Image

മല്ലിക: നീനാ പനയ്‌ക്കലിന്റെ പുതിയ നോവല്‍ (മാളു)

Published on 10 April, 2013
മല്ലിക: നീനാ പനയ്‌ക്കലിന്റെ പുതിയ നോവല്‍  (മാളു)
വെക്കേഷന്‍ തീരുന്നതിന്റെ തലേദിവസമാണ്‌ ഞാന്‍ മല്ലികയെ കണ്ടത്‌.

അവധിക്കാലത്ത്‌ നാട്ടിലെത്തുമ്പോള്‍ സ്ഥിരം സന്ദര്‍ശിക്കാറുള്ള കോട്ടയത്തെ കറന്റ്‌ ബുക്ക്‌സില്‍, പുതുതായി ഇറങ്ങിയ പുസ്‌തകങ്ങള്‍ തിരയുന്നതിനിടയില്‍ കണ്ടു, എം.ടിയുടെയും തകഴിയുടെയും തെരഞ്ഞെടുത്ത കഥകളുടെയടുത്തിരിക്കുന്ന മല്ലിക എന്ന സുന്ദരിയെ. കണ്ണുകളില്‍ വിഷാദവും മുഖത്ത്‌ വായിച്ചെടുക്കാന്‍ പറ്റാത്ത ഭാവവുമുള്ള കവര്‍ചിത്രത്തിലെ നായിക. ഗ്രന്ഥകര്‍ത്താവിന്റെ പേര്‌ വായിച്ചപ്പോള്‍ പെട്ടെന്ന്‌ പുസ്‌തകം കയ്യിലെടുത്തു. അമേരിക്കന്‍മലയാളികളുടെ പ്രിയങ്കരിയായ കഥാകൃത്ത്‌ ശ്രീമതി നീനാ പനയ്‌ക്കലിന്റെ ഏറ്റവും പുതിയ നോവലിന്‌ പ്രശസ്‌തസാഹിത്യകാരന്മാരുടെ കൃതികള്‍ക്കൊപ്പം ഡി.സി ബുക്‌സ്‌്‌ മുന്‍നിരയില്‍ സ്ഥാനംകൊടുത്തിരിക്കുന്നത്‌ കണ്ടപ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നി. അവിടെ നിന്നിറങ്ങുമ്പോള്‍ മല്ലികയെയും ഒപ്പം കൂട്ടി.

പിന്നെ ഒരു നീണ്ട കാര്‍യാത്രയ്‌ക്കൊരുങ്ങുമ്പോഴാണ്‌ മല്ലികയെക്കുറിച്ചോര്‍ക്കുന്നത്‌. യാത്രയുടെ വിരസത മാറ്റാന്‍ കൈയിലെടുത്ത പുസ്‌തകങ്ങളുടെ കൂടെ മല്ലികയും ഉണ്ടായിരുന്നു. നാനൂറിലധികം പേജുകളുള്ള നോവല്‍ വായിച്ചുതുടങ്ങിയപ്പോള്‍ താഴെ വയ്‌ക്കാന്‍ തോന്നിയില്ല. വെളിയില്‍ വെളിച്ചം മങ്ങിത്തുടങ്ങിയ നേരത്ത്‌ കാറിലെ റീഡിംഗ്‌ ലൈറ്റിട്ട്‌ അവസാനത്തെ പേജ്‌ വരെ വായിച്ചുതീര്‍ത്തു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ക്ക്‌ അത്ഭുതം, സാധാരണ കാറില്‍ കയറിയാലുടന്‍ കണ്ണടയ്‌ക്കുന്ന അമ്മയെന്താ ഇന്നിത്ര ആവേശത്തോടെ ഈ വായിക്കുന്നതെന്നോര്‍ത്ത്‌.

പിന്നീടുള്ള ദിവസങ്ങളില്‍ മല്ലികയും നോവലിലെ മറ്റ്‌ കഥാപാത്രങ്ങളും ഒരു മധുരമായ നൊമ്പരമായി മനസ്സില്‍ വിങ്ങിനിന്നു. ഈ നോവലിനെക്കുറിച്ചുള്ള ചിന്തകള്‍ വായനക്കാരുമായി പങ്ക്‌ വയ്‌ക്കണമെന്നുതോന്നിയത്‌ അപ്പോഴാണ്‌. ഇതൊരു പുസ്‌തകനിരൂപണമല്ല. ശ്രീമതി നീനാ പനയ്‌ക്കലിനെപ്പോലെ പ്രതിഭാധനയായ ഒരു എഴുത്തുകാരിയുടെ രചനയെ നിരൂപണം ചെയ്യാന്‍ ഞാനാളല്ലാത്തതുകൊണ്ട്‌ അങ്ങനെയൊരു സാഹസത്തിനുമുതിരുന്നില്ല. സംതൃപ്‌തയായ ഒരു വായനക്കാരിയുടെ ആസ്വാദനം മാത്രം.

യൂണിവേഴ്‌സിറ്റി ഓഫ്‌ പെന്‍സില്‍വേനിയായില്‍ റിസര്‍ച്ച്‌ ചെയ്യുന്ന ഡോ.മല്ലികയുടെ മുപ്പത്തിയേഴാം ജന്മദിനാഘോഷത്തോടെയാണ്‌ നോവല്‍ ആരംഭിക്കുന്നത്‌. സഹപ്രവര്‍ത്തകര്‍ക്ക്‌ പ്രിയങ്കരിയായ ഡോ. മല്ലികയുടെ പിറന്നാളിന്‌ ലാബില്‍ ജോലി ചെയ്യുന്നവരെല്ലാം കൂടി ഒരു ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ ഡിന്നര്‍ ഒരുക്കിയിരിക്കുന്നു. അതിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌ ലാബ്‌ ഡയറക്ടറായ ഡോ. ഉണ്ണികൃഷ്‌ണന്‍. നാല്‍പതാം വയസിലും സുന്ദരനും സുമുഖനുമായ ഉണ്ണി വിഭാര്യനാണ്‌. രണ്ട്‌ വര്‍ഷമായി ഒരുമിച്ച്‌ ജോലി ചെയ്യുന്ന ഉണ്ണിയുടെയും മല്ലികയുടെയും ഉള്ളില്‍ ഇനിയും വെളിപ്പെടുത്താത്ത പ്രണയമുണ്ടെന്ന്‌ കൂടെയുള്ളവര്‍ക്കറിയാം. ഡിന്നറിനുപോകുന്നതിനുമുമ്പ്‌ മാര്‍ത്തയും അലീഷയും അടക്കം പറയുന്നു: `ഉണ്ണി ഇന്ന്‌ അവളോട്‌ വിവാഹാഭ്യര്‍ത്ഥന നടത്തും, തീര്‍ച്ച'. അതുകേട്ട മല്ലികയുടെ ഉള്ളൊന്ന്‌ പിടഞ്ഞു.
സഹപ്രവര്‍ത്തകര്‍ കരുതിയതുപോലെതന്നെ ഡിന്നറിന്റെയിടയില്‍ വീണുകിട്ടിയ സ്വകാര്യനിമിഷങ്ങളിലൊന്നില്‍ ഡോ. ഉണ്ണി മല്ലികയോട്‌ പറഞ്ഞു: ?ന്യൂയോര്‍ക്കില്‍ ആദ്യമായി കണ്ടപ്പോള്‍മുതല്‍ ഞാന്‍ മല്ലികയെ സ്‌നേഹിച്ചുതുടങ്ങിയതാണ്‌. `മല്ലികാ, ഐ റിയലി ലവ്‌ യൂ. ഐ വാണ്ട്‌ ടു മാരി യൂ'.

പക്ഷേ അയാളുടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ മല്ലികയ്‌ക്ക്‌ കഴിഞ്ഞില്ല. `ഉണ്ണിക്ക്‌ എന്നെക്കുറിച്ച്‌ ഒന്നുമറിയില്ല, ഉണ്ണിക്ക്‌ ചേരുന്ന ഒരു സ്‌ത്രീയല്ല ഞാന്‍, സോറി' എന്നുപറഞ്ഞ്‌ അവള്‍ ഒഴിഞ്ഞുമാറി.
ഇത്‌ വെറുമൊരു ലവ്‌ സ്റ്റോറിയുടെ തുടക്കമാണെന്ന്‌ കരുതിയെങ്കില്‍ തെറ്റി. എന്തുകൊണ്ടാണ്‌ താന്‍ ഉണ്ണിക്ക്‌ പറ്റിയ ആളല്ലാത്തത്‌ എന്ന്‌ ഡോ. ഉണ്ണികൃഷ്‌ണനെ അറിയിക്കുവാന്‍ മല്ലിക അയാള്‍ക്കെഴുതുന്ന കത്തുകളിലൂടെ അവളുടെ ജീവിതത്തിന്റെ ഫ്‌ളാഷ്‌ ബാക്ക്‌ ആരംഭിക്കുകയായി. മഞ്ചാടിക്കുന്നില്‍ പൊഴിഞ്ഞുവീഴുന്ന പേരയ്‌ക്കയും മാങ്ങയും കൂഴച്ചക്കയും മാത്രം തിന്ന്‌ വിശപ്പടക്കിയിരുന്ന, കുളിച്ചുമാറാന്‍ വേറെ വസ്‌ത്രമില്ലാത്തതുകൊണ്ട്‌ മുഷിഞ്ഞുനാറിയ കീറത്തുണിയുമുടുത്ത്‌, എല്ലും തോലുമായി നടന്ന മല്ലി എന്ന പട്ടിണിക്കോലം, അമേരിക്കയിലെ ഏറ്റവും പ്രശസ്‌തമായ യൂണിവേഴ്‌സിറ്റികളിലൊന്നില്‍ ഗവേഷണം നടത്തുന്ന ഡോ.മല്ലികയായി മാറിയ കഥ!
`ദാരിദ്ര്യമെന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശവിവേകമുള്ളൂ' എന്ന വരികളാണ്‌ ഡോ. മല്ലികയുടെ രോഗികളോടുള്ള കാരുണ്യമാര്‍ന്ന സമീപനം ഓര്‍മ്മപ്പെടുത്തുന്നത്‌. ആദ്യത്തെ കത്തില്‍ തന്നെ മല്ലിക ചോദിക്കുന്നു, `ദാരിദ്ര്യം ഒരു പാപമാണോ? ഏത്‌ രാജ്യത്താണ്‌ ദാരിദ്ര്യം ഒരിക്കലും ഇല്ലാതിരുന്നിട്ടുള്ളത്‌?'

വിശാലമായ ഒരു കാന്‍വാസില്‍ വ്യത്യസ്‌തരായ അനവധി കഥാപാത്രങ്ങളെ അണിനിരത്തിയാണ്‌ നോവലിസ്റ്റ്‌ മല്ലികയുടെ കഥ പറയുന്നത്‌. അതില്‍ അമേരിക്കയിലെ മായക്കാഴ്‌ചകളുണ്ട്‌, കേരളത്തിന്റെ ഗ്രാമഭംഗിയുണ്ട്‌. ചതിയും വഞ്ചനയും കൈമുതലായ, മാദകജീവിതം നയിക്കുന്ന സമ്പന്നരുണ്ട്‌, ലളിതജീവിതം നയിക്കുന്ന നിഷ്‌കളങ്കരായ ഗ്രാമീണരുണ്ട്‌. ആത്മാര്‍ത്ഥസ്‌നേഹം കൊണ്ട്‌ മനോഹരമായ കുടുംബജീവിതങ്ങള്‍ക്കൊപ്പം പുറമെ നിന്നുനോക്കിയാല്‍ പേര്‍ഫക്ട്‌ എന്നുതോന്നുന്ന, എന്നാല്‍ ഇരുധ്രുവങ്ങളിലായി കഴിയുന്ന ദമ്പതികളുമുണ്ട്‌.

മല്ലികയുടെ കഥയ്‌ക്കൊപ്പം ഒട്ടനവധി ഉപകഥകളുമുള്ള ഈ നോവലിന്റെ ശൈലിയും വ്യത്യസ്‌തമാണ്‌. അടുക്കും ചിട്ടയുമില്ലാതെ പല കഥകളും ഇടകലര്‍ത്തിയിരിക്കുന്ന ആഖ്യാനരീതിയിലൂടെ അവസാനം വരെ സസ്‌പെന്‍സ്‌ നിലനിര്‍ത്തിയിരിക്കുന്നു നോവലിസ്റ്റ്‌.

ശക്തമായ സ്‌ത്രീകഥാപാത്രങ്ങള്‍ ഏറെയുണ്ട്‌ `മല്ലിക'യില്‍. കഥാനായികയുടെ കാര്യം തന്നെയെടുക്കാം. കൊടുംപട്ടിണിയില്‍നിന്ന്‌ കരകയറി , പലരുടെയും കാരുണ്യംകൊണ്ട്‌ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന മല്ലിക, സഞ്ചരിച്ചതത്രയും കഠിനപരീക്ഷണങ്ങളിലൂടെയാണ്‌. എങ്ങനെയും ഉന്നതവിദ്യാഭ്യാസംനേടി `നല്ല നില'യിലെത്തണമെന്ന ഏകലക്ഷ്യത്തോടെ യത്‌നിക്കുന്നതിനിടയില്‍ അവളൊരു അവസരവാദിയാകുന്നുണ്ട്‌ ചിലപ്പോള്‍. പക്ഷെ പ്രലോഭനങ്ങളുടെ മധ്യത്തില്‍ ജീവിക്കുമ്പോഴും ശരീരവും മനസ്സും കളങ്കപ്പെടുത്താതെ സൂക്ഷിക്കുന്ന മല്ലിക ധൈര്യസമേതം ഉണ്ണിയോട്‌ പറയുന്നു: `എന്റെ മനസ്സില്‍ മറ്റൊരു പുരുഷന്‍ ഉണ്ടായിരുന്നോ എന്ന ചിന്ത വേണ്ട.'

മല്ലികയുടെ ജീവിതം കരുപ്പിടിക്കാന്‍ സഹായിച്ച മൂന്ന്‌ സ്‌ത്രീകള്‍ അമ്മയായ ദുര്‍ഗ്ഗാ വാര്യര്‍, പതിമൂന്നുവയസ്സുവരെ `കഴുത്തിനു ചുറ്റും കണ്ണു'മായി ഒരു പാവം വാല്യക്കാരിപ്പെണ്ണിന്‌ കാവലായിനിന്ന കുണുക്കമ്മച്ചി, ഒരു ദേവതയെപ്പോലെ മല്ലികയുടെ ജീവിതത്തിലേക്ക്‌ വഴിത്തിരിവായി കടന്നുവന്ന ലക്ഷ്‌മി എന്ന ദേവിയമ്മ. സ്‌ത്രീത്വത്തിന്റെ വ്യത്യസ്‌തതയുള്ള, ശക്തമായ മൂന്ന്‌ പ്രതീകങ്ങള്‍. അപ്രതീക്ഷിതമായ വിധിയുടെ വിളയാട്ടംകൊണ്ട്‌, അകാലത്തില്‍ വിധവയായ, ആരും ആശ്രയമില്ലാത്ത ദുര്‍ക്ഷ, തന്റെ പിഞ്ചുകുഞ്ഞുങ്ങള്‍ പട്ടിണി കിടന്ന്‌ വലയുമ്പോഴും, തലമുടി അഴിച്ചിട്ട്‌ `ബാധകയറി' തുള്ളുന്നു, `എനിക്ക്‌ കുടിക്കാന്‍ ആണിന്റെ രക്തം വേണം' എന്ന്‌ അലറിക്കൊണ്ട്‌. കാമാര്‍ത്തരായ ആണുങ്ങളെ അകറ്റിനിര്‍ത്താന്‍ അവളുടെ ഉപബോധമനസ്സ്‌ ഉപദേശിച്ച മന്ത്രം. നിറംമങ്ങിയ വെളുത്ത പുടവയുടുത്ത്‌ `ക്ക, ക്ക,ക്ക,ക്കാ' ന്ന്‌ ആര്‍ത്തുചിരിച്ച്‌ നാട്ടുകാരെ സഹായിക്കുന്ന കുണുക്കമ്മച്ചിയുടെ ഉള്ളില്‍ വലിയൊരു പഴുത്ത വ്രണം വിങ്ങിനില്‍ക്കുന്നുണ്ടെന്ന്‌ അധികമാര്‍ക്കും അറിയില്ല. ദാമ്പത്യജീവിതത്തിന്റെ അടിത്തറ തന്നെ ഇളകിയിട്ടും പുറമെ കാണിക്കാതെ ശാന്തതയോടെ പുഞ്ചിരിക്കുന്ന ലക്ഷ്‌മിവര്‍മ്മ ചെയ്‌ത പുണ്യമാണ്‌ മല്ലികയുടെ ഉയര്‍ച്ചയ്‌ക്ക്‌ നിദാനം.

ബാല്യത്തില്‍ നിഴല്‍പോലെ കൂടെ നടന്ന്‌, ഉന്നം തെറ്റാതെ മാങ്ങകളെറിഞ്ഞുവീഴ്‌ത്തി, കടിക്കാന്‍വരുന്ന ശുനകന്മാരെ എറിഞ്ഞോടിച്ച്‌ മല്ലികയെ സംരക്ഷിച്ചിരുന്ന ഇളയസഹോദരന്‍ സാംബന്‍, പിന്നീട്‌ റിബലായി മാറി, `എന്റെ അമ്മയെ വഷളാക്കാന്‍ ശ്രമിച്ചവന്മാരുടെ പെണ്‍മക്കളെ മുഴുവന്‍ ഞാന്‍ വഷളാക്കുമെടീ, അതെന്റെ വാശിയാണ്‌' എന്ന്‌ ചീറുന്നു. ആരുടെയൊക്കെയോ തെറ്റുകൊണ്ട്‌ നശിച്ചുപോയ ജീവിതം!

ഭര്‍ത്താവിന്റെ അപകര്‍ഷതാബോധം ബലിയാടാക്കിയ ഫിലോമിന ടീച്ചര്‍, നന്മയുടെ നിറകുടമായ ശങ്കരമ്മാവന്‍, മദ്യപാനം കൊണ്ട്‌ ജീവിതം തകര്‍ന്ന അനന്തന്‍ മാഷ്‌, ധനികനായ (കോണ്‍)ആര്‍ട്ടിസ്റ്റ്‌ ശ്രീനിവാസവര്‍മ്മ, കൂട്ടുകാരി സോഫിയാ, കുടുംബത്തെ അതിരറ്റ്‌ സനേഹിക്കുന്ന പാപ്പച്ചന്‍ മുതലാളി....മറക്കാന്‍ പറ്റാത്ത ഒട്ടനവധി വേറെയും കഥാപാത്രങ്ങളുണ്ട്‌ `മല്ലിക'യില്‍. അവരുടെ ജീവിതങ്ങള്‍ പ്രത്യക്ഷമായോ അല്ലാതെയോ മല്ലികയുടെ ജീവിതവുമായി ചുറ്റിപ്പിണഞ്ഞുകിടക്കുന്നു.

ഡോ. എന്‍.പി ഷീലയുടെ പ്രൗഢഗംഭീരമായ അവതാരിക ഈ നോവലിന്റെ മനോഹാരിത ഏറെ വര്‍ദ്ധിപ്പിക്കുന്നു. നോവലിസ്റ്റിനെക്കുറിച്ച്‌ ഷീല ടീച്ചര്‍ എഴുതിയ വാക്കുകള്‍: `ചെറിയ മനുഷ്യരും അവരുടെ ലോകവും, വലിയ മനുഷ്യരും അവരുടെ ലോകവും ഈ നോവലില്‍ ഇടകലര്‍ന്ന്‌ പ്രത്യക്ഷപ്പെടുന്നു. നീനയുടെ സൂക്ഷ്‌മദൃഷ്ടിയില്‍ എല്ലാംപെടുന്നു. എല്ലാം ഒരു ബ്ലോട്ടിംഗ്‌ പേപ്പറിലെന്നപോലെ ഒപ്പിയെടുക്കുന്ന നീന പുറമെ പഞ്ചപാവമെന്നുതോന്നുമെങ്കിലും രചനകള്‍ കാണുമ്പോള്‍ `ചാരം മൂടിയ കനലാ'ണെന്ന്‌ നമുക്ക്‌ കാണാം.'

ആ കനലിനുള്ളില്‍നിന്നും ഇനിയും ഉല്‍കൃഷ്‌ഠമായ രചനകളുണ്ടാകട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.
മല്ലിക: നീനാ പനയ്‌ക്കലിന്റെ പുതിയ നോവല്‍  (മാളു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക