Image

ഫൊക്കാന നേതാക്കള്‍ വൈറ്റ്‌ ഹൗസില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 19 September, 2011
ഫൊക്കാന നേതാക്കള്‍ വൈറ്റ്‌ ഹൗസില്‍
ന്യൂയോര്‍ക്ക്‌: രണ്ടു പതിറ്റാണ്ടിലേറെയായി നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസോസ്സിയേഷന്‍സ്‌ (എന്‍.എഫ്‌.ഐ.എ.) എന്ന സംഘടന വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ നടത്തിവരുന്ന ഇന്ത്യന്‍ കോക്കസ്സിലെ കോണ്‍ഗ്രസ്സ്‌-സെനറ്റ്‌ പ്രതിനിധികളുടെ വിരുന്നില്‍ പങ്കെടുത്ത വിവിധ മലയാളി സംഘടനകളില്‍ ഫൊക്കാന പ്രതിനിധികളും പങ്കെടുത്തു.

അമേരിക്കയും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയെ കൂടുതല്‍ അറിയുവാനും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കാനും സാധിച്ചതില്‍ പ്രതിനിധികള്‍ സംതൃപ്‌തി പ്രകടിപ്പിച്ചു. സെനറ്റര്‍ വാര്‍ണറുടെ സീനിയര്‍ ഉപദേശകന്‍ മാര്‍ക്ക്‌ ബ്രോക്കര്‍ ഇന്ത്യയെക്കുറിച്ച്‌ വളരെ പ്രകീര്‍ത്തിച്ച്‌ സംസാരിക്കുകയും ചെയ്‌തു.

എന്‍.എഫ്‌.ഐ.എ.യുടെ അംഗസംഘടന എന്ന നിലയില്‍ ഫൊക്കാനയെ പ്രതിനിധീകരിച്ച്‌ പ്രത്യേകം ക്ഷണിതാക്കളായി ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രസ്റ്റീ ബോര്‍ഡ്‌ മെംബര്‍ സുധാ കര്‍ത്താ, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ തോമസ്‌, മുന്‍ വൈസ്‌ പ്രസിഡന്റ്‌ തമ്പി ചാക്കോ, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം.അനിരുദ്ധന്‍, സെക്രട്ടറി മന്മഥന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉച്ചയ്‌ക്കുശേഷം വൈറ്റ്‌ ഹൗസില്‍ പ്രത്യേകം സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ ഒബാമ ഭരണകൂടത്തില്‍ വിവിധ മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്തോ-അമേരിക്കന്‍ വംശജര്‍ എന്‍.എഫ്‌.ഐ.എ. പ്രതിനിധികളെ സ്വീകരിച്ചു. ഇമിഗ്രേഷന്‍, ഭരണ സുതാര്യത, തൊഴില്‍ മേഘല, സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ഒബാമ ഭരണകൂടത്തിന്റെ കാഴ്‌ചപ്പാടുകള്‍ വിശദീകരിച്ചു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന വൈറ്റ്‌ ഹൗസിലെ ഈ വിശദീകരണ യോഗം പ്രതിനിധികളില്‍ പലര്‍ക്കും ഒരു പുതിയ അനുഭവമായിരുന്നു എന്ന്‌ ഫൊക്കാന ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌ അഭിപ്രായപ്പെട്ടു.
ഫൊക്കാന നേതാക്കള്‍ വൈറ്റ്‌ ഹൗസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക