Image

മരിക്കാന്‍ കാത്തിരിക്കുന്ന മാധ്യമ ലോകം

Published on 21 September, 2011
മരിക്കാന്‍ കാത്തിരിക്കുന്ന മാധ്യമ ലോകം
ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്‌സി): മാധ്യമങ്ങളുടെ ശക്തി അനുദിനം ശക്തിപ്പെടുമ്പോള്‍ ധാര്‍മ്മികത കൈമോശംവരുന്നത് ഖേദകരമാണെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍എ. ഇന്ത്യാ പ്രസ് ക്ലബ് സമ്മേളനത്തിനു മുന്നോടിയായി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച കിക്ക് ഓഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുകൂടിയായ വിഷ്ണുനാഥ്.

ദൃശ്യമാധ്യമങ്ങള്‍ വന്നതോടെ വാര്‍ത്തകള്‍ സംഭവിക്കുകയാണ്. സംഭവങ്ങള്‍ അതേസമയംതന്നെ ജനങ്ങളില്‍ എത്തുന്നു. ആറ്റിത്തണുപ്പിക്കാനോ വെട്ടിച്ചുരുക്കാനോ ഒന്നുമാവില്ല. പറഞ്ഞത് തിരുത്താനുമാവില്ല. ഇത്തരം സാഹചര്യത്തിലാണ് ധാര്‍മ്മികതയുടെ പ്രസക്തി ഏറുന്നത്.

ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടത്തില്‍പ്പെട്ട രോഗിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വെന്റിലേറ്ററില്ല. വാര്‍ഡില്‍ പ്രവേശിപ്പിച്ച മരണാസന്നനായ രോഗിക്ക് സഹായിയായി നിന്നയാളാണ് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയത്. ഇടയ്ക്കയാള്‍ മയക്കത്തിലായപ്പോള്‍ ശ്വാസം കിട്ടാതെ രോഗി മരിച്ചു.

രോഗി ആശുപത്രിയില്‍ വന്നതും ഡോക്ടര്‍മാരുടെ അനാസ്ഥയുമെല്ലാം ലേഖകന്‍ കാമറയിലാക്കുന്നുണ്ടായിരുന്നു. പത്തുമണിക്ക് പിടിച്ചത് ഉച്ചയ്ക്ക് സംപ്രേഷണം ചെയ്തിരുന്നുവെങ്കില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുമായിരുന്നു. പക്ഷെ രോഗി മരിക്കുന്നതുവരെ കാത്തു.

എന്നിട്ടും ഓണാഘോഷത്തിന്റെ തിമിര്‍പ്പെല്ലാം കഴിഞ്ഞ് ചതയവും കഴിഞ്ഞാണ് ഇത് സംപ്രേഷണം ചെയ്യുന്നത്. ഇതിന്് ന്യായങ്ങള്‍ പറയാനുണ്ടാകാം. പക്ഷെ മനുഷ്യത്വരഹിതമായ നടപടിക്ക് ഒരു ന്യായീകരണവുമില്ല.

പത്മതീര്‍ത്ഥക്കുളത്തില്‍ ഒരാളെ മുക്കിക്കൊല്ലുന്നത് ചിത്രീകരിച്ച സംഭവത്തിനുശേഷം ഇത്തരമൊരു കാര്യം ആദ്യമാണ്. എന്തായാലും പ്രസ് ക്ലബ് സമ്മേളനത്തിന് ഇവയൊക്കെ വിശദമായ സംവാദത്തിനു വിധേയമാക്കണമെന്നദ്ദേഹം പറഞ്ഞു.

കളി റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നവര്‍ കളിക്കാരാകുന്ന കാഴ്ചയാണ് അന്നാ ഹസ്സാരെയുടെ സമരകാലത്ത് കണ്ടതെന്ന വിമര്‍ശനവും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളാണ് ഹസ്സാരെയുടെ സമരം ആളിക്കത്തിച്ചത്.

അഴിമതി രാഷ്ട്രത്തെയാകെ ഗ്രസിച്ചിട്ടുണ്ട്. അഴിമതി കാട്ടുന്നത് തെറ്റല്ല എന്ന ചിന്താഗതി വളര്‍ന്നിരിക്കുന്നു. താഴെത്തട്ടിലുള്ളവരാണ് അതിന്റെ ദോഷഫലങ്ങള്‍ ഏറെ അനുഭവിക്കുന്നത്. അഞ്ചുമണിവരെ അഴിമതി നടത്തുകയും കൈക്കൂലി വാങ്ങുകയും ചെയ്യുന്നവര്‍ പലരും അഴിമതി വിരുദ്ധ സമരത്തിനെത്തുന്നത് കണ്ടു.

അഴിമതിക്കെതിരേ നിയമങ്ങളുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പാക്കുന്നില്ല എന്നതാണ് പ്രശ്‌നം. ഹസ്സാരെയുടെ അഴിമതി വിരുദ്ധ സമരത്തോടായിരുന്നില്ല എതിര്‍പ്പ്. മറിച്ച് അത് ഭരണഘടനയേയും പാര്‍ലമെന്റ് സംവിധാനത്തേയും തകര്‍ക്കുമെന്നതിനോടായിരുന്നു.

പാര്‍ലമെന്ററി സംവിധാനം വേണ്ട പ്രസിഡന്‍ഷ്യല്‍ രീതി മതി എന്നു പറയുന്നവരും സമരത്തിനു പിന്നിലുണ്ടായിരുന്നു. ഭരണഘടനയോട് ശത്രുതയുള്ളവരുമുണ്ടായിരുന്നു. ഹിന്ദു മഹാസഭക്കു ഭരണഘടനാ നിര്‍മ്മാണത്തില്‍ പങ്കില്ലായിരുന്നു. അരുണ്‍ഷൂരിയുടെ പാര്‍ലമെന്ററി നടപടിക്രമം എന്ന പുസ്തകം പാര്‍ലമെന്റ് പരാജയമാണെന്നും പ്രസിഡന്‍ഷ്യല്‍ രീതിയാണ് മെച്ചമെന്നും പറയുന്നു. ചുരുക്കത്തില്‍ പാര്‍ലമെന്റിനും ഭരണഘടയ്ക്കും എതിരായ ബുദ്ധികേന്ദ്രങ്ങള്‍ ഏതൊക്കെ എന്ന് വ്യക്തമായിരുന്നു.

അവരൊക്കെ പിന്നണിയില്‍ നിന്നു. എങ്കിലും ആറുമാസം കഴിയുമ്പോള്‍ സമരം വീണ്ടും ഉണ്ടാവുമെന്നുതന്നെ കരുതണം.

മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ നമ്മുടെ ചിന്താഗതിയെ തന്നെ മാറ്റുന്നു. ഉദാഹരണത്തിന് പൗരസമൂഹ പ്രതിനിധികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച എന്ന് റിപ്പോര്‍ട്ട് വരുമ്പോള്‍ ജനങ്ങളുടെയൊക്കെ പ്രതിനിധികളാണ് ഹസ്സാരെ ടീം എന്ന ധ്വനിയാണ് വരിക. ഒരു പഞ്ചായത്തില്‍ മാത്രം പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് ഹസ്സാരെ. അവിടെ കള്ളുകുടിച്ചു വരുന്നവരെ മരത്തില്‍ കെട്ടി തല്ലിയാണ് മദ്യപാനം നിര്‍ത്തിക്കുന്നത്. കേരളത്തില്‍ അത് നടക്കുമോ? നടന്നാല്‍ തന്നെ എല്ലാവരേയും കെട്ടിയിടാന്‍ മാത്രം മരങ്ങളുണ്ടോ കേരളത്തില്‍.

എന്തായാലും ഈ പ്രശ്‌നം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് വീഴ്ചപറ്റി. ആദ്യം പൗരസമൂഹ പ്രതിനിധികളെ ചേര്‍ത്ത് ബില്‍ ഉണ്ടാക്കാന്‍ കമ്മിറ്റി ഉണ്ടാക്കിയത് ശരിയായില്ല. ഹസ്സാരെയെ അറസ്റ്റ് ചെയ്തതും തിഹാര്‍ ജയിലിലടച്ചതും വീഴ്ചകള്‍ തന്നെ.

നിരാഹാരം നടത്തി കാര്യങ്ങള്‍ നടത്തിക്കാമെന്നു വന്നാല്‍ അപകടം പലതാണ്. കാശ്മീരിലെ വിമതര്‍ ഡല്‍ഹിയിലേക്ക് വന്ന് മരണം വരെ നിരാഹാരം നടത്തിയാല്‍ എന്തായിരിക്കും പ്രതികരണം? ഗാന്ധിജിയുടെ നിരാഹാരം സാമ്രാജ്യത്വത്തിനെതിരായിരുന്നു. ഹസ്സാരെയുടേത് തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെതിരേയും.

യു.ഡി.എഫ് പ്രതിപക്ഷത്തിരുന്ന അഞ്ചുവര്‍ഷത്തില്‍ കേരളത്തില്‍ രണ്ട് ഹര്‍ത്താലാണ് നടന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ് നൂറുദിവസത്തിനുള്ളില്‍ 2-3 ഹര്‍ത്താലാണ് ഇടതുപക്ഷം നടത്തിയത്. അരാജകത്വം സൃഷ്ടിക്കാനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റാതിരിക്കാനുമൊക്കെയാണ് ഇത്തരം നടപടികള്‍.

പക്ഷെ അവ നേരിടാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ട്. 100 ദിവസത്തിനുള്ളില്‍ ഒട്ടേറെ വലിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു. 27 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഒരു രൂപ നിരക്കില്‍ അരി നല്‍കിയത്. രണ്ടു തവണ പെട്രോള്‍ വില കൂട്ടിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നികുതി വേണ്ടെന്നുവെച്ചു. മൂലമ്പള്ളി പാക്കേജിനെ മഹാശ്വേത ദേവി തന്നെ അഭിനന്ദിച്ചതാണ്. സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ, റെയില്‍വേ കോച്ച് ഫാക്ടറി തുടങ്ങിയവയ്ക്കുള്ള പ്രവര്‍ത്തനങ്ങളും ലക്ഷ്യംനേടുന്നു.

കഴിഞ്ഞതവണ അച്യുതാനന്ദന്‍ ഭരിച്ച ഐ.ടി വകുപ്പിലാണ് കൂടുതല്‍ അഴിമതി നടന്നത്. മകന്റെ അവിഹിതമായ ഇടപെടലുകളെപ്പറ്റി വിജിലന്‍സ് അന്വേഷണം നടക്കുന്നു.

ചീഫ് വിപ്പ് പി.സി ജോര്‍ജ് യു.ഡി.എഫിന് തലവേദനയുണ്ടാക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിയുടെ അഭിപ്രായം വരുന്നതുവരെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞു നടക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ അഭിപ്രായം വന്നശേഷം വ്യക്തിപരമായ അഭിപ്രായം പറയാം. ജുഡീഷ്യറിക്കോ, ജഡ്ജിമാര്‍ക്കോ എതിരായ നിലപാട് കോണ്‍ഗ്രസ് എടുത്തിട്ടില്ല.

എങ്കിലും പി.സി. ജോര്‍ജ് കത്ത് എഴുതിയതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായം. കോതിവിധിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്ന വിധിയാണുണ്ടായത്.

ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്‌സെ തന്നെ താന്‍ ആര്‍. എസ്.എസുകാരനെന്ന് പറഞ്ഞിട്ടുണ്ട്. ഗോഡ്‌സെയെ മാതൃകാപുരുഷനായി കാണുന്നവരാണ് സംഘപരിപവാറില്‍ നല്ലൊരു പങ്ക്. ഇങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങളെ കാണാതെ ഗോഡ്‌സെ ആര്‍.എസ്.എസുകാരനല്ലെന്ന് ജസ്റ്റീസ് കെ.ടി. തോമസ് പറഞ്ഞത് ഖേദകരമാണ്.

ചെങ്ങന്നൂര്‍കാരുടെ ചിരകാല സ്വപ്നമായ കല്ലിശ്ശേരി പാലംപണിക്ക് 12 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള പാലം നിലനിര്‍ത്തി മറ്റൊരു പാലം പണിയുകയാണ് ലക്ഷ്യം.

പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് റെജി ജോര്‍ജ് സമ്മേളനത്തിന്റെ ഇതേവരെയുള്ള ഒരുക്കങ്ങള്‍ വിശദീകരിച്ചു. ജയിന്‍ ജേക്കബ് സി.പി.എ, അനിയന്‍ ജോര്‍ജ് (പബ്ലിക് ട്രസ്റ്റ് റിയാല്‍ടി), ദിലീഷ് വര്‍ഗീസ് (ഡി.കെ. കണ്‍സ്ട്രക്ഷന്‍സ്) എന്നിവര്‍ സ്‌പോണ്‍സര്‍ഷിപ്പ് തുക ഏല്‍പിച്ചു.

കോണ്‍സുലേറ്റിലും എയര്‍ ഇന്ത്യയിലും മറ്റും നേരിടുന്ന അവഗണനയ്‌ക്കെതിരേ ഒറ്റക്കെട്ടായി രംഗത്തുവരാന്‍ അനിയന്‍ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

ചാപ്റ്റര്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി മധു കൊട്ടാരക്കര, നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.

മരിക്കാന്‍ കാത്തിരിക്കുന്ന മാധ്യമ ലോകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക