Image

ചിന്തയില്‍ സ്‌ഫുടം ചെയെ്‌തടുത്ത കവിതകള്‍ (വിചാരവേദിയിലെ സാഹിത്യചര്‍ച്ചയില്‍ അവതരിപ്പിച്ചത്‌)

വാസുദേവ്‌ പുളിക്കല്‍ Published on 23 March, 2013
ചിന്തയില്‍ സ്‌ഫുടം ചെയെ്‌തടുത്ത കവിതകള്‍ (വിചാരവേദിയിലെ സാഹിത്യചര്‍ച്ചയില്‍ അവതരിപ്പിച്ചത്‌)
രാജു തോമസ്സിന്റെ ഏതാനം കവിതകളാണ്‌ ഇവിടത്തെ ചര്‍ച്ചാവിഷയം. കവിതകളുടെ പ്രത്യേകതകൊണ്ട്‌ രാജു തോമസ്‌ മറ്റു കവികളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നു. ഊര്‍ജ്‌ജ്വസ്വലതയും ഉള്‍ക്കനവുമുള്ള ധാരാളം നല്ല കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. സ്വപ്‌നലോകങ്ങളില്‍ വിഹരിക്കുകയോ ദുര്‍ബ്ബലവികാരങ്ങള്‍ക്ക്‌ അടിമയാവുകയോ ചെയ്യുന്ന കവിയല്ല രാജു തോമസ്‌. കാവ്യകല ഗൗരവമായെടുത്ത്‌ യാഥാര്‍ത്ഥ്യങ്ങളെ സ്വന്തം ദര്‍ശനം നല്‍കി ഹൃദയസ്‌പൃക്കായി അവതരിപ്പിക്കുന്നതിലാണ്‌ അദ്ദേഹത്തിന്‌ താല്‌പര്യം. തന്റെ ചിന്തകളും വികാരവിചാരങ്ങളും ആദര്‍ശങ്ങളും ശ്രദ്ധയോടെ സന്നിവേശിപ്പിച്ചിട്ടുള്ള രാജു തോമസ്സിന്റെ കവിതകള്‍ വായനക്കാരില്‍ വൈകാരികാനുഭൂതി ഉണര്‍ത്തി അവരെ ചിന്തിപ്പിക്കാന്‍ പോന്നതാണ്‌.
കാവ്യരചനയുടെ കാര്യത്തില്‍ രാജു തോമസ്‌ ഒരു മഹായോഗിയെപ്പോലെയാണ്‌. മഹായോഗികളുടെ രചനകള്‍ അവരുടെ യോഗാനുഭൂതികളുടെ ആവിഷ്‌ക്കരണമാണ്‌. അവരുടെ യോഗാനുഭൂതികളെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കാന്‍ ഒരു മഹായോഗിക്കു മാത്രമേ സാധിക്കുകയുള്ളു. രാജു തോമസ്‌ യോഗിയല്ലെങ്കിലും ഒരു മഹാചിന്തകനും തത്വജ്‌ഞാനിയുമാണ്‌. അദ്ദേഹത്തിന്റെ ചിന്തയില്‍ സ്‌ഫുടം ചെയെ്‌തടുത്ത കവിതകളില്‍ ജീവിതത്തെ സംബന്ധിക്കുന്ന ദര്‍ശനത്തിന്റെയും തത്വചിന്തയുടേയും സൂക്ഷ്‌മഭാവങ്ങള്‍ കാണാന്‍ കഴിയും.

ചിന്തകനായ രാജു തോമസ്സിന്റെ കവിതകളുടെ ഗഹനതയില്‍ എത്താന്‍ നല്ല ചിന്താ ശക്‌തിയുള്ളവര്‍ക്കേ കഴിയൂ. സാധാരണ വായനക്കാര്‍ക്ക്‌ അദ്ദേഹത്തിന്റെ കവിതകളിലേക്ക്‌ ഒരു പരിധി വരെ മാത്രമേ ഇറങ്ങിച്ചെല്ലാന്‍ സാധിക്കുകയുള്ളു. രാജു തോമസ്സിന്റെ കാവ്യഭാഷയില്‍ കഠിനപദങ്ങള്‍ ചിതറിക്കിടക്കുന്നതായി കാണാന്‍ കഴിയും. അത്‌ ഒരു പ്രശ്‌നമായി കാണുന്നവരുണ്ടാകാം. ഏന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ പര്യാപ്‌തമായ പദങ്ങളാണ്‌ ഈ കാവ്യഭാഷയില്‍ കാണുന്നതെന്ന്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. താളനിബദ്ധവും ഭാവാന്മകവുമാണ്‌ രാജു തോമസ്സിന്റെ കാവ്യഭാഷ. `വികാരം, വിചാരം, ഭാവന എന്നീ ഘടകങ്ങളുടെ സമഞ്‌ജസമായ സമ്മേളനമാണ്‌ ഉത്തമ കവിത' എന്നത്‌ മനസ്സില്‍ വച്ചുകൊണ്ട്‌ രാജു തോമസ്സിന്റെ കവിതകളെ സമീപിക്കുന്നവര്‍ക്ക്‌ നിരാശപ്പെടേണ്ടി വരില്ല. ഈ മൂന്നു ഘടകങ്ങളുടേയും കൃത്യമായ ചേരുവ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം. ജ്‌ഞാനികളുടെ രചനകള്‍ അനുവാചകര്‍ക്ക്‌ അറിവു പകര്‍ന്നു കൊടുക്കുന്നു. വിജ്‌ഞാനത്തിന്റെ വികാരവല്‍ക്കരണം കൂടിയാണ്‌ രാജു തോമസ്സിന്റെ കവിതകള്‍. ഭൗതികവും സാധരണവുമായ അറിവില്‍ നിന്ന്‌ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന രാജു തോമസ്സിന്റെ അറിവിലുമേറിയ അറിവ്‌ കവിതകളില്‍ പ്രകടമാകുന്നുണ്ട്‌. ജീവിതത്തിന്റെ താത്ത്വികതയെ പ്രതിപാദിക്കുന്ന ഉപനിഷത്തുക്കളേയും ബൈബിളിലെ മുടിയനായ പുത്രനേയും മകനില്‍ നിന്ന്‌ യൗവനം ഇരന്നു വാങ്ങിയ ഇതിഹാസത്തിലെ യയാതിയേയും ഗ്രീക്കുപുരാണത്തിലെ ക്രോണോസ്‌ ദേവനേയും മറ്റും കുറിച്ചുള്ള പരാമര്‍ശം വായനക്കാരുടെ അന്വേഷണ ബുദ്ധിയുണര്‍ത്തി അവരെ അറിവു നേടാന്‍ പ്രേരിപ്പിക്കുന്നു.

രാജു തോമസ്സിന്റെ ചില കവിതകളിലേക്ക്‌ ഒന്ന്‌ എത്തി നോക്കാം. ചിന്താവിഷ്‌ടനായ ശ്രീരാമന്‍ എന്ന്‌ കവിതയുടെ തലക്കെട്ട്‌ കാണുമ്പോള്‍ തന്നെ ഗുണങ്ങളേറെയുണ്ടായിരുന്ന ഗര്‍ഭിണിയായ സീതയെ കാട്ടിലെറിഞ്ഞ നിഷ്‌ഠുരമനസ്‌ക്കനായ രാമന്‌ എന്താണിത്ര ചിന്തിക്കാനുള്ളതെന്ന്‌ വായനക്കാര്‍ക്ക്‌ തോന്നാം. എങ്കിലും കവിതയുടെ നാടകീയമായ തുടക്കവും തുടര്‍ന്നുള്ള അവതരണവും വായനക്കാരുടെ ശ്രദ്ധയെ പരമാവധി ആകര്‍ഷിക്കുന്നുണ്ട്‌. പുരാണത്തിലെ കഥാപാത്രത്തെയെടുത്ത്‌ വെറുതെ പുനരാവിഷ്‌ക്കരിക്കുകയല്ല ഇവിടെ ചെയ്‌തിരിക്കുന്നത്‌. സമകാല വീക്ഷണം അതില്‍ പ്രതിഫലിപ്പിക്കാന്‍ കവി ശ്രദ്ധിച്ചിട്ടുണ്ട്‌. പല ന്യായീകരണങ്ങളും പറഞ്ഞ്‌ മനുഷ്യര്‍ സ്വധര്‍മ്മത്തില്‍ നിന്ന്‌ പിന്തിരിഞ്ഞോടുന്ന ക്രൂരത നിലനില്‍ക്കുമ്പോള്‍ ഈ കവിതക്ക്‌ കാലിക പ്രസക്‌തി ഇല്ലെന്ന്‌ പറയാന്‍ നിവൃത്തിയില്ല. ധനുര്‍ദ്ധരനായ രാമന്‍ മൂര്‍ച്ചയുള്ള ശരങ്ങളെയ്‌ത്‌ രാക്ഷസകുലത്തെ കൊന്നൊടുക്കി ഭൂഭാരം കുറച്ച്‌ രാവണനേയും കൊല ചെയ്‌ത്‌ തന്റെ അവതാരോദ്ദേശ്യം സഫലമാക്കിയതിനു ശേഷം സ്വന്തം പവിത്രത തെളിയിച്ച്‌ അഗ്നിയിലൂടെ കടന്നു വന്ന സീതയില്‍ സംതൃപ്‌തനായി സീതയോടൊപ്പം അയോദ്ധ്യയില്‍ തിരിച്ചെത്തി രാജ്യഭാരമേറ്റപ്പോള്‍ നിര്‍ഭാഗ്യവശാല്‍ അജ്‌ഞനായ ഒരു പ്രജയുടെ അപവാദശരമേറ്റ്‌ തളര്‍ന്നു വീണു. പ്രേമലീലയില്‍ മതിമറന്നിരുന്ന ക്രൗഞ്ചങ്ങളിലൊന്നിനെ നിഷാദന്‍ അമ്പെയ്‌തു വീഴ്‌ത്തിയതില്‍ ക്രൂരത കണ്ട്‌ നിഷാദനെ ശപിച്ച വാല്‌മീകി പറഞ്ഞ സീതാകഥ അതിനേക്കാള്‍ എത്രയോ ക്രൂരമാണ്‌. ഒരു സാധരണ സ്‌ത്രീയായി, ഒരു പ്രജയായിപ്പോലും ജീവിക്കാന്‍ രാമന്റെ നാട്ടില്‍ അവകാശം നിഷേധിച്ച്‌, രാമന്‍ സീതയെ നിഷ്‌ക്കരുണം കാട്ടിലെറിഞ്ഞപ്പോള്‍ സീതയുടെ മേല്‍ ആരോപിക്കപ്പെട്ട അപവാദം സ്‌ഥിരീകരിക്കപ്പെടുകയാണ്‌ ചെയ്‌തത്‌. മറ്റൊരു വാല്‌മീകി ഉണ്ടായിരുന്നെങ്കില്‍ രാമന്റെ ക്രൂരതകണ്ട്‌
മാ ദുഷ്‌ടാത്മാവേ, നിഷ്‌ക്കളങ്കയാം ഭൂപുത്രിതന്‍
മനസ്സു കീറിമുറിച്ചൊലിപ്പിച്ചില്ലേ ചോര
ശ്വാശതമാം ശാന്തിയെ പുല്‍കാതെ നീ
ഘോരമാം നരകത്തില്‍ വീണു വലഞ്ഞിടും
എന്നു തീര്‍ച്ചയായും ശപിച്ചേനെ.

രാമനും സീതയും ഒരു പോലെ വിരഹദുഃഖം അനുഭവിക്കുന്നുണ്ട്‌. സീതയുടെ കണ്ണീര്‍ തുടക്കാന്‍ വാല്‌മീകി ഉണ്ടായിരുന്നു. തീവ്രമായ വേദന അനുഭവിത്തിരുന്ന സീതക്ക്‌ ആശ്വാസം പകരാന്‍ ലവകുശന്മാരുണ്ടായിരുന്നു. സീത ജനഹൃദയങ്ങളില്‍ നിത്യസ്‌മരണയായി ജീവിക്കുന്നു. കണ്‌ഠമിടറിക്കൊണ്ടല്ലാതെ സീതാദുഃഖത്തെ പറ്റി ആര്‍ക്കും പറയാന്‍ കഴിയില്ല. എന്നാല്‍ രാമന്റെ ദുഃഖത്തെ കുറിച്ച്‌ ആരും ഗൗനിച്ചില്ല. രാമനെ പ്രജാക്ഷേമതല്‍പരനായ മഹാനായ രാജാവ്‌ എന്ന ബഹുമതി നല്‍കി ആദരിക്കുകയാണ്‌ ചെയ്‌തത്‌. രാമന്‍ ധീരനായ ക്ഷത്രിയനാണ്‌. ക്ഷത്രിയന്റെ കണ്ണില്‍ നിന്ന്‌ ഒരിക്കലും കണ്ണുനീര്‍ ഒലിക്കുകയില്ല. അതുകൊണ്ടായിരിക്കണം രാമന്റെ ദുഃഖവും പശ്‌ചാത്താപവും ആരും അറിയാതെ പോയത്‌. ആ കുറവു നികത്തിക്കൊണ്ട്‌ രാജു തോമസ്‌ 64 പദ്യങ്ങളില്‍ എഴുതിയ ചിന്താവിഷ്‌ടനായ ശ്രീരാമന്‍ എന്ന കവിതയില്‍ രാമന്റെ മാനസികാവസ്‌ഥകള്‍ ഹൃദയസ്‌പൃക്കായി ചിത്രീകരിച്ചിരിക്കുന്നു.

`മുനികാവ്യമതിന്റെ മര്‍മ്മമാം, തനി ദീര്‍ഘശ്രുത മാനിഷാദായിന്‍
മുനയേറ്റു പിടക്കയാണു ഞാന്‍, അനുനാദാല്‍ പിളരുന്നു കര്‍ണ്ണവും'
അനുയോജ്യമായ പദങ്ങള്‍ ഉപയോഗിച്ച്‌ രാമന്റെ തീവ്രമായ മനോവേദന വായനക്കാരുടെ മനസ്സില്‍ പതിക്കവണ്ണം ചിത്രീകരിച്ചിരിക്കുന്നത്‌ രാജു തോമസ്സിന്റെ രചനാവൈഭവത്തെ കാണിക്കുന്നു. മാനിഷാദായിന്‍ മുനയേറ്റു പിടയുന്ന രാമന്‍ എല്ലാം വിധിക്കു വിട്ടു കൊടുത്തുകൊണ്ട്‌ കേഴുകയാണ്‌.
`സതീരത്‌നമെനിക്കു ലഭ്യമായതു ഞാന്‍ കാട്ടിലെറിഞ്ഞുപോയിപോല്‍
നിധി വീണ്ടുമതാ--എടുത്തിടാന്‍ വിധിയില്ലാത്തതുമെത്ര കഷ്‌ടമേ!'
എന്ന രാമന്റെ വിലാപം വായിക്കുമ്പോള്‍ വായനക്കാര്‍ക്ക്‌ രാമനോട്‌ തെല്ല്‌ സഹതാപം തോന്നാം. വാല്‌മീകി അടുത്തു തന്നെ ഉണ്ടായിരുന്നെങ്കിലും നിഷാദന്റെ ക്രൂരത തടയാന്‍ കഴിഞ്ഞില്ല. ക്രൗഞ്ചത്തിന്‌ സംഭവിക്കേണ്ടത്‌ സംഭവിച്ചു. മനുഷ്യന്റെ കാര്യത്തിലും ആകസ്‌മിക സംഭവങ്ങള്‍ ജീവിതത്തിന്റെ ഗതി ആകെ മാറ്റി മറിച്ച്‌്‌ കഷ്‌ടത നല്‍കുന്നു. അതാണ്‌ ദൈവനിശ്‌ചിതമായ വിധി. രാമന്റേയും സീതയുടേയും കാര്യത്തില്‍ വിധിയായി കടന്നു വന്നത്‌ ഒരു പ്രജയുടെ അപവാദമാണ്‌. അപവാദമാണെന്നറിഞ്ഞിട്ടും അത്‌ അങ്ങനെ സ്‌ഥാപിച്ച്‌ സീതയുടെ മാനം രക്ഷിക്കാന്‍ രാമന്‍ ശ്രമിക്കാതിരുന്നത്‌ മഹാ മണ്ടത്തരമായിപ്പോയി. രാമന്റെ പല മണ്ടന്‍ ചിന്തകളേയും പക്വതയിക്ലാത്ത പെരുമാറ്റത്തേയും കുറിച്ച്‌ രാമായണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.

മറ്റു പലരേയും പോലെ ഇവിടെ കവിയും സീതാപരിത്യാഗത്തെ ന്യായീകരിച്ചുകൊണ്ടുള്ള നിലപാട്‌ സ്വീകരിക്കുന്നുണ്ട്‌.

`ജനസൗഖ്യമതേ പ്രധാനമീ
ജനി ദുഃഖം ത്രണവല്‍ഗണിച്ചിടാം
വെളിവാക്കി മമ ധര്‍മ്മ സംഹിത'

രാമന്റെ ധര്‍മ്മ സംഹിതയില്‍ ഭാര്യയോടുള്ള ധര്‍മ്മത്തിന്‌ പ്രസക്‌തിയില്ലേ എന്ന ചോദ്യം അവശേഷിക്കുന്നു. രാമന്‍ ഭര്‍ത്തൃകൃത്യം നിര്‍വഹിച്ചുവോ? രാമന്റെ പ്രവൃത്തി ന്യായീകരിക്കാനെന്നോണം കവി ജമദഗ്നിമുനിയും ഗൗതമമുനിയും ഭാര്യമാരോടു ചെയ്‌ത ക്രൂരതയെ പറ്റി പറയുന്നുണ്ട്‌. ഈ സൂചിത കഥകള്‍ പ്രമേയത്തിന്റെ ശക്‌തി വര്‍ദ്ധിപ്പിക്കുന്നു. രാമന്റെ പ്രവൃത്തി വിലയിരുത്തുമ്പോള്‍ കുമാരനാശന്റെ ചിന്താവിഷ്‌ടയായ സീതയിലെ രാമോപാലംഭം പ്രസക്‌തമാവുകയാണ്‌. `ജനഹിതം മാനിക്കുന്നത്‌ രാജകര്‍ത്തവ്യമെന്നു കരുതുന്ന രാമന്‍ കൈകേകി അഭിഷേകം മുടക്കിയപ്പോള്‍ എന്തുകൊണ്ട്‌ ജനാഭിപ്രായം മാനിച്ച്‌ രാജാവായില്ല. രാജ്യമുപേക്ഷിച്ചത്‌ സത്യപരായണത്വവും സീതാപരിത്യാഗം ധര്‍മ്മപരതയുമാണെത്രെ. രാജപദവി ലഭിച്ചതിനു ശേഷമാണ്‌ രാമന്‍ കഠിന ഹൃദയനായത്‌. സഹജാമലരാഗത്തിന്റെ കഠിന ശത്രുവാണ്‌ രാമനെ അപഥത്തിലേക്ക്‌ നയിച്ചത്‌. സ്‌നേഹമുണ്ടായിരുന്നെങ്കില്‍ രാമന്‍ സീതയോടൊപ്പം വനത്തില്‍ പോകുമായിരുന്നു' തുടങ്ങിയ ആശാന്റെ സീതാകാവ്യത്തിലെ സീതയുടെ വാക്കുകളോട്‌ യോജിക്കേണ്ടിയിരിക്കുന്നു. ഉദാത്തമായ ആദര്‍ശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്‌കാരസമ്പന്നയായ സീതയില്‍ നിന്ന്‌ ഭര്‍ത്താവിന്റെ അപരാധത്തെ പറ്റി ആക്ഷേപിച്ചു കൊണ്ടുള്ള വാക്കുകള്‍ വരികയില്ല എന്നാണ്‌ നമ്മുടെ കവി വിശ്വസിക്കുന്നത്‌. പക്ഷെ, ധര്‍മ്മത്തിന്റെ മുഖം മൂടിയണിഞ്ഞ കടുത്ത അധര്‍മ്മമായിരുന്നു സീതാപരിത്യാഗമെന്നും അതില്‍ ആശാന്റെ സീത പ്രതികരിച്ചത്‌ ഉചിതമായെന്നും ഞാന്‍ കരുതുന്നു. സീതാപരിത്യാഗം രാമന്റെ ധാര്‍ഷ്‌ട്യതയുടേയും സ്‌നേഹരാഹിത്യത്തിന്റേയും ഉത്തമ ദൃഷ്‌ടാന്തമാണ്‌. ആര്യസംസ്‌ക്കാരത്തിലെ സഹജമായ ധാര്‍ഷ്‌ട്യതയാണ്‌ മണ്ണിന്റെ മകളായ ദ്രാവിഡസംസ്‌ക്കാരത്തിന്റെ പ്രതിനിധിയായ സീതയോട്‌ കാണിച്ചത്‌. ദ്രാവിഡ-ആര്യസംസ്‌ക്കാരത്തിന്റെ സംഗമമായിരുന്നു സീതാ-രാമ കല്യാണം. ഒരു മിശ്രവിവാഹം. മിശ്രവിവാഹത്തിന്റെ കെട്ടുറപ്പ്‌ അധിഷ്‌ടിതമായിരിക്കുന്നത്‌ പരസ്‌പര സ്‌നേഹത്തിലാണ്‌. വിശ്വാമിത്രമഹര്‍ഷിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ മിഥിലയില്‍ എത്തി വില്ലൊടിച്ച്‌ സീതയെ വേട്ട്‌ സ്ര്‌തീധനവും വാങ്ങിപ്പോയെന്നല്ലാതെ രാമന്‌ സീതയോട്‌ അത്രയ്‌ക്കൊന്നും സ്‌നേഹമുണ്ടായിരുന്നില്ല എന്നു വേണം കണക്കാക്കാന്‍. രാമന്‌ ഉള്ളില്‍ തട്ടിയ സ്‌നേഹമുണ്ടായിരുന്നെങ്കില്‍ സീതയെ നിഷ്‌ക്കരുണം കാട്ടില്‍ എറിയുമായിരുന്നില്ല.

സീതയെ കൂടാതെയുള്ള ജീവിതം രാമന്‌ എത്ര അസ്സഹനീയമായിരുന്നു എന്ന്‌ കവി ചൂണ്ടിക്കാണിക്കുന്നുണ്ട്‌. താന്‍ തെറ്റുകാരനാണെന്നു സമ്മതിക്കുമ്പോഴും സീതയുടെ സ്വമേധായ ഉള്ള തിരിച്ചു വരവാണ്‌ രാമന്‍ ആഗ്രഹിക്കുന്നത്‌. `സീത വരുവാന്‍ മതിയാം കാരണമശ്വമേധമാം' എന്നു കരുതി അശ്വമേധയാഗം നടത്തുമ്പോഴും രാമന്‍ മുന്‍തൂക്കം നല്‍കുന്നത്‌ പ്രജകള്‍ക്കും പുരുഷമേധവിത്വത്തിനും തന്നെ.

`ശരി, ഞാനപരാധിയെങ്കിലും
വരികെന്റെ പ്രിയേ, പൊറുക്കുകില്‍,
മഹിഷിസ്‌ഥാനമലങ്കരിക്കുവാന്‍'

വെറുതെ വന്നാല്‍ പോരാ, അഗ്നിയിലൂടെ കടന്നു വരണം. `പരിശങ്കയെഴും ജനത്തിനായ്‌ കരിയാതഗ്നിയിലൂടെ കേറിവാ'. രാമനില്‍ നിന്ന്‌ നീതി ലഭിക്കുകയില്ല എന്ന്‌ മനസ്സിലാക്കിയ സീത, ഞാനൊരിക്കല്‍ അഗ്നി പരീക്ഷയിലൂടെ എന്റെ പരിശുദ്ധി തെളിയിച്ചതല്ലേ, എന്റെ സ്‌ത്രീത്വത്തിന്‌ വില കല്‌പ്പിക്കാത്ത, ഭര്‍ത്തൃകൃത്യം നിര്‍വ്വഹിക്കാത്ത നിര്‍ദ്ദയനായ ആളിന്റെ അടുത്തേക്ക്‌ തിരിച്ചു വരാന്‍ എനിക്ക്‌ മനസ്സില്ല എന്ന നിലപാട്‌ സ്വീകരിച്ച്‌ ഒടുവില്‍ വേദനയോടെ ഭൂമിദേവിയുടെ മടിയില്‍ തല ചായ്‌ചു. സീതയുടെ തിരോധാനം രാമനെ കൂടുതല്‍ ദുഃഖിതനും നിരാശനുമാക്കിക്കാണും. സീതയോട്‌ പൊറുക്കാനാവാത്ത തെറ്റു ചെയ്‌ത രാമന്‌ രാജഭോഗങ്ങളനുഭവിച്ച്‌ ജീവിക്കാനുള്ള അര്‍ഹതയില്ല. സീതയെ നഷ്‌ടപ്പെട്ടതിലുള്ള ദുഃഖം കൊണ്ടോ, താന്‍ ചെയ്‌ത തെറ്റില്‍ പശ്‌ചാത്താപിച്ചിട്ടോ എന്തായാലും രാമന്‍ ഒടുവില്‍ സരയു നദിയില്‍ ലയിച്ചത്‌ നന്നായി.

കുഞ്ഞിലകള്‍ കരിയുമ്പോള്‍ എന്ന കവിതയില്‍ വസന്താരംഭത്തിലെ കൊഴിഞ്ഞു വീഴുന്ന ഇലകളെ നോക്കിയിരുന്ന്‌ ഋതുഭേദത്തില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുമ്പോള്‍ കവിയുടെ ചിന്ത ഭൗതിക തലത്തില്‍ നിന്ന്‌ ആത്മപ്രകാശത്തിന്റെ മഹിമയിലേക്കുയരുന്നതായി കാണാം. ആത്മജ്‌ഞാനത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന കവി സംസാരസാഗരത്തിന്റെ മറുകര കാണാനാകാതെ ഇഹത്തിലെ തുരുത്തുകളില്‍ അടിഞ്ഞു പോകുന്നു. പഞ്ചഭൂത നിര്‍മ്മിതമായ ശരീരം നശിക്കുമ്പോള്‍ താന്‍ ശരീരമോ, അതോ ആത്മാവോ, പ്രപഞ്ച രഹസ്യമെന്ത്‌ എന്നും മറ്റുമുള്ള ആദ്യസമസ്യകളില്‍ കുരുങ്ങിക്കിടന്ന്‌ വസന്താരംഭത്തിലെ ഉണങ്ങിപ്പോയ ഇലകളും പോയ ശൈത്യത്തിലെ നീരു വറ്റിപ്പോയ മരക്കൊമ്പുകളും കണ്ട്‌ നെടുവീര്‍പ്പുടുന്ന കവിയെ ഈ കവിതയില്‍ കാണാം. ജീവിതയാത്രയില്‍ താന്‍ തളര്‍ന്നു പോയെങ്കിലും ചാന്ദഗ്യോപനിഷത്തിലേക്ക്‌ വായനക്കാരുടെ ശ്രദ്ധയെ തിരിച്ചു കൊണ്ട്‌ അവരെ പൂര്‍ണ്ണത്തിലേക്കുള്ള അനസ്യൂതമായ യാത്ര തുടരാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌. പൂര്‍ണ്ണത്തില്‍ നിന്നുത്ഭവിച്ച്‌ പൂര്‍ണ്ണത്തിലേക്കു തന്നെയുള്ള നീണ്ട യാത്രക്കിടയിലുള്ള സമയമാണ്‌ ജീവിതം എന്ന്‌ കവി തിരിച്ചറിയുന്നു. ഈ കവിതയിലൂടെ കവി ജീവിത തത്വവിചിന്തനം നടത്തുകയാണ്‌.

ഉറങ്ങാനാവാതെ എന്ന കവിതയില്‍ കവി പ്രകൃതിയെ മറ്റൊരു ഭാഷയില്‍ കുഞ്ഞിലകള്‍ കരിയുമ്പോള്‍ എന്ന കവിതയിലെ ആശയസാദൃശ്യത്തോടെ അവതരിപ്പിക്കുന്നു. പ്രകൃതിനിയമങ്ങള്‍ക്ക്‌ വിധേയരായെ മനുഷ്യര്‍ക്ക്‌ ജീവിക്കാന്‍ സാധിക്കൂ. ജീവിത യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കുന്ന കവി രക്ഷപെടാനാകാതെ ദുഃഖാര്‍ണ്ണവത്തില്‍ കിടന്ന്‌ നീന്തിത്തുടിക്കുകയാണ്‌. കവിക്ക്‌ മറുകര കടക്കാന്‍ ഒരു കപ്പലില്‍ കയറിക്കൂടാന്‍ സാധിച്ചുവെങ്കിലും രക്ഷപെടാനായില്ല. ദുഷ്‌ടശക്‌തികളുടെ ആക്രമണം കൊണ്ടായിരിക്കാം ആമയും തിമിംഗലവും വരെ കടലില്‍ ചത്തു മലക്കുന്നു. കപ്പല്‍ നിശ്‌ചലമാകുമ്പോള്‍ ദിക്കു കിട്ടാത്ത രാത്രിയില്‍ കാലസന്ധിയില്‍ പട്ടവന്‍ ഉറങ്ങുന്നതെങ്ങനെ എന്ന്‌ കവിയുടെ ചോദ്യം. കവി കയറിക്കുടിയത്‌ ശരിയായ കപ്പലില്‍ അല്ല എന്നു വേണം കരുതാന്‍. ഈശ്വരന്‍ കപ്പിത്താനായുള്ള കപ്പലില്‍ വേണം കയറിക്കൂടാന്‍. അതിനു തക്ക യോഗ്യത നേടണം. ചിന്തകള്‍ക്ക്‌ ആത്മീയതയുടെ പരിപക്വതയുണ്ടായിരുന്നെങ്കില്‍ ശരിയായ കപ്പലില്‍ കയറിക്കൂടി ഉറങ്ങാത്ത രാവുകളില്‍ നിന്ന്‌ മോചനം നേടാമായിരുന്നു.

ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതാണ്‌. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ആത്മഹത്യ ഒരു പരിഹാരമല്ലെങ്കിലും ആത്മഹത്യയുടെ അനിവാര്യത കവി പുറപ്പാട്‌ എന്ന കവിതയില്‍ ചൂണ്ടിക്കാണിക്കുന്നു. ആത്മഹത്യ ചെയ്യാന്‍ തുനിയുന്നവര്‍ അതിനെ ന്യായീകരിക്കാനുള്ള കാരണം കണ്ടെത്തും. അവര്‍ക്ക്‌ ഏറ്റവും വലിയ ശരി അപ്പോള്‍ അതാണ്‌. ജീവന്‍ നിലനിര്‍ത്തണം എന്നു പറയുമ്പോള്‍ `ജീവിതമില്ലാതെന്തിന്‌ ജീവന്‍, നമ്മുടെ പ്രേമം പോലും കയ്‌ചിടുമിങ്ങനെ പോയാലൊരുനാള്‍' എന്നു ഭര്‍ത്താവ്‌ ഭാര്യക്ക്‌ ആത്മഹത്യക്ക്‌ ആത്മബലം നല്‍കുന്നു. കവിയുടെ ചിന്തയോടും ന്യായീകരണത്തോടും യോജിക്കുന്ന എത്രയോ പേര്‍ നമ്മുടെ ചുറ്റുപാടും കാണും. ആത്മഹത്യ ചെയ്യാന്‍ മനക്കരുത്തില്ലാത്തതിനാല്‍ അവര്‍ ദുഃഖാര്‍ണ്ണവത്തില്‍ നീന്തിത്തളരുന്നു. നമുക്ക്‌ പുഴയില്‍ ചാടി മരിക്കാം എന്ന്‌ ഭര്‍ത്താവ്‌ പറയുമ്പോള്‍, കരേറിപ്പോവാന്‍ തൊന്ന്യാലെന്നെ വിടൊല്ലെ, വിടൊല്ലെയൊറ്റക്ക്‌ എന്നു പറയുന്ന ഭാര്യയുടെ നിഷ്‌ക്കളങ്കമായ സ്‌നേഹത്തിന്റെ ആഴം അളക്കാന്‍ ആര്‍ക്കാണ്‌ കഴിയുക. ഭാര്യക്ക്‌ ഭര്‍ത്താവ്‌ വഞ്ചിക്കുമോ എന്ന സംശയമുള്ളതായും സങ്കല്‌പിക്കാം. പുറപ്പാടിലെ ഭാര്യ-ഭര്‍ത്തൃസംഭാഷണം യുക്‌തിപൂര്‍വ്വം ചിത്രീകരിച്ചിരിക്കുന്നു.

മതാപിതാക്കന്മാര്‍, അവരുടെ താല്‌പര്യമനുസരിച്ച്‌ കുട്ടികള്‍ ജീവിതം ചിട്ടപ്പെടുത്തണമെന്ന്‌ വ്യഗ്രത കാണിക്കുന്നുണ്ട്‌. ഈ ചിന്താഗതി തികച്ചും ഭാരതീയമാണ്‌. പ്രാചീനമായ ഈ ഭാരതീയ ചിന്താഗതിക്ക്‌ സമ്മതം മൂളുന്നവരല്ല ശാസ്‌ത്രയുഗത്തിലെ യുവതലമുറ. ഭാരതീയ ചിന്താഗതിയില്‍ ഊന്നി നിന്നു കൊണ്ട്‌ രചിക്ലതാണ്‌ അച്‌ഛന്റെ കത്ത്‌ എന്ന കവിത എന്നു പറയാം. അച്‌ഛന്‍ മകനു വേണ്ടി ചെയ്‌ത കാര്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞ്‌ മകന്‍ തന്റെ ക്ഷേമം അന്വേഷിക്കാത്തതില്‍ വ്യാകുലപ്പെടുന്ന ഒരച്‌ഛന്റെ ആത്മനൊമ്പരം ഹൃദയസ്‌പൃക്കായി ഈ കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നു. `ഈ അച്‌ഛന്‌ ഒരു വരിക്കത്തയ്‌ക്ക' എന്നു യാചിക്കുന്ന അച്‌ഛന്റെ പരിഭവവും വേദനയും വിതുമ്പലും വായനക്കാരുടെ മനസ്സിനെ മഥിക്കുന്നതാണ്‌. മകനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും അച്‌ഛന്‍ മടിക്കുന്നില്ല.

രാജു തോമസ്സിന്റെ ഏതാനം കവിതകള്‍ മാത്രമേ ഇവിടെ അവലോകനം ചെയ്‌തിട്ടുള്ളൂ. മികവുറ്റ നിരവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. ചമല്‍ക്കാരമുള്ള ചിന്തോദ്ദീപകമായ കവിതകള്‍ നമ്മുടെ ജീവിതത്തില്‍ പ്രകാശം പരത്തിക്കൊണ്ടിരിക്കും. രാജു തോമസ്സിന്റെ കവിതകള്‍ അനുവാചകരുടെ ജീവിതത്തില്‍ വെളിച്ചം വിതറാന്‍ല്‌പപര്യാപ്‌തമാണ്‌. അദ്ദേഹത്തിന്റെ കാവ്യകല മേല്‍ക്കുമേല്‍ സമൃദ്ധമാകട്ടെ. കവിക്ക്‌ അഭിനന്ദനങ്ങള്‍.
ചിന്തയില്‍ സ്‌ഫുടം ചെയെ്‌തടുത്ത കവിതകള്‍ (വിചാരവേദിയിലെ സാഹിത്യചര്‍ച്ചയില്‍ അവതരിപ്പിച്ചത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക