Image

പ്രൊഫ. നളിനി അമ്പാടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരവസരം

Published on 04 April, 2013
പ്രൊഫ. നളിനി അമ്പാടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരവസരം

സാന്‍ഫ്രാന്‍സിസ്‌കോ : ജീവന്റെ നൂല്‍പ്പാലത്തിലൂടെയുള്ള യാത്രയില്‍ പ്രൊഫ. നളിനി അമ്പാടിക്ക് അടിയന്തിരമായി വേണ്ടത് അല്‍പം മജ്ജയാണ്(ബോണ്‍മാരോ). അതു കിട്ടിയാല്‍ സാമൂഹികശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. നളിയുടെ ജീവിത യാത്ര സുഗമമാകും.
ലോകത്തിലെ ഏറ്റവും മികച്ച സര്‍വകാലാശാലകളിലൊന്നായ സ്റ്റാന്‍ ഫോര്‍ഡില്‍ സോഷ്യല്‍ സൈക്കോളജി പ്രൊഫസറായ നളിനിയുടെ വീട്ടുകാരുടെയൊക്കെ മജ്ജ പരിശോധിച്ചിട്ട് ചേരുന്നില്ല. ബോണ്‍ മാരോ രജിസ്ട്രിയില്‍ പേര് ചേര്‍ത്തിട്ടുള്ള ഇന്ത്യക്കാര്‍ കുറവാണ് താനും. അവിടെ നിന്നും പറ്റിയ മാച്ച് കണ്ടെത്താന്‍ വിഷമം.
അതിനാല്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മജ്ജ കണ്ടെത്താനായി സമൂഹത്തിലേക്കിറങ്ങിയിരിക്കുന്നു.
ഇടക്കൊരല്‍പ്പം ജാതിക്കാര്യം. ഏറ്റവും യോജിച്ച മജ്ജ കിട്ടാന്‍ സാധ്യത മലയാളി നായന്മാരിലാണ്. അടുത്തസ്ഥാനം മൊത്തം മലയാളികള്‍. അവസാനം ഇന്ത്യക്കാര്‍. നായന്മാരും മലയാളികളും ഒന്നുണര്‍ന്നാല്‍ രണ്ടു പുത്രിമാരുടെ അമ്മയായ നളിനി രോഗാവസ്ഥ പൂര്‍ണ്ണമായി തരണം ചെയ്യും.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1991 ല്‍ സോഷ്യല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി. നേടിയ നളിനി അവിടെ കുറച്ചു കാലം അസേസിയേറ്റ് പ്രൊഫസറായി. ലോകത്തിലെ ഏറ്റവും മികച്ച രണ്ടു യൂണിവേഴ്‌സിറ്റികളില്‍ അധ്യാപികയാകുന്ന ചുരുക്കം ചിലരിലൊരാള്‍.
2004 ല്‍ അവര്‍ ടഫ്ട്‌സ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി. ആ വര്‍ഷം തന്നെ അക്യൂട്ട് മെലോജനസ് ലുക്കേമിയ(എ.എം.എല്‍) കണ്ടെത്തി. കീമോതെറാപ്പിയും മരുന്നുകളുമായി അതു കെട്ടടങ്ങി. 2011 ല്‍ സ്റ്റാന്‍ഫോര്‍ഡില്‍ പ്രൊഫസറും അമ്പാടി ലാബില്‍ മനുഷ്യ സ്വഭാവത്തെപ്പറ്റിയും മനസിനെപ്പറ്റിയും ഗവേഷണവും തുടര്‍ന്ന് വരുമ്പോഴാണ് പഴയ ഭീകരന്‍ വീണ്ടും തലപൊക്കിയത്. അതൊടെ ആ വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ സുഹൃത്തുക്കളും രംഗത്തിറങ്ങി.
സൈക്കോളജിയില്‍ ഏറെ ഉപയോഗിക്കുന്ന തിന്‍ സ്‌ളൈസസ്, ബ്ലിങ്ക് തുടങ്ങിയ പദങ്ങള്‍ ഡോ. നളിനിയുടെ ഗവേഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. തിന്‍ സ്‌ളൈസസ് എന്നത് ഒരാളെപ്പറ്റിയോ ഏതെങ്കിലുമൊരു കാര്യത്തെപ്പറ്റിയോ ഒറ്റനോട്ടത്തില്‍ തന്നെ നാം എത്തുന്ന തീരുമാനങ്ങളാണ്. പലപ്പോഴും അത് ശരിയാകാറുണ്ടെന്നും ഗവേഷണം സാക്ഷ്യപ്പെടുത്തുന്നു.
ചില സാമൂഹിക ധാരണങ്ങള്‍ മനുഷ്യ സ്വഭാവത്തെ എങ്ങനെ രൂപപ്പെടുത്തുമെന്ന് സംബന്ധിച്ചാണ് മറ്റൊരു ഗവേഷണം. സ്ത്രീകള്‍ പൊതുവെ കണക്കിന് മോശമാണെന്നാണ് വയ്പ്. അതുപോലെ ഏഷ്യക്കാര്‍ കണക്കിന് മെച്ചമാണെന്നും. ഇക്കാര്യം കുട്ടികളുടെ മനസില്‍ കയറിയാല്‍ അത് അവരുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നതായി അവരുടെ പഠനം തെളിയിക്കുന്നു. ഏഷ്യക്കാര്‍ കണക്കില്‍ മികവ് കാട്ടുമെന്ന് ഏഷ്യന്‍ കുട്ടികളോട് പറയുമ്പോള്‍ അവര്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നു. വനിതകള്‍ കണക്കില്‍ മോശമാണെന്ന് പറയുമ്പോള്‍ അതും അവരുടെ മികവിനെ ബാധിക്കുന്നു.
ഇത്തരം ഗവേഷണങ്ങള്‍ക്കെല്ലാം മന:ശാസ്ത്രം, ബിഹേവിയറല്‍ സയന്‍സ് തുടങ്ങിയവയിലെല്ലാം വലിയ പ്രാധാന്യമുണ്ട്.
അവരുടെ അമ്പതാം ജന്മദിനം പ്രമാണിച്ച് പുത്രിമാരായ മായയും ലിനയും 50 വരികളുള്ള കവിത എഴുതിയത് അവരുടെജീവിത ചിത്രീകരണമായി. വിവാഹാലോചനകള്‍ വന്നപ്പോള്‍ അമേരിക്കയില്‍ കോളേജ് അഡ്മിഷന്‍ നേടി രക്ഷപ്പെട്ട് അക്കാഡമിക് തലത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയ അമ്മയെയാണ് അവര്‍ ചിത്രീകരിക്കുന്നത്. ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുള്ള പ്രൊഫ. നളിനി ഏതാനും ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. പ്രസിഡന്‍ഷ്യല്‍ ഏര്‍ലി കരിയര്‍ അവാര്‍ഡ് ഫോര്‍ സയന്റിസ്റ്റ് ആന്‍ഡ് എന്‍ജിനിയേഴ്‌സ്(1999), അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ്, ബിഹേവിയറല്‍ സയന്‍സ് റിസര്‍ച്ച് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
വിവരങ്ങള്‍ക്ക് പ്രീതി മേത്ത, 617314 5810, മേരി ആന്‍ ജോസഫ്-617 966 1522.

Visit www.helpnalininow.org The site includes more details on how to organize your own drive, valuable information about AML, plus FAQs on registering, as well as information on the cities where more help is needed. 

പ്രൊഫ. നളിനി അമ്പാടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരവസരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക