Image

ഡോ.പി. തോമസിന്റെ ഓര്‍മ്മത്തിരകള്‍ (ഗ്രന്ഥപരിചയം)- തോമസ് ഫിലിപ്പ് റാന്നി

തോമസ് ഫിലിപ്പ് റാന്നി Published on 11 April, 2013
ഡോ.പി. തോമസിന്റെ ഓര്‍മ്മത്തിരകള്‍ (ഗ്രന്ഥപരിചയം)- തോമസ് ഫിലിപ്പ് റാന്നി
സത്യത്തിന്റെ നറുമണം പരത്തുന്ന ആത്മകഥ. കരളലിയിക്കുന്ന കദനകഥ! ഹൃദയ സ്പര്‍ശിയായ ജീവതാനുഭവങ്ങള്‍! ജീവിതത്തിലെ പ്രതിസന്ധികളോടും ഭീതിദമായ മരണത്തോടു പോലും ധീരോദാത്തമായി പടവെട്ടി പ്രശംസനീയ വിജയം നേടിയ  കഥ. അതാണ് ഇപ്പോള്‍ ബാള്‍ട്ടിമോറില്‍ താമസിക്കുന്ന ഡോ.പോള്‍ തോമസിന്റെ സരള കോമളമായ ഓര്‍മ്മത്തരികള്‍. ഈ പുസ്തകം കയ്യിലെടുത്ത് വായിക്കുവാന്‍ ആരംഭിച്ചാല്‍ മുഴുവന്‍ വായിച്ചു തീരാതെ ആരും കണ്‍മുമ്പില്‍ നിന്നും എടുത്തു മാറ്റിവെയ്ക്കുകയില്ലെന്ന് ഉറപ്പുണ്ട്.

തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തെ ഇരുള്‍ നിറഞ്ഞ ഒരു ചെറ്റക്കുടിലില്‍ 10 മക്കളില്‍ ഒരാളായി ജനിച്ചു വളര്‍ന്ന് ആഞ്ഞടിക്കുന്ന തിരമാലകളോട് മല്ലടിച്ച് കടലില്‍ മീന്‍ പിടുത്തം നടത്തിയും കടപ്പുറത്തെ പൂഴിമണ്ണില്‍ അന്തിയുറങ്ങിയും പൊരിയുന്ന വയറും മുഷിഞ്ഞ വസ്ത്രങ്ങളുമായും പാഠ്യ പുസ്തകങ്ങളൊന്നും ഇല്ലാതെയും പഠിച്ച് പത്താം ക്ലാസും പാസ്സായി, കഷ്ടപ്പെട്ട് പിന്നെയും പഠിച്ച് യൂണിവേഴ്‌സിറ്റി ഡിഗ്രികളും കരസ്ഥമാക്കി നൈജീരിയയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ 15 വര്‍ഷത്തോളം അദ്ധ്യാപകനായും അവിടെ നിന്നും പിന്നെയും പഠിച്ച് ഡോക്ടറേറ്റും കരസ്ഥമാക്കി. പ്രയേണ താന്‍ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും സ്വായത്തമാക്കി തീര്‍ത്ത ഈ പാവപ്പെട്ട ശംഖുമുഖംകാരന്‍ മല്‍സ്യ തൊഴിലാളിയുടെ അന്യൂനവും അനന്യസാധാരണവുമായ പരിശ്രമങ്ങളും യശോധാവള്യം പരത്തുന്ന അദ്ദേഹത്തിന്റെ ജീവിത വിജയങ്ങളും അത്ഭുതകരം തന്നെ. അത് ആദരണീയവും അഭിനന്ദനീയവും- സംശയമില്ല. വികാര സാന്ദ്രമായ അക്കഥയാകുന്നു. ഡോ.പോള്‍ തോമസ് ലളിത സുന്ദരമായ ഭാഷയില്‍ തന്റെ ഓര്‍മ്മത്തിരകളിലൂടെ നന്മോട് പറയുന്നത്.

അനേകം മലയാളികള്‍ ഈ പുസ്തകം  വായിച്ചിട്ടുണ്ട്. പക്ഷേ, സ്വാര്‍ത്ഥമതികളായ മലയാളിക്ക് എന്തെല്ലാം സൗഭാഗ്യങ്ങളും നേട്ടങ്ങളും സ്വന്തമായിട്ടുണ്ടായാലും ശരി മറ്റൊരു മലയാളിയുടെ ഉയര്‍ച്ചയിലും പ്രശസ്തിയിലും അദ്ദേഹത്തെ ഒന്ന് അഭിനന്ദിക്കുവാന്‍, വലിയ തിരക്കാണ്. ഇതുപോലെയുള്ള ഉത്തമ കലാസൃഷ്ടികള്‍ക്ക് അര്‍ഹിക്കുന്ന പ്രചാരം കിട്ടാതെ പോകുന്നത് അതുകൊണ്ട് തന്നെ.

സര്‍വ്വാദരണീയനായ തിരുവനന്തപുരം മെത്രാപ്പോലീത്ത സൂസപാക്യത്തിന്റെ ഓര്‍മ്മത്തരികളെപ്പറ്റിയുള്ള ആസ്വാദനകുറിപ്പില്‍ നിന്നുമുള്ള ഹൃദയവര്‍ജ്ജകമായ ഒരു വാചകം ഞാന്‍ ഇവിടെ ഉദ്ധരിക്കട്ടെ. "അറിവിന്റെ അക്ഷയപാത്രമായി വിയര്‍പ്പിന്റെ പുണ്യ പാഥേയമായി ചാകരയുടെ ഉണര്‍ത്തുപാട്ടായി അനുസ്മരിക്കാവുന്ന അപൂര്‍വ്വം ചില കൃതികളില്‍ ഒന്നാകുന്നു ഇത്."

"ഞാന്‍ ഈ കൃതിയില്‍ മുഖം മൂടിയില്ലാത്ത ജീവിതത്തെ കണ്ടു" എന്നാണ് പ്രസിദ്ധ കവി ഒ.എന്‍.വി. കുറുപ്പ്, ഈ ആത്മകഥാ വ്യാഖ്യാനത്തെ വിലയിരുത്തിയിരിക്കുന്നത്. ഓര്‍മ്മത്തിരകള്‍ എന്ന ആത്മകഥ മുന്‍പ് വരുത്തി വായിച്ച ശേഷം ഈ ഗ്രന്ഥകര്‍ത്താവിനെ ഒന്നു പരിചയപ്പെടാനായി രണ്ടു പ്രാവശ്യം അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു. ആരെയും കിട്ടിയില്ല. പിന്നീട് ഈ അടുത്ത സമയത്തായി മൂന്നാം പ്രാവശ്യം വിളച്ചപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ കിട്ടുകയും ചെയ്തു. പല യൂണിവേഴ്‌സിറ്റികളിലും  പ്രൊഫസര്‍ ആയി ജോലി ചെയ്തിട്ടുള്ള, പരേതനായ സെനറ്റര്‍ എഡ്വേര്‍ഡ് എം.കെന്നഡിയെപോലെ ലോക പ്രശസ്തരായ മഹാത്മാക്കളുമായി ഇടപഴകിയിട്ടുള്ള, ലോകത്തിലെ അഞ്ചു വന്‍കരകളിലായി സ്ഥിതി ചെയ്യുന്ന 140 ല്‍ പരം രാഷ്ട്രങ്ങളും അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളും സന്ദര്‍ശിക്കുകയും, ലോകത്തിലെ പ്രശസ്തങ്ങളായ മിക്ക ബീച്ചുകളിലും നീന്തിക്കുളിക്കുകയും ചെയ്തിട്ടുള്ള, പോരാ റോമില്‍ പോയി മാര്‍പ്പാപ്പാ പോള്‍ ആറാമന്റെ അനുഗ്രഹാശിസുകളോട് പ്രസിദ്ധമായ സെന്റ് പീറ്റേഴ്‌സ് ബസ്ലിക്കയിലെ നിത്യ സഹായ മാതാവിന്റെ ബലിപീഠത്തില്‍ താന്‍ ജീവനു തുല്യം സ്‌നേഹിച്ച നാട്ടുകാരി പെണ്ണിനെ വിവാഹം കഴിക്കുകയും ചെയ്തിട്ടുള്ള ഒരു മഹാനുഭാവനുമായിട്ടാകുന്നു താന്‍ അപ്പോള്‍ പരിചയപ്പെടാന്‍ പോകുന്നതെന്നുള്ള ചിന്തയും തെല്ലൊന്ന് എന്നെ അലട്ടുകയും ചെയ്യാതിരുന്നില്ല. ഒ.എന്‍.വി. കുറുപ്പ് പ്രസ്താവിച്ചതുപോലെ മുഖം മൂടിയില്ലാത്ത ജീവിതത്തോട്, അതിരുകളില്ലാത്ത സത്യസന്ധനായ മനുഷ്യനോട് പൂര്‍വ്വ ദിവസങ്ങളെയും കടന്നുപോന്ന വഴികളെയും മറക്കാത്ത, ഒരു വിനയാന്വിതനോട് തന്നെയാണ് ഞാന്‍ സംസാരിക്കുന്നതെന്ന് അപ്പോള്‍ തന്നെ എനിക്ക് ബോധ്യമാകുകയും ചെയ്തു.

നിരവധിയാളുകളെ പല വിധത്തില്‍ സഹായിച്ചിട്ടുള്ള ഈ സുകൃതാത്മാവ് അവഗണനകളും വേദനകളും ചൂഷണങ്ങളും ഇല്ലായ്മകളും ഒക്കെ ഇന്നും അനുഭവിച്ചു കഴിയുന്ന തീരദേശവാസികളായ മല്‍സ്യ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ബാള്‍ട്ടിമോറിലുള്ള ഡോ.തോമസ് -ഫ്‌ളോറി ഫൗണ്ടേഷനും ഈ ഉദ്ദേശത്തോടുകൂടിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ഉടയവനായ ദൈവത്തിന്റെ മുമ്പില്‍ മറച്ചു വെയ്ക്കുവാനും അഹങ്കരിക്കുവാനായിട്ടും യാതൊന്നുമില്ലെന്ന് ബുദ്ധിമാനായ ഈ ഗ്രന്ഥകര്‍ത്താവിന് അറിയാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഈ ആത്മഥാഖ്യാനാവിഷ്‌കരണം അതീവ സത്യസന്ധവും ലളിത സുന്ദരവുമായി തീര്‍ന്നിരിക്കുന്നു. വിസ്തര ഭയത്താല്‍ ഓര്‍മ്മത്തിരകളെ വളരെ പരിമിതമായിട്ടു മാത്രമെ വായനക്കാരെ പരിചയപ്പെടുത്തുവാന്‍ ഞാന്‍ ഇവിടെ ഉദ്യമിക്കുന്നുള്ളൂ. ഡോ.എന്‍.എ.കരീം മനോഹരമായ തന്റെ അവതാരികയിലൂടെ ഓര്‍മ്മത്തിരകളെ പിന്നെയും പ്രിയങ്കരമാക്കി തീര്‍ത്തിരിക്കുന്നു.

മല്‍സ്യ തൊഴിലാളികളായ തങ്ങളുടെ ദാരിദ്ര്യ പീഡിതമായ ജീവിതാനുഭവങ്ങളെ ഗ്രന്ഥകര്‍ത്താവ് എത്ര ഹൃദയ സ്പര്‍ശിയായ ഭാഷയിലാണ് വര്‍ണ്ണിച്ചിരിക്കുന്നതെന്ന്  നോക്കുക- ശരീരത്തില്‍ തെളിഞ്ഞു നിന്ന എല്ലുകളും ഞരമ്പുകളും എന്റെ ദാരിദ്ര്യത്തെ പറ്റി ലോകത്തോടു വിളിച്ചു പറഞ്ഞു. അതും പോരാഞ്ഞ് ക്രൂരനെന്നു പറയാവുന്ന വിധം കര്‍ക്കശക്കാരനും മര്‍ദ്ദകനുമായ പിതാവ് തുല്യ ഇരകളായ സഹോദരങ്ങള്‍. അങ്ങനെ പോകുന്നു ആ വിവരണങ്ങള്‍. ഇനിയും മറ്റൊന്നു കൂടി ശ്രദ്ധിക്കുക-തിരുവനന്തപുരത്തെ ഇവാനിയോസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ പഠിത്തത്തിലെ മികവ് കണ്ടിട്ട് 49-#ാ#ം നമ്പറുകാരനായ തന്നെ പ്രിന്‍സിപ്പിലിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. വീട്ടിലെ വിവരങ്ങളും ചുറ്റുപാടുകളും അന്വേഷിച്ചു. രാവിലെയും ഉച്ചക്കും ഒന്നും കഴിക്കാറില്ലെന്ന തന്റെ മറുപടി കേട്ട് അമ്പരന്നുപോയ പ്രിന്‍സിപ്പല്‍ ഹോസ്റ്റലിലെ മെസ്സില്‍ നിന്നും എന്നും ആഹാരം കഴിക്കുവാനുള്ള ക്രമീകരണം ചെയ്തു കൊടുത്തതുമൊക്കെ ഓര്‍മ്മത്തിരകളിലൂടെ നാം വായിക്കുമ്പോള്‍ ഏതു വായനക്കാരന്റെ ഹൃദയത്തെയാണ് സ്പര്‍ശിക്കാതെ പോകുന്നത്.

ഇനിയും ഓര്‍മ്മത്തിരകളിലെ മറ്റൊരു ദുസ്സഹ ദുഃഖത്തെ പറ്റി പറയുന്നതുകൂടി ശ്രദ്ധിക്കുക. നൈജീര്യയില്‍ വെച്ച് പതിനേഴ് മാസം മാത്രം പ്രായമുണ്ടായിരുന്ന തന്റെ ഓമനപുത്രന്‍ ആകസ്മികമായി മരിച്ചു. സ്‌നേഹ നിധിയായ ആ പിതാവ് ആ സംഭവത്തെ തന്റെ ആത്മകഥയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. "എന്നെ കുഴിച്ചിടേണ്ട മോനെ ഞാന്‍ കുഴിച്ചിട്ടു."

മറ്റുള്ളവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തി നന്മയിലേക്ക് മനുഷ്യനെ കൂട്ടിക്കൊണ്ടു പോകുവാന്‍ സഹായിക്കുന്ന സാഹിത്യരചനകളാകുന്നു ഉത്തമ കലാസൃഷ്ടികള്‍.
അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുവരേ വിവേകികള്‍ എന്ന് ആശാനും ഉല്‍ബോധിപ്പിച്ചിരിക്കുന്നു.

മറ്റുള്ളവരില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഒരുദാത്ത കലാസൃഷ്ടിതന്നെയാകുന്നു ഡോ.പോള്‍ തോമസിന്റെ ഓര്‍മ്മത്തിരകള്‍. ഒരു മത്സ്യതൊഴിലാളിയായി ജീവിക്കേണ്ടിയിരുന്ന അവസ്ഥയില്‍ നിന്നും കഠിനപ്രയത്‌നം കൊണ്ട് അദമ്യമായ അഭിവാഞ്ചയും ഇച്ഛാശക്തികൊണ്ടും സര്‍വ്വോപരി ദൈവ കൃപകൊണ്ടും ജീവിതത്തില്‍ ഉന്നതസ്ഥാനത്ത് എത്തിയ ഡോ.പോള്‍ തോമസിന്റെ ഓര്‍മ്മത്തിരകള്‍ എന്ന  സംശുദ്ധവും സത്യം തിരതല്ലുന്നതുമായ ആത്മകഥയില്‍ വിലയേറിയ ജീവിതമൂല്യങ്ങളും അഭിനന്ദനം അര്‍ഹിക്കുന്ന പ്രബോധനങ്ങളുമുണ്ട്. സമൂഹത്തിലെ ചൂഷണങ്ങളെയും അനീതികളെയും ശക്തമായി അപലപിച്ചുകൊണ്ട്  പ്രവാചക ശബ്ദംപോലെ മാനുഷിക മൂല്യങ്ങള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തുകയാണ് ഈ ഉത്തമ ഗ്രന്ഥത്തിലൂടെ ഡോ.പോള്‍സന്‍ ചെയ്തിരിക്കുന്നത്.

എല്ലാ അമേരിക്കന്‍ മലയാളികളും അവശ്യം വായിക്കേണ്ട ഒരു ഉല്‍കൃഷ്ട കൃതിയാകുന്നു ഓര്‍മ്മത്തിരകള്‍ എന്ന് സവിനയം ഇവിടെ വിലയിരുത്തിക്കൊള്ളട്ടെ. ഈ ഗ്രന്ഥപ്രാണേതാവിന് ഏറെ ആയുസ്സും ആരോഗ്യവും പ്രാര്‍ത്ഥിച്ചുകൊള്ളുന്നു. അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങള്‍…

ഈ പുസ്തകം  സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് - ഡോ.പോള്‍ തോമസ്-410-296-0411


ഡോ.പി. തോമസിന്റെ ഓര്‍മ്മത്തിരകള്‍ (ഗ്രന്ഥപരിചയം)- തോമസ് ഫിലിപ്പ് റാന്നി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക