Image

റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ മാര്‍ക്ക്‌ ഓണം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 20 September, 2011
റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ മാര്‍ക്ക്‌ ഓണം ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി (മാര്‍ക്ക്‌) അതിവിപുലമായ പരിപാടികളോടും, കരവള്ളി ഇന്ത്യന്‍ റെസ്റ്റോറന്റ്‌ ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയോടും കൂടി ഓണം ആഘോഷിച്ചു. ക്ലാര്‍ക്ക്‌സ്‌ടൗണ്‍ റീഫോം ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ ഓണപ്പൂവിടലിനുശേഷം ഓണാഘോഷത്തിന്‌ തുടക്കംകുറിച്ചു. മാവേലി മന്നനെ തായമ്പകയുടേയും, താലപ്പൊലിയുടേയും അകമ്പടിയോടെ സ്വീകരിച്ചു.

പൂവിളിയും ആര്‍പ്പും തായമ്പകയും വിജയന്‍ നായരുടെ മഹാബലിയും ഒത്തുചേര്‍ന്നപ്പോള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന പ്രതീതി അനുഭവപ്പെട്ടു. തുടര്‍ന്ന്‌ ഏഴുതിരിയിട്ട നിലവിളക്കില്‍ മുഖ്യാതിഥി പി.ജെ ജോസഫ്‌ (തോമസ്‌ മാഷ്‌), റവ.ഫാ.ഡോ. പോള്‍ പൂവത്തിങ്കല്‍, മാര്‍ക്ക്‌ പ്രസിഡന്റ്‌ തോമസ്‌ അലക്‌സ്‌, ഫോമാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ എം.എ മാത്യു, സെക്രട്ടറി എല്‍സി ജൂബ്‌, പുതുതലമുറയെ പ്രതിനിധീകരിച്ച്‌ എഡ്വിന്‍ മാത്യു, നികിതാ ജോസഫ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം തെളിച്ചുകൊണ്ട്‌ കലാപരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു.

പ്രസിഡന്റ്‌ തോമസ്‌ അലക്‌സ്‌ ഓണസന്ദേശം നല്‍കിക്കൊണ്ട്‌ സ്വാഗതം ആശംസിക്കുകയും, പുതു തലമുറയ്‌ക്കായി ഓണത്തിന്റെ ഓര്‍മ്മകളെക്കുറിച്ച്‌ പ്രതിപാദിച്ചുകൊണ്ട്‌ മൂന്ന്‌ അടി മണ്ണ്‌ ദാനം ചെയ്യാനുള്ള വാഗ്‌ദാനം നിറവേറ്റുന്നതില്‍ - മൂന്നാമത്തെ അടിക്കുള്ള സ്ഥലം തികയ്‌ക്കുവാന്‍ ശിരസ്‌ കുനിച്ചുകൊണ്ട്‌ വാക്കു പാലിച്ചതിലുള്ള വിനയവും ആദര്‍ശശുദ്ധിയും കാണിച്ചതിലൂടെ തനിക്കുള്ളതെല്ലാം ഈശ്വരന്‍ തന്നതാണെന്നും, അത്‌ ഈശ്വരന്‌ തിരിച്ചുകൊടുക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞ മഹാബലി തമ്പുരാന്റെ ദിവ്യജ്ഞാനത്തെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കുകയും, നമുക്കും ഈ ഓണക്കാലത്ത്‌ ഒരു സ്വയം വിലയിരുത്തല്‍ ആവശ്യമാണെന്നും, ഈശ്വരന്‌ വേണ്ടത്‌ നമ്മുടെ സ്വത്തല്ല, നമ്മുടെ ഹൃദയശുദ്ധിയോടെയുള്ള പെരുമാറ്റമാണെന്നും, അതാണ്‌ നമ്മള്‍ ദൈവത്തിന്‌ സമര്‍പ്പിക്കേണ്ടതും. അങ്ങനെ ഹൃദയശുദ്ധിക്കായി ശ്രമിക്കാം. അതായിരിക്കട്ടെ നമ്മുടെ ഓണ പ്രതിജ്ഞയെന്നും ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ഈ അവസരത്തില്‍ സെപ്‌റ്റംബര്‍ 11-ന്റെ പത്താം വാര്‍ഷികത്തില്‍ അതിന്റെ കെടുതികളെ വേദനാപൂര്‍വ്വം സ്‌മരിക്കുകയും ജീവന്‍ വെടിഞ്ഞ ആയിരങ്ങള്‍ക്കുവേണ്ടി മൗനപ്രാര്‍ത്ഥന നടത്തുകയും ചെയ്‌തു.

മുഖ്യാതിഥി പി.ജെ. ജോസഫ്‌ (തോമസ്‌ മാഷ്‌) ഓണസന്ദേശം നല്‍കിക്കൊണ്ട്‌ ഐക്യത്തിന്റേയും, സാഹോദര്യത്തിന്റേയും, സമഭാവനയുടേയും, ആഹ്ലാദത്തിന്റേയും പ്രതീകമായ ഓണം കേരളത്തനിമയോടെ ആഘോഷിക്കുന്നതിനെ അഭിനന്ദിക്കുകയും മലയാള ഭാഷയുടെ മാസ്‌മരികത വരുംതലമുറയിലേക്കും അനുഭവവേദ്യമാകുന്നതിന്‌ മലയാളി സംഘടനകള്‍ക്ക്‌ മുഖ്യ പങ്ക്‌ വഹിക്കാനുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ അദ്ദേഹം രചിച്ച `ഭാഷയുടെ നിറപ്പകിട്ടാര്‍ന്ന' പദ്യം ആലപിച്ചത്‌ ഏവരേയും ഹര്‍ഷപുളകിതരാക്കി.

ദീപു ഏണസ്റ്റ്‌, സിജി ജോര്‍ജ്‌, സാജന്‍ തോമസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പാഞ്ചാരിമേളം കൗതുകമുണര്‍ത്തി. ഷൈന്‍ റോയിയുടെ നേതൃത്വത്തില്‍ റോക്ക്‌ലാന്റിലേയും ഇതര കൗണ്ടികളിലേയും കലാപ്രതിഭകള്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചു.

സംഗീതജ്ഞനും ഇന്ത്യയിലെ പ്രഥമ വോക്കോളജിസ്റ്റും തൃശൂര്‍ ചേതന മ്യൂസിക്‌ കോളജ്‌ പ്രിന്‍സിപ്പലും, പാടും പാതിരി എന്ന പേരില്‍ അറിയപ്പെടുന്ന റവ.ഫാ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ സര്‍ഗ്ഗാത്മക സംഗീതം പരിപാടികള്‍ക്ക്‌ മിഴിവേകി.

റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ മിഷന്റെ ഡയറക്‌ടര്‍ റവ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌, മലയാളം പത്രം പത്രാധിപര്‍ ജേക്കബ്‌ റോയി തുടങ്ങിയ മുഖ്യാതികള്‍ ചടങ്ങില്‍ പങ്കെടുത്തു.

മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി റിന്‍ഡാ റോണി കലാപരിപാടികളെ ഹൃദയസ്‌പൃക്കായി അവതരിപ്പിക്കുന്നതിന്‌ നല്ല അവതരണം കാഴ്‌ചവെച്ചു. സെക്രട്ടറി എല്‍സി ജൂബ്‌ സദസിന്‌ നന്ദി പ്രകാശിപ്പിച്ചു. കോര്‍ഡിനേറ്റേഴ്‌സായി റീത്താ മണലില്‍, ഗോപിനാഥക്കുറുപ്പ്‌ എന്നിവര്‍ ചേര്‍ന്ന്‌ മികച്ച സേവനം കാഴ്‌ചവെച്ചു.
റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ മാര്‍ക്ക്‌ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക