Image

മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക, പ്രീയപ്പെട്ടവരായി കാണുക (വാരാന്ത്യ ചിന്തകള്‍)

പ്രീയാ ജോണ്‌സണ്‍ Published on 22 March, 2013
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക, പ്രീയപ്പെട്ടവരായി കാണുക (വാരാന്ത്യ ചിന്തകള്‍)
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക, പ്രീയപ്പെട്ടവരായി കാണുക (വാരാന്ത്യ ചിന്തകള്‍) പ്രീയാ ജോണ്‌സണ്‍

'ഇവന്‍ എന്റെ പ്രിയ പുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു' പരസ്യ ജീവിതത്തിനായി ഒരുങ്ങി നില്‍ക്കുന്ന പുത്രനെ ആശംസിക്കുന്ന പിതാവിന്റെ വാക്കുകളാണിവ. അംഗികരിക്കലിന്റെയും പ്രോത്സാഹനത്തിന്റെയും സ്‌നേഹത്തിന്റെയും വാക്കുകള്‍ ദൈവ പുത്രനു പോലും ലഭിക്കുന്നു. ഈ വാക്കുകള്‍ യേശുവിന്റെ ദൈവ രാജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം പകര്‍ന്നു നല്കുന്നു.
ദൈവത്തിന്റെ സ്ഥാനത് നാം ആയിരുന്നു ഈ വാക്കുകള്‍ പറയാന്‍ നിയോഗിക്കപ്പെട്ടതെങ്കില്‍ ഇങ്ങനെ ആയിരിക്കും നമ്മുടെ പ്രതികരണം .'ഇവന്‍ എന്റെ മകനൊക്കെ തന്നെയാണ്, ഇവനില്‍ ഞാന്‍ അത്രയ്ക്ക് തൃപ്തന്‍ അല്ല, കുറച്ചു പോരായ്മാകളൊക്കെയുണ്ട്, എന്നാലും കുറച്ചൊക്കെ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'. ഇതു പറയുന്നതുതന്നെ വലിയ കഷ്ടപെട്ടായിരിക്കും. കാരണം മറ്റുള്ളവരെ അംഗികരിക്കാനും അവരുടെ നന്മകള്‍ പറയാനും നമുക്ക് സാധിക്കുന്നില്ല.
ഈയിടെ ഒരാള്‍ പറയുകയുണ്ടായി 'കഷ്ടകാലം വന്ന വഴി നോക്കണേ. എനിക്ക് അയാളെ കണ്ടുകുടാ. പക്ഷെ അയാളെ പറ്റി കുറെ നല്ല കാര്യങ്ങള്‍ ഒരു മീറ്റിങ്ങില്‍ വച്ച് പറയേണ്ടി വന്നു. ഓരോ വാക്ക് പറയുമ്പോഴും ഹൃദയം പറിച്ചെടുക്കുന്ന വേദനയായിരുന്നു എനിക്ക്'. അതേ അതു ശരിയാണ്, ഹൃദയം പറിച്ചെടുക്കുന്ന വേദനയാണ് നമ്മളില്‍ പലര്‍ക്കും ഇഷ്ടമല്ലാത്തവരെ പറ്റി നന്മ പറയുമ്പോള്‍. അടുപ്പമുള്ളവരെ കുറിച്ചാണെങ്കില്‍ പോലും മറിച്ചല്ല.
എന്തുകൊണ്ടാണ് നമ്മുക്ക് മറ്റുള്ളവരെ കുറിച്ച് നന്മ പറയാനും അവരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയാത്തത്? ഒരു സൗഹൃദവേദിയില്‍ ഇപ്പറഞ്ഞ വിഷയമായിരുന്നു അന്നത്തെ ചര്‍ച്ചയുടെ മര്‍മ്മം. ഒരു ചെറുപ്പകാരന്‍ പറഞ്ഞു 'എനിക്ക് ആരെപ്പറ്റിയും നന്മ പറയാന്‍ പറ്റുന്നില്ല മറ്റുള്ളവരെ പറ്റി നന്മ പറയുമ്പോള്‍ അവര്‍ നമ്മളെക്കാള്‍ വളരുകയാണെന്നും സമൂഹത്തില്‍ ഉള്ള അവരുടെ സ്ഥാനം നമ്മളെക്കാള്‍ ഉയരുകയും ആണെന്ന തോന്നലാണ് കാരണം' കുട്ടത്തിലുള്ള ഒരു യുവതിയുടെ അഭിപ്രായം 'എനിക്ക് ആണുങ്ങളെ പറ്റി നന്മ പറയ്യാന്‍ ബുദ്ധിമുട്ടില്ല. പക്ഷെ പെണ്ണുങ്ങളെ കുറിച്ച് പറയാന്‍ പ്രയാസമാണ്. അങ്ങനെ പലര്‍ക്കും പലകാരണങ്ങള്‍!
നമ്മുക്ക് ഭീഷണിയാണ് എന്നു തോന്നുന്നവരെ പറ്റി നന്മ പറയാന്‍ നമുക്കാവില്ല. എന്നാല്‍ ഭീഷണിയുണ്ടാവില്ല എന്നുറപ്പുള്ളവരെ കുറിച്ച് നന്മ പറയാന്‍ യാതൊരു മടിയുമില്ല. എപിജെ അബ്ദുല്‍ കലാം എന്ന മുന്‍ പ്രസിഡന്റിനെ പറ്റി എത്ര നന്മ വേണ്ടമെങ്കിലും പറയാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. മദര്‍ തെരേസയെ പറ്റി പറയാം, ബാരാക് ഒബാമയെ പറ്റി പറയാം. എന്നാല്‍ എന്റെ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ സ്‌നേഹിതര്, !സഹപ്രവര്‍ത്തകര്‍ ഇവരെ കുറിച്ച് നന്മ പറയാന്‍ സാധിക്കുനില്ല. കാരണം എന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കും നിലനില്‍പ്പിനും അവര്‍ ഭീഷണിയാകുമോ എന്നുള്ള പേടിയാണ്. നന്മ പറയാനും പ്രവര്‍ത്തിക്കാനും അറിയാഞ്ഞിട്ടല്ല, അവന്‍ എന്നേക്കാള്‍ വലുതാവുമോ എന്നുള്ള ഭയമാണ്.
അസൂയയില്‍ നിന്നും കുശുമ്പില്‍ നിന്നും ഉണ്ടാകുന്ന ഭയമാണ് മറ്റുള്ളവരെ കുറിച്ച് നന്മ പറയുന്നതില്‍നിന്നും നമ്മെ അകറ്റുന്നത്.
അപരന്‍ നമ്മളെക്കാള്‍ വലുതാകുമോ, അവരെ പറ്റി പറയുന്ന നന്മ നാലാള്‍ അറിഞ്ഞാല്‍ അവര്‍ സമൂഹത്തില്‍ സുസംമ്മതനായിതിരുമോ, നമ്മളെക്കാള്‍ വലിയ സ്ഥാനങ്ങളിലേക്ക് അവര്‍ കയറുമോ എന്നീ തരത്തിലുള്ള അനാവശ്യ ഭയങ്ങളാണ് നമ്മെ നന്മ പറയുന്നതില്‍ നിന്നും വിലക്കുന്നത്. ഇതിനുള്ള ഏക പരിഹാരം നമ്മളിലെ നാം എന്ന ചിന്താഗതി മാറ്റി അസൂയകളും, കുശുമ്പുകളും, ഏഷണികളും മാറ്റി, എല്ലാവരെയും പ്രിയപ്പെട്ടവരായും, മറ്റുള്ളവരുടെ വളര്‍ച്ചയില്‍ക്കൂടെ നാമും വളരുന്നു എന്നും കരുതുക എന്നതാണ്. നമ്മള്‍ ഉയര്‍ത്തുന്നവര്‍ നമ്മളെയും ഒരുപരിധിവരെ ഉയര്‍ത്തുവാന്‍ ശ്രമിക്കുമെങ്കിലും, പ്രതിഫലേച്ഛ കൂടാതെ വേണം മറ്റുള്ളവര്‍ക്കുവേണ്ടി നമ്മുടെ വാക്കുകളെ ഉപയോഗിക്കേണ്ടത്. മറ്റുള്ളവരെ പ്രിയപ്പെട്ടതായി കരുതിയാല്‍ അവരെ പറ്റി നന്മ പറയാനേ നമ്മുക്ക് കഴിയു. മറ്റുള്ളവരിലെ നന്മ കാണാന്‍ നമുക്ക് കഴിയട്ടെ. എന്നു നമുക്ക് അങ്ങനെ കാണാന്‍ കഴിയുന്നോ അന്നേ സ്വര്‍ഗ്ഗം നമ്മുടെ മുന്നില്‍ തുറക്കപ്പെടുകയുള്ളൂ.
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക, പ്രീയപ്പെട്ടവരായി കാണുക (വാരാന്ത്യ ചിന്തകള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക