Image

അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍

Published on 27 March, 2013
അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍
നവാഗതനായ ഫസല്‍ തിരക്കഥ രചിച്ച്‌ സംവിധാനംചെയ്യുന്ന ചിത്രമാണ്‌ അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍. സുനിതാ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ എം. മണി നിര്‍മിക്കുന്നതാണ്‌ ഈ ചിത്രം. ഫഹദ്‌ ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സനുഷയും ശ്രീലക്ഷ്‌മി ശ്രീകുമാറുമാണ്‌ നായികമാര്‍. ശ്രീലക്ഷ്‌മി ജഗതി ശ്രീകുമാറിന്റെ മകള്‍കൂടിയാണ്‌.

രഘുരാമന്‍ കൊച്ചിയിലെ ഒരു ന്യൂ ജനറേഷന്‍ ബാങ്കിലെ ഉദ്യോഗസ്ഥനാണ്‌. ഒരു തികഞ്ഞ ബ്രാഹ്‌മണന്‍. പാലക്കാടാണ്‌ വീട്‌. രക്തം കണ്ടാല്‍ പോലും തല കറങ്ങുന്ന ഒരു തികഞ്ഞ സാധുവായ രഘുരാമന്‌ കൂട്ടുകെട്ടുകളോ ദുശീലങ്ങളോ ഒന്നുമില്ല.

എല്ലാ ശനിയാഴ്‌ചകളിലും കൊച്ചിയില്‍നിന്നും പാലക്കാട്ടേക്ക്‌ പോകും. തിങ്കളാഴ്‌ച രാവിലെ മടങ്ങിവരും. അങ്ങനെ പാലക്കാട്ടേക്കുള്ള ഒരു യാത്രാമധ്യേയാണ്‌ റസിയ എന്ന പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്‌. റസിയ ന്യൂവേ ഇന്‍ഫോടെക്‌ എന്ന ഐ.ടി കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ അവര്‍ ഏറെ സുഹൃത്തുക്കളായി മാറി.

പാലക്കാട്ടിറങ്ങിയ രഘുരാമന്‍ വീട്ടില്‍ ചെന്നപ്പോഴാണ്‌ തന്റെ ബാഗ്‌ മാറിപ്പോയ വിവരം അറിയുന്നത്‌. തന്റെ തിരിച്ചറിയല്‍ രേഖകളടക്കം എല്ലാം ആ ബാഗിലായിരുന്നു.

റസിയായുടെ നമ്പരും വാങ്ങിയിരുന്നില്ല. റസിയായുടെ ബാഗില്‍നിന്നും ഒരു മേല്‍വിലാസവും അവനു ലഭിച്ചു. റസിയ, പാക്കിസ്ഥാന്‍ കോളനി, പറക്കടവ്‌ ജംഗ്‌ഷന്‍, സെക്കന്‍ഡ്‌ സ്‌ട്രീറ്റ്‌, മട്ടാഞ്ചേരി. ഈ മേല്‍വിലാസമെങ്കിലും ലഭിച്ചതില്‍ അവന്‍ ആശ്വാസംകൊണ്ടു. ഈ മേല്‍വിലാസത്തില്‍ റസിയയെ അന്വേഷിച്ചുചെന്ന രഘുരാമന്‍ കാണുന്നത്‌ അവളുടെ വീടിനു മുന്നിലെ ആള്‍ക്കൂട്ടവും പോലീസും മറ്റുമാണ്‌. തിക്കിത്തിരക്കി കിട്ടിയ വാതിലിലൂടെ അവന്‍ നോക്കിയപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. റസിയ തൂങ്ങിമരിച്ചിരിക്കുന്നു. അടിയില്‍ കട്ടിലില്‍ തന്റെ ബാഗ്‌. രഘുരാമന്‍ തരിച്ചിരുന്നുപോയി.

മസ്‌താന്‍. മട്ടാഞ്ചേരിയെ വിറപ്പിക്കുന്ന ഗുണ്ട. റസിയായുടെ സഹോദരനാണ്‌. അയാളുടെ മുമ്പിലെത്തിയാല്‍ വെട്ടിക്കൊല്ലും. മറുഭാഗത്ത്‌ പോലീസ്‌. സാഹചര്യത്തെളിവുകളിലെല്ലാം പ്രതിസ്ഥാനത്ത്‌ രഘുരാമനാണ്‌. പിന്നെ അവന്‍ നിന്നില്ല. രക്ഷപ്പെട്ടത്‌ തന്റെ ആത്മസ്‌നേഹിതനും സിനിമയിലെ മേക്കപ്‌മാനുമായ റോഷന്റെ വീട്ടിലേക്കാണ്‌. വാര്‍ത്താമാധ്യമങ്ങളിലെല്ലാം രഘുരാമനുമായി ബന്ധപ്പെട്ട ഫോട്ടോസഹിതമുള്ള വാര്‍ത്തകള്‍ പരന്നു. രഘുരാമന്റെ മനസ്‌ മന്ത്രിച്ചു. ഒരു തെറ്റും ചെയ്യാത്ത ഞാനെന്തിന്‌ ശിക്ഷിക്കപ്പെടണം. ഇതൊരു കൊലപാതകംകൂടിയാണെന്നു തെളിഞ്ഞിരിക്കന്നതിനാല്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തണം. എന്നാലേ തനിക്ക്‌ രക്ഷപ്പെടാനാകൂ. ഇവിടെ സ്‌നേഹിതന്‍ റോഷന്‍ സഹായിച്ചു. പുതിയ രൂപവും ഭാവവും അവനു നല്‍കി. ഇമ്രാന്‍ ഖാന്‍ എന്ന പേരില്‍ ഈ അയ്യര്‍ പാക്കിസ്ഥാന്‍ കോളനിയിലെത്തുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസാവഹമായ ചലച്ചിത്രാവിഷ്‌കാരമാണ്‌ ഈ ചിത്രം. ഇവിടെ റസിയായെ സനുഷയും രഘുരാമന്റെ ഭാവി വധുവായി നിശ്ചയിക്കപ്പെട്ട കൃഷ്‌ണവേണിയെ ശ്രീലക്ഷ്‌മിയും അവതരിപ്പിക്കുന്നു. മനോജ്‌ കെ. ജയന്റെ മസ്‌താന്‍ മറ്റൊരു സുപ്രധാന കഥാപാത്രമാണ്‌. ു. അരോമ മൂവീസ്‌ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

വാഴൂര്‍ ജോസ്‌
അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക