Image

തിരുവഞ്ചൂരിന്റെ ഓഫീസ് ഓര്‍ത്തഡോക്‌സ് വിഭാഗം ഉപരോധിച്ചു

Published on 17 September, 2011
തിരുവഞ്ചൂരിന്റെ ഓഫീസ് ഓര്‍ത്തഡോക്‌സ് വിഭാഗം ഉപരോധിച്ചു
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തെ ഓഫീസ് ഓര്‍ത്തഡോക്‌സ് വിഭാഗം ഉപരോധിച്ചു. കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ കോടതിവിധി നടപ്പാക്കാന്‍ തയാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഉപരോധം. മൂന്നരയോടെ നടന്ന ഉപരോധസമരത്തില്‍ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. വിശ്വാസികളും വൈദികരും അടങ്ങുന്ന വന്‍ ജനക്കൂട്ടം റോഡില്‍ കുത്തിയിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വീടിന് മുന്നില്‍ ഞായറാഴ്ച ഉപരോധ സമരം നടത്തുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചിട്ടുണ്ട്. ഇതിനിടെ കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ സമവായ ചര്‍ച്ച പരാജയപ്പെട്ടതായി അഭിഭാഷക കൗണ്‍സില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
പള്ളി തര്‍ക്കത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിന്‌ സര്‍ക്കാര്‍ ഇടപെടാത്തത്‌ നിരുത്തരവാദപരമാണെന്ന്‌ പാര്‍ട്ടി അഭിപ്രായപ്പെട്ടു.

പള്ളിത്തര്‍ക്കത്തില്‍ മദ്ധ്യസ്‌ഥതയ്‌ക്കു ശ്രമിച്ച മീഡിയേഷന്‍ സംഘം ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഇരുവിഭാഗവും സമവായത്തിന്‌ ശ്രമിക്കണമെന്നും ക്രമസമാധാനം പാലിക്കണമെന്നും മീഡിയേഷന്‍ സെല്‍ ചെയര്‍മാന്‍ ജസ്റ്റീസ് തോട്ടത്തില്‍ ബലി.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം പോലീസിന് നല്‍കി. തുടര്‍ന്ന് ഐ.ജി, എസ്.പി എന്നിവരടങ്ങുന്ന സംഘം കോലഞ്ചേരിയിലെത്തി ഇരുവിഭാഗങ്ങളെയും കോടതി തീരുമാനം അറിയിച്ചു. നിരാഹാര സമരം തുടരുന്ന ഓര്‍ത്തഡോക്സ് സഭാധ്യക്ഷനോട് സമരത്തില്‍ നിന്ന് പിന്മാറണമെന്നും പോലീസ് ആവശ്യപ്പെട്ടു.

അതേസമയം, പള്ളിത്തര്‍ക്കത്തില്‍ ജില്ലാ കോടതി വിധിക്കെതിരെ യാക്കോബായ വിഭാഗം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക