Image

വത്തിക്കാനിലെ അസീസി: ഡോ. ഡി. ബാബുപോള്‍

Published on 22 March, 2013
വത്തിക്കാനിലെ അസീസി: ഡോ. ഡി. ബാബുപോള്‍
മാര്‍പാപ്പയുടെ പദവിക്ക് ലോകം നല്‍കുന്ന പ്രാധാന്യം നൂറ്റിപ്പത്തേക്കര്‍ ഭൂമിയുടെ തണ്ടപ്പേരുകാരന്‍ എന്ന നിയമാധിഷ്ഠിതവ്യക്തിത്വത്തോട് ബന്ധപ്പെട്ടതല്ല. ലോകത്തിന്‍െറ ധര്‍മാധികാരിയായി അകത്തോലിക്കരും നാസ്തികരും ഒക്കെ ആ കസേരയില്‍ ഇരിക്കുന്ന വ്യക്തിയെ കാണുന്നു എന്നതാണ് ഈ പ്രാധാന്യത്തിന്‍െറ രഹസ്യം.
ശിഷ്യരില്‍ ഒന്നാമനായിരുന്ന പത്രോസിനെയാണ് ആദ്യത്തെ മാര്‍പാപ്പയായി കണക്കാക്കുന്നത്.

പത്രോസിന്‍െറ കാലത്ത് സിംഹാസനം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, പില്‍ക്കാലത്ത് സിംഹാസനങ്ങള്‍ കല്‍പിതമായപ്പോള്‍ അന്ത്യോഖ്യയിലെയും റോമിലെയും സിംഹാസനങ്ങള്‍ പത്രോസിന്‍െറ പേരിലും അലക്സാണ്ട്രിയയിലേത് മര്‍ക്കോസിന്‍െറ പേരിലും കോണ്‍സ്റ്റാന്‍റിനോപ്പിളിലേത് ‘ക്രിസ്തു സ്നേഹിച്ച ശിഷ്യന്‍’ എന്ന് വിവരിക്കപ്പെടുന്ന യോഹന്നാന്‍െറ പേരിലും ചാര്‍ത്തപ്പെടുകയായിരുന്നു. ഇന്ന് പത്രോസിന്‍െറ പിന്‍ഗാമി എന്ന നിലയില്‍ മാര്‍പാപ്പ അവകാശപ്പെടുന്ന അപ്രമാദിത്വമോ സാര്‍വത്രികസഭയുടെ അധ്യക്ഷപദവിയോ പത്രോസിന് ഒന്നാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നില്ല. പത്രോസിനെക്കുറിച്ച് ബൈബ്ളില്‍ അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ എന്ന കൃതിയുടെ ആദ്യപാതിയിലാണ് പരാമര്‍ശങ്ങള്‍ ഉള്ളത്. പത്രോസിന്‍െറ പ്രാമുഖ്യം അവിടെ വ്യക്തമാണ്.

എന്നാല്‍, പത്രോസ് വിചാരണ ചെയ്യപ്പെടുന്നുമുണ്ട്: വേദശാസ്ത്രഭാഷയില്‍ പറഞ്ഞാല്‍ അപ്പോസ്തലന്മാരുടെ പ്രവൃത്തികള്‍ എന്ന കൃതി തെളിയിക്കുന്നത് കൊളീജിയാലിറ്റിയാണ്. പത്രോസല്ല അവസാനം മരിച്ച ശിഷ്യന്‍. അത് യോഹന്നാന്‍. അതായത് പത്രോസിന്‍െറ പിന്‍ഗാമികളായി അന്ത്യോഖ്യയിലെയും റോമിലെയും പട്ടികകളില്‍ കാണുന്ന ആദ്യത്തെ പേരുകാര്‍ റോമിലും അന്ത്യോഖ്യയിലും സിംഹാസനസ്ഥരായിരുന്നപ്പോള്‍ യേശു സ്നേഹിച്ച ശിഷ്യനും സുവിശേഷ കര്‍ത്താവും ആയ യോഹന്നാന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. റോമില്‍ പത്രോസിന്‍െറ പിന്‍ഗാമികളായ ലീനസ് അനക്ളേത്തുസ്, ക്ളെമന്‍റ് എന്നിവരോ അന്ത്യോഖ്യയില്‍ പിന്‍ഗാമികളായ എവുദിയോസ് ഇഗ്നാത്തിയോസ് -യേശു തൊട്ട ശിശു; മര്‍ക്കോസ് അധ്യായം 6, വാക്യം 36-എന്നിവരോ അന്നും ജീവിച്ചിരുന്ന യോഹന്നാന്‍െറ മേല്‍ അധീശത്വം അവകാശപ്പെട്ടിരിക്കാനിടയില്ലല്ലോ.

അതായത് മാര്‍പാപ്പക്ക് ഇന്നുള്ള ഘടനാപരമായ സ്ഥാനം കോണ്‍സ്റ്റന്‍ൈറന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിന്‍െറ നിരോധം നീക്കിയതിനുശേഷമുള്ള പതിനാറ് നൂറ്റാണ്ടുകളിലൂടെ ക്രമേണ ഉരുത്തിരിഞ്ഞതാണ്. ധര്‍മം നിര്‍വചിക്കാനുള്ള പരമാധികാരി എന്ന പദവിയാകട്ടെ അന്ധകാരയുഗത്തിനു ശേഷം വീണ്ടെടുക്കപ്പെട്ടതും ജോണ്‍ XXIII മുതല്‍ ഇങ്ങോട്ടുള്ള കാലത്ത് ഉറപ്പിക്കപ്പെട്ടതും ആണ്. പാപ്പാ ധര്‍മകുലപതിയായി അംഗീകരിക്കപ്പെടുന്നതുകൊണ്ടാണ് വൈദികരുടെ ധര്‍മച്യുതി സഭയിലും പുറത്തും പ്രധാനമാവുന്നതും. ലോകത്തില്‍ വ്യഭിചരിക്കുന്നവരില്‍ ഭൂരിപക്ഷവും വിവാഹിതരാണ് എന്നും ലോകജനസംഖ്യയിലെ മൊത്തം വ്യഭിചാരികളുടെ ശതമാനത്തേക്കാള്‍ കുറവാണ് അവിവാഹിതരായ കത്തോലിക്കാ വൈദികരില്‍ ലൈംഗികമായ മാര്‍ഗഭ്രംശം ഭവിക്കുന്നവരുടെ സംഖ്യ എന്നും ഓര്‍മിക്കുമെങ്കില്‍ ഇപ്പറഞ്ഞതിന്‍െറ സ്വാരസ്യം വ്യക്തമാകും.

ഇതൊക്കെ പശ്ചാത്തലം. വര്‍ത്തമാനകാലയാഥാര്‍ഥ്യം മാര്‍പാപ്പയുടെ പദവിയില്‍ ലോകം കാണുന്ന നിസ്തുലതയാണ്. അതുകൊണ്ടാണ് മാര്‍പാപ്പ എന്ത് ചെയ്യും എന്ന് നമ്മളൊക്കെ ഇത്ര താല്‍പര്യത്തോടെ അന്വേഷിക്കുന്നതും.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വീക്ഷണത്തിന് ആദ്യനിമിഷം മുതല്‍ സൂചനകള്‍ കിട്ടുന്നുണ്ട്. ഒന്നാമത് ആ പേര്. ഈശോസഭാംഗമായ മാര്‍പാപ്പ ഈ പേര് സ്വീകരിച്ചപ്പോള്‍ ഫ്രാന്‍സിസ് സേവ്യറായിരുന്നു മനസ്സില്‍ എന്നാണ് മറ്റ് പലരെയും പോലെ ഞാനും കരുതിയത്. എന്നാല്‍, അസീസിയിലെ പ്രേമകോകിലമായിരുന്നു മനസ്സില്‍ എന്ന് മാര്‍പാപ്പ തന്നെ വിശദീകരിച്ചിരിക്കുന്നു. മാത്രവുമല്ല, എങ്ങനെ അതുണ്ടായെന്നും പാപ്പ പറഞ്ഞു. മൂന്നില്‍ രണ്ട് വിഭാഗം കര്‍ദിനാള്‍മാര്‍ പിന്തുണച്ചപ്പോള്‍ അടുത്തിരുന്ന പഴയ സുഹൃത്ത് ധൈര്യപ്പെടുത്തിക്കൊണ്ട് പറഞ്ഞുവത്രെ, ‘പാവങ്ങളെ മറക്കരുത്’.

ആ ഉപദേശം മനസ്സില്‍ മനനം ചെയ്തപ്പോള്‍ ഉദിച്ചുവന്നതാണ് ഫ്രാന്‍സിസ് അസീസിയുടെ പേര് എന്ന് പാപ്പ പറയുന്നു. ഹദ്രിയാന്‍ VI, ക്ളെമന്‍റ് XXV എന്നീ പേരുകള്‍ തിരസ്കരിച്ചാണ് ഇത് തെരഞ്ഞെടുത്തതെന്നും പാപ്പ പറഞ്ഞു.
രണ്ട് പ്രധാന സംഗതികള്‍ ഇവിടെ നാം ശ്രദ്ധിക്കണം. ഒന്നാമത് ഈശോസഭയും അസീസിയെ സവിശേഷമായി അനുകരിക്കുന്ന സന്യാസസഭകളും തമ്മിലുള്ളബന്ധം അറിയുന്നവര്‍ക്ക് ഈ മാര്‍പാപ്പ അനുരഞ്ജനത്തിന്‍െറ മാര്‍പാപ്പയാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതായി ഈ പ്രസ്താവന. അസീസിയും സേവ്യറും മനസ്സില്‍ ഉണ്ടായിരുന്നു എന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ആരും അത് ഒരു തെറ്റായി കാണുമായിരുന്നില്ല. അതിന് പകരം അസീസിയെ മാത്രം എടുത്തുപറയുകയാണ് പാപ്പ ചെയ്തത്. ‘Considerarion for the Other’ എന്ന മനസ്സാണ് ഇവിടെ വായിച്ചെടുക്കേണ്ടത്. രണ്ടാമത് അസീസിയുടെ ജീവിതം ഉണര്‍ത്തുന്ന മൂല്യശ്രേണി. കഴിഞ്ഞ ശനിയാഴ്ച പാപ്പ പറഞ്ഞിരിക്കുന്നു സഭ പാവങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പാവപ്പെട്ട സഭ ആയിരിക്കണം, സൃഷ്ടി മുഴുവനോടും സഭ കരുണയും കരുതലും കാണിക്കണം എന്നൊക്കെ.

ആരാണ് പാപ്പയാവുക എന്നറിയും മുമ്പേ ഞാന്‍ എഴുതിയിരുന്നു ഘടനാപരമായ ഔത്യം സഭ ഒഴിവാക്കണമെന്ന്. ഫ്രാന്‍സിസ് പാപ്പയുടെ പ്രസ്താവനയുടെ അന്തര്‍ധാര ഈ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ആരഗന്‍സ് അദ്ദേഹം അംഗീകരിക്കുന്നില്ലെന്ന പ്രഖ്യാപനമാണ്. ആദ്യനാള്‍ ചെയ്ത ചില സംഗതികള്‍ ഈ മനോഭാവത്തിന് അടിവര ഇടുന്നതായി. ബസില്‍ കയറിയതും ഹോട്ടല്‍ റിസപ്ഷനില്‍ ക്യൂ നിന്നതും മറ്റും പരീശകാപട്യം ലാളിത്യത്തിന്‍െറ പുറംകുപ്പായത്തില്‍ ഒളിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ മാതിരിയുള്ള നാട്യമല്ല എന്ന് അതിന് മുമ്പ് ‘ഊര്‍ബി എത് ഓര്‍ബി’ക്കായി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ തെളിഞ്ഞതാണ്. അവിടെ സഹവിശ്വാസികള്‍ തനിക്കായി പ്രാര്‍ഥിക്കണം എന്നാണ് പുതിയ പാപ്പ ആദ്യം പറഞ്ഞത്. നടന്നുപതിഞ്ഞ നാട്ടുപാത വിട്ട് നടക്കാനുള്ള മനസ്സാണ് ഇവിടെ കാണേണ്ടത്.

ആധുനികകാലത്തെ ഒരു മാര്‍പാപ്പയെയും വ്യക്തിപരമായ അഹങ്കാരം അടയാളപ്പെടുത്തിയില്ല. ജീവിതവിശുദ്ധിയിലും വ്യക്തിതലത്തിലെ വിനയത്തിലും ഒന്നും കുറ്റപ്പെടുത്താവുന്നവരായില്ല ആരും. സത്യത്തില്‍ അവരുടെയൊക്കെ വിശുദ്ധികൊണ്ടാണ് വൈദികബ്രഹ്മചര്യം വൈദികരുടെ പ്രശ്നമായി അവര്‍ കാണാത്തത്. എല്ലാ വൈദികരും തങ്ങളെപ്പോലെ ‘ദൈവവിളി’ അനുസരിച്ചവരാണെന്നും വൈദികരുടെ വിവാഹം വര്‍ത്തമാനകാലസമൂഹം തേടുന്ന പരിഷ്കാരമായികരുതിയാല്‍ മതിയെന്നും ആയിരിക്കണം ഈ പാപ്പമാരൊക്കെ വിചാരിക്കുന്നത്. ജോണ്‍പോള്‍ കര്‍ക്കശനിലപാട് സ്വീകരിച്ചില്ലായിരുന്നെങ്കില്‍ 1960-80 കാലത്ത് ഒരുലക്ഷം വൈദികര്‍ ബ്രഹ്മചര്യം ഉപേക്ഷിക്കാന്‍ വേണ്ടി കുപ്പായം ഉപേക്ഷിച്ചതിന്‍െറ തുടര്‍ക്കഥ മറ്റൊന്നാകുമായിരുന്നിരിക്കണം.
ഫ്രാന്‍സിസ്പാപ്പ ഇക്കാര്യത്തില്‍ ഒരു മധ്യമാര്‍ഗം സ്വീകരിച്ചേക്കാം: വിവാഹിതരെ വൈദികരാക്കുക, വൈദികബ്രഹ്മചര്യം നിര്‍ബന്ധമല്ലാതാക്കുക, ബ്രഹ്മചര്യം സന്യസ്തര്‍ക്കായി പരിമിതപ്പെടുത്തുക എന്നിങ്ങനെ പടിപടിയായിട്ടാവാം ഈ വിഷയം പരിഹരിക്കപ്പെടുക.

പേരിലേക്ക് തിരിച്ചുവരാം. ഇന്‍സ്റ്റിറ്റ്യൂഷനല്‍ ആരഗന്‍സ് ഉപേക്ഷിക്കാതെ അസീസിയിലെ ഫ്രാന്‍സിസിന്‍െറ പേര് സ്വീകരിക്കുന്ന മനസ്സ് ഉണ്ടാവുകയില്ല. ഒപ്പം പരിസ്ഥിതി, സൃഷ്ടിയുടെ സമഗ്രത, ദരിദ്രരുടെ പക്ഷംചേരുന്ന വിശുദ്ധി എന്നീ മൂന്ന് സംഗതികള്‍ കൂടെ ഉറപ്പിക്കാം. അവിവാഹിതരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം നിഷേധിച്ച വൈദികരെ കപടഭക്തര്‍ എന്ന് വിളിച്ചയാളാണ് ഈ പാപ്പ. ദൈവജനത്തെ രക്ഷയില്‍നിന്ന് അകറ്റിനിര്‍ത്തുന്ന വൈദികരെ അദ്ദേഹം വിമര്‍ശിച്ചു- ‘These are todays hypocrites; those who clericalise the church.’ കുഷ്ഠരോഗികളെ അകറ്റിനിര്‍ത്താത്തവനും വേശ്യകളെ കല്ലേറില്‍നിന്ന് രക്ഷിച്ചവനും ആയിരുന്നു ക്രിസ്തു എന്ന് വൈദികരെ അദ്ദേഹം ഓര്‍മിപ്പിച്ചു.അര്‍ജന്‍റീനയിലെ ഭൂതകാലം നല്‍കുന്ന സൂചനകളും ശ്രദ്ധിക്കണം.

ഒന്ന്, ദരിദ്രരുടെ പക്ഷംചേരുമ്പോഴും അതിര്‍വിട്ട വിമോചനദൈവശാസ്ത്രം ഈ ജസ്യൂട്ട് അംഗീകരിച്ചില്ല. കര്‍ദിനാളിന്‍െറ കൊട്ടാരത്തിന് മുന്നില്‍ കുടില്‍കെട്ടിപ്പാര്‍ത്ത കാമര്‍ എന്ന മഹാപുരോഹിതനും മരിക്കാനല്ലാതെ കൊല്ലാന്‍ തയാറായിരുന്നില്ല. ഒര്‍ലാണ്ടോ യോറിയോ, ഫ്രാന്‍സിസ്കോ ജാലിക്സ് എന്നീ വൈദികരെ രക്ഷിച്ചില്ല എന്നതാണല്ലോ ഒരാരോപണം. ‘വൃത്തികെട്ട യുദ്ധം’ -The Dirty War -അരങ്ങേറിയ കാലത്ത് പ്രൊവിന്‍ഷ്യല്‍ ആയിരിക്കെ ആ വൈദികരെ പുറത്താക്കിയ വ്യക്തിയാണ് പാപ്പ. എന്നാല്‍, അവരെ മോചിപ്പിച്ചതും അദ്ദേഹം തന്നെ. ജനറല്‍ വിദേലയുടെ ചാപ്ളയിനെക്കൊണ്ട് അവധിയെടുപ്പിച്ച് പകരക്കാരനായി കൊട്ടാരത്തില്‍ പോയി കുര്‍ബാനചൊല്ലുകയും പ്രസിഡന്‍റിനെ കുമ്പസാരിപ്പിക്കുകയും ചെയ്തതിന്‍െറ തുടര്‍ച്ചയായിരുന്നു ആ മോചനം എന്ന് പാപ്പയുടെ ജീവചരിത്രം എഴുതിയ റൂബിന്‍ പറയുന്നു.

അതേസമയം, പാവങ്ങളുടെ പക്ഷംചേര്‍ന്ന് മുപ്പതിനായിരം പേരുടെ ജീവന്‍ രക്ഷിച്ചയാളുമാണ് ഫ്രാന്‍സിസ്. സ്വന്തം തിരിച്ചറിയല്‍ കാര്‍ഡുകൊടുത്ത് വരെ രക്ഷക്ക് വാതില്‍ തുറന്നവനാണദ്ദേഹം. വിദേലയുടെ ഏകാധിപത്യകാലത്ത് പൊലീസ് ചാപ്ളയിന്‍ ആയിരുന്ന ക്രിസ്റ്റ്യന്‍ വോണ്‍ വെര്‍നിക്ക് എന്ന പാതിരി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടും ‘കാനന്‍നിയമം അനുസരിച്ച് യഥാകാലം തീരുമാനിക്കും’ എന്ന് പറയുകയല്ലാതെ വെര്‍നിക്കിനെ സ്ഥാനഭ്രഷ്ടനാക്കുകയോ ജയിലില്‍ കുര്‍ബാന ചൊല്ലുന്നതില്‍നിന്ന് വിലക്കുകയോ വെര്‍നിക്ക് കുറ്റക്കാരനായ ഏഴ് കൊലപാതകം, 40 കിഡ്നാപിങ്, 30 കസ്റ്റഡി പീഡനം എന്നിവയുടെ പേരില്‍ സഭ മാപ്പുചോദിക്കുകയോ ചെയ്തില്ല എന്നാണ് ക്ഷീരമുള്ളോരകിടിന്‍ ചുവട്ടില്‍ മൂളിപ്പറക്കുന്ന ജീവികളുടെ പരാതി. കുര്യനെതിരെ ധര്‍മരാജന്‍െറ മൊഴി പോലെ ജനറല്‍ വിദേലയാണ് ‘ഫ്രാന്‍സിസ് അധ്യക്ഷനായിരുന്ന മെത്രാന്‍സമിതി തന്നോട് സഹകരിച്ചു’ എന്ന് പറഞ്ഞത്. ഫ്രാന്‍സിസിന്‍െറ പിന്‍ഗാമികള്‍ അത് നിഷേധിക്കുകയും ഇരകള്‍ക്കുവേണ്ടി ‘ആകാവുന്നത്ര ചെയ്തു’ എന്ന് അവകാശപ്പെടുകയും ചെയ്തു എന്നതും മറന്നുകൂടാ. കോടതിയും പത്രങ്ങളും ഒക്കെ പരിശോധിച്ച ഒരു സംഗതി പൊക്കിയെടുത്ത് അകിടിലെ ചോരയായി അവതരിപ്പിക്കുന്നവരെ അവഗണിക്കുക തന്നെ വേണം.

കിറില്‍ എന്നൊരു പാപ്പയുടെ കഥ മോറിസ് വെസ്റ്റ് സങ്കല്‍പിച്ചിട്ടുണ്ട്. റോമിലെ ചായപ്പീടികയില്‍ അകമ്പടി കൂടാതെ കയറി ചായകുടിക്കുന്ന പാപ്പ. ഇന്ന് -ഞായറാഴ്ച-ആഞ്ജലൂസിന് വേണ്ടി കിളിവാതിലില്‍ പ്രത്യക്ഷപ്പെടും മുമ്പ് ഗേറ്റിലൂടെ പുറത്തിറങ്ങി കാവല്‍ക്കാരെ അമ്പരപ്പിച്ച ഫ്രാന്‍സിസില്‍നിന്ന് നമുക്ക് ഏറെയുണ്ട് പ്രതീക്ഷിക്കാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക