Image

രാജ്യപുരോഗതിയില്‍ ക്രൈസ്തവസംഭാവനകള്‍ തമസ്‌കരിക്കപ്പെടുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം

Published on 17 September, 2011
രാജ്യപുരോഗതിയില്‍ ക്രൈസ്തവസംഭാവനകള്‍ തമസ്‌കരിക്കപ്പെടുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം
കൊച്ചി: സാംസ്‌കാരിക അനുരൂപണത്തിനു ചരിത്രത്തിലെ മികച്ച മാതൃകയാണ് ഭാരതത്തിലെ മാര്‍തോമ ക്രിസ്ത്യാനികളെന്നു ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ഹിസ്റ്ററി ആന്‍ഡ് റിസര്‍ച്ച് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നലെ ആരംഭിച്ച ചരിത്രസെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഏറ്റവും പ്രധാന സവിശേഷത ഇവിടുത്തെ സംസ്‌കാരവുമായി അതു ഇഴചേര്‍ന്നുവെന്നതാണ്. വൈവിധ്യങ്ങളിലെ സമന്വയം, സാര്‍വ്വത്രീകത എന്നിവ സുറിയാനി പാരമ്പര്യത്തിന്റെ പ്രത്യേകതയാണ്. മഹത്തായ അപ്പസ്‌തോലിക പാരമ്പര്യമാണ് സീറോ മലബാര്‍ സഭക്കുള്ളത്. സഭാചരിത്രരംഗത്ത് കൂടുതല്‍ പഠനവും ഗവേഷണവും നടത്തി എല്ലാ രംഗത്തുമുള്ള സംഭാവനകളെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. അല്ലാത്തപക്ഷം, ചരിത്രം നമുക്കെതിരായി വളച്ചൊടിക്കുവാന്‍ ശ്രമിക്കുന്നവര്‍ വിജയിച്ചെന്നുവരും. അതുകൊണ്ട് കൂടുതല്‍ പരിശ്രമങ്ങള്‍ ഈ രംഗത്തുനടത്തുവാന്‍ സഭയിലെ ചരിത്രകാരന്മാരും അല്മായ സമൂഹവും മുന്നോട്ടുവരണമെന്നും അതിന് ഈ ചരിത്രസമ്മേളനം പ്രചോദനമാകട്ടെയെന്നും മാര്‍ പെരുന്തോട്ടം ആശംസിച്ചു.

ഉദ്ഘാടനസമ്മേളനത്തില്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് മുഖ്യാതിഥിയായിരുന്നു. സീറോ മലബാര്‍ സഭയുടെ മഹത്തായ ചരിത്രം ഭാരതത്തിന്റെ സാമൂഹിക, ആധ്യാത്മിക, വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയുടെ ചരിത്രം കൂടിയാണെന്നു അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സീറോ മലബാര്‍ സഭയിലെ അല്മായ ചരിത്രം, മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പൈതൃകവും പാരമ്പര്യവും, സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, സാഹിത്യ രംഗങ്ങളിലെ സംഭാവനകള്‍, വനിതാശക്തീകരണം സീറോ മലബാര്‍ സഭയില്‍, കാര്‍ഷിക വ്യാവസായിക പങ്കാളിത്തങ്ങള്‍, ചരിത്ര പഠനത്തിന്റെ പ്രായോഗിക തലങ്ങള്‍, അല്മായ സമൂഹത്തിന്റെ ആഗോള കുടിയേറ്റങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങളും ചര്‍ച്ചകളും നടന്നു.

പ്രൊഫ.ഡോ.കുര്യാസ് കുമ്പളക്കുഴി, ഷെവലിയര്‍ ജോര്‍ജ് മേനാച്ചേരി, പ്രൊഫ.മോനമ്മ കോക്കാട്ട്, പി.ഐ.ലാസര്‍ മാസ്റ്റര്‍, വി.വി.അഗസ്റ്റിന്‍, പ്രൊഫ.കെ.വി. ജോസഫ്, ഹിസ്റ്ററി ആന്റ് റിസര്‍ച്ച് ഫോറം കണ്‍വീനര്‍ ജോണ്‍ കച്ചിറമറ്റം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, ഫാ.തോമസ് മേല്‍വട്ടം, ഫാ.ജെ.തച്ചി
ല്‍ ‍, ഡോ.കൊച്ചുറാണി ജോസഫ്, ഫാ.ജേക്കബ് പാലയ്ക്കപ്പിള്ളി, ഷെവലിയര്‍ സിബി വാണിയപ്പുരയ്ക്കല്‍ ‍, പ്രൊഫ.ഇ.എം.തോമസ് എന്നിവര്‍ മോഡറേറ്റുചെയ്തു. ഫാ.ആന്റണി കൊഴുവനാല്‍ ‍, ഇ.ജെ.ലൂക്കോസ് എക്‌സ്.എം.എല്‍.എ., ഫാ. വിന്‍സന്റ് നെടുങ്ങാട്ട്, അഡ്വ.എം.ജെ.ചെറിയാന്‍, മാത്യു പ്ലാത്തോട്ടം, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, പ്രൊഫ.ഷാജിമോന്‍ റ്റി.ജെ., സിസ്റ്റര്‍ റോസ്‌ലറ്റ് എഫ്.സി.സി., മാത്യു എം.കണ്ടം എന്നിവര്‍ പാനല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

ഇന്ന് രാവിലെ 6 മണിക്ക് ആലങ്ങാട്ട് മാര്‍ കരിയാറ്റിയുടെ കബറിടത്തിലേയ്ക്ക് തീര്‍ത്ഥയാത്രയും വിശുദ്ധ കുര്‍ബാനയും. മാര്‍ ജെയിംസ് പഴയാറ്റില്‍ നേതൃത്വം നല്‍കും. 10 മണിക്ക് മൗണ്ട് സെന്റ് തോമസില്‍ മാര്‍ കരിയാറ്റിയുടെ 225-ാം ചരമവാര്‍ഷികം, പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ 275-ാം ജന്മവാര്‍ഷികം എന്നിവയോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും സിമ്പോസിയവും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. കൂരിയ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അദ്ധ്യക്ഷത വഹിക്കും.

ജോണ്‍ കച്ചിറമറ്റം, കണ്‍വീനര്‍
രാജ്യപുരോഗതിയില്‍ ക്രൈസ്തവസംഭാവനകള്‍ തമസ്‌കരിക്കപ്പെടുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക