ദ് ജോണിന് ഐക്യദാര്‍ഠ്യം പ്രകടിപ്പിക്കാന്‍ എത്തിയവരില്‍  സംഘടനാ പ്രവര്‍ത്തകര്‍, സാമൂഹിക-സാംസ്‌ക്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാമുദായിക പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍മുതലായവരുണ്ടായിരുന്നു.

തോമസ് കൂവള്ളൂര്‍, സണ്ണി പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ സമ്മേളനം പലരുടേയും തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാന്‍ സാഹചര്യമൊരുക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. ഡോ. ജോസ് കാനാട്ട് ആയിരുന്നു കോ-ഓര്‍ഡിനേറ്റര്‍.

ആനന്ദ് ജോണിന്റെ കുടുംബ സുഹൃത്തും ഈ കേസ് കൈകാര്യം ചെയ്യുന്ന ലീഗല്‍ ടീമിലെ അംഗവുമായ റിച്ചാര്‍ഡ് ബെര്‍ബാര്‍ഡ് ആനന്ദ് ജോണിന്റെ നിരപരാധിത്വത്തെക്കുറിച്ച് ചെറുവിവരണം നല്‍കുകയും അറ്റോര്‍ണി ആഞ്ജലീന്‍ഗേറ്റ്‌സിനെ പരിചയപ്പെടുത്തുകയും ചെയ്തു. ആനന്ദ് ജോണിന്റെ മോചനത്തിനായി പരിശ്രമിക്കുന്ന എല്ലാ പ്രവര്‍ത്തകര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട് യേശുദാസും കുടുംബവുമെഴുതിയ സന്ദേശം അദ്ദേഹം വായിച്ചു.

കാലിഫോര്‍ണിയയില്‍ നിന്നെത്തിയ ആനന്ദ് ജോണിന്റെ അറ്റോര്‍ണി ആഞ്ജലീന്‍ഗേറ്റ്‌സ് കേസിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയതോടെ നാളിതുവരെ  സത്യാന്വേഷികളുടേയും ദോഷൈകദൃക്കുകളുടേയുംമനസ്സുകളില്‍ നിറഞ്ഞുനിന്നിരുന്ന സംശയങ്ങള്‍ക്ക് അറുതി വരുമെന്നുറ പ്പായി.ആനന്ദിനെ കുരുക്കിലാക്കാന്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ നടത്തിയഗൂഢാലോചനയുടെ പിന്നാമ്പുറക്കഥകള്‍ ഒന്നൊന്നായി തെളിവുകള്‍ സഹിതം (കോടതി രേഖകള്‍, ട്രാന്‍സ്‌ക്രിപ്റ്റ്, സാക്ഷികളുടെ കൃത്രിമ മൊഴികള്‍ മുതലായവ) പവര്‍ പോയിന്റ് പ്രസന്റേഷന്‍ സഹിതം അറ്റോര്‍ണി വിശദീകരിച്ചപ്പോള്‍ ആനന്ദ് ജോണിനെ വലയം ചെയ്തു നിറഞ്ഞുനിന്നിരുന്ന ധൂമപടലം അപ്രത്യക്ഷമാകുന്ന പ്രതീതിയായിരുന്നു.

കഴിഞ്ഞ 25 വര്‍ഷമായി, അതില്‍ നാലുവര്‍ഷം പബ്ലിക് പ്രൊസിക്യൂട്ടര്‍ പദവി, അറ്റോര്‍ണിയായ തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇങ്ങനെ ഒരു കേസ് ആദ്യമായിട്ടാണ് കാണുന്നതെന്ന് ആഞ്ജലീന്‍ഗേറ്റ്‌സ് പറഞ്ഞു. ആനന്ദിന്റെ കേസ് പഠിച്ചതില്‍ നിന്ന് താന്‍ മനസ്സിലാക്കിയത് ആ യുവാവ് ഒരിക്കലും ജയിലില്‍ പോകേണ്ടവനായിരുന്നില്ല എന്നാണ്, അവര്‍ പറഞ്ഞു. ലോസ് ഏഞ്ചലസ് കോടതിയില്‍ ആനന്ദിന്റെ കേസ് പബ്ലിക് പ്രൊസിക്യുട്ടറും ജൂറിയും ചേര്‍ന്ന് വികലമാക്കുകയായിരുന്നു എന്ന് അവര്‍ പറഞ്ഞു. കൂടാതെ, ആന്ദിന്റെ അറ്റോര്‍ണിമാര്‍ വേണ്ടവിധം കേസ് പഠിക്കുകയോ സത്യാവസ്ഥ കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്തില്ല.കള്ള സാക്ഷികള്‍ സമര്‍പ്പിച്ച രേഖകളും പരസ്പരവിരുദ്ധമായ അവരുടെ മൊഴികളും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചില്ല.  ഒരു ഡിഫന്‍സ് അറ്റോര്‍ണിയുടെ ചുമതലകള്‍ അവിടെ നിറവേറ്റപ്പെട്ടിട്ടില്ല എന്നും ആഞ്ജലീന്‍  ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്കിലെ അറ്റോര്‍ണിമാരാകട്ടേ അവരുടെ ജോലി ചെയ്തു പക്ഷെ, ചെയ്യേണ്ട രീതിയിലല്ല ചെയ്‌തെന്നുമാത്രം. ആഞ്ജലീന്‍കുറ്റപ്പെടുത്തി. അവസാനം ആനന്ദ് അറ്റോര്‍ണിമാരെ പിരിച്ചുവിട്ട് സ്വയം കേസ് വാദിക്കുകയായിരുന്നു. ധര്‍മ്മനീതിയില്ലാത്ത പ്രൊസിക്യൂട്ടര്‍മാരെ നേരിടാന്‍ ആനന്ദ് ജോണിന് സാധിക്കാതെ വന്നു. കാരണം ആനന്ദ് ഒരു അറ്റോര്‍ണിയല്ലെന്നുള്ളതു തന്നെ. ആഞ്ജലീന്‍ പറഞ്ഞു.

മാധ്യമങ്ങളുടെ തെറ്റായ റിപ്പോര്‍ട്ടിംഗ് ആനന്ദിന്റെ കേസിനെ ബാധിച്ചു എന്ന് ആഞ്ജലീന്‍പറഞ്ഞു. മാധ്യമങ്ങള്‍ക്ക് എത്ര രേഖകള്‍ കൊടുത്താലും അവരത്പ്രസിദ്ധീകരിക്കാതെ അവര്‍ക്കിഷ്ടമുള്ള രീതിയിലാണ് പ്രസിദ്ധീകരിക്കുന്നത്. അതെന്താണെന്നു മാത്രം മനസ്സിലാകുന്നില്ല എന്നും ആഞ്ജലീന്‍  പറഞ്ഞു. ശരിയായ, സത്യസന്ധമായ രേഖകള്‍ കൊടുത്താല്‍ പോലും അവയെല്ലാം അവഗണിച്ച്   തോന്നിയപോലെ റിപ്പോര്‍ട്ട് തയ്യാറാക്കും. പൊതുജനങ്ങളെ സത്യാവസ്ഥ അറിയിക്കാനുള്ള ബാദ്ധ്യത മാധ്യമങ്ങള്‍ക്കുണ്ട്, അവര്‍ കുറ്റപ്പെടുത്തി.

ഏതു കേസായാലും കോടതികളില്‍ നിന്ന് നീതി ലഭിക്കണമെങ്കില്‍ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്. പൊതുജനങ്ങളെ ബോധവത്ക്കരിക്കേണ്ട മാധ്യമങ്ങള്‍ സത്യത്തെ മൂടിവെച്ചാലോ? അതുതന്നെയാണ് ആനന്ദിനും സംഭവിച്ചത്.ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ പുറം ലോകം അറിയണം. അത് മാധ്യമങ്ങളില്‍കൂടിയേ സാധിക്കൂ. അതുകൊണ്ട് ആനന്ദിന് വേണ്ടത് കൂടുതല്‍ ജനശ്രദ്ധയാണ്. അതിനു വേണ്ടിയായിരിക്കണം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടതെന്ന് ആഞ്ജലീന്‍  പറഞ്ഞു.

കാലിഫോര്‍ണിയ കോടതിയില്‍ നിന്ന് കേസ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കാരണം, പ്രൊസിക്യൂട്ടര്‍മാര്‍ അവ വിട്ടുതരാതെ കൈവശം വെച്ചിരിക്കുകയായിരുന്നു. ആനന്ദ് ജോണിനെ കുടുക്കിയതാണെന്നുള്ള തെളിവുകള്‍ ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ആ ചെറുപ്പക്കാരന്‍ നിരപരാധിയാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്ന് ആഞ്ജലീന്‍പറഞ്ഞു.അതുകൊണ്ടുതന്നെ ഏപ്രില്‍ 2-ന് കോടതിയില്‍ എല്ലാവരും വരണം. നിരപരാധിയായ ആനന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍.

ഒരു കേസ് തോല്ക്കുന്നത് പ്രൊസിക്യൂട്ടര്‍മാരെ സംബന്ധിച്ചിടത്തോളം പ്രസ്റ്റീജ് ഇഷ്യൂ ആണ്. ഒരു കേസ് ജയിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും. ആനന്ദിന്റെ അറ്റോര്‍ണിമാരുടെ  ബലഹീനത    പ്രൊസിക്യൂട്ടര്‍ മുതലെടുക്കുകയായിരുന്നു എന്ന് ആഞ്ജലീന്‍ഗേറ്റ്‌സ് പറഞ്ഞു. ആനന്ദ് ലൈംഗീകമായി പീഡിപ്പിച്ചു എന്ന് ആരോപണമുന്നയിച്ച 'ടെറ' എന്നു പേരുള്ളസ്ത്രീ താന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്നാണ് ജൂറിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ 28 വയസ്സുള്ള അവര്‍ സംഭവം നടക്കുമ്പോള്‍ 23 വയസ്സുള്ള ഒരു സ്ത്രീയായിരുന്നു. പീഡനം നടക്കുമ്പോള്‍ തനിക്ക് 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുമ്പോള്‍ അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ 23 വയസ്സായിരുന്നു പ്രായം. മറ്റൊരു സ്ഥലത്ത് ഈ 'സ്ത്രീ' തനിക്ക് പതിനാറു വയസ്സാണ് പ്രായം എന്നും പറയുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് ഗൗരവമേറിയ കുറ്റമാണ്. പക്ഷേ, ഈ കള്ളമൊഴിയെ കോടതിയില്‍ ചോദ്യം ചെയ്യാനോ തെളിയിക്കാനോ ആനന്ദിന്റെ അറ്റോര്‍ണി ശ്രമിച്ചതുമില്ല.

ആനന്ദിനെ കള്ളക്കേസില്‍ കുടുക്കിയ മേല്പറഞ്ഞ യുവതി പ്രചോദകരമായ എഴുത്തുകളിലൂടെ ജനശ്രദ്ധ നേടാന്‍ വെമ്പുന്ന ഒരു തുടക്കക്കാരിയാണ്. ഒരു തുടക്കക്കാരി എന്ന നിലക്ക് തനിക്ക് പ്രശസ്തി നേടിയെടുക്കാന്‍ തെരഞ്ഞെടുത്ത ഒരു കുറുക്കുവഴിയാണ് ഇങ്ങനെ ഒരു കേസ് കെട്ടിച്ചമച്ചതെന്ന് ആഞ്ജലീന്‍വ്യക്തമാക്കി. 'ദി ഒബ്‌സെര്‍വര്‍' എന്ന മാഗസിനില്‍ ആ സ്ത്രീ ഈ കേസിനെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് എഴുതിയിട്ടുണ്ട്. താനൊരു പീഡിതവ്യക്തിയാണെന്ന് ലോകത്തെ അറിയിക്കാന്‍ നിരവധി അസത്യങ്ങള്‍ അവര്‍ എഴുതി വെച്ചിട്ടുണ്ട്.ചില പ്രസിദ്ധീകരണങ്ങളില്‍ അവര്‍ എഴുതിയ അനുഭവക്കുറിപ്പുകളും പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ ആഞ്ജലീന്‍കാണിച്ചു. ആനന്ദിനെതിരായി ജൂറിയോടും കോടതിയിലും സാക്ഷി പറഞ്ഞവരെല്ലാവരും പ്രായപൂര്‍ത്തിയായ സ്ത്രീകളായിരുന്നു. അല്ലാതെ പെണ്‍കുട്ടികളായിരുന്നില്ല.

പീഡനം കഴിഞ്ഞതിനുശേഷം ആനന്ദുമായി യാതൊരു ബന്ധമോ ടെലഫോണ്‍ സംഭാഷണമോ ഉണ്ടായിട്ടില്ല എന്ന് അവര്‍ പലതവണ കോടതിയില്‍ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതെല്ലാം കളവായിരുന്നെന്ന്ആഞ്ജലീന്‍തെളിവുകള്‍ നിരത്തി വിവരിച്ചു. ആനന്ദിനു വന്ന ടെലഫോണ്‍ കോളുകളുടെ ലിസ്റ്റില്‍ മേല്പറഞ്ഞ സ്ത്രീയുടെ നിരവധി കോളുകള്‍ വന്നതായി കണ്ടു. അതും രാത്രി 12 മണിക്കും രാവിലെ 2 മണിക്കുമിടയില്‍. ഈ തെളിവുകള്‍ തന്നെ ധാരാളം മതിയായിരുന്നു ആനന്ദിന്റെ കേസ് തള്ളിപ്പോകാന്‍. പക്ഷെ, ആനന്ദിന്റെ അറ്റോര്‍ണി അവയൊന്നും തന്നെ കോടതിയില്‍ ചോദ്യം ചെയ്തില്ല.

കഴിഞ്ഞ ആറു വര്‍ഷങ്ങളായി ആനന്ദിന്റെ കേസ് ശ്രദ്ധാപൂര്‍വ്വം പഠിച്ച തനിക്ക് ആനന്ദിന്റെ നിരപരാധിത്വം കോടതിയില്‍ ബോധിപ്പിക്കാനും തെളിയിക്കാനും നിഷ്പ്രയാസം കഴിയുമെന്ന് ആഞ്ചലീന്‍ വ്യക്തമാക്കി. എത്രയും കൂടുതല്‍ ജനശ്രദ്ധ നേടുന്നോ അത്രയും കേസിനെ സ്വാധീനിക്കാന്‍ കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പൊതുജന ശ്രദ്ധ നേടുന്ന കേസുകളെല്ലാം പുനര്‍ചിന്തനത്തിന് വിധേയമാകുന്ന സംഭവം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ന്യൂയോര്‍ക്ക് കോടതി ആനന്ദിനെ കുറ്റവിമുക്തനാക്കിയാലും കാലിഫോര്‍ണിയ കോടതിയിലും ടെക്‌സാസിലും ആനന്ദ് ഹാജരാകേണ്ടതുണ്ട്. ന്യൂയോര്‍ക്ക് കോടതിയുടെ വിധി ആ കേസുകളിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്ന് ആഞ്ചലീന്‍ പറഞ്ഞു. ആനന്ദിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള രേഖകളെല്ലാം തന്റെ കൈവശമുണ്ടെന്നും അവര്‍ വ്യക്തമാക്കി. റിച്ചാര്‍ഡ് ബെര്‍ബാര്‍ഡും ആഞ്ചലീനയുമാണ് ആനന്ദിന്റെ ഇനിയുള്ള വിചാരണകളില്‍ കോടതിയില്‍ ഹാജരായി സത്യാവസ്ഥ കോടതിയെ ബോധിപ്പിക്കുന്നത്.

നിഷ തയ്യിലിന്റെ അമേരിക്കന്‍ ദേശീയ ഗാനത്തോടും, കാതറീന്‍ മാത്യു-ലൊറൈന എന്നിവരുടെ ഇന്ത്യന്‍ ദേശീയ ഗാനത്തോടും കൂടി സമ്മേളനത്തിനു തുടക്കമായി. ഡോ. ജോസ് കാനാട്ട് എം.സി.യായി പ്രവര്‍ത്തിച്ച ജീവന്‍ തോമസിനെ സദസ്സിനു പരിചയപ്പെടുത്തി.
കമ്മ്യൂണിറ്റി ലീഡര്‍ ലീലാ മാരേട്ട് സ്വാഗത പ്രസംഗം നടത്തുകയും സദസ്സില്‍ ഉപവിഷ്ടരായിരുന്ന പ്രധാന വ്യക്തികളേയും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എത്തിച്ചേര്‍ന്ന സംഘടനാ നേതാക്കളേയും സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു.

തോമസ് കൂവള്ളൂര്‍, തോമസ് ടി. ഉമ്മന്‍, അലക്‌സ് വിളനിലം കോശി,സണ്ണി പണിക്കര്‍, വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍, കോറെപ്പിസ്‌കോപ്പ, യു.എ. നസീര്‍, ലെജിസ്ലേറ്റര്‍ ആനി പോള്‍, വറുഗീസ് ഉലഹന്നാന്‍, പത്മഭൂഷണ്‍ ഡോ. സന്ത് ചഢ്‌വാള്‍ എന്നിവരെക്കൂടാതെ ബംഗ്ലാദേശ് കമ്മ്യൂണിറ്റി പ്രതിനിധിയും ആനന്ദ് ജോണിന് നീതി ലഭിക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

ആനന്ദിന്റെ അമ്മ ശശി എബ്രഹാം ഇങ്ങനെയൊരു സമ്മേളനം സംഘടിപ്പിച്ചവര്‍ക്കും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കും നന്ദി പറഞ്ഞു. ഒരമ്മയുടെ ഹൃദയ നൊമ്പരംസദസ്യരുമായി പങ്കുവെച്ചു. തന്റെ മകന്റെ മോചനത്തിനായി പ്രയത്‌നിക്കുന്ന ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി പറയാന്‍ ആ അമ്മ മറന്നില്ല.



ആനന്ദ് ജോണ്‍ കേസ്; നിര്‍ണ്ണായക തെളിവുകളോടെ അറ്റോര്‍ണിയുടെ വിശദീകരണം
ആനന്ദ് ജോണ്‍ കേസ്; നിര്‍ണ്ണായക തെളിവുകളോടെ അറ്റോര്‍ണിയുടെ വിശദീകരണം
ആനന്ദ് ജോണ്‍ കേസ്; നിര്‍ണ്ണായക തെളിവുകളോടെ അറ്റോര്‍ണിയുടെ വിശദീകരണം
ആനന്ദ് ജോണ്‍ കേസ്; നിര്‍ണ്ണായക തെളിവുകളോടെ അറ്റോര്‍ണിയുടെ വിശദീകരണം
ആനന്ദ് ജോണ്‍ കേസ്; നിര്‍ണ്ണായക തെളിവുകളോടെ അറ്റോര്‍ണിയുടെ വിശദീകരണം
ആനന്ദ് ജോണ്‍ കേസ്; നിര്‍ണ്ണായക തെളിവുകളോടെ അറ്റോര്‍ണിയുടെ വിശദീകരണം
ആനന്ദ് ജോണ്‍ കേസ്; നിര്‍ണ്ണായക തെളിവുകളോടെ അറ്റോര്‍ണിയുടെ വിശദീകരണം
ആനന്ദ് ജോണ്‍ കേസ്; നിര്‍ണ്ണായക തെളിവുകളോടെ അറ്റോര്‍ണിയുടെ വിശദീകരണം
ആനന്ദ് ജോണ്‍ കേസ്; നിര്‍ണ്ണായക തെളിവുകളോടെ അറ്റോര്‍ണിയുടെ വിശദീകരണം
ആനന്ദ് ജോണ്‍ കേസ്; നിര്‍ണ്ണായക തെളിവുകളോടെ അറ്റോര്‍ണിയുടെ വിശദീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക