Image

ഏകാന്ത തീരങ്ങളിലെ പ്രയാണ പ്രീയന്‍

മനോഹർ തോമസ്‌ Published on 15 April, 2013
ഏകാന്ത തീരങ്ങളിലെ പ്രയാണ പ്രീയന്‍
എന്നും ദേശാടനക്കിളി ആകാനാഗ്രഹിച്ച, പുതിയ ഭുമികകള്‍ തേടി നടന്ന, അടിമുടി കവിയും ഏകാന്തപഥികനുമായ ഡി . വിനയചന്ദ്രനെ സര്‍ഗവേദിയുടെ അരങ്ങ് അനുസ്മരിച്ചു. അന്വേഷണത്തിന്റെ പാതയില്‍, തനിയെ യാത്രചെയ്ത്, കാണുന്നതിനെക്കുറിച്ചെല്ലാം ലളിതപദാവലികള്‍ കൊണ്ട്, മലയാളമനസ്സിന്റെ കണ്ണാടിയിലുടെ നോക്കി അങ്ങിനെ ..... അങ്ങിനെ ....... . വിനയന്‍ കവിതയായിരുന്നു എല്ലാം! കാമുകിയും, ഭാര്യയും, വീടും വീട്ടുകാരും, ജീവിതവും. സൗഹൃദങ്ങള്‍ക്കുമ്മെല്ലാം ഒന്നേ പറയുവാനുള്ളു, ഉറക്കെ സംസാരിക്കുന്ന, ശുദ്ധനായ ഒരു കുട്ടുകാരന്‍.

ഡാളസ് ഫൊക്കാനക്ക്, കൊട്ടാര സാദൃശമായ ഹയത്ത് ഹോട്ടലിന്റെ ഉമ്മറപടിയില്‍ വിനയനെ കണ്ടപ്പോള്‍ ' എന്നെ ആരും തിരിച്ചറിഞ്ഞില്ല മനോഹറെ, മുറി എടുക്കാന്‍ വന്ന ഏതോ കറുമ്പന്‍ ആണെന്നാണ് മലയാളികള്‍ കരുതിയത്.' '' എന്നു പറയുമ്പോഴും വിനയന്റെ മുഖത്ത് ആര്‍ദ്രമായ ചിരി. തോളത്തൊരു സഞ്ചിയും തുക്കി അമേരിക്കയുടെ ഓരോ സ്‌റ്റേറ്റുകള്‍ തോറും, ബസിലും, ട്രെയിനിലുമായി അലഞ്ഞു നടന്നു കാണേണ്ടതെല്ലാം കണ്ട്, കണ്ടതിനെക്കുറിച്ചെല്ലാം നോട്ടുകള്‍ തയാറാക്കിയിട്ടാണ് വിനയന്‍ മടങ്ങിയത്.

'എന്നിലുറഞ്ഞു കിടന്നു പ്രയാണത്തിന്‍
സംഗിത ധാരകള്‍ വഹിനികള്‍
ഏക സ്വരത യുഗങ്ങള്‍ തന്‍ പാതകള്‍
പോലും മലച്ചു കിടന്നു നീളെ'

വിനയന്‍ തന്റെ തീരാത്ത പ്രയാണത്തെപറ്റി 'ഹിമപാതം' എന്ന കവിതയില്‍ പറയുന്നു.

വിനയന്‍ കവിതകളിലെ താള നിബധതയെപ്പറ്റിയും, ലളിതമായ വാക്കുകളുടെ പ്രയോഗരീതിയെ പരാമര്‍ശിച്ചും എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ സംസാരിച്ചു.

തിരുവനന്തപുരത്തു വളരെ വര്‍ഷങ്ങളായി നടക്കുന്ന ഒരു സാഹിത്യ കുട്ടായ്മ ഉണ്ട് 'ചര്ച്ചാവേദി ' രണ്ടു വര്‍ഷം മുമ്പ് മരിച്ച ബാബുച്ചേട്ടന്‍ എന്നൊരാളാണ് അത് വര്‍ഷങ്ങളോളം നടത്തികൊണ്ടിരുന്നത്. അവിടെ എത്താത്ത കവികളോ സാഹിത്യകാരന്മാരോ ഇല്ല. അവിടെ വച്ചു പരിചയപ്പെട്ട വിനയനുമായുള്ള സൗഹൃദം വര്‍ഷങ്ങളോളം തുടര്‍ന്നു എന്ന് പറഞ്ഞാണ് കെ .കെ .ജോണ്‍സണ്‍, വിനയചന്ദ്രനെപ്പറ്റിയുള്ള ലേഖനം അവതരിപ്പിച്ചത്.

കാല്പനിക സ്വപ്നങ്ങളുടെ തേരില്‍ കല്ലടയാറിന്റെ തീരം വിട്ട കവി, യാത്രാപ്പാട്ടും, ചൊല്‍ക്കാഴ്ച്ചകളുമായി ലോകം മുഴുവന്‍ കറങ്ങി നടക്കുകയായിരുന്നു. ലോകപ്രശസ്ത എഴുത്തുകാരനായ കുന്തര്‍ ഗ്രാസ്സ് വിനയന്റെ അതിഥിയായാണ് കേരളത്തിലെത്തിയത്.

അദ്ദേഹത്തിന്റെ കവിതയുടെ ലോകം മുഴുവന്‍ തനി കേരളിയ ബിംബങ്ങളും മിത്തുകളുമാണ്. തുടിതാളങ്ങളും, തെയ്യവും, കൂത്തും, പറയപ്പാട്ടും, പാണനാരും, കൂടിയാട്ടവും എല്ലാം കൂടിച്ചേര്‍ന്ന ഒരാത്മാവാണു വിനയന്‍ കവിതക്ക് ഉള്ളത്. കൂട്ടും കുടിലുമില്ലാതെ, ഏകാന്ത പഥികനായി അലഞ്ഞു നടന്ന കവി, അനുവാചകന്റെ ഹൃദയത്തില്‍ ആയിരമായിരം വര്‍ണ്ണച്ചാര്‍ത്തുകള്‍ കോറിയിടുകയായിരുന്നു. ഒരവിവാഹിതനെ സംബന്ധിച്ചിടത്തോളം സര്‍വംസഹയായ അമ്മ വഴിക്കണ്ണുമായി കാത്തിരിക്കുമ്പോഴാണ് ഒരു വീട് വീടാകുന്നത് എന്ന് 'വീട്ടിലേക്കുള്ള വഴി' എന്ന കവിത, മനസ്സില്‍ അശാന്തി പടര്‍ത്തികൊണ്ട് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ആധുനികതയുടെ വസന്തം വിടര്‍ത്തിയ കവിയായിട്ടാണ് ജോസ് ചെരിപുറം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അവരൊന്നിച്ചു കാനഡക്ക് പോവുകയും, നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മുമ്പില്‍ വച്ച് ' ഉപരികുന്നു' എന്ന കവിത സമാഹാരം പ്രസാധനം ചെയ്യുകയും ചെയ്തു. പതിനായിരത്തിലേറെ കവിയരങ്ങുകളില്‍ പങ്കെടുത്തിട്ടുള്ള വിനയന്‍ 'ഒരു വിഡ്ഢി പറഞ്ഞ കഥ' തന്റെ വീട്ടിലിരുന്നു ചൊല്ലിയ കാര്യം അനുസ്മരിച്ചു.

വിനയന്റെ അവസാന നാളുകളില്‍ കുറച്ചു ദിവസം കുടെ കഴിയാനും ശവസംസ്‌കാരത്തില്‍ പങ്കെടുക്കാനും കഴിഞ്ഞ കവി റെജീസ് നെടുങ്ങാടപള്ളി തന്റെ അനുഭവങ്ങള്‍ വിവരിക്കുകയും, രണ്ടു വിനയന്‍ കവിതകള്‍ അവതരിപ്പിക്കുകയുമുണ്ടായി.

കല്ലടയാറിന്റെ തീരത്തു നിന്നും ആരംഭിച്ച കവിത്വത്തിന്റെ നിരുറവ ലോകം മുഴുവന്‍ വ്യപിപിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഇരിക്കുമ്പോഴാണ് 'രംഗബോധമില്ലാത്ത ആ കോമാളി ' വന്ന് വിനയന്റെ ജിവിതം തട്ടിക്കൊണ്ടുപോയതെന്ന് പി .ടി . പൗലോസ് അനുസ്മരിച്ചു. കോട്ടയം റബ്ബര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ സേവന കാലത്തെ പരിചയം വളരെ വര്‍ഷങ്ങളോളം നീണ്ടുനിന്നതും ഓര്‍മ്മിച്ചു.

കടമ്മനിട്ടയും, ആറ്റൂരും, അയ്യപ്പപണിക്കരും, ആരംഭിച്ച ആധുനികതയുടെ പാത പിന്‍തുടര്‍ന്നു, സൌന്ദര്യ സങ്കല്പങ്ങളില്‍ അല്പം കൂടി നിറക്കൂട്ടു ചാര്‍ത്തി, ഗോത്ര സംസ്‌കാരത്തോടുള്ള അഭിനിവേശത്തില്‍ ഉന്മത്തനായി, താളമില്ലായ്മയുടെ താളം സൃഷ്ടിച്ച് അങ്ങിനെ ഒരു കവി അതായിരുന്നു ഡോ . ജോയ് കുഞ്ഞാപ്പുവിന്റെ വിലയിരുത്തല്‍. കാര്യം പറയാന്‍ വൃത്തം വേണ്ട എന്നൊരു മട്ട്.

ഏറ്റവും കുടുതല്‍ ലാറ്റിന്‍ അമേരിക്കന്‍ കവിതകള്‍ തര്‍ജിമ ചെയ്തതും വിനയന്‍ തന്നെയാണ്‍%. കവിത ജനകീയമാക്കാന്‍ ചൊല്‍ കാഴ്ച്ചകള്‍ക്കും അപ്പുറം ഏറ്റവും ലളിത പദാവലിയുടെ ആര്‍ജവം കുടി തേടുകയായിരുന്നു കവിയെന്നു ഡോ . ജോയ് പറഞ്ഞു.

'അന്യരെ പേടിച്ച് അലഞ്ഞുതിരിഞ്ഞ' ഒരു ജീവിതത്തോടാണു മാമന്‍ മാത്യു വിനയനെ ഉപമിച്ചത്.
വെളിച്ചപ്പാടിന്റെ ചിലമ്പൊലിയും, കുറിഞ്ഞിപ്പൂച്ചയുടെ മൃദു സ്പര്‍ശനവും പോക്കുവെയിലിന്റെ ഉന്മാദവും, രാമഴയുടെ താളവും, കല്ലടയാറ്റിലെ ഓളങ്ങളും അവശേഷിപ്പിച്ചു, തോള്‍ സഞ്ചിയും, വള്ളിച്ചെരുപ്പുമായി ഒരു സത്രത്തില്‍ കുറേനാള്‍ കുടാന്‍ വന്ന വഴിയാത്രക്കാരനെപോലെ ഡി . വിനയചന്ദ്രന്‍ എന്ന കവി പേരറിയാത്തൊരു കാല്‍പ്പനിക സ്വപ്നത്തിലേക്ക് പിന്‍വാങ്ങി. ആ കലോപാസകനു ഈ എളിയ ആരാധകവൃന്ദത്തിന്റെ പ്രണാമം! കണ്ണുനീര്‍ പ്രണാമം!

റിപ്പോര്‍ട്ട്: മനോഹര്‍ തോമസ്‌
ഏകാന്ത തീരങ്ങളിലെ പ്രയാണ പ്രീയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക