Image

ഓ.സി.ഐ. കാര്‍ഡ് ആജീവനാന്ത വിസ അല്ല: തോമസ്‌ റ്റി ഉമ്മന്‍, അലക്സ് വിളനിലം കോശി

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 04 April, 2013
ഓ.സി.ഐ. കാര്‍ഡ് ആജീവനാന്ത വിസ അല്ല: തോമസ്‌ റ്റി ഉമ്മന്‍, അലക്സ് വിളനിലം കോശി
ന്യൂയോര്‍ക്ക്: ഓ.സി.ഐ. കാര്‍ഡ് ആജീവനാന്ത വിസയാണെന്നു തെറ്റിദ്ധരിച്ച് ആ കാര്‍ഡ് മാത്രം കൊണ്ട് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന് പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ തോമസ് ടി. ഉമ്മനും അലക്സ് വിളനിലം കോശിയും ഒരു സം‌യുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഓ.സി.ഐ. കാര്‍ഡിനെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പല പ്രസ്താവനകള്‍ ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഇരുവരും പറഞ്ഞു. 

ഓ.സി.ഐ. കാര്‍ഡും അതോടൊപ്പം നിങ്ങള്‍ക്ക് പൌരത്വമുള്ള രാജ്യത്തുനിന്നും ലഭിച്ച പാസ്പോര്‍ട്ടില്‍ "യു" വിസാ സ്റ്റിക്കറും ഉണ്ടെങ്കില്‍ മാത്രമേ ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. പഴയ പാസ്പോര്‍ട്ടിലാണ് "യു" വിസാ സ്റ്റിക്കര്‍ എങ്കില്‍ പഴയ പാസ്പോര്‍ട്ടും പുതിയ പാസ്പോര്‍ട്ടും ഓ.സി.ഐ. കാര്‍ഡും എല്ലാമായിട്ടു വേണം യാത്ര ചെയ്യുവാന്‍ .

ഇപ്പോഴത്തെ സ്ഥിതിയില്‍ ഓ.സി.ഐ. കാര്‍ഡ് എന്നാല്‍ ആജീവനാന്ത വിസ എന്നായിരുന്നു തുടക്കത്തില്‍ പ്രവാസികളെ ധരിപ്പിച്ചിരുന്നത്.  പക്ഷെ, ഓ.സി.ഐ. കാര്‍ഡിനോടൊപ്പം നമ്മുടെ പക്കലുള്ള അമേരിക്കന്‍, അല്ലെങ്കില്‍ പൗരത്വം സ്വീകരിച്ചിരിക്കുന്ന രാജ്യത്തെ,  പാസ്പോര്‍ട്ടില്‍ " യു "വിസ സ്റ്റിക്കര്‍ പതിക്കും . അതാണ്‌ വിസാ ആയി സ്വീകരിച്ചിരിക്കുന്നത് . 

ഓ.സി.ഐ. കാര്‍ഡ് റീ-ഇഷ്യൂ ചെയ്യണമെന്ന പുതിയ നിബന്ധന ഇന്ത്യാ ഗവണ്മെന്റ് കൊണ്ടുവരുന്നത് പിന്നീടാണ്. ഈ കാര്‍ഡ്  കാലാകാലങ്ങളില്‍ പുതുക്കണമെന്നോ അതിനായി വീണ്ടും പണം ചിലവഴിക്കണമെന്നോ ഒന്നും തന്നെ തുടക്കത്തില്‍ പറഞ്ഞിരുന്നില്ല. "ലൈഫ് ലോങ് വിസ" അഥവാ ആജീവനാന്ത വിസ എന്നാല്‍ കാലാവധി ഇല്ലാത്ത വിസ എന്നര്‍ത്ഥം (ഈ വിസയുടെ കാലാവധി 99 വര്‍ഷം ആണെന്നുകൂടി ഓര്‍ക്കുക). ലക്ഷക്കണക്കിനു പേരെക്കൊണ്ട് ഈ വിസ എടുപ്പിച്ചതിനു ശേഷം പിന്നീടാണ് ഇന്ത്യാ ഗവണ്മെന്റ് പുതിയ നിബന്ധനകളും നിയമങ്ങളുമൊക്കെ തട്ടിക്കൂട്ടിയെടുത്തത്. പ്രവാസികളെ ചൂഷണം ചെയ്ത് പണം തട്ടിയെടുക്കുക എന്ന ഒരൊറ്റ ഉദ്ദേശമേ ഈ പുതിയ നിബന്ധനകളിലൂടെ അവര്‍ ലക്ഷ്യമിടുന്നുള്ളൂ.   

ഈ പുതിയ നിബന്ധനക്കെതിരെയാണ് നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിക്കേണ്ടത്. പാസ്പോര്‍ട്ടില്‍ ഒട്ടിച്ചിരിക്കുന്ന "യു" വിസ ഓ.സി.ഐ. കാര്‍ഡിലേക്ക് മാറ്റുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ ആവശ്യം. അല്ലാത്തപക്ഷം ആ കാര്‍ഡിന് യാതൊരു വിലയുമില്ല. അതൊരു രജിസ്‌ട്രേഷന്‍ ബുക്ക് മാത്രമാണെന്ന അവകാശവാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. പി.ഐ.ഓ. കാര്‍ഡ് പ്രയോഗത്തില്‍ കൊണ്ടുവന്നതിനു ശേഷമാണ് ഓ.സി.ഐ. കാര്‍ഡ് അവതരിപ്പിച്ചത്. പി.ഐ.ഒ. കാര്‍ഡിനേക്കാള്‍ ഗുണകരവും വിശേഷണങ്ങളുമുള്ള ഓ.സി.ഐ. കാര്‍ഡ് എടുക്കുവാന്‍ അമേരിക്കയിലുടനീളം ഓ.സി.ഐ. ക്യാമ്പുകള്‍ സംഘടിപ്പിച്ച് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അതിന് പ്രേരിപ്പിച്ച് ഇന്ത്യാ ഗവണ്മെന്റിനേയും ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളേയും സഹായിക്കാന്‍ എല്ലാ സംഘടനകളും രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വഞ്ചനാത്മകമായ സമീപനമാണ് ഇന്ത്യാ ഗവണ്മെന്റില്‍ നിന്ന് പ്രവാസികള്‍ നേരിടുന്നത്. അത് അനുവദിച്ചു കൊടുത്തുകൂടാ. അവര്‍ പറഞ്ഞ വാക്കു പാലിക്കുകയും തെറ്റായ രീതിയില്‍ പ്രവാസികളെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുകയും വേണം. അതിനുവേണ്ടിയാകണം നാം ശബ്ദമുയര്‍ത്തേണ്ടത്. 

പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന നിബന്ധനകള്‍  ഒഴിവാക്കുവാന്‍ അധികാരികളോട് ആവശ്യപ്പെടുകയും നമ്മുടെ ആവശ്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുവാന്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുകയും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുവാന്‍ ഒരിക്കല്‍ കൂടെ അഭ്യര്‍ത്ഥിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pravasiaction.com
തോമസ്‌.റ്റി. ഉമ്മന്‍, അലക്സ് വിളനിലം കോശി 
(ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ )
ഓ.സി.ഐ. കാര്‍ഡ് ആജീവനാന്ത വിസ അല്ല: തോമസ്‌ റ്റി ഉമ്മന്‍, അലക്സ് വിളനിലം കോശി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക