Image

സുകുമാരിക്ക്‌ ഫോമയുടെ ആദരാഞ്‌ജലികള്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 26 March, 2013
സുകുമാരിക്ക്‌ ഫോമയുടെ ആദരാഞ്‌ജലികള്‍
ന്യൂയോര്‍ക്ക്‌: പ്രേക്ഷക ലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ചും കരയിച്ചും അസൂയപ്പെടുത്തിയും അഭിനയ മികവിന്റെ നവരസങ്ങള്‍ കാഴ്‌ചവച്ച്‌ ആറു പതിറ്റാണ്ട്‌ നിറഞ്ഞാടിയ ചലച്ചിത്രനടി പദ്‌മശ്രീ സുകുമാരിയുടെ നിര്യാണത്തില്‍ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസ്സിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ)യുടെ അനുശോചനം.

സുകുമാരി ദക്ഷിണേന്ത്യന്‍ സിനിമയുടെ സ്‌ത്രീമനസ്‌ ആയിരുന്നു എന്ന്‌ ഫോമ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ശരാശരി മലയാളിയുടെ മനസില്‍ സിനിമയ്‌ക്കപ്പുറം അവന്റെ വീടിന്റെ മുന്നില്‍ കൊത്തിവച്ച നിലവിളക്കായിരുന്നു സുകുമാരി. അറുപത്‌ വര്‍ഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അവര്‍ കെട്ടിയാടിയ കഥാപാത്രങ്ങള്‍ അവരെ സമാനതകളില്ലാത്ത സ്ഥാനത്തേക്ക്‌ ഉയര്‍ത്തിയെന്നും ജോര്‍ജ്‌ മാത്യു കൂട്ടിച്ചേര്‍ത്തു.

നടിയെന്ന നിലയില്‍ സുകുമാരി ആര്‍ജ്ജിച്ചെടുത്ത അഭിനയമികവ്‌ മറ്റൊരു നടിക്കും ലഭ്യമാകാത്ത തരത്തില്‍ ഉത്തുംഗതയിലായിരുന്നു എന്ന്‌ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ പറഞ്ഞു. അന്‍പതുവര്‍ഷത്തെ ദക്ഷിണേന്ത്യന്‍ സിനിമയുടെ സെലിബ്രിറ്റി സ്റ്റാറ്റസുള്ള കാണി കൂടിയാണ്‌ സുകുമാരിയെന്നും ഗ്ലാഡ്‌സണ്‍ പറഞ്ഞു. സിനിമയെ സുകുമാരി സ്‌നേഹിച്ചതിനുമപ്പുറം സിനിമ സുകുമാരിയെ സ്‌നേഹിക്കുകയും അവരെ അതിന്റെ കൈകളാല്‍ ആശ്ലേഷിച്ചു നിര്‍ത്തുകയും ചെയ്‌തു എന്നും ഗ്ലാഡ്‌സണ്‍ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.

എഴുപതു വര്‍ഷത്തെ ചരിത്രമുള്ള മലയാളസിനിമയില്‍ എന്നും വിസ്‌മയമായിരുന്നു സുകുമാരിയമ്മ എന്നും, കേരളീയ സാമൂഹികജീവിതത്തിലെ അതിനിര്‍ണായകമായ മാറ്റങ്ങള്‍, അത്‌ കുടുംബത്തിനകത്തും സ്‌ത്രീസമൂഹത്തിലും കുടുംബവ്യക്തിബന്ധങ്ങളിലും സംഭവിച്ച മാറ്റങ്ങള്‍ ഉള്‍പ്പടെ വരച്ചിടുന്നുണ്ട്‌ സുകുമാരിയുടെ കഥാപാത്രങ്ങളെന്ന്‌ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ പറഞ്ഞു. കുടുംബബന്ധങ്ങള്‍ ചിതറിക്കിടക്കുന്ന സിനിമാക്കഥകളില്‍ അമ്മയായും അമ്മായിയമ്മയായും ചേച്ചിയായുമൊക്കെ അവര്‍ കെട്ടിയാടിയ വേഷങ്ങള്‍ സിനിമാ ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുകുമാരിയുടെ വേര്‍പാടില്‍ അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി ഫോമാ അനുശോചനം രേഖപ്പെടുത്തുകയും ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു എന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.
സുകുമാരിക്ക്‌ ഫോമയുടെ ആദരാഞ്‌ജലികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക