Image

ഇന്ത്യയുടെ വിദേശ നയം (കൈരളി ന്യൂയോര്‍ക്ക്‌)

Published on 06 April, 2013
ഇന്ത്യയുടെ വിദേശ നയം (കൈരളി ന്യൂയോര്‍ക്ക്‌)
വാര്‍ത്ത: അമേരിക്കയുടെ ഇറാനെതിരേയുള്ള കര്‍ശന സാമ്പത്തിക ഉപരോധം നിമിത്തം, ഇറാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ കപ്പലിന്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ നല്‍കില്ലെന്ന്‌ ലോയ്‌ഡ്‌സ്‌ ഓഫ്‌ ലണ്ടന്‍ ഉള്‍പ്പെട്ട ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ അറിയിച്ചു.

ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ ഇന്ത്യയ്‌ക്ക്‌ യാതൊരു മാര്‍ഗ്ഗവുമില്ലേ? ഇസ്രായേലിന്റെ പോളിസി നടപ്പിലാക്കാന്‍ ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ത്യാഗം സഹിക്കണോ?

സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന, ഇന്ത്യയുടെ അപകര്‍ഷതാബോധത്തിന്‌ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും മാറ്റം അനിവാര്യം. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പോളിസിക്കു മുന്നില്‍ ഇന്ത്യ ഒരിക്കലും മുട്ടു മടക്കരുത്‌. ഇന്ത്യയുടെ നയം അതായിരിക്കണം.

ആദ്യം ഇസ്രായേലിന്റെ പ്രശ്‌നം തന്നെ എടുക്കാം. അവിടെ ശാശ്വതമായ സമാധാനം കണ്ടെത്താന്‍ ഇസ്രായേല്‍ തയാറായില്ലെങ്കില്‍ ഇസ്രായേലിന്റെ നിലനില്‍പ്‌ തന്നെ ചോദ്യം ചെയ്യപ്പെടും എന്ന്‌ ഉറച്ച ശബ്‌ദത്തില്‍ പ്രസിഡന്റ്‌ ഒബാമ രണ്ടാഴ്‌ച മുമ്പ്‌ ജെറുശലേമില്‍ പ്രഖ്യാപിച്ചിരിക്കെ, ശാശ്വത സമാധാനം കൈവരിക്കാന്‍ തയാറാകുന്നതിനുപകരം ഇറാന്റെ മേല്‍ സാമ്പത്തിക ഉപരോധവുമായി എന്തിനു മെക്കിട്ടുകയറുന്നു. ഇസ്രായേലിന്റെ ഈ നീക്കം ലോക സമാധാനത്തിനു ഭീഷണിയാണെന്നുള്ളതില്‍ യാതൊരു തര്‍ക്കവുമില്ല. ഇതു മനസിലാക്കാനുള്ള കഴിവും ഇന്ത്യയ്‌ക്കുണ്ടാകണം.

1967-ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത സ്ഥലം മുഴുവനോ പകുതിയോ തങ്ങള്‍ക്കുവേണമെന്നാണ്‌ പലസ്‌തീനിയന്‍സ്‌ ആവശ്യപ്പെടുന്നത്‌. അതില്‍ തെറ്റെന്തിരിക്കുന്നു?

സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ക്കു മുഴുവന്‍ ആണവായുധങ്ങള്‍ ഉണ്ടാക്കാം. എന്തുകൊണ്ട്‌ ഇന്ത്യയ്‌ക്കും പാക്കിസ്ഥാനും കൊറിയയ്‌ക്കും ഇറാനും സാധ്യമല്ല?

ആയുധ കമ്പോളത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ അമേരിക്ക. ആ അമേരിക്ക ഇറാനെ കുറ്റപ്പെടുത്തുന്നു- അവര്‍ സിറിയയ്‌ക്ക്‌ ആയുധം നല്‍കിയെന്ന്‌! ഇചത്രയും കുറിച്ചപ്പോള്‍ പ്രിയ വായനക്കാര്‍ ചിന്തിച്ചു കാണും ഈ ലേഖനം അമേരിക്കയ്‌ക്കെതിരാണെന്ന്‌. തീര്‍ച്ചയായും അല്ല. മറിച്ച്‌ ഇസ്രായേലിനുവേണ്ടി ഇറാക്കിനെ ആക്രമിക്കാന്‍ പോയ അമേരിക്കയ്‌ക്ക്‌ ഉടുതുണി പോലും നഷ്‌ടപെട്ടാണ്‌ അവിടെനിന്നും കരപറ്റിയത്‌. ആ അമേരിക്ക ഇസ്രായേല്‍ പറയുന്നതുകേട്ട്‌ ഇനിയും ഗള്‍ഫില്‍ മറ്റൊരു യുദ്ധത്തിന്‌ കോപ്പുകൂട്ടിയാല്‍ അമേരിക്കയുടെ സ്ഥിതി എന്താകും?

ഒരിക്കല്‍ ഇതു സൂചിപ്പിച്ചതാണ്‌. വീണ്ടും കുറിക്കുന്നു. ഇന്ത്യയുടെ വിദേശനയം പുനപരിശോധിക്കണം. ലോകത്തിന്റെ നല്ല ഭാഗങ്ങളെല്ലാം സായിപ്പിന്റെ കൈയ്യിലാണ്‌. ഓസ്‌ട്രേലിയ മുഴുവന്‍, ന്യൂസിലാന്റ്‌, ഗ്രീന്‍ലാന്റ്‌, കാനഡ, അര്‍ജന്റീന, അമേരിക്ക തുടങ്ങി ലോകത്തിന്റെ നല്ല ഭാഗങ്ങളെല്ലാം കൈയ്യിലിരിക്കെ, അല്‍പം എണ്ണയുടെ കുറവുണ്ട്‌. അതു നികത്താന്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍കൂടി തങ്ങളുടെ വരുതിയില്‍ വരുത്തുക. തങ്ങള്‍ പറയുംപോലെ എല്ലാവരും അനുസരിക്കുക. ഇതല്ലേ അവരുടെ നയം?

ഈ നീക്കത്തിനു തടയിട്ടില്ലെങ്കില്‍ ഭാവിയില്‍ സൂചികൊണ്ട്‌ എടുക്കേണ്ടത്‌ തൂമ്പകൊണ്ട്‌ എടുക്കേണ്ടിവരും.

കഴിഞ്ഞയുടെ വളരെ വിമ്മിഷ്‌ടപ്പെട്ടാണെങ്കിലും ഇസ്രായേലിന്റെ തലസ്ഥാനത്തുനിന്നു ഒബാമ ഇങ്ങനെ പറഞ്ഞു: `ഇറാന്‍ അണുബോംബ്‌ നിര്‍മ്മിക്കണമെങ്കില്‍ ഇനിയും ഒരു വര്‍ഷമെടുക്കും. അതുകൊണ്ട്‌ ധൃതിപിടിച്ച്‌ ഇറാനുമേല്‍ ബോംബുവര്‍ഷിച്ചിട്ട്‌ കാര്യമില്ല. ഈ അഭിപ്രായത്തെ ഒന്നു പിന്താങ്ങുകയെങ്കിലും ഇന്ത്യയ്‌ക്കു ചെയ്‌തൂകൂടെ? റഷ്യയും ചൈനയും ഏതാണ്ട്‌ ഇറാനെ പിന്തുണയ്‌ക്കുന്നുണ്ട്‌. അവരുടെ പിറകിലെങ്കിലും ചെറിയൊരു പിന്തുണയുമായി ഇന്ത്യയ്‌ക്കു നിന്നുകൂടെ?

ഇന്ത്യയുടെ നപുംസക മനോഭാവത്തിന്‌ മാറ്റം വരണം. 1974-ല്‍ ഇന്ദിരാ ഗാന്ധി അണുബോംബ്‌ പരീക്ഷിച്ചു. വരുന്നിടത്തുവെച്ചു കാണാം- അതല്ലായിരുന്നോ ഇന്ദിരയുടെ നയം?. അമേരിക്ക ഉള്‍പ്പെട്ട രാജ്യങ്ങള്‍ സാമ്പത്തിക ഉപരോധത്തിലുപരി ന്യൂക്ലിയര്‍ ഫ്യൂവല്‍ വരെ ഉപരോധിച്ചു. എന്നിട്ട്‌ എന്തുണ്ടായി , പട്ടിണി കിടന്നു നരകിച്ച രാജ്യത്തിന്‌ ഒരു ചുക്കും സംഭവിച്ചില്ല. മറിച്ച്‌ ഇന്ദിരാഗാന്ധിയും, തുടര്‍ന്നു വന്ന വാജ്‌പേയിയും ന്യൂക്ലിയര്‍ പരീക്ഷണത്തിന്‌ തയാറായിരുന്നില്ലെങ്കില്‍, ഇന്ത്യയുടെ സ്ഥിതി ഇറാന്റേയും ഇറാക്കിന്റേയും പിന്നിലാകുമായിരുന്നില്ലേ? ഇന്ത്യയുടെ വിദേശ നയം തെക്കുകിഴക്കന്‍ ഏഷ്യയുടേയും മദ്ധപൂര്‍വ്വ ഏഷ്യയേയും പുരോഗതിയില്‍ ഊന്നിയുള്ളതാവണം. അവിടെയാണ്‌ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ അധികവും.

സായിപ്പിനെ ഇനിയും മനസിലാക്കണം. സമാധാനത്തില്‍ വിശ്വസിക്കാത്തവരാണവര്‍. ഇവിടെത്തന്നെ ഗണ്‍കണ്‍ട്രോളിനുവേണ്ടി വാദിക്കുന്നവരെ ശ്രദ്ധിക്കൂ. പബ്ലിക്‌ സ്ഥലങ്ങളില്‍ പോലും എ.കെ-47 കൊണ്ടു നടക്കുന്നതില്‍ തെറ്റില്ല എന്നു വാദിക്കുന്നവരാണ്‌ ഏറെയും. അതേസമയം, ഇറാന്‌ ആയുധം പാടില്ല എന്നു വാദിക്കാനും മറക്കുന്നില്ല. എന്തൊരു വൈരുദ്ധ്യം!

ഇറാനെതിരേയുള്ള ഉപരോധത്തിന്റെ ഭാഗമായി ഇന്ത്യയ്‌ക്ക്‌ ഇറാനില്‍ നിന്ന്‌ എണ്ണ കിട്ടില്ല എന്ന സ്ഥിതിവിശേഷം ഒന്നാലോചിച്ചുനോക്കൂ? പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഒന്നിച്ചുനിന്നല്ലേ തങ്ങളുടെ നയം ലോകത്തെമ്പാടും അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത്‌. ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക്‌ ഇതിലൊന്നും യാതൊരു വിഷമവുമില്ല.

ലോയ്‌ഡ്‌സ്‌ ഓഫ്‌ ലണ്ടന്‍ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ നല്‍കിയില്ലെങ്കില്‍ എന്തുകൊണ്ട്‌ അതുപോലൊരു ഇന്‍ഷ്വറന്‍സ്‌ കമ്പനി രൂപപ്പെടുത്താന്‍ ഇന്ത്യയ്‌ക്ക്‌ സാധിക്കുന്നില്ല.

കഴിഞ്ഞ ദിവസം ബ്രിക്‌സ്‌ രാജ്യങ്ങളുടെ കോണ്‍ഫറന്‍സ്‌ (റഷ്യ, ചൈന, ഇന്ത്യ, സൗത്ത്‌ ആഫ്രിക്ക, ബ്രസീല്‍ ഈ രാജ്യങ്ങളാണ്‌ അംഗങ്ങള്‍) നടന്നു. ഈ കോണ്‍ഫറന്‍സിലെങ്കിലും ഇങ്ങനെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച്‌ പരിഹാരം കണ്ടെത്തിക്കൂടെ?

ഇന്ത്യയ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ സാധിക്കുന്നില്ലെങ്കില്‍, ഈ രാജ്യങ്ങളുടെ കൂട്ടായ്‌മയോടെ ലോയ്‌ഡ്‌സ്‌ പോലൊരു ഇന്‍ഷ്വറന്‍സ്‌ കമ്പനി രൂപീകരിക്കണം. പകരം ഇറാനില്‍ നിന്നും ഇനി ഓയില്‍ കിട്ടില്ല. ഇനി എന്തു ചെയ്യും എന്നതായിരിക്കരുത്‌ ഇന്ത്യയുടെ നയം.

ലോയ്‌ഡ്‌സ്‌ ഓഫ്‌ ലണ്ടന്‍ ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ നിര്‍മ്മിതിയാണ്‌. അവരാണ്‌ വിമാനം മുതല്‍ ഡയമണ്ട്‌, ഷിപ്പിംഗ്‌ ലൈന്‍ മുതലായ വിലപ്പെട്ട പലതും ഇന്‍ഷ്വര്‍ ചെയ്യുന്നത്‌. യഥാര്‍ത്ഥത്തില്‍ അതൊരുതരം ഗ്യാംബ്ലിംഗ്‌ ആണ്‌.

എത്ര ഷിപ്പിംഗ്‌ ലൈനാണ്‌ ഒരുവര്‍ഷം മുങ്ങിപ്പോകുന്നത്‌.? എത്രയെത്ര വിമാനങ്ങളാണ്‌ മൂക്കുകുത്തി വീഴുന്നത്‌? ഇതിനെല്ലാം കണക്കുകള്‍ ഉണ്ട്‌. അതുംപ്രകാരമാണ്‌ ഓരോ കപ്പലിനും പരിരക്ഷ നല്‍കുന്നത്‌.

അവര്‍ക്കതാകുമെങ്കില്‍ ശ്രമിച്ചാല്‍ ഇന്ത്യയ്‌ക്കും സാധിക്കും. ഇന്ത്യയ്‌ക്കുവെളിയിലുള്ള ധനികര്‍ വിചാരിച്ചാല്‍ നിഷ്‌പ്രയാസം നടത്താം. അവര്‍ മുടക്കുന്ന മൂലധനത്തിനു പലിശ ഒഴിവാക്കി കൊടുക്കണം. പകരം ജനങ്ങളുടെ മേല്‍ പെട്രോളിന്റെ അമിതവില അടിച്ചേല്‍പ്പിക്കുകയാണോ വേണ്ടത്‌.

ഇനി വേറൊരു വിധത്തില്‍ ചിന്തിക്കാം. ഇറാനെ ഇസ്രായേല്‍ ആക്രമിച്ചെന്നിരിക്കട്ടെ- ഭവിഷ്യത്തെന്താകും. സൗദിയില്‍ നിന്നു തൊഴിലാളികളെ പറഞ്ഞുവിടും എന്ന്‌ അറിഞ്ഞതോടെ വിഷാദം ഉടലെടുത്തു. ആ സ്ഥിതിക്ക്‌ അവിടെ യുദ്ധമുണ്ടായാല്‍, അവിടെയുള്ള ഇന്ത്യക്കാരുടെ സ്ഥിതി എന്താകും? വരുംവരാഴ്‌കകള്‍ പറഞ്ഞു മനസിലാക്കി ഒരു കലാപം ഒഴിവാക്കാനുള്ള എല്ലാ ശ്രമവും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാവണം. ഇറാനെ സംബന്ധിച്ചടത്തോളം അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വിഷയമാണ്‌ അണ്വായുധം. അവരെ അതില്‍ നിന്നു പിന്തിരിപ്പിക്കുക എന്നു പറയുന്നത്‌ ലോകത്തില്‍ ഒരു ശക്തിക്കും സാധ്യമല്ല. എങ്കില്‍ പിന്നെ യുദ്ധമാണ്‌ ഒരേയൊരു പോംവഴി എന്നു തീരുമാനിച്ചാല്‍ അതിനെ മാനവികതയ്‌ക്കെതിരായ നീക്കമായിട്ടുവേണം കരുതാന്‍!

അമേരിക്ക ഇനി ഒരു അങ്കത്തിന്‌ തയാറായേക്കില്ല. ഒരു പക്ഷെ ഇസ്രായേല്‍ അവരെ വലിച്ചിഴക്കാന്‍ ശ്രമിച്ചാല്‍ അതിനു ബദലായി റഷ്യയോടും ചൈനയോടുമൊപ്പം നില്‍ക്കാന്‍ ഇന്ത്യ തയാറാവണം. അതേസമയം ഇസ്രായേലില്‍ ശാശ്വത സമാധാനം സ്ഥാപിക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച ആശയങ്ങള്‍ക്ക്‌ ഉറച്ച സ്വരത്തില്‍ പിന്തുണ പ്രഖ്യാപിക്കാനും ഇന്ത്യയ്‌ക്കാകണം. ഏതുവിധേനയും യുദ്ധം ഒഴിവാക്കാനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകണം. അവിടെയാണ്‌ അന്താരാഷ്‌ട്രതലത്തില്‍ ഇന്ത്യയുടെ യശ്ശസുയരുക. വെറുതെ ഇന്ത്യ ഷൈന്‍ ചെയ്യുന്നു എന്നു പറഞ്ഞിട്ടു കാര്യമില്ല. എതായാലും പട്ടിണിയാണ്‌- മേലു കീഴു നോക്കിയിട്ടും കാര്യമില്ല. വരുംവരാഴ്‌കകള്‍ മനസിലാക്കി പ്രവര്‍ത്തിക്കുക. അതായിരിക്കണം ഇന്ത്യയുടെ നയം.

ജയ്‌ഹിന്ദ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക