Image

ബാര്‍ബര്‍ ബാലന്‍ പള്ളിപ്പാട്ടായി മാറുമ്പോള്‍

എബി തോമസ്‌ , ഡാലസ്‌ Published on 23 March, 2013
ബാര്‍ബര്‍ ബാലന്‍ പള്ളിപ്പാട്ടായി മാറുമ്പോള്‍
ആരാധനയില്‍ പങ്കെടുക്കുമ്പോള്‍ മനുഷ്യ മനസ്സുകളെ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുന്ന ഒരു അനുഭവമാണ്‌ ഉണ്ടാകുന്നത്‌. നൂറു നൂറു പ്രശ്‌നങ്ങളുടെ ഇടയില്‍ അല്‌പ്പം സമയം കണ്ടെത്തി പള്ളികളിലും അമ്പലങ്ങളിലും പോകുന്നത്‌ അല്‌പമെങ്കിലും മനസ്സുഖം അനുഭവിക്കുവാനാണ്‌. ആരാധനയുടെ ഇടക്കുള്ള ആല്‌മീയ ഗീതങ്ങള്‍ മനുഷ്യ മനസ്സുകളെ ദൈവ സന്നിധിയിലേക്ക്‌ അടുപ്പിക്കുവനുള്ള പ്രധാനപ്പെട്ട മാധ്യമം തന്നെ ആണ്‌.

കഴിഞ്ഞ ദിവസം ഒരു ആരാധനയില്‍ എനിക്ക്‌ സംബന്ധിക്കുവാന്‍ ഇടയായി. വളരെ ഭക്തിനിറവുള്ള ആരാധയായി തുടങ്ങി. അവിടെ കൂടിയ എല്ലാവരിലും ദൈവീക പ്രസരിപ്പ്‌ കാണാന്‍ ഇടയായി. ഇടയ്‌ക്കു ഒരു സ്‌ത്രോത ഗാനം ഗായക സംഘം ആലപിച്ചു. ദൈവീക അന്തരീക്ഷത്തില്‍ കൂടിയിരുന്ന ആ ആരാധനാകൂട്ടത്തില്‍ പെട്ടെന്നൊരു മാറ്റം കാണപ്പെട്ടു.

ആളുകള്‍ അന്യോന്യം നോക്കുന്നു. മുറുപുറുക്കുന്നു. ഗായക സംഘം പാടിയ ആ പാട്ട്‌ ഒരു സിനിമയിലെ അന്തരീക്ഷത്തിലേക്ക്‌ എന്റെ മനസ്സിനേയും മാറ്റി കളഞ്ഞു. ദൈവ സന്നിധിയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഇരുന്ന എന്റെ മനസ്സിനെ ഒരു സിനിമയിലെ പ്രധാന നടനായ
ബാര്‍ബര്‍  ബാലനെന്ന കഥാപാത്രത്തിലേക്ക്‌ വലിച്ചു മാറ്റി. ഗായക സംഘം ആലപിച്ച ആ പാട്ട്‌ ജനപ്രീതി നേടിയ 'കഥ പറയുമ്പോള്‍' സിനിമയിലെ പാട്ടിനെ അതെ താളത്തിലും ഈണത്തിലും ആത്മീക ഗാനമാക്കി അനുകരിച്ചിരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ സിനിമാ കാണാത്തവര്‍ വളരെ ചുരുക്കം തന്നയാണ്‌. അനുകരണം എല്ലാ മേഖലകളിലും ഇന്ന്‌ കാണപ്പെടുന്നു..ആരോഗ്യപരമായ അനുകരണം തീര്‍ച്ചയായും നല്ലതാണ്‌. ഇന്ന്‌ സംഗീതം പല രോഗത്തിനും നല്ലൊരു ഔഷധമായി വൈദ്യ ശാസ്‌ത്രം കണ്ടു പിടിച്ചിരിക്കുന്നു. അതുകൊണ്ട്‌ തന്നെ ഗാനങ്ങള്‍ മനുഷ്യ മനസ്സുകളെ വളരെയേറെ സ്വാധീനിക്കുന്നു. നീറി പുകയുന്ന മനസ്സുകളില്‍ കുളിര്‍മ്മ ഏകുന്നു. ഓരോ ഗാനങ്ങള്‌ക്കും ഈണവും താളവും കൊടുക്കുന്നത്‌ അവസരങ്ങള്‍ക്ക്‌ അനുയോജ്യമാം വിധമായിട്ടാണ്‌.

ബാര്‍ബര്‍  ബാലനെന്ന എന്ന കഥാപാത്രത്തിന്‌ അനുയോജ്യമായ പാട്ടും അതിനു ഇണങ്ങുന്ന ഈണവും താളവും ആണ്‌ സിനിമാ പട്ടിലുള്ളത്‌. ആത്‌ ആത്മീക അന്തരീക്ഷത്തിലേക്ക്‌ മാറിയാല്‍ എന്തായിരിക്കും? സിനിമാ പാട്ടുകള്‍ എല്ലാവരും ഇഷ്ടപ്പെടുന്നു എന്നത്‌ സത്യം തന്നെ. പക്ഷെ ആത്മീക മേഖലകളില്‍ സിനിമാ പാട്ടുകളുടെ ഈണവും താളവും അനുകരിക്കുന്നത്‌ തെറ്റാണു. മനുഷ്യ മനസ്സുകളെ ദൈവ സന്നിധിയില്‍ അടുപ്പിക്കുവാന്‍ ഗാനങ്ങളില്‍ ആല്‌മീക നിറവിലുള്ള ഇണവും താളവും കൊടുക്കണം. ജന ലക്ഷങ്ങള്‍ ആരവിക്കുന്ന പാട്ടുകളില്‍ സിനിമ ഗാനങ്ങളുടെ അതിപ്രസരം തികച്ചും തെറ്റായ പ്രവണതയാണ്‌.
പഴയ തലമുറക്കാരുടെ ഭക്തി ഗാനങ്ങളൊക്കെ വേദനയുടെയും, ഇല്ലായ്‌മയുടെയും അനുഭവങ്ങളില്‍ നിന്നുമുള്ള ദൈവത്തോടുള്ള അപേക്ഷകളും, സ്‌തോത്രങ്ങളും ആയിരുന്നു. പാട്ടുകളിലെ ഓരോ വരികളും ജീവിതത്തിലെ അനുഭവങ്ങള്‌ പോലെ പാടി ആസ്വദിക്കാവുന്നതായിരുന്നു.

പുതിയ തലമുറയിലേക്കു വരുമ്പോള്‍ പാട്ടുകള്‍ക്ക്‌ പുതിയ രാഗവും താളവുമൊക്കെ മാറ്റിയെടുക്കണം. കാലത്തിനൊത്തു നമ്മള്‍ വളരണം. പക്ഷെ ആത്‌മീക ഗീതങ്ങള്‍ ഒരിക്കലും ദൈവ ഭക്തി വിട്ടു കൊണ്ടുള്ളതാവരുത്‌. സിനിമാപാട്ടുകളെ അനുകരിക്കുന്നത്‌ തെറ്റായ പ്രവണതയാണ്‌. ഇത്തരം പാട്ടുകള്‍ കേള്‍മ്പോഴും, പാടുമ്പോഴും സിനമാ ലോകത്തേക്ക്‌ നമ്മുടെ മനസ്സുകള്‍ അറിയാതെ മാറി പോകും. ഭക്തി ഗാനങ്ങളില്‍ സിനിമയുടെ അതിപ്രസരം ആത്‌മീക മൂല്യതയുടെ അന്തകരണമായി മാത്രമേ കാണാനാവു.
ബാര്‍ബര്‍ ബാലന്‍ പള്ളിപ്പാട്ടായി മാറുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക