Image

ധനികര്‍ക്കായി പുതിയ നികുതി നിര്‍ദേശവുമായി ഒബാമ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 18 September, 2011
ധനികര്‍ക്കായി പുതിയ നികുതി നിര്‍ദേശവുമായി ഒബാമ (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: ഒരു മില്യണ്‍ ഡോളറില്‍ കൂടുകല്‍ വാര്‍ഷിക വരുമാനമുള്ള ധനികര്‍ക്കായി ഒബാമ സര്‍ക്കാര്‍ പുതിയ നികുതി നിര്‍ദേശം ഏര്‍പ്പെടുത്തുന്നു. മിഡില്‍ ഇന്‍കം ടാക്‌സ്‌ പേയേഴ്‌സ്‌ നല്‍കുന്ന നികുതിക്ക്‌ സമാനാമായ തുക ധനികരില്‍ നിന്നും ഈടാക്കാനാണ്‌ സര്‍ക്കാര്‍ പുതിയ നികുതി നിര്‍ദേശമായ ബഫറ്റ്‌ ടാക്‌സിലൂടെ ലക്ഷ്യമിടുന്നത്‌.

മാസശമ്പളക്കാരായ മിഡില്‍ ഇന്‍കം ടാക്‌സ്‌ പേയേഴ്‌സിനെ അപേക്ഷിച്ച്‌ ധനികര്‍ വളരെകുറഞ്ഞ നിരക്കിലാണ്‌ നികുതി നല്‍കുന്നതെന്ന്‌ ദീര്‍ഘനാളായുള്ള പരാതിയാണ്‌. നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന്‌ ശമ്പളത്തില്‍ നിന്നുള്ളതിനേക്കാള്‍ കുറഞ്ഞ നികുതിയേ ചുമത്തുന്നുള്ളൂ എന്നതിനാലാണിത്‌. തിങ്കളാഴ്‌ച പുതിയ നികുതി നിര്‍ദേശം പ്രഖ്യാപിക്കുമെങ്കിലും അത്‌ എത്ര ശതമാനമായിരിക്കുമെന്നോ ഇതിലൂടെ എത്ര അധികവരുമാനം നേടാനാവുമെന്നതിനെക്കുറിച്ചോ വ്യക്തമാക്കാനിടയില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പിനിടെയാണ്‌ പുതിയ നികുതി നിര്‍ദേശം.

മെയ്‌ മാസത്തില്‍ അമേരിക്കക്കാര്‍ ഫേസ്‌ബുക്കില്‍ ചെലവഴിച്ചത്‌ 53.5 ബില്യണ്‍ മിനിട്ട്‌

വാഷിംഗ്‌ടണ്‍: ലോകത്ത്‌ ഏറ്റവും കൂടുതല്‍ സമയം ഫേസ്‌ബുക്കില്‍ ചെലവഴിക്കുന്നതാരാണെന്ന ചോദ്യത്തിന്‌ യുഎസ്‌ പൗരന്‍മാര്‍ എന്ന്‌ ഉത്തരം പറയുന്നതില്‍ ഇനി പുതുമയില്ല. എന്നാല്‍ മെയ്‌ മാസത്തില്‍ അമേരിക്കക്കാര്‍ ഫേസ്‌ബുക്കില്‍ ചെലവഴിച്ച ആകെ സമയം എത്രയെന്ന്‌ കേട്ടാല്‍ ആരും ഒന്നു ഞെട്ടും. 53.5 ബില്യണ്‍ മിനിട്ട്‌(101,000വര്‍ഷത്തിന്‌ തുല്യമായ സമയം) മെയ്‌ മാസത്തില്‍ മാത്രം എല്ലാ അമേരിക്കക്കാരുംകൂടി ഫേസ്‌ബുക്കില്‍ ചെലവഴിച്ചു.

മീഡിയ റിസര്‍ച്ച്‌ ആന്‍ഡ്‌ റേറ്റിംഗ്‌ കമ്പനയിയാ നീല്‍സണ്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. 140 മില്യണ്‍ അമേരിക്കക്കാരാണ്‌ മെയ്‌ മാസത്തില്‍ ഫേസ്‌ബുക്കിലെത്തിയത്‌. ശരാശരി അമേരിക്കക്കാരന്‍ മെയ്‌ മാസത്തില്‍ 6.4 മണിക്കൂര്‍ ഫേസ്‌ബുക്കിലായിരുന്നു സമയം ചെലവഴിച്ചത്‌.

ഗൂഗിളിനും യൂട്യൂബിനും പാക്കിസ്ഥാന്റെ അന്ത്യശാസനം

ഇസ്‌ലാമാബാദ്‌: തീവ്രവാദം, കുറ്റകൃത്യം തുടങ്ങിയ കേസുകളുടെ അന്വേഷണത്തില്‍ സഹകരിച്ചില്ലെങ്കില്‍ ഗൂഗിളും യൂട്യൂബും നിരോധിക്കുമെന്നു പാക്കിസ്ഥാന്‍. രാജ്യത്തു നിന്നു തീവ്രവാദം ഇല്ലായ്‌മ ചെയ്യാന്‍ ഗൂഗിളിന്റെയും യുട്യൂബിന്റെയും കൂടി പിന്തുണ ആവശ്യമാണെന്ന്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്‌ പറഞ്ഞു. താലിബാന്‍ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണു വിവരങ്ങള്‍ കൈമാറുന്നത്‌.

ഇക്കാര്യം ചൂണ്‌ടിക്കാട്ടി പാക്കിസ്ഥാനിലെ ഗൂഗിള്‍ മേധാവിക്കു കത്തയച്ചതായി റഹ്മാന്‍ മാലിക്ക്‌ പറഞ്ഞു. എന്നാല്‍ ഏതു തരത്തിലുള്ള സഹായമാണ്‌ ഈ വെബ്‌സൈറ്റുകളില്‍ നിന്നു പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നതെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.

അസാഞ്ചെയുടെ വസ്‌തുവകകള്‍ ലേലത്തിന്‌

ന്യൂയോര്‍ക്ക്‌: വിക്കിലീക്‌സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ഉപയോഗിച്ച വസ്‌തുവകകള്‍ ഇന്റര്‍നെറ്റില്‍ ലേലത്തിന്‌.ലോകത്തെ ഞെട്ടിച്ച യുഎസ്‌ രഹസ്യരേഖകള്‍ പുറത്തുവിട്ടതോടെ വിക്കിലീക്‌സിന്റെ ഫണ്‌ടുകള്‍ പ്രമുഖ ബാങ്കുകള്‍ മരവിപ്പിച്ചിരുന്നു. ഇതോടെ വിക്കിലീക്‌സ്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതു മറികടക്കാനാണു അസാഞ്ചെ ഉപയോഗിച്ച വസ്‌തുവകള്‍ ലേലം ചെയ്‌ത്‌ പണം സമാഹരിക്കുന്നത്‌. ഇബേയുടെ വെബ്‌സൈറ്റിലാണു വിക്കിലീക്‌സിന്റെ തല്‍സമയ ലേലം നടക്കുന്നത്‌.

രഹസ്യരേഖകള്‍ മാധ്യമപങ്കാളികള്‍ക്കു തയാറാക്കി നല്‍കിയ കേബിള്‍ഗേറ്റ്‌ ലാപ്‌ടോപ്പ്‌, അസാഞ്ചെ ജയിലില്‍ ഉപയോഗിച്ച കോഫി പായ്‌ക്കറ്റ്‌, അസാഞ്ചെയുടെ കൈയൊപ്പുള്ള രേഖാചിത്രം എന്നിവയാണു ലേലം ചെയ്യുന്നത്‌. 315 ഡോളറാണ്‌ ഏറ്റവും ചെറിയ ലേലത്തുക. ജയില്‍ മോചിതനാകുമ്പോള്‍ അസാഞ്ചെ കൂടെ കരുതിയ കോഫി പായ്‌ക്കറ്റിന്റെ ലേലത്തുക തുടങ്ങുന്നത്‌ ആറായിരം ഡോളറിലാണ്‌.

5.55 ലക്ഷം ഡോളറിലാണു ലാപ്‌ടോപ്പിന്റെ ലേലം ആരംഭിക്കുന്നത്‌. ലാപ്‌ടോപ്പ്‌ വാങ്ങുന്നവര്‍ക്കു വിക്കിലീക്‌സ്‌ പുറത്തുവിട്ട മുഴുവന്‍ രേഖകളും ഇവ തിരയാനുള്ള പാസ്‌വേഡുകളും സൗജന്യമായി നല്‍കും. അസാഞ്ചെയുടെ നാല്‍പ്പതാം പിറന്നാളിനു സിബിഎസ്‌ ചാനല്‍ നല്‍കിയ നാണയവും ലേലത്തിനുണ്‌ട്‌. വിക്കിലീക്‌സ്‌ ചോര്‍ത്തിയ രേഖയുടെ പകര്‍പ്പിന്റെ ഓപ്പണിംഗ്‌ ലേലത്തുക 33,000 ഡോളറിലാണ്‌. യുഎസ്‌ സമര്‍ദ്ദത്തെത്തുടര്‍ന്നു മാസ്റ്റര്‍കാര്‍ഡ്‌, വിസ തുടങ്ങിയ ബാങ്കിംഗ്‌ സ്ഥാപനങ്ങള്‍ വിക്കിലീക്‌സിനു ലോകമെമ്പാടും നിന്നു ലഭിക്കുന്ന ഫണ്‌ടുകള്‍ മരവിപ്പിച്ചിരുന്നു.

നിക്ഷേപകരെ വഞ്ചിച്ച ഇന്ത്യക്കാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്‌: നിക്ഷേപകരെ വഞ്ചിച്ച ഇന്ത്യന്‍ വംശജനായ വ്യാപാരി അമേരിക്കയില്‍ അറസ്റ്റിലായി. കാലിഫോര്‍ണിയയില്‍ എലൈറ്റ്‌ ഫിനാന്‍ഷ്യല്‍ ഇന്‍കോപ്പറേറ്റ്‌ എന്ന കമ്പനി നടത്തിയ ജനംജോത്‌സിങ്‌ സോധിയെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ആളുകളില്‍ നിന്ന്‌ നിക്ഷേപങ്ങള്‍ സ്വീകരിച്ച്‌ 2.4 ദശലക്ഷം ഡോളര്‍ തട്ടിയെടുത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്‌ചയാണ്‌ സോധിക്കെതിരെ യു.എസ്‌. അറ്റോര്‍ണി ബഞ്ചമിന്‍ വാഗ്‌നര്‍ അറസ്റ്റ്‌ വാറണ്‌ട്‌ പുറപ്പെടുവിച്ചത്‌. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക്‌ ഇരുപത്‌ വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും.

യുഎസ്‌ വിമാനപകടം; മരണം ഒമ്പതായി

റെനോ: യുഎസില്‍ രണ്‌ടാം ലോകമഹായുദ്ധകാലത്ത്‌ ആക്രമണത്തിന്‌ ഉപയോഗിച്ചിരുന്ന വിമാനം, വ്യോമാഭ്യാസ പ്രകടനത്തിനിടെ കാണികളുടെ മേല്‍ തകര്‍ന്നുവീണുണ്‌ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഹോളിവുഡ്‌ സ്‌റ്റണ്‌ട്‌ താരം കൂടിയായ എണ്‍പതുകാരനായ പൈലറ്റ്‌ ജിമ്മി ലീവാര്‍ഡ്‌ ഉള്‍പ്പെടെ മൂന്നുപേര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്‌.

ഒട്ടേറെ കാണികളെ ആകര്‍ഷിക്കുന്ന റെനോ എയര്‍ഷോയ്‌ക്കിടെയാണ്‌ വെള്ളിയാഴ്‌ച യുഎസിനെ നടുക്കിയ അപകടം ഉണ്‌ടായത്‌. രണ്‌ടാം ലോകമഹായുദ്ധകാലത്ത്‌ ഉപയോഗിച്ചിരുന്ന പി-51 മുസ്റ്റാംഗ്‌ എന്ന ദീര്‍ഘദൂര ബോംബര്‍ വിമാനമാണു കാണികള്‍ക്കിടയിലേക്ക്‌ തകര്‍ന്നുവീണത്‌. ലീവാര്‍ഡ്‌ ഇത്തരം വിമാനങ്ങള്‍ പറത്തുന്നതില്‍ പ്രാഗത്ഭ്യമുള്ള പൈലറ്റാണ്‌. നല്ല വേഗത്തില്‍ പറന്നുവന്ന വിമാനം നിയന്ത്രണംവിട്ട്‌ മുന്നിലിരുന്ന കാണികള്‍ക്കിടയിലേക്കു പെട്ടെന്നു മൂക്കുകുത്തി വീഴുകയായിരുന്നു. അപകടകാരണത്തെപ്പറ്റി വിവിധ തലങ്ങളില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക