Image

ഭാഗ്യം അനുഭവിക്കുന്നവര്‍ ( വാരാന്ത്യ ചിന്തകള്‍ ) - പ്രീയാ ജോണ്‍സണ്‍

Published on 29 March, 2013
ഭാഗ്യം അനുഭവിക്കുന്നവര്‍ ( വാരാന്ത്യ ചിന്തകള്‍ ) - പ്രീയാ ജോണ്‍സണ്‍

ദുഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ആശ്വസിക്കപ്പെടും."

ഈ വാരാന്ത്യം ലോകമെമ്പാടുമുള്ള സകല ക്രിസ്ത്യാനികളും കര്‍ത്താവായ യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തെ ആഘോഷിക്കുന്നു. ക്രിസ്തു മരണത്തെ അതിജീവിച്ചതില്‍ കൂടി ക്രിസ്തുവിനാല്‍ നമ്മള്‍ ഭാഗ്യവാന്മാര്‍ ആയിത്തീരുന്നു. ഈ ഭാഗ്യാവസ്ഥ നമ്മള്‍ക്ക് അനുഭവിക്കാന്‍ ഇടയായത് പിതാവായ ദൈവം തന്റെ പുത്രനെ നമ്മുടെ ഇടയിലേക്ക് അയച്ചതിനാലാണു. ഇതില്‍ കൂടി മൂന്നുതരം ഭാഗ്യങ്ങള്‍ ആണ് നമ്മള്‍ക്ക് അനുഭവിപ്പാന്‍ ഇടയായത്.

ഒന്നാമതായി ദൈവം നമ്മളെ സ്നേഹിക്കുന്നു എന്നറിയുന്ന ഭാഗ്യം. ദൈവം നമ്മളെ സ്നേഹിച്ചില്ലായിരുന്നുവെങ്കില്‍ തന്റെ പുത്രനെ നമ്മുടെയിടയിലേക്ക് അയയ്ക്കുകയില്ലായിരുന്നു. രണ്ടാമതായി, ഒരു ദൈവീക ദര്‍ശനം അനുഭവിപ്പാന്‍ തക്കവണ്ണം നമ്മള്‍ ഭാഗ്യമുള്ളവരായിത്തീര്‍ന്നു എന്നുള്ളതാണു. അതില്‍ക്കൂടി ദൈവത്തെ മുഖാമുഖം കാണുവാനും അനുഭവിപ്പാനും നമ്മള്‍ക്ക് ഭാഗ്യം കൈവന്നു. മൂന്നാമതായി, നമ്മുടെ പാപപരിഹാരത്തിനായി ക്രിസ്തു കാല്‍വറിയില്‍ യാഗമായി തീര്‍ന്നതില്‍ കൂടി നമ്മള്‍ക്കു കൈവന്ന 'പാപവിമോചനം' എന്ന മഹാഭാഗ്യം, അതില്‍ കൂടി കൈവന്ന സ്വര്‍ഗ്ഗം എന്ന ഭാഗ്യം.

എന്താണ് വലിയ ഭാഗ്യം? ആരാണ് വലിയ ഭാഗ്യവാന്‍? ഒരാള്‍ക്ക്‌ ഒരു ലോട്ടറി അടിച്ചാല്‍ നാം പറയും അവന്‍ ഒരു ഭാഗ്യവാനാണെന്ന്, ഒരു നല്ല ജോലി ലഭിച്ചാല്‍ പറയും അവന്‍ ഭാഗ്യവാനാണെന്ന്, സുന്ദരിയായ ഒരു ഭാര്യയെ ലഭിച്ചാല്‍ പറയും ഭാഗ്യവാനാണെന്ന്. ഇങ്ങനെ പലപല ഭാഗ്യ വര്‍ണ്ണനകള്‍. എന്നാല്‍ യഥാര്‍ത്ഥമായ ഭാഗ്യം എന്താണ് ?

ആശ്വസിപ്പിക്കാന്‍ ഒരാള്‍ ഉണ്ടാകുന്നത് തന്നെയാണ് മഹാഭാഗ്യം .ജീവിതത്തില്‍ ഇരുള്‍ നിറയുമ്പോള്‍ മനസ്സുനിറയെ സങ്കടം അനുഭവിക്കുമ്പോള്‍ അതെല്ലാം തുറന്നു പറയാന്‍ ഒന്നു ആശ്വസിപ്പിക്കാന്‍ ഒരാളുണ്ടാവുക, അത് തന്നെ ഭാഗ്യം. വേദനയുടെ സന്ദര്‍ഭങ്ങളില്‍ അത് പങ്കു വയ്ക്കാന്‍ ഒരാള്‍, സാരമില്ല, പേടിക്കണ്ട, ഞാനുണ്ട് എന്നു പറഞ്ഞു ചേര്‍ത്ത് നിര്‍ത്തി ഒരു കരസ്പര്‍ശനം തരാന്‍, മുഖം അമര്‍ത്തി ഒന്നു കരയാന്‍ ഒരു മാറിടം, ഇതൊക്കെ ഉണ്ടായിരിക്കുന്നത് തന്നെ ആണ് ഭാഗ്യം.

ആശ്വസിപ്പിക്കുക, ആശ്വസിക്കപ്പെടുക ഇതൊക്കെ ഒരു ഭാഗ്യമായാതിനാല്‍ നാം അത് കൊടുത്തും സ്വീകരിച്ചും തന്നെ വളരേണം .അതിനെ ഒരു കുറവായും ബലഹീനതയായും കണക്കാക്കണ്ട. നിന്‍റെ ഹൃദയ വേദനയും നൊമ്പരവും അറിയുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതരത്തിലുള്ള ഹൃദയ ബന്ധം നീ വളര്‍ത്തിയെടുക്കണം. കാരണം ആസ്വസിപ്പിക്കപ്പെടുമ്പോള്‍ ദൈവം നിന്നെ ഭാഗ്യവാനായി എണ്ണുന്നു.

സന്തോഷവും വിലാപവും ജീവിതത്തിന്‍റെ രണ്ടു യാഥാര്‍ത്യങ്ങള്‍ ആണ്. അതിനെ ഭാഗ്യമായി രൂപപ്പെടുത്താന്‍ നല്ല ഹൃദയ ബന്ധങ്ങള്‍ വേണം. അങ്ങനെയുള്ള ബന്ധങ്ങളെ നീ വളര്‍ത്തിയെടുക്കണം. ഹൃദയ രഹസ്യങ്ങള്‍ പങ്കു വയ്ക്കാന്‍ പാകത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍, ആ ബന്ധങ്ങള്‍ ദൈവം നിനക്ക് തരുന്ന ആശ്വസിപ്പിക്കല്‍ അനുഭവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആണ്.

രണ്ടു കൂട്ടുകാര്‍ ഉണ്ടായിരുന്നു. ഒരുവന്‍ നന്നായി പാടുന്ന ആള്‍. മറ്റയാള്‍ നല്ല കലാസ്വാദകന്‍ ഒരിക്കല്‍ പാട്ടുകാരനായ സുഹൃത്ത്‌ മലകളെ കുറിച്ച് പടി. അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു ഇപ്പോള്‍ എനിക്ക് എന്‍റെ മുന്‍പില്‍ മലനിരകള്‍ കാണാം. അത് കഴിഞ്ഞു അരുവികളെ കുറിച്ച് പാടി. കലാസ്വാദകനായ സുഹൃത്ത്‌ പറഞ്ഞു എന്‍റെ മുന്നിലൂടെ അരുവികള്‍ കളകളാരവം മുഴക്കി ഒഴുക്കുന്നുവെന്ന്. കുറെ നാള്‍ കഴിഞ്ഞു , കലാസ്വാദകനായ കൂട്ടുകാരന്‍ രോഗം മൂലം മരിച്ചു. അന്ന് ഗായകന്‍ തന്‍റെ പാട്ട് നിര്‍ത്തി. പിന്നീടു ഒരിക്കലും അദ്ദേഹം പാടിയില്ല. അല്ല, പാടുന്ന പാട്ടുകള്‍ കേള്‍ക്കാന്‍ ആസ്വാദകരില്ലെങ്കില്‍ പാട്ടുകള്‍ എന്തിനു, പാടുന്നതെന്തിനു?

നമ്മളെ കേള്‍ക്കാന്‍ ഒരാള്‍, നമ്മളെ മനസ്സിലാക്കാന്‍ ഒരാള്‍ ഉണ്ടാവുകയെന്നതു ഒരു ഭാഗ്യം തന്നെ. ഇതൊക്കെയാണ് ജീവിതത്തിനു അര്‍ഥവും സൗന്ദര്യവും നല്‍കുന്നത്. ആശ്വാസം കൊടുക്കുന്നതും ആശ്വാസം സ്വീകരിക്കുന്നതും മഹത്തായ കാര്യങ്ങള്‍ ആണു. ദൈവത്തില്‍ നിന്നും ആശ്വാസം സ്വീകരിക്കുകയും അത് സഹജര്‍ക്ക് പകര്‍ന്നു കൊടുക്കയും ചെയ്യുമ്പോള്‍ നാം ഭാഗ്യവാന്മാരായി തീരുന്നു. ആ ഭാഗ്യാവസ്ഥ അനുഭവിക്കാന്‍ നമുക്ക് കഴിയട്ടെ.

ഏല്ലാ പ്രീയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍

ഭാഗ്യം അനുഭവിക്കുന്നവര്‍ ( വാരാന്ത്യ ചിന്തകള്‍ ) - പ്രീയാ ജോണ്‍സണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക