Image

മേയ്‌ക്കപ്പ്‌ ഇട്ട്‌ വരുമ്പോള്‍ എന്നെ കാണാന്‍ വളരെ ബാഡ്‌: രഞ്‌ജിനി (ജോര്‍ജ്‌ തുമ്പയില്‍)

ജോര്‍ജ്‌ തുമ്പയില്‍ Published on 03 April, 2013
മേയ്‌ക്കപ്പ്‌ ഇട്ട്‌ വരുമ്പോള്‍ എന്നെ കാണാന്‍ വളരെ ബാഡ്‌: രഞ്‌ജിനി (ജോര്‍ജ്‌ തുമ്പയില്‍)
നിലാവു പോലെ ഒഴുകി പരക്കുകയാണ്‌ രഞ്‌ജിനിയുടെ വാക്കുകള്‍. പൊഴിഞ്ഞു വീഴുന്ന പാലപ്പൂവു പോലെയുള്ള വാക്കുകള്‍ക്കായി ഭൂമിമലയാളം കാതോര്‍ത്തിരിക്കുന്നു. പലരും കേട്ടു പഠിക്കാന്‍ വെമ്പുന്നു. മലയാളിയുടെ സ്വീകരണമുറിയിലെത്തുന്ന അയല്‍വീട്ടിലെ പെണ്‍കുട്ടിയാണ്‌ പലര്‍ക്കും, രഞ്‌ജിനി ഹരിദാസ്‌. മിസ്‌ കേരള പട്ടത്തില്‍ നിന്ന്‌ വളര്‍ന്ന രഞ്‌ജിനി ഇന്ന്‌ പോപ്പുലാരിറ്റി സ്റ്റാറായി മാറിയിരിക്കുന്നു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ എന്ന ഷോയിലൂടെ അറിയപ്പെടുന്ന ആംഗറായി മാറിയതു ഈ സുന്ദരിയുടെ സ്വതസിദ്ധമായ മിടുക്കു കൊണ്ടു മാത്രം. വാചാലതയും അഭിനയശേഷിയും ആരെയും വശീകരിക്കുന്ന മുഖകാന്തിയും രഞ്‌ജിനിയെ മലയാളത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാക്കുകയാണ്‌. മലയാളവും ഇംഗ്ലീഷും കലര്‍ന്ന ഒരു പ്രത്യേക സ്ലാങ്ങിലുള്ള വ്യത്യസ്‌തമായ സംസാരരീതിയില്‍ മയങ്ങിവീണത്‌ വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു മലയാളികള്‍. ഒട്ടേറെ വിമര്‍ശനങ്ങള്‍ കേട്ടെങ്കിലും ഒടുവില്‍ രഞ്‌ജിനിയുടെ വാക്‌ചാതുര്യത്തെ കേരളം കൈനീട്ടി സ്വീകരിച്ചിരിക്കുന്നു, അംഗീകരിച്ചിരിക്കുന്നു, ആശിര്‍വദിച്ചിരിക്കുന്നു. ഇതിന്‌ ഏറ്റവും വലിയ തെളിവാണ്‌ ഫെയ്‌സ്‌ബുക്കില്‍ രഞ്‌ജിനിയുടെ ചാറ്റ്‌റൂമിലെ തിരക്ക്‌.

രഞ്‌ജിനിയെ ന്യൂജേഴ്‌സിയില്‍ വച്ചു കാണുമ്പോള്‍ ഫോര്‍മല്‍ ഇന്റര്‍വ്യൂ എന്ന ജാടയ്‌ക്കു വേണ്ടി ശ്രമിച്ചതേയില്ല. സംസാരിച്ചു തുടങ്ങിയപ്പോള്‍ പലതും ചോദിച്ചു. കോമ്പയറിങ്ങിലെ രഞ്‌ജിനി സ്‌റ്റൈലിനെക്കുറിച്ചു സംഭാഷണം വികസിക്കവേ രഞ്‌ജിനി പറഞ്ഞു, ` രഞ്‌ജിനി സ്‌റ്റൈല്‍ എന്നൊക്കെ പറയുന്നത്‌ കോംപ്ലിമെന്റ്‌ ആയിതന്നെയെടുക്കുന്നു. സത്യത്തില്‍ വ്യത്യസ്‌തമായി ഞാനൊന്നും ചെയ്‌തിട്ടില്ല. രഞ്‌ജിനി എന്ന ഞാന്‍ രഞ്‌ജിനി ആയി തന്നെയാണ്‌ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ കോമ്പയര്‍ ചെയ്യുന്നത്‌. ഭാഗ്യവശാല്‍ മലയാളിക്കത്‌ മനസ്സില്‍ പിടിച്ചു. എന്റെ ഭാഷയും രീതിയും കോസ്റ്റ്യൂസുമൊക്കെയാവാം അവര്‍ ശ്രദ്ധിച്ചത്‌. ഐ നോ ഇറ്റ്‌സ്‌ എ ട്രൂത്ത്‌ എബൗട്ട്‌ മീ. ചെറുപ്പം മുതലേ ഇത്തരം പരിപാടികള്‍ ചെയ്‌തു തുടങ്ങിയിരുന്നു. പക്ഷേ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്ലാറ്റ്‌ഫോമില്‍ എത്തിയതോടെയാണു സംഗതികള്‍ ഉഷാറായത്‌. ആദ്യകാലങ്ങളില്‍ ഇംഗ്ലീഷ്‌ കോമ്പയറിങ്ങിലായിരുന്നു കോണ്‍സെന്‍ട്രേറ്റ്‌ ചെയ്‌തിരുന്നത്‌. അതിനു കാരണമുണ്ട്‌, ബാംഗ്ലൂരിലെയും ഇംഗ്ലണ്ടിലെയും എംബിഎ പഠനം മൂലം ഇംഗ്ലീഷിന്റെ ഒരു സ്വാധീനശക്തിയായി. ഏഷ്യാനെറ്റ്‌ ബൃഹത്തായ മറ്റെന്തെങ്കിലും ചെയ്യണമെന്നു ചിന്തിച്ചു തുടങ്ങിയപ്പോഴാണ്‌ റിയാലിറ്റി ഷോ രംഗത്ത്‌ എത്തുന്നത്‌. അതിലേക്കു ക്ഷണം വന്നപ്പോള്‍ ആറു മാസത്തെ പ്ലാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട്‌ നീണ്ടു നീണ്ടു പോവുകയായിരുന്നു.'

കുട്ടിത്തം വിടര്‍ന്ന കണ്ണുകളോടെ രഞ്‌ജിനി തുടര്‍ന്നു.

` ചെറുപ്പത്തില്‍ ഈ നിലയിലാവുമെന്നൊന്നും കരുതിയിട്ടേയില്ല. അന്നൊക്കെ ആറും ഏഴും ക്ലാസുകളില്‍ പഠിക്കുമ്പോള്‍ എയര്‍ ഹോസ്റ്റസ്‌ ആവാനായിരുന്നു മോഹം. ആദ്യമായി ഫ്‌ളൈറ്റില്‍ കയറിയപ്പോള്‍, അവരു ചെയ്യുന്നതു കണ്ടപ്പോള്‍ ആ പരിപാടി നമുക്കു പറ്റിയതല്ലെന്നു മനസ്സു കൊണ്ടു തീരുമാനിച്ചു. പിന്നെ ബോധം ഉറച്ച സമയത്ത്‌ ഒരു കോര്‍പ്പറേറ്റ്‌ ജോബായി ലക്ഷ്യം. അതിനാലാണ്‌ എംബിഎ തെരഞ്ഞെടുത്തതും. എന്നാല്‍ വന്നുപെട്ടതോ, ഇവിടെയും. അതിനു സഹായിച്ച്‌ സ്റ്റാര്‍ സിങ്ങറും. സ്റ്റാര്‍ സിങ്ങറില്‍ വരും മുന്‍പേ ഞാന്‍ ആംഗറിങ്ങ്‌ ചെയ്‌തിരുന്നു. പക്ഷേ, സ്റ്റാര്‍ സിങ്ങറില്‍ നിന്നു കിട്ടിയ പോപ്പുലാരിറ്റി ക്യാഷ്‌ ഇന്‍ ചെയ്‌ത്‌ ഞാനെന്റെ പ്രൊഫഷന്‍ ആക്കുകയായിരുന്നു. അതുവരെ എനിക്കിത്‌ പാര്‍ട്ട്‌ടൈം ആയിരുന്നു. പഠനം തീര്‍ന്ന ഉടന്‍ ഇരുപത്തഞ്ചാമത്തെ വയസ്സിലാണ്‌ ഞാന്‍ സ്റ്റാര്‍ സിങ്ങറില്‍ ജോയിന്‍ ചെയ്യുന്നത്‌. ഇപ്പോഴെനിക്ക്‌ പ്രായം 28 ആയി. ഇനിയിപ്പോ ടിവിയില്ലെങ്കിലും ഷോ ആണെങ്കിലും ഈ മേഖലയില്‍ തന്നെ നില്‍ക്കാനാണ്‌ പ്ലാന്‍.'

സ്വയം തെരഞ്ഞെടുത്ത പാതയില്‍ വിജയിച്ചു കയറിയതിന്റെ ചിരി. ലൈഫ്‌സ്‌റ്റൈലിനെക്കുറിച്ചായി ചോദ്യം. അപ്പോഴും സംശയിച്ചു നില്‍ക്കാതെ വന്നു മറുപടി.

ഇപ്പോഴത്തെ ലൈഫ്‌ സ്‌റ്റൈല്‍ ഞാന്‍ ആസ്വദിക്കുന്നു. ബിസി ഷെഡ്യൂളിലെ ജോലി ബോറടിച്ചെങ്കില്‍ മാത്രമേ ഞാന്‍ വേറൊരു ഇന്‍ഡസ്‌ട്രിയെപ്പറ്റി ചിന്തിക്കൂ. എങ്കില്‍ തന്നെ, ഇതില്‍ നിന്ന്‌ ഫുള്ളി മാറാനൊന്നും പോകുന്നില്ല. ഇത്‌ സബ്‌ ആക്കി, മെയ്‌ന്‍ വേറെ നോക്കും.

ഡെയ്‌ലി ക്യാമറയ്‌ക്കു മുന്നില്‍ വരുമ്പോള്‍ മുന്നൊരുക്കങ്ങള്‍, ആരുടെയെങ്കിലും സഹായങ്ങള്‍ ഒക്കെ സ്റ്റാര്‍ സിങ്ങറില്‍ ഉണ്ടാവുമെന്നായിരുന്നു ഊഹം. എന്നാല്‍, അതൊക്കെയും രഞ്‌ജിനി നിഷേധിച്ചു.

`ഹോംവര്‍ക്കുകകള്‍ ഒന്നുമില്ല. സ്‌റ്റേജ്‌ഷോയുടേത്‌ വളരെ ഈസിയായ ഒരു ഫോര്‍മാറ്റ്‌ ആണ്‌. അപ്പോള്‍ വേണ്ടത്‌ എന്താണോ അതു ചെയ്യുക എന്നതാണ്‌ ശരി. അപ്പോള്‍ എന്തും ചെയ്യാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ ഞാന്‍ വളരെ ഹാപ്പിയായി. ഫ്രീഡമുണ്ടെങ്കില്‍ പ്രോഗ്രാം അടിപൊളിയാക്കാം. എന്നാല്‍ കൂടെ ഒരാളുണ്ടെങ്കില്‍ ചിലപ്പോള്‍ ബുദ്ധിമുട്ട്‌ ഉണ്ടാവാന്‍ സാധ്യതയുണ്ട്‌. എന്റെ സ്‌റ്റൈല്‍ വ്യത്യസ്‌തമാണല്ലോ. എന്റെ കൂടെ ഒരു കോ ആംഗര്‍ ഉണ്ടെങ്കില്‍ ആലോചിച്ചിട്ടേ ഇടാവൂ എന്നു ഞാന്‍ പറയാറുണ്ട്‌. കൂട്ടത്തിലുള്ളവര്‍ അവരുടെ സ്‌റ്റൈലില്‍ നിന്ന്‌ നന്നായിട്ടു തന്നെയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ അവരുടെ പ്രകടനം ഒന്നും എന്നെ സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യാറില്ല. പിന്നെ, ഞാനെന്റെ തന്നെ വേഴ്‌സ്‌ ക്രിട്ടിക്ക്‌ ആണ്‌. ഷോയില്‍ ഞാനെന്തെങ്കിലും പൊട്ടത്തരം പറഞ്ഞതു ടിവിയില്‍ കാണുമ്പോള്‍ എനിക്ക്‌ സങ്കടം വരും. അതു കൊണ്ടു തന്നെ കാണാന്‍ ശ്രമിക്കാറുമില്ല. റെക്കോഡ്‌ ചെയ്‌തു വെച്ച്‌ പിന്നീട്‌ കാണുന്ന രീതിയുമില്ല. എനിക്കെന്നെ തന്നെ ടിവിയില്‍ കാണുന്നത്‌ ഇഷ്ടമല്ലെന്നതാണു സത്യം. മേയ്‌ക്കപ്പ്‌ ഇട്ട്‌ വരുമ്പോള്‍ എന്നെ കാണാന്‍ വളരെ ബാഡ്‌ ആണെന്നു ഞാന്‍ പറയും.'

പറഞ്ഞതും ഒരു നീണ്ട പൊട്ടിച്ചിരി. എങ്കില്‍ ഒരു പ്രകോപിപ്പിച്ചു കളയാമെന്നു കരുതി ചോദിച്ചു. രഞ്‌ജിനിയെ ക്രിട്ടിസൈസ്‌ ചെയ്‌താലുള്ള പ്രതികരണം എന്തായിരിക്കും?

`ഐ ടേക്ക്‌ ഇറ്റ്‌ വെരി വെല്‍. ഞാന്‍ പറഞ്ഞില്ലേ, ഐ ആം മൈ ഓണ്‍ വേഴ്‌സ്‌ ക്രിട്ടിക്ക്‌. എന്നെ കുറ്റപ്പെടുത്തുന്ന ഒരു അഭിപ്രായവും എന്നെ വേദനിപ്പിക്കാറില്ല. ക്രിട്ടിസിസം കൂടുതല്‍ കിട്ടിയ ഒരാളാണ്‌ ഞാന്‍. എന്റെ സംസാരരീതിയെപ്പറ്റിയൊക്കെ ഞാന്‍ പഴി കേള്‍ക്കാറുണ്ട്‌. പക്ഷേ, കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട്‌ ഞാന്‍ വളരെയധികം ഇംപ്രൂവ്‌ ചെയ്‌തു. മൈ ഓണ്‍ കാഴ്‌ചപ്പാടില്‍ ഐ ആം ഡൂയിങ്‌ വെരി വെല്‍. 2007ല്‍ ഞാന്‍ എവിടെ നിന്നിരുന്നു. 2010ല്‍ ഞാന്‍ എവിടെ നില്‍ക്കുന്നു എന്നു മാത്രം നോക്കിയാല്‍ മതിയല്ലോ.'

സ്‌റ്റേജിലും അല്ലാതെയും കാണുമ്പോഴും കേള്‍ക്കുമ്പോഴുമൊക്കെ രഞ്‌ജിനി അടിപൊളി സെറ്റപ്പാണല്ലോ..?

നെവര്‍. ഐ നെവര്‍ തിങ്ക്‌ ഓഫ്‌ എനിതിംഗ്‌ ലൈക്ക്‌ ദാറ്റ്‌. അതിനു വേണ്ടി എക്‌സ്‌ട്രാ ആയി ഒന്നും തന്നെ ചെയ്യാറില്ല. സ്റ്റാര്‍ സിംഗര്‍ ഷോ അല്ലാതെയുള്ള മറ്റു വലിയ ഷോകള്‍ ചെയ്യുമ്പോള്‍ ഞാനെന്റെ കോസ്റ്റിയമും മേയ്‌ക്കപ്പും മറ്റും ശ്രദ്ധിക്കാറുണ്ട്‌. അപ്പോള്‍ ഒരു സാധാരണ സാരിയുടെ അപ്പുറത്തേക്ക്‌ ചിന്തിക്കാറുണ്ട്‌. എന്നാല്‍ എനിക്കു വേണ്ടി പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാറില്ല. എന്റെ ലൈഫിലും ഞാനൊരു മടിച്ചി ആണെന്നാണ്‌ എനിക്കു തോന്നുന്നത്‌. എന്നിട്ടും ഞാനെന്തൊക്കെയോ ആയി. ശരിക്കും ഇക്കാര്യത്തില്‍ ഞാനൊരു ഭാഗ്യമുള്ള കുട്ടിയാണ്‌. എല്ലാം എന്നെ തേടി വരികയായിരുന്നു.

ചോദ്യം മെല്ലെ ശരീരകാന്തിയെക്കുറിച്ചായി. എങ്ങനെ ഈ ഫിഗര്‍ കീപ്പ്‌ ചെയ്യുന്നു?

ഇപ്പോള്‍ ഈ കാണുന്ന ഫിഗര്‍ തടിവച്ചു തുടങ്ങിയതു കുറച്ചതാണ്‌. മാജിക്ക ്‌ഡയറ്റിന്റെ റിസള്‍ട്ട്‌. തടി ഇപ്പോള്‍ കുറഞ്ഞു വരികയാണ്‌. ഒരു 10 കിലോ ഇതിനോടകം കുറഞ്ഞുകഴിഞ്ഞു. ഇനിയും കുറയും.

ഈശ്വരവിശ്വാസിയാണോ?

ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ട്‌. അതിനെന്ത്‌ പേരിടണമെന്ന്‌ അറിയില്ല. എന്നു കരുതി, എത്തിയിസ്റ്റ്‌ ഒന്നുമല്ല കോട്ടോ. അമ്പലമുറ്റത്ത്‌ തന്നെയാണ്‌ എന്റെ വീട്‌. പക്ഷേ, എനിക്ക്‌ ചില ഹാബിറ്റ്‌സ്‌ ഉണ്ട്‌. അതിലൊന്നാണ്‌ ക്രോസ്‌ വരയ്‌ക്കുന്നത്‌. എന്റെ അമ്മൂമ്മ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ചത്‌ ഞാന്‍ മിസ്‌ കേരള (2000ല്‍) ആയപ്പോഴാണ്‌. അന്ന്‌ സ്‌റ്റേജില്‍ അനൗണ്‍സ്‌മെന്റ്‌ വന്നപ്പോള്‍ ഞാനാദ്യം ചെയ്‌തത്‌ നന്ദിസൂചകമായി കുരിശ്‌ വരക്കുകയായരുന്നു. അതു കണ്ടു അമ്മൂമ്മ ഞെട്ടിപ്പോയി. വീട്ടിലെത്തിയതേ, അമ്മൂമ്മ എന്നെ വഴക്കുപറഞ്ഞു ശരിയാക്കി. എന്റെ ഹാബിറ്റ്‌സ്‌ പലതും രൂപപ്പെട്ടത്‌ വിദ്യാഭ്യാസകാലത്താണ്‌. ക്രിസ്റ്റ്യന്‍ സ്‌കൂളില്‍ ആണ്‌ പഠിച്ചത്‌. ആ ഒരു സ്വാധീനം ഉണ്ടായതാണ്‌. എന്റെ ഒരു ചായ്‌വ്‌, അന്നദാതാവ്‌ എന്നു പറയുന്നത്‌, സ്‌റ്റേജും മൈക്കും ഒക്കെയാണ്‌. അപ്പോള്‍ ഞാനതില്‍ ഒരു പവര്‍ കാണുന്നുണ്ട്‌.

കല്യാണം കഴിക്കുന്നതോടെ ഈ ചായ്‌വില്‍ മാറ്റം പ്രതീക്ഷിക്കാമോ,

ഐ ഡോണ്ട്‌ തിങ്ക്‌ സോ

ഇഷ്ടപ്പെട്ട ഭക്ഷണം?

അമ്മയുടെ ദോശയും ചട്‌ണിയും. പക്ഷേ ഞാനൊരു ജങ്ക്‌ ഫുഡ്ഡി ആണ്‌. ഇന്ത്യക്ക്‌ പുറത്തു പോകാന്‍ സൗകര്യം കിട്ടുമ്പോഴൊക്കെ എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങിയാല്‍ ആദ്യം ചെയ്യുന്നത്‌ മക്‌ഡോണാള്‍ഡ്‌സില്‍ കയറി ഡബിള്‍ ചീസ്‌ ബര്‍ഗര്‍, ഡയറ്റ്‌ ലാര്‍ജ്‌ കോക്ക്‌, ഫ്രഞ്ച്‌ െ്രെഫസ്‌ എന്നിവ വാങ്ങി വയറു നിറയെ കഴിക്കുകയെന്നതാണ്‌. പൊതുവേ എല്ലാം കഴിക്കും എന്നു പറയാം.

ഇഷ്ടപ്പെട്ട വിനോദം?

മ്യൂസിക്കും ഡാന്‍സും. അതു കഴിഞ്ഞേ മറ്റെന്തുമുള്ളു. ഞാനൊരു റഗുലര്‍ സോഷ്യല്‍ ബീയിങ്‌ ആണ്‌. കൂട്ടുകാരുടെ കൂടെ ഹാങ്‌ ഔട്ട്‌ ചെയ്യാന്‍ ഇഷ്ടമാണ്‌. മറ്റു പ്രത്യേകിച്ചൊന്നും തന്നെയില്ല.

ഒരു ദിവസം എത്ര ഇമെയ്‌ലുകള്‍ വരും?

ഇമെയ്‌ലുകളേക്കാള്‍ ഫെയ്‌സ്‌ബുക്കിലാണ്‌ തിരക്ക്‌. ഓരോ ദിവസവും നൂറില്‍ കുറയാത്ത സ്‌ക്രാപ്പ്‌ കിട്ടാറുണ്ട്‌. ഇഗ്‌നോര്‍ ബട്ടണ്‍ അടിച്ചാണ്‌ കൂടുതല്‍ സമയവും പോകുന്നത്‌.

കടുത്ത ആരാധകര്‍?

യുഎസില്‍ നിന്നും നിമ്മി എന്നൊരു പെണ്‍കുട്ടി സ്ഥിരമായി ഫെയ്‌സ്‌ബുക്കില്‍ വരാറുണ്ട്‌. ഫ്‌ളോറിഡയിലോ, ചിക്കാഗോയിലോ ആണെന്നു തോന്നുന്നു. ഭയങ്കര ഭാന്‍ ആണ്‌. പിന്നെ കേരളത്തില്‍ ഒരു ബേബി ജോണ്‍ ഉണ്ട്‌. പുള്ളിക്കാരനും കടുത്ത ആരാധകനാണ്‌. പിന്നെ കുറേ അ്‌ങ്കിള്‍മാരുണ്ട്‌. അവരും ഫീഡ്‌ബാക്ക്‌ തരാറുണ്ട്‌.

ഈ ഹറിബറി ലൈഫ്‌സ്‌റ്റൈല്‍ ഇഷ്ടപ്പെടുന്നുണ്ട്‌, ഇല്ലേ

ബിസി ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട്‌. അല്ലാത്തപ്പോള്‍ ഉറങ്ങാനാണ്‌ താത്‌പര്യം.

കല്യാണത്തിനുള്ള ഓഫറുകളെക്കുറിച്ചു ചോദിച്ചതോടെ മുഖത്തു കള്ളച്ചിരി വിടര്‍ന്നു. പിന്നെ നിവര്‍ന്നിരുന്നു, ഗൗരവത്തോടെ പറഞ്ഞു, പണ്ട്‌ വന്നിട്ടുണ്ട്‌. ഒരു പക്ഷേ, എന്റെ സ്വഭാവവും ജോലിയും ഒക്കെക്കൊണ്ടായിരിക്കാം സീരിയസ്‌ ആയ ആലോചനകള്‍ ഒ്‌്‌ന്നും വന്നിട്ടില്ല. ഒരു പക്ഷേ, ഏറ്റവും കൂടുതല്‍ കല്യാണ ആലോചനകള്‍ വന്ന പെണ്ണു ഞാന്‍ തന്നെയായിരിക്കും. ഐ തിങ്ക്‌ ഐ ഗോട്ട്‌ ടൂ മച്ച്‌ ഓഫ്‌ എ മെയില്‍ ജീന്‍ ഇന്‍ മീ. ഓഫറുകള്‍ വന്നിട്ടു കാര്യമില്ല. എനിക്കു പ്രേമിച്ചേ കെട്ടാന്‍ പറ്റൂ എനാണ്‌ തോന്നുന്നത്‌. ഐ ഹാവ്‌ ടു ഫോള്‍ ഇന്‍ ലവ്‌ വിത്ത്‌ സംവണ്‍.

അമേരിക്കയില്‍ നിന്നൊരു പ്രൊപ്പോസല്‍ വന്നാലോ

കുഴപ്പമില്ല. പക്ഷേ, കുറേ നിബന്ധനകളൊക്കെയുണ്ട്‌.
പിരിയുന്നതിനു മുമ്പ്‌ ഒരു ചോദ്യം കൂടി ചോദിച്ചു. ദൈവം ഇറങ്ങി വന്ന്‌ ഒരു വരം വേണമെന്ന്‌ ആവശ്യപ്പെട്ടാല്‍ എന്തു ചോദിക്കും? എന്റെയും എന്റെ കുടുംബത്തിന്റെയും സന്തോഷം. പിന്നെ എന്റെ ദേഷ്യം കൂടി കുറച്ചൊന്നു തണുപ്പിച്ചു തരാന്‍ ആവശ്യപ്പെടും. അടുത്ത ജന്മത്തിലും ഒരു രഞ്‌ജിനിയായി ജന്മം തരണേയെന്ന്‌ അപേക്ഷിക്കും'

അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുവാണ്‌ പ്രിയപ്പെട്ട രഞ്‌ജിനിയെ കാണുവാന്‍. ഏപ്രില്‍ 14 നു ഏഷ്യാനെറ്റ്‌ 10 വാര്‍ഷികത്തിനു സുരേഷ്‌ ഗോപിയോടൊപ്പം രഞ്‌ജിനി എത്തുമ്പോള്‍ കാത്തിരിക്കുന്നത്‌ അമേരിക്കന്‍ മലയാളികളുടെ സ്‌നേഹവായ്‌പുകളാണ്‌. ന്യൂയോര്‍ക്കിലെ കോള്‍ഡന്‍ സെന്ററിലെ സുരേഷ്‌ ഗോപിയുടെ അമേരിക്കന്‍ ഡ്രീംസിന്‍റെ ടിക്കറ്റുകള്‍ക്ക്‌ 
വെബ്  പത്രങ്ങള്‍ സന്ദര്‍ശിക്കുക.
മേയ്‌ക്കപ്പ്‌ ഇട്ട്‌ വരുമ്പോള്‍ എന്നെ കാണാന്‍ വളരെ ബാഡ്‌: രഞ്‌ജിനി (ജോര്‍ജ്‌ തുമ്പയില്‍)മേയ്‌ക്കപ്പ്‌ ഇട്ട്‌ വരുമ്പോള്‍ എന്നെ കാണാന്‍ വളരെ ബാഡ്‌: രഞ്‌ജിനി (ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക