Image

പെറ്റിക്കോട്ട്‌ ( തോമസ്‌ കെ. എബ്രഹാം)

Published on 07 April, 2013
പെറ്റിക്കോട്ട്‌ ( തോമസ്‌ കെ. എബ്രഹാം)
മാമ്മുക്കിനും പെരുപുഴയിലും ബര്‍മ്മാഷെല്‍ പമ്പുണ്ട്‌. അവിടത്തെ യന്ത്രത്തില്‍ ഒരോ ഗ്യാലന്റെ രണ്ടു കുപ്പിയും. താഴത്തെ പിടി തെക്കോട്ടും വടക്കോട്ടും താളത്തില്‍ ആട്ടിയാണ്‌ മേനാതോട്ടം ആശുപത്രിയിലെ ചവര്‍ലെറ്റ്‌ വാനിനും, ഈപ്പച്ചന്റെ മോറീസ്‌മൈനര്‍ ടാക്‌സിക്കും, മലേപ്പൊടിയന്റെ ബുള്ളറ്റിനും പെട്രോളടിക്കുന്നത്‌. സ്ഥിരമായുള്ള ഈ വ്യായാമം കാരണം പമ്പു പ്രവര്‍ത്തിപ്പിക്കുന്നവര്‍ നല്ല ഫയല്‍മാന്‍മാരും, കട്ടബൊമ്മന്മാരും, ഈട്ടിത്തടികളും ആയിരുന്നു. രവീന്ദ്രാ ഹോട്ടലിലെ പൊറോട്ടാ ഇറച്ചിക്കറിയും, പാലമ്മാമ്മയുടെ അപ്പം മുട്ടക്കറിയും കൂട്ടി തട്ടിയിരുന്നത്‌ ഇവരായിരുന്നു. നല്ല ആമ്പിയറായിരുന്നു. മോട്ടോര്‍ സൈക്കിളിന്‌ പെട്രോളടിക്കാന്‍ വരുന്ന മീശക്കാരന്‍ തങ്കച്ചന്റെ കയ്യില്‍ നിന്നൊക്കെ കാശുവാങ്ങി എടുക്കണമെങ്കില്‍ അല്‌പം തണ്ടും തടിയും വേണമായിരിക്കും.

ഈപ്പച്ചന്‍ ഗുഡ്‌ ബൈ പറഞ്ഞപ്പോള്‍ മകന്‍ കുഞ്ഞൂഞ്ഞ്‌ ലാന്‍ഡ്‌ മാസ്റ്ററും, കുറെക്കഴിഞ്ഞ്‌ ഹിന്ദുസ്ഥാനും, അവസാനം അംബാസഡറും വാങ്ങി ടാക്‌സി ഓടിച്ചു. മാരനും, കുഞ്ഞവറായും, കുഞ്ഞൂട്ടിയും പമ്പയാറ്റില്‍ വള്ളം പയലറ്റ്‌ ചെയ്‌തു. ചൊവ്വാഴ്‌ച്ചയും വ്യാഴാഴ്‌ച്ചയും പേട്ട ചന്തയില്‍ നിന്നും വെറ്റിലയും, ചക്കയും, ചേനയും, ചേമ്പും, കാച്ചിലും, കിഴങ്ങും മാന്നാറും, പടിഞ്ഞാറും, ആലപ്പുഴയും എത്തിച്ചു.

മന്ദമരുതിയില്‍ ഇടിക്കുളയും, റാന്നിയില്‍ ചാണ്ടിയും ഭാര്യ അച്ചമ്മയും, ഡേവിഡും, ചുമയും പിത്തവുമായി വരുന്നവരെ കുത്തിവച്ചും, മഹാവ്യാധിക്കാരെ കത്തിവച്ചും ചികിത്സിച്ചു. സ്‌കാനിംഗും, എം.ആര്‍.ഐയും, പെതഡിനും ഇല്ലാതെ സാമാന്യം ഭംഗിയായി വൈദ്യവൃത്തി നടത്തി. കുറേപ്പേര്‍ തട്ടിപ്പോയി. ശേഷിച്ചവര്‍ രോഗം ഭേദമായി ചവര്‍ലെറ്റിലോ, മോറിസ്‌മൈനറിലോ വീട്ടിലേക്ക്‌ മടങ്ങി. കുറച്ചുകുട്ടികള്‍ക്കെങ്കിലും അവധിക്കാലം ആശുപത്രിയില്‍ ചെലവഴിക്കാനും, വണ്ടിയില്‍ തിരിച്ചുവരാനും ഭാഗ്യം ലഭിച്ചിരുന്നു.

വയസ്സന്മാരും, വയസ്സികളും കൂടുതല്‍ ആശ്രയിച്ചിരുന്നത്‌ ചെട്ടിമുക്കിലെ കഷായാശുപത്രിയെയാണ്‌. രോഗം പറഞ്ഞാല്‍ ആശുപത്രി മെയ്‌ഡ്‌സ്‌ ജാനകിയോ, കാര്‍ത്യാനിയോ വിവിധകുപ്പികളില്‍ നിന്നും കൂട്ടിക്കലര്‍ത്തി രണ്ടുദിവസത്തേക്ക്‌ കഷായം തരും. ചിലപ്പോള്‍ തൈലവും കിട്ടും. കഷായം പുക അടിക്കുന്ന സ്ഥലത്ത്‌ സൂക്ഷിക്കണം. വൈദ്യനെ അപൂര്‍വ്വമായേ കാണാന്‍ കിട്ടൂ. കണ്ടാല്‍ ഒരുരൂപാ നോട്ട്‌ കൊടുത്ത്‌ ലോട്ടറി എടുത്തുകൊള്ളണം, ഒരുലക്ഷം ചിലപ്പോള്‍ കൂടെപ്പോരും. കഷായം കിട്ടിയവര്‍ക്ക്‌ വിശാലമായ വരാന്തയിലിരുന്ന്‌ വിശേഷങ്ങള്‍ പങ്കുവയ്‌ക്കാം, ഹൃദയങ്ങള്‍ കൈമാറാം. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ചിലരുടെ ആട്ടുകൊള്ളാം. കഷായാശുപത്രി ബോറടിക്കുമ്പോള്‍ ചെത്താങ്കര മൃഗാശുപത്രിയും, പെരുമ്പുഴ സര്‍ക്കാരാശുപത്രിയും ഉണ്ട്‌. അവിടെയും പല പരിചയക്കാര്‍ കാണും.

കഷായാശുപത്രിയുടെ സമീപത്താണ്‌ കുടിപ്പള്ളിക്കൂടം. ഓലപ്പള്ളിക്കൂടമെന്നും പറയും. സര്‍വ്വത്ര ഓലമയമാണ്‌. പൂജയെടുപ്പിന്‌ കുട്ടികള്‍ക്ക്‌ എഴുത്തിനിരിക്കാം. ഒരു പാക്കും, ഒരു രൂപാത്തുട്ടും വെറ്റിലക്കകത്തുവച്ചുകൊടുത്താല്‍ അഡ്‌മിഷനായി. ആശാന്‍ വെറ്റില രണ്ടുകണ്ണിലും പറ്റിച്ചശേഷം പൈസാ പോക്കറ്റിലാക്കും. പഴയ പത്രവും നാഴിയരിയുമായാണ്‌ ആദ്യദിവസം കുട്ടികള്‍ വരുന്നത്‌. പത്രം നിലത്തുവിരിച്ചിട്ട്‌ അരി നിരത്തി ചൂണ്ടുവിരലില്‍ പിടിച്ച്‌ `ഹരി ശ്രീ ഗണപതായേ നമ: എന്ന്‌ ആശാന്‍ എഴുതിപ്പിക്കും. സ്വാതന്ത്ര്യത്തിന്റെ അവസാന ദിവസമാണ്‌. സ്‌മരണക്കായി അന്ന്‌ അവലും, പഴവും തരും. അരിയും പത്രവും ആശാനെടുക്കും.

മണല്‍ വിരിച്ച തറയില്‍ ഓലക്കിടയിലൂടെ എത്തുന്ന സൂര്യന്‍ തീര്‍ത്ത പൂമെത്തയില്‍ ഓലക്കീറിലാണ്‌ കുട്ടികളുടെ സ്ഥാനം. ആശാന്‌ അല്‌പം പൊക്കമുള്ള ഒരു കുരണ്ടിയുണ്ട്‌. നാടാന്റെ കയ്യില്‍ നിന്നും വാങ്ങിയ ഓലയുടെ തുമ്പെടുത്ത്‌ ആശാനൊരു കെട്ടിടും. സര്‍ സി.വി.രാമന്റെ തലേക്കെട്ടുപോലെ ഒരെണ്ണം. മറ്റേ വശത്ത്‌ ചരടിനായി ഒരു ദ്വാരവും.

അന്ന്‌ പഠിക്കുവാനുള്ള അക്ഷരം മണലില്‍ എഴുതിത്തരും. കയ്യില്‍ പിടിച്ച്‌ എഴുതിപ്പിക്കും. കുട്ടികള്‍ മണലില്‍ എഴുതിപ്പഠിക്കണം. എഴുതുന്നവരും അതിനു ശ്രമിക്കുന്നവരും, ശ്രമിക്കാത്തവരും, അവിടുന്ന്‌ ഇറങ്ങി ഓടാന്‍ ശ്രമിക്കുന്നവരുമായി പത്തിരുപത്തെട്ടുപേരുണ്ടായിരുന്നു കുട്ടികള്‍. സമയം ഉച്ചയും, വെയില്‍ ഉച്ചിയിലും ആകുമ്പോള്‍ അന്നു പഠിച്ച അക്ഷരം ആശാന്‍ നാരായം ഉപയോഗിച്ച്‌ ഓലയില്‍ എഴുതിത്തരും. നന്നായി പഠിക്കുന്നവര്‍ക്ക്‌ നാളത്തെ പാഠം കൂടി എഴുതിക്കൊടുക്കും. ഭൂരിപക്ഷം പാഠം കിട്ടാത്തവര്‍. പാഠമെന്നാല്‍ ഗൃഹപാഠം തന്നെ. കിട്ടാത്തവര്‍ ഭാഗ്യവാന്മാര്‍.

കിഴുക്കോ, ഈര്‍ക്കിലി കഷായമോ അന്നില്ല. ചൂണ്ടുവിരല്‍ മണലില്‍ പിടിച്ച്‌ രണ്ട്‌ ഒര. ഒര കിട്ടിയവരില്‍ ചിലര്‍ പിറ്റേന്ന്‌ പള്ളിക്കുടത്തില്‍ പോകാന്‍ നേരം ഒരപ്പുരയില്‍ ഒളിച്ചു. ഒളിസേനയെ പിടികൂടി ആശാന്റെ അടുക്കലെത്തിക്കുന്നത്‌ വീട്ടില്‍ ഒരു പണീമില്ലാത്തവരുടെ ജോലിയാണ്‌. ആശാന്‍ പുറത്തെവിടെയെങ്കിലും പോയാലുടന്‍ മുതിര്‍ന്ന കുട്ടികള്‍ കൈ തറയില്‍ കമിഴ്‌ത്തിവച്ച്‌

`അത്തിള്‍ ഇത്തിള്‍ പറങ്കീ പാളേ
ചട്ടുമ ചിട്ടുമ ചള്‍'
എന്നൊരു കളി തുടങ്ങും. ഉറുമ്പുറുമ്പും ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ കല്ലുകൊത്തും. അവരുടെ വേഷം മുട്ടിനുതാഴെയെത്തുന്ന ഫ്രോക്കായിരുന്നു. മിക്കവാറും അതിനടിയില്‍ പെറ്റിക്കോട്ട്‌ അല്‌പം കൂടി താഴേക്ക്‌ ഇറങ്ങിക്കിടക്കും. രണ്ടും മൂന്നും വര്‍ഷം ഉപയോഗിക്കുവാന്‍ പാകത്തിലാണ്‌ പെറ്റിക്കോട്ടിന്റെ നിര്‍മ്മിതി. പുതിയ ഫ്രോക്കിടുന്നവര്‍ കുറവ്‌. ചേച്ചിയുടേയോ, മുതിര്‍ന്ന വല്ല സ്വന്തക്കാരുടേയോ പഴയതായിരിക്കും മിക്ക കുട്ടികള്‍ക്കും. ആണ്‍കുട്ടികളുടെ നിക്കറിന്‌ പലപ്പോഴും ബട്ടണ്‍സും മൂടും കാണില്ല. പോസ്റ്റാഫീസ്‌ തുറന്നുകിടക്കും.

`ടക്ക്‌ ടക്ക്‌ ജാനകി
വെള്ളം കോരാന്‍ പോയപ്പോള്‍
അക്കരെനിന്നൊരു സായിപ്പ്‌
കണ്ണടിച്ചുകാണിച്ചു.'

ഇതൊക്കെ പഠിച്ചാല്‍, വീട്ടില്‍ പോയി ഈണത്തില്‍ പാടാം, സമ്മാനം ഉറപ്പാക്കാം.

ശബരിഗിരി ജലവൈദ്യുത പദ്ധതി 1975-ല്‍ കമ്മീഷന്‍ ചെയ്യുന്നതുവരെ കര്‍ക്കിടകത്തിലും തുലാമാസത്തിലും കൃത്യമായി എത്തുന്ന വെള്ളപ്പൊക്കം, പിണ്ടിച്ചെങ്ങാടത്തിലും, ചെറുവള്ളത്തിലും ആഘോഷിച്ചു.

`വെള്ളം വരവല്ലോ സുഖപ്രദം
ഇറക്കം ദു:ഖമാണുണ്ണികള്‍ക്ക്‌'

ഓലപ്പള്ളിക്കൂടം വിട്ടുവരുമ്പോള്‍ പീലിച്ചേട്ടന്‍ അരി, പലചരക്ക്‌, തുടങ്ങിയ സാധനങ്ങളുമായി കാളവണ്ടി ഡ്രൈവ്‌ചെയ്‌തുവരുന്നത്‌ ചിലപ്പോള്‍ കാണാം. കയ്യിലിരിക്കുന്ന ഓലക്കെട്ട്‌ വണ്ടിയില്‍ വച്ചിട്ട്‌ പിന്നോട്ടുന്തിനില്‍ക്കുന്ന മരക്കാലില്‍, കാല്‍ നിലത്തുമുട്ടിക്കാതെ തൂങ്ങിക്കിടന്നുള്ള യാത്രാസുഖം റോള്‍സില്‍ കയറിയാലും കിട്ടില്ല. വണ്ടി കാലിയായിപ്പോകുമ്പോള്‍ കുട്ടികള്‍ക്ക്‌ ഫ്രീ ലിഫ്‌റ്റൊക്കെ ചിലപ്പോള്‍ കിട്ടിയിരുന്നു.

ഒരു പീക്കിരി വടിയുമായി ആനയെ കൊണ്ടുനടക്കുന്ന പാക്കരനും, ഏതാഴമുള്ള കിണറ്റിലും ഇറങ്ങുന്ന മാതവനും, ഭീമന്‍മരങ്ങള്‍ ഈസിയായി വെട്ടിയിടുന്ന പരമനും, പമ്പയാറ്റില്‍ നിന്നും പെടപെടക്കുന്ന മീനിനെക്കൊണ്ടുവരുന്ന ചമ്പകവും, നാരങ്ങാമിഠായി വില്‍ക്കുന്ന നാരായണനും ഞങ്ങളുടെ കുടിപ്പള്ളിക്കൂടത്തിന്റെ അലൂമിനി ആയിരുന്നു.

ഒ.വി.വിജയന്‍ രവിയെ ഖസാക്കിലേക്ക്‌ യാത്രയാക്കുന്നതിനും മുന്‍പ്‌, പണ്ട്‌ പണ്ട്‌ ഞങ്ങളുടെ ഏകാദ്ധ്യാപക വിദ്യാലയം ഉണ്ടായിരുന്നു. എണ്‍പതുകളുടെ ആരംഭത്തില്‍ ഓലപ്പള്ളിക്കൂടത്തിന്റെ ഓഹരികളെല്ലാം ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ നിന്നും നഴ്‌സറി സ്‌കൂളുകാര്‍ വിലയ്‌ക്കുവാങ്ങി. സ്‌കൂളിരുന്ന സ്ഥലത്ത്‌ ഇപ്പോള്‍ `വിജയാ ടീഷാപ്പ്‌' പ്രവര്‍ത്തിക്കുന്നു. കുട്ടികളെല്ലാം തൊട്ടടുത്ത നഴ്‌സറിയിലാണ്‌.

`യേശുവിലാണെന്‍ വിശ്വാസം
കീശയിലാണെന്‍ ആശ്വാസം'

കുഞ്ഞുണ്ണിമാഷിന്‌ വണക്കം.

തോമസ്‌ കെ. എബ്രഹാം
ബി.എസ്‌.സി. സുവോളജി 1974-77
ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍, കൊല്ലം
9497519227 thomaskandanattu@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക