Image

മൊസാദ്‌ (തോമസ്‌ കെ.ഏബ്രഹാം)

Published on 30 March, 2013
മൊസാദ്‌ (തോമസ്‌ കെ.ഏബ്രഹാം)
വൈകിട്ട്‌ റേഷന്‍ കടയില്‍ പോയാല്‍ തിരികെ വരുമ്പോള്‍ ഇരുട്ടുള്ള ഭാഗത്തു വച്ച്‌ പഞ്ചാര തിന്നാം, താമസിച്ച്‌ പഠിക്കാനിരുന്നാല്‍ മതി. ചന്തയില്‍ പോയാല്‍ പച്ചക്കറിയിലും, സാധനങ്ങളിലും അല്‍പം കുറവ്‌ വരുത്തിയാല്‍ കാദറിന്റെ വ്യൂമാസ്റ്ററില്‍ പത്തുപൈസക്ക്‌ ഫിലിമുകള്‍ കാണാം. പര്‍വീണ്‍ ബാബിയും, ഹേമമാലിനിയും, രാജ്‌കപൂറും, ഇന്‍ഗ്രിഡ്‌ ബെര്‍ഗ്‌മാനും, മെര്‍ലിന്‍ മണ്‍ട്രോയും, ഡിസ്‌നിവേള്‍ഡും, ബക്കിംഗ്‌ഹാം കൊട്ടാരവും, പിരമിഡുകളും എല്ലാം. തൂക്കം നോക്കുന്ന യന്ത്രവും, തത്തയുമായി കൈനോട്ടക്കാരിയും, ഐസ്സ്‌റ്റിക്ക്‌കാരും, ബോംബേമിഠായുമായി മറാത്തിപെണ്‍കുട്ടിയും, പാമ്പാട്ടിയും, സര്‍ക്കസ്‌കാരും, തലവേദന മുതല്‍ ക്യാന്‍സര്‍ വരെ സൗജന്യമായി മാറ്റുന്ന വൈദ്യന്‍മാരും, മൈലെണ്ണക്കാരനും, ഇട്ടിയപ്പാറയുടെ സൗജന്യകാഴ്‌ചയായിരുന്നു.

സ്‌കൂളിലെത്തിയാല്‍ അടിച്ചോച്ചാട്ടം, കിളിത്തട്ട്‌, പന്തുകളി, വട്ടുകളി ഒന്നിനും സമയം തികയില്ല. ക്‌ളാസ്‌ടീച്ചറുടെ ചെവിയില്‍ തല്‍സമയ വിവരങ്ങള്‍ എത്തിക്കാന്‍ കെ.ജി.ബിയും, സി.ഐ.എയും, മൊസാദും പ്രവര്‍ത്തിച്ചിരുന്നു. അതിവേഗകോടതികള്‍ നാട്ടില്‍ സ്ഥാപിക്കാന്‍ പിന്നെയും ഒരു മുപ്പതുവര്‍ഷം കൂടി വേണ്ടിവന്നിരുന്നുവെങ്കിലും എം.എസില്‍ അന്നും അതുായിരുന്നു. ശിക്ഷകള്‍ക്ക്‌ മേല്‍ക്കോടതിയില്‍ അപ്പീലില്ല. ദയാഹര്‍ജികളും പരിഗണിക്കപ്പെട്ടില്ല.

ബ്രൂക്ക്‌സ്‌ സ്‌മിത്ത്‌ മദാമ്മയായിരുന്നു ആദ്യമായി അഞ്ച്‌, ആറ്‌, ഏഴ്‌ ക്‌ളാസുകളിലേക്ക്‌ തിരുവിതാംകൂര്‍ ഇംഗ്ലീഷ്‌ പാഠാവലി തയ്യാറാക്കിയത്‌. അവര്‍ തിരുമൂലപുരം ബാലികാമഠത്തില്‍ ദീര്‍ഘകാലം പെണ്‍കുട്ടികളെ പഠിപ്പിച്ചു. അവരുടെ ശിഷ്യഗണങ്ങള്‍ മദ്ധ്യതിരുവിതാംകൂറില്‍ ഇംഗ്‌ളീഷ്‌ അധ്യാപികമാരായി വന്ന്‌ നല്ല ഇംഗ്‌ളീഷ്‌ പഠിപ്പിച്ച്‌ ഇംഗ്‌ളീഷ്‌ പറയുന്ന നാട്ടിലേക്ക്‌ യുവതികളെയും യുവാക്കളെയും കയറ്റുമതി ചെയ്‌തു. രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ മാറ്റി മറിച്ച ഈ നിശബ്‌ദവിപ്‌ളവകാരിയുടെ അരുമശിഷ്യയായിരുന്നു കുഞ്ഞമ്മ ടീച്ചര്‍. മൂന്നു
വര്‍ഷം കൊണ്ട്‌ സാറാമ്മയേയും, വിജയലക്ഷ്‌മിയേയും, സത്യയേയും, സൂമോളെയും, ലിബിയേയും, അന്നമ്മയേയും, ജെയ്‌നമ്മയേയും, മറിയാമ്മയേയും, സുപ്രഭയേയും, ആനിയേയും, ഉഷയേയും ഒക്കെ നല്ല മിടുമിടുക്കികളാക്കി.

ഉച്ചക്ക്‌ നാടും നഗരവും ചുറ്റി വഴക്ക്‌ ഞങ്ങള്‍ വിലക്ക്‌ വാങ്ങിയിരുന്നു. നരിമുറ ചെറുപ്പത്തിലേ ശീലമാക്കിയിരുന്നതുകൊണ്ടും, വഴിയില്‍ ട്രാഫിക്ക്‌ തടസ്സങ്ങള്‍ തുടങ്ങിയിട്ടില്ലാതിരുന്നതിനാലും, മു
പ്പുഴനിന്നും, ആനപ്പാറ മലയില്‍ നിന്നും നിമിഷനേരം കൊണ്ട്‌ തിരികെ സ്‌കൂളില്‍ എത്തിയിരുന്നതിനാല്‍ നാട്ടുകാര്‍ക്ക്‌ പെരുമാറാന്‍ `അധികം' അവസരം കിട്ടിയില്ല.

ജേക്കബ്ബ്‌ ജോര്‍ജ്ജിന്‌ ഇരട്ടചങ്ക്‌ മിക്കപ്പോഴും പമ്പയാറ്റിലാണ്‌. ആയിക്കകയത്തിലും, ആറ്റുവഞ്ചിയില്‍ നിന്നും ആകാശത്ത്‌ വട്ടം കറങ്ങി ചാടും. അക്കരഇക്കരെ മുങ്ങാംകുഴി ഇടും. അവനുായിരുന്നതുകൊണ്ട്‌
തോമസും, ലക്ഷമണനും, ചാള്‍സും, ജോസഫും, നൈനാനും, മാത്യുവും, ഫിലിപ്പും, ശശിയും വലിയ പരുക്കില്ലാതെ മെട്രിക്കുലേഷന്‍ എന്ന പാലം കടന്നു.

സ്‌കൂളില്‍ ഞങ്ങള്‍ക്കൊരു കയ്യെഴുത്തുമാസിക ഉണ്ടായിരുന്നു. നല്ല കഥകളും കവിതകളും, ലേഖനങ്ങളും അതിലുണ്ടായിരുന്നു. ഒരു സ്ഥലത്തുനിന്നും മുഴുവന്‍ ഇസ്‌ക്കാതെ പലരില്‍ നിന്നും അടിച്ചുമാറ്റിയ കലാസൃക്ഷ്‌ടികളാണെന്ന്‌ മറ്റ്‌ ക്‌ളാസുകാര്‍ പറഞ്ഞത്‌ ഞങ്ങള്‍ അത്ര മൈന്‍ഡ്‌ ചെയ്യാന്‍ പോയില്ല. ജയിംസിനോ, റഞ്ചിക്കോ, സ്റ്റീഫനോ, ജേക്കബിനോ, ഉമ്മനോ, പത്മക്കോ അവാര്‍ഡ്‌ കമ്മറ്റിക്കാരില്‍ നിന്നും ഒരു കുഴലോ, പീഠമോ വരെ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ നാലഞ്ചെണ്ണം ഇപ്പോഴായിരുന്നെങ്കില്‍ വച്ചേനേം. ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണിബല്യ ഒന്ന്‌ എന്ന്‌ കണ്ടെത്തിയ ബേപ്പൂരിന്റെ സാഹിത്യസുല്‍ത്താനൊക്കെ ഞങ്ങളുടെ അടുത്ത്‌ വെറും പാവത്താന്‍.

1966 ല്‍ ലാല്‍ബഹദൂര്‍ ശാസ്‌ത്രിയുടെ മരണവും ദില്ലിയില്‍ ഇന്ദിരയുടെഭരണവും 1971 ലെ ഇന്തോ-പാക്‌ യുദ്ധവും, ബംഗ്‌ളാദേശിന്റെ ജനനവും ഒന്നുംഞങ്ങള്‍ക്ക്‌ കിട്ടിക്കൊണ്ടിരുന്ന ചൂരല്‍കഷായത്തിനൊരു കുറവും വരുത്തിയില്ല. കിട്ടാത്തവരും ഉണ്ടായിരുന്നു. അവര്‍ അയ്യപ്പന്‍ വിയുടെ ഹോണടിച്ചിട്ടില്ല,മാരാമണ്‍ മൗണ്ടില്‍ ചട്ടക്കാരി കിട്ടില്ല, ഇട്ടിയപ്പാറ കണ്ടത്തില്‍ കുറ്റിപ്പന്തും കളിച്ചിട്ടില്ല. മരണക്കിണറില്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്ന ജഗനേയോ, മാന്ത്രികന്‍ വര്‍മ്മാജിയേയോ അറിയില്ല.

ഷീബയായിരുന്നു തൂലികാസുഹൃത്തുക്കളെ മൊത്തമായും ചില്ലറയായും വിതരണം ചെയ്‌തിരുന്നത്‌. വിസ്‌കോണ്‍സില്‍ നിന്നും കരണ്‍ വാന്‍ഡി ലൂ, ടെക്‌സാസിലെ വെതര്‍ഫോര്‍ഡില്‍ നിന്നും ജയിന്‍ ഡഗന്‍, അലാസ്‌ക്കാകാരി മെലഡി റോയര്‍, റോബിന്‍ റീഡ്‌, മാഴ്‌സി-ന്യൂയോര്‍ക്ക്‌, പുലാന്‍സ്‌കിയില്‍ നിന്നും സ്യൂ ഹെയിന്‍സ്‌, എഡ്‌വേഡ്‌സില്‍ നിന്നും ക്രിസ്റ്റ്യന്‍ റൈനര്‍, കന്‍സാസില്‍ നിന്നും കോണിഫിഷര്‍, മാസ്‌പെത്തില്‍ നിന്ന്‌ ഡോണാ നെല്‍സണ്‍, ലോവര്‍ ബുണ്ണല്‍ നിന്ന്‌ കാത്തി, ഒന്റാറിയോയില്‍ നിന്നും ഡയാന മേരി സ്റ്റെര്‍ലിംഗ്‌, ടെക്‌സാസുകാരി ഷെറി സോറല്‍, വെസ്റ്റ്‌ വെര്‍ജീനിയായില്‍ നിന്നും കരണ്‍ പിന്‍സണും അന്ന്‌ കത്തുകളിലൂടെയും ഇന്ന്‌ ഈമെയിലിലൂടെയും ഈ ഫീമെയിലുകള്‍ റാന്നിയുമായി കഥകള്‍ കൈമാറുന്നു. എഴുപതുകളുടെ ആരംഭത്തില്‍ കൗമാരത്തിലായിരുന്നവര്‍ ഇപ്പോള്‍ അതിസുന്ദരികളായി അമേരിക്കയില്‍ വിലസുന്നു.

സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യൂയോര്‍ക്കിന്റെ സ്റ്റോണിബ്രൂക്ക്‌ കാമ്പസില്‍ നിന്നും, 1971-74 കാലഘട്ടത്തില്‍ സ്ഥിരമായി ലഭിച്ചിരുന്ന ജേക്കബ്‌ തോമസിന്റെ കത്തുകള്‍ ഗദ്യകവിതകളായിരുന്നു. ലോങ്ങ്‌ ഐലന്റില്‍ നിന്നും 120 കി.മീ വേഗത്തില്‍ എക്‌സ്‌പ്രസ്‌ റോഡുകള്‍ വഴി ന്യൂയോര്‍ക്കിലേക്ക്‌ സഞ്ചരിക്കുന്നവരെക്കുറിച്ചും, നയാഗ്രയും, മയാമിബീച്ചും, യെലോസ്റ്റോണും, കാസിനോകളും, ഹാര്‍വാര്‍ഡും, ഗില്ലറ്റും, പാന്‍ആമും, ഹൂസ്റ്റണും, ബോസ്റ്റണും, ആര്‍ലിംടണും ഞങ്ങളുടെ അരികില്‍ തന്നെയായിരുന്നു. ടു റ്റാമ്പര്‍ വിത്ത്‌ - ടീച്ചര്‍ കോട്ട്‌ രാമാ റ്റാമ്പറിംഗ്‌ വിത്ത്‌ രമ, ഹര്‍ളി ബര്‍ളി - ന്യൂലി മാരിയഡ്‌ കപ്പിള്‍ വെന്റ്‌ ടു ഊട്ടി ആന്റ്‌ ഹര്‍ലിയഡ്‌ ആന്റ്‌ ബര്‍ലിയഡ്‌. മാര്‍വലസ്‌ ഒക്കെ വാക്യത്തിലാക്കിയ വാചകം ആരും മറന്നുകാണുമെന്ന്‌ തോന്നുന്നില്ല. പാന്റ്‌സ്‌ - സിംഗുലാര്‍ അറ്റ്‌ ദി ടോപ്പ്‌ ആന്റ്‌ പ്ലൂറല്‍ അറ്റ്‌ ദി ബോട്ടം, സിഗററ്റ്‌ - ഫയര്‍ അറ്റ്‌ വണ്‍ എന്‍ഡ്‌ ആന്റ്‌ എ ഫൂള്‍ അറ്റ്‌ ദി അദര്‍ എന്‍ഡ്‌. എന്നൊക്കെ കണ്ടെത്തിയ ബെന്‍ ജോണ്‍സണ്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കാനായി റാന്നിയില്‍ വന്നിരുന്നെങ്കില്‍ പേനാ താത്തുവച്ച്‌ തൂമ്പാ എടുത്തേനേം.

മനോഹരമായി വരക്കുകയും, അതിലും മനോഹരമായി പാടുകയും ചെയ്യുന്ന വാസുദേവന്‍ സര്‍ ചൂരലിന്റെ ഒരാരാധകനായിരുന്നെങ്കിലും മനസ്സില്‍ പതിയുന്നതുപോലെ പഠിപ്പിച്ചിരുന്നു.

`പരിഹാസാദികള്‍ പറയുന്നവനും
അരികിലിരുന്നതു കേള്‍ക്കുന്നവനും
ദൂരിതാനുഭവം സമമായ്‌ വരുമെന്ന്‌
ഉര ചെയ്യുന്നു മുനി തിലകന്മാര്‍'

ബംഗ്‌ളാദേശിന്റെ ശില്‌പി മുജിബര്‍ റഹ്‌മാന്റെ പടം ഇന്‍ഡ്യന്‍ ഇങ്കില്‍ വരച്ച്‌ അദ്ദേഹം ഞങ്ങളെ വിസ്‌മയിപ്പിച്ചിട്ടുണ്ട്‌. ഡയ്‌സി ടീച്ചറും, ഉണ്ണിട്ടന്‍സാറും, ശോശാമ്മ ടീച്ചറും, മാന്നാംകുഴി അച്ചനും, ചന്ദ്രമതിഅമ്മ ടീച്ചറും, പുന്നൂസാറും, കുഞ്ഞുമോന്‍സാറും, ജോസഫ്‌സാറും, ഫിലിപ്പ്‌സാറും, കുഞ്ഞായിസാറും ഒക്കെ കുട്ടികളെ വളരെയേറെ സ്‌നേഹിച്ചവരാണ്‌. ഇനിയും അനേകരുണ്ട്‌.കുട്ടപ്പായിസര്‍, സക്കറിയാസാര്‍, ലീലക്കുട്ടിടീച്ചര്‍, വല്‍സമ്മടീച്ചര്‍, മറിയാമ്മടീച്ചര്‍, കുര്യന്‍സാര്‍, ആലീസ്‌ടീച്ചര്‍, അവരെല്ലാം റാന്നിയുടെ ചരിത്രത്തിന്റെ ഭാഗമാണ്‌.

വരുന്ന വഴിയിലുള്ള ഒരു ഇലക്‌ട്രിക്‌ പോസ്റ്റിനോടുചേര്‍ന്ന സ്റ്റേവയറിനു സമീപം ചെറിയ അളവില്‍ വൈദ്യുതപ്രവാഹമുണ്ട്‌. ചില ശ്വാനന്മാര്‍ അവിടെ മൂത്രമൊഴിക്കാന്‍ ശ്രമിച്ചിട്ട്‌ കിയോ കിയോ എന്നലച്ചുകൊണ്ട്‌ ഓടുന്നത്‌ കുട്ടി ഗവേഷകര്‍കണ്ടിട്ടുണ്ട്‌. അറിവാണല്ലോ ശക്തി. സ്‌കൂളിലെ ചില ഇടിയന്മാരേയും, കുട്ടി ഗുണ്ടകളേയും പന്തയം വച്ച്‌ പ്രോത്സാഹിപ്പിച്ചുകൊണ്ടുവന്നവിടെ മുത്രം ഒഴിപ്പിക്കും. പിറ്റേദിവസം
ടീച്ചറിന്റെ കയ്യില്‍ നിന്നും രണ്ടെണ്ണം കിട്ടിയിട്ടുണ്ട്‌.സാരമില്ല, ലവന്‌ സമ്മാനം കൊടുത്തല്ലോ. ആനന്ദലബ്‌ദ്ധിക്ക്‌ പിന്നെ ഒന്നും വേണ്ടി വന്നിട്ടില്ല.

വൈകിട്ട്‌ സ്‌കൂളില്‍ നിന്നും വരുമ്പോള്‍ ശശിയുടെ കാപ്പിക്കടയിലും, അണ്ണാച്ചിയുടെ ബേക്കറിയിലും രാജുവിന്റെ ഇലക്‌ട്രിക്‌ ഷോപ്പിലും സിലോണ്‍ റേഡിയോവില്‍ നിന്നുള്ള മനോഹരമായ മലയാളം ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കാം.

`ഇത്‌ സിലോണ്‍ പ്രക്ഷേപണ
ഒളിവിളക്ക്‌ കൂട്ടുസ്ഥാപനമിറുക്ക്‌,
സമയം നാലുമണി മുപ്പതു നിമിഡങ്ങള്‍
നമസ്‌കാരം പറയുന്നത്‌
സരോജിനി ശിവലിംഗം'

വിസ്‌മൃതിയില്‍ മറയാത്ത എത്രയോ ഓര്‍മ്മകള്‍ കൂട്ടുകാരുടെ കൈവശം ഉണ്ട്‌. തേന്‍പോലെ മധുരമുള്ളവ.

തോമസ്‌ കെ.എബ്രഹാം (thomaskandanattu@gmail.com)
അങ്ങാടി.പി.ഒ എം.എസ്‌.ഹൈസ്‌കൂള്‍, റാന്നി 1966-72
റാന്നി. 689674 ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍
കേരളം കൊല്ലം.1
മൊസാദ്‌ (തോമസ്‌ കെ.ഏബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക