Image

`ഫെക്ക' ഓണാഘോഷം: ശോഭനയും സംഘവും കൃഷ്‌ണ ക്രോണിക്കിള്‍സ്‌ അവതരിപ്പിച്ചു

Published on 17 September, 2011
`ഫെക്ക' ഓണാഘോഷം: ശോഭനയും സംഘവും കൃഷ്‌ണ ക്രോണിക്കിള്‍സ്‌ അവതരിപ്പിച്ചു
ദുബായ്‌: അഴകിന്റെ സപ്‌തവര്‍ണങ്ങള്‍ വിടര്‍ന്ന കലാസന്ധ്യയില്‍ കൃഷ്‌ണനും ഗോപികമാരും മരുഭൂമിയെ വൃന്ദാവനമാക്കി. കൃഷ്‌ണശോഭ ദീപ്‌തമാക്കിയ അരങ്ങില്‍ ഓരോ ചുവടും കനകച്ചിലങ്കയില്‍ കര്‍ണാമൃതമായി. `ഫെക്ക അരങ്ങിലായിരുന്നു ഈ അപൂര്‍വ സംഗമം. ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഷെയ്‌ഖ്‌ റാഷിദ്‌ ഓഡിറ്റോറിയത്തിലെ ഫെഡറേഷന്‍ ഓഫ്‌ കേരള കോളജസ്‌ അലുമ്‌നൈ (ഫെക്ക) ഓണാഘോഷവേദിയില്‍ ചലച്ചിത്രതാരം ശോഭനയും സംഘവും അവതരിപ്പിച്ച കൃഷ്‌ണ ക്രോണിക്കിള്‍സ്‌ എന്ന നൃത്ത-സംഗീതനാടകം വര്‍ണങ്ങളുടെയും വിസ്‌മയങ്ങളുടെയും സംഗമമായി. കൃഷ്‌ണ സങ്കല്‍പങ്ങളുടെ പാലാഴിയില്‍ നിന്നായിരുന്നു കഥകളുടെ പ്രവാഹം. ഓടക്കുഴലില്‍ ഒഴുകിയെത്തിയ രാഗങ്ങള്‍ ഓളമിട്ട യമുനയുടെ തീരത്ത്‌ മയില്‍പ്പീലി പോലെ പാറിപ്പറക്കുകയായിരുന്നു ആസ്വാദകര്‍.

അമ്മാവനായ കംസന്റെ കാരാഗൃഹത്തില്‍ ശ്രീകൃഷ്‌ണന്റെ ജനനം, രാസലീല, കുരുക്ഷേത്രയുദ്ധം, ഗീതോപദേശം, വിശ്വരൂപദര്‍ശനം, ദേഹവിയോഗം തുടങ്ങി കൃഷ്‌ണചരിത്രത്തിലൂടെയുള്ള യാത്രയാണിത്‌. കുസൃതിയും വാല്‍സല്യവും പ്രണയവും വേദാന്തവുമെല്ലാം വിഷയമായി. വേടന്റെ അമ്പേറ്റ കൃഷ്‌ണനരികില്‍ കണ്ണീരോടെ ഓടിയെത്തുന്ന രാധയെ യഥാര്‍ഥ പ്രണയത്തിന്റെ ആത്മീയത ബോധ്യപ്പെടുത്തുന്നു.

പ്രേമം ദിവ്യവും നാശമില്ലാത്തതുമാണ്‌. ജന്മാന്തരങ്ങള്‍ കടന്നുപോകുന്ന മധുരാനുഭവം. വിയോഗം താല്‍ക്കാലികമാണെന്നും യഥാര്‍ഥ പ്രണയം അനശ്വരമാണെന്നും ഓര്‍മിപ്പിക്കുന്നു. ഒടുവില്‍, അനന്തനുമേല്‍ ശയിക്കുന്ന മഹാവിഷ്‌ണുവിന്റെ മോഹനരൂപം രാധയുടെ മുന്നില്‍ പ്രത്യക്ഷമാകുന്നു. തൊട്ടരികിലുള്ളത്‌ താന്‍ തന്നെയാണെന്നും കൃഷ്‌ണനും രാധയും രണ്ടല്ലെന്നും ബോധ്യമാകുന്നതോടെയാണ്‌ ഇതു പൂര്‍ണമാകുന്നത്‌.

നാടോടി-ശാസ്‌ത്രീയ നൃത്തം, സിനിമ, നാടകം എന്നിവ ഒരു വേദിയില്‍ അണിനിരന്ന അനുഭവമായിരുന്നു. ഇന്ത്യക്കു പുറത്ത്‌ ആദ്യമായാണ്‌ ഈ പരിപാടി സംഘടിപ്പിച്ചത്‌. ശോഭനയ്‌ക്കു പുറമെ പതിനെട്ടു പ്രതിഭകളും അരങ്ങിലെത്തി. 50 കലാകാരന്മാരാണ്‌ ഇതിലുള്ളതെങ്കിലും ഇത്രയും പേര്‍ക്കു വരാനും പരിപാടി അവതരിപ്പിക്കാനും പരിമിതികളുള്ളതിനാല്‍ എണ്ണം കുറയ്‌ക്കുകയായിരുന്നു.

ഇന്ത്യന്‍ സിനിമാരംഗത്തെ പ്രമുഖരാണ്‌ കഥാപാത്രങ്ങള്‍ക്കു ശബ്‌ദം നല്‍കിയത്‌. ഗാന്ധാരിക്ക്‌ ശബാന ആസ്‌മിയും, അര്‍ജുനന്‌ സൂര്യയും ദുര്യോധനന്‌ മിലിന്ദ്‌ സോമനും ശബ്‌ദം നല്‍കി. ഓസ്‌കര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടി ശബ്‌ദലേഖനം നിര്‍വഹിച്ചുവെന്നതാണ്‌ മറ്റൊരു പ്രത്യേകത. ഇതിലെ ഒരു നൃത്തം ചിട്ടപ്പെടുത്തിയത്‌ പ്രഭുദേവയാണ്‌.

രാവിലെ ഫെക്ക കുടുംബാംഗങ്ങള്‍ ഓണപ്പൂക്കളമൊരുക്കി. ഇതേസമയം പഴയകാല കലാലയ പ്രതിഭകള്‍ പാട്ടും മേളവുമായി അരങ്ങിലെത്തി. തിരുവാതിര, സിനിമാറ്റിക്‌ ഡാന്‍സ്‌, കൈകൊട്ടിക്കളി, ഒപ്പന തുടങ്ങിയവ ഉണ്ടായിരുന്നു. ഹാസ്യവിരുന്നുമായി ശിവസൂര്യയുമെത്തി. തുടര്‍ന്ന്‌ ഘോഷയാത്രയ്‌ക്കു തുടക്കമായി. വിവിധ കോളജുകള്‍ ഇതില്‍ അണിനിരന്നു. തെയ്യം, കഥകളി, ശിങ്കാരിമേളം, പുലികളി, കാവടി, പഞ്ചവാദ്യം തുടങ്ങിയവയുടെ അകമ്പടിയോടെ മാവേലി എഴുന്നള്ളി.

സാംസ്‌കാരിക സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ മുഖ്യാതിഥിയായിരുന്നു. സംഗീതസംവിധായകന്‍ ജോണ്‍സണ്‌ ആദരാഞ്‌ജലിയര്‍പ്പിച്ച്‌ അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടിയും ഉണ്ടായിരുന്നു.
`ഫെക്ക' ഓണാഘോഷം: ശോഭനയും സംഘവും കൃഷ്‌ണ ക്രോണിക്കിള്‍സ്‌ അവതരിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക