Image

അസ്ഹറുദ്ദീന്റെ മകന്റെ ബൈക്കിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു

Published on 17 September, 2011
അസ്ഹറുദ്ദീന്റെ മകന്റെ ബൈക്കിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്‍ ഓടിച്ച ബൈക്കിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തില്‍പ്പെടുമ്പോള്‍ അയാസുദ്ദീന്‍ ഓടിച്ച സുസുക്കി ജി.എസ്.എക്‌സ് ആര്‍ 1000 ബൈക്കിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

പഴയ നഗരത്തിലെ മല്ലേപ്പള്ളിയിലെ ഒരു സാധാരണ ചെരുപ്പുകടക്കാരന്റെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്രയും വിലയേറിയ ബൈക്ക് വാങ്ങിക്കാന്‍ ഇയാള്‍ക്ക് സാമ്പത്തിക ശേഷിയുണ്ടോ എന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. നികുതി വെട്ടിക്കാന്‍ അസ്ഹറുദ്ദീന്‍ ബൈക്ക് കുടുംബ സുഹൃത്തും കച്ചവടക്കാരനുമായ സയ്യിദ് അതര്‍ അലിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.

ന്യൂഡല്‍ഹിയിലെ ഡീലര്‍മാരായ ബിട്ടു ബൈക്ക് 2010ലാണ് 5.27 ലക്ഷം രൂപയും 88 ശതമാനം നികുതിയും നല്‍കി ബൈക്ക് ഇറക്കുമതി ചെയ്തത്. ഇവരില്‍ നിന്ന് 13,12,649 രൂപ നല്‍കി സയ്യിദ് അതര്‍ അലി ബൈക്ക് സ്വന്തമാക്കി എന്നാണ് രേഖകള്‍ പറയുന്നത്. എന്നാല്‍, അസ്ഹറുദ്ദീനുവേണ്ടിയാണ് തങ്ങള്‍ ബൈക്ക് ഇറക്കുമതി ചെയ്തതെന്ന് ബിട്ടു ബൈക്ക് ഉടമകള്‍ പറയുന്നത്. ഡല്‍ഹിയിലെ ഡീലര്‍മാരില്‍ നിന്ന് പോലീസ് വെള്ളിയാഴ്ച തന്നെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അയാസുദ്ദീന്റെ ജനാസ നമസ്‌കാരം നടക്കുന്നതിനാല്‍ അതര്‍ അലിയെ ചോദ്യം ചെയ്യാനായില്ല. കാണ്‍പുര്‍ സ്വദേശിയാണ് അതര്‍ അലി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക