Image

ഉല്‍സവപ്പിറ്റേന്ന് (ചെറുകഥ)- ഷാജന്‍ ആനിത്തോട്ടം

ഷാജന്‍ ആനിത്തോട്ടം Published on 17 April, 2013
ഉല്‍സവപ്പിറ്റേന്ന് (ചെറുകഥ)- ഷാജന്‍ ആനിത്തോട്ടം

കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞു ഏറെ നേരം കിടന്നിട്ടും കല്യാണിയ്ക്ക് ഉറക്കം വന്നില്ല. മണിക്കൂറുകള്‍ പടിയിറങ്ങിപ്പോകുന്നത് തുറന്ന കണ്ണുകളിലൂടെ അവള്‍ നോക്കി നിന്നു. തൊട്ടരികില്‍ സുഖസുഷുപ്തിയില്‍ ലയിച്ചുറങ്ങുന്ന തന്റെ ഭര്‍ത്താവിന്റെ മുഖത്തേയ്ക്കവള്‍ ഉറ്റുനോക്കി. ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്‌ക്കളങ്കതയോടെ കൂര്‍ക്കം വലിച്ച് സുഖമായുറങ്ങുകയാണ് അരവിന്ദന്‍. മുറിയിലെ കൊഴുത്ത ഇരുട്ടില്‍ കൃത്യമായ താളത്തോടെ മിടിയ്ക്കുന്ന ചുവരിലെ ക്ലോക്കിന്റെ സൂചിയും അരവിന്ദന്റെ ഉച്ചത്തിലുള്ള കൂര്‍ക്കം വലിയും അവളുടെ അസ്വസ്ഥത വര്‍ദ്ധിപ്പിച്ചതേയുള്ളൂ.

തലയിണയ്ക്കിടയില്‍ നിന്നും സെല്‍ഫോണ്‍ തപ്പിയെടുത്തവള്‍ സമയം നോക്കി. വെളുപ്പിന് രണ്ടുമണി കഴിഞ്ഞിരിയ്ക്കുന്നു. നാട്ടിലിപ്പോള്‍ വിഷുസദ്യയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളാവും. കണ്ണുകള്‍ ഇറുക്കിയടച്ച് കിടന്ന് വീട്ടിലെ ബഹളങ്ങളിലേയ്ക്കവള്‍ കാത് കൂര്‍പ്പിച്ചു. അടുക്കളയില്‍ ഓടിനടന്ന് സദ്യയ്ക്കുള്ള ചിട്ടവട്ടങ്ങളൊരുക്കുകയാണ് അമ്മ. അച്ഛനും ആങ്ങളമാരും ഇടയ്ക്കിടെ അടുക്കള വാതിലില്‍ തലകാണിച്ച് മടങ്ങുന്നു. ഉച്ചയൂണ് കഴിഞ്ഞ് സ്വന്തം വീടുകളിലേയ്ക്ക് ഭര്‍ത്താക്കന്മാരോടും കുട്ടികളോടുമൊപ്പം പോകാനുള്ള ഒരുക്കങ്ങളിലും ആവേശത്തിലുമാണ് ഏടത്തിമാര്‍. വൈകീട്ടത്തെ സദ്യ അവരവരുടെ വീടുകളില്‍ വച്ചാക്കാനുള്ള അവരുടെ ആഗ്രഹത്തിന് അമ്മ ഒരിയ്ക്കലും തടസ്സം നിന്നിട്ടില്ലല്ലോ… അച്ചമ്മ എവിടെപ്പോയി? കല്യാണി വീണ്ടും കാത് കൂര്‍പ്പിച്ച് ശ്രദ്ധിച്ചു. ഉണ്ട്, വടക്കേപ്പുറത്തെ വരാന്തയില്‍ വഴിയിലേയ്ക്ക് നോക്കി വിടര്‍ന്ന കണ്ണുകളുമായി കാത്തിരിയ്ക്കുകയാണ് അച്ചമ്മ. 'കല്ലുമോള്‍ വന്നോ'യെന്ന് ഇടയ്ക്കിടെ ആരോടൊക്കെയോ ചോദിയ്ക്കുന്നുമുണ്ട്.

'കല്യാണീ, ഇത്തവണത്തെ വിഷുവിനെങ്കിലും നീയൊന്ന് നാട്ടില്‍ പോകണം കേട്ടോ. നിന്റെ അച്ചമ്മയ്ക്ക് തീരെ സുഖമില്ല. ഞാനവിടെ ചെന്ന സമയം മുഴുവനും നിന്നെക്കുറിച്ചല്ലാതെ മറ്റൊന്നും അവര്‍ക്ക് പറയാനില്ലായിരുന്നു. 'കല്ലുവന്നോ… കല്ലു വരുമോ, കല്ലുവരില്ലേ…'  അതല്ലാതെ വേറൊരു വര്‍ത്തമാനവും ചിന്തയുമില്ല നിന്റെ അച്ചമ്മയ്ക്ക്. അരവിന്ദനോട് നിനക്കൊന്ന് സ്റ്റേണായി പറഞ്ഞുകൂടേ? വേണമെങ്കില്‍ ഞാനും കൂടിയൊന്ന് പറഞ്ഞ് നോക്കാം- വിന്റര്‍ ബ്രേക്കിന് കുടുംബസമ്മേതം നാട്ടില്‍ പോയിട്ട് വന്ന നാട്ടിലെ അയല്‍ക്കാരിയും അടുത്ത സ്‌നേഹിതയുമായ സൂസന്ന പറഞ്ഞപ്പോള്‍ ഒരു വട്ടം സമ്മതിയ്ക്കാന്‍ തോന്നിയതാണ്. പിന്നെ വേണ്ടെന്ന് വച്ചു. അരവിന്ദേട്ടന് അതൊന്നും ഇഷ്ടപ്പെടുകയില്ല. "നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടെങ്കില്‍ നേരിട്ട് പറഞ്ഞുകൂടേ-? എന്തിനാണ് നമ്മുടെ ജീവിതത്തിലേയ്ക്ക് മറ്റൊരാളെ വലിച്ചിഴയ്ക്കുന്നത്?” ഉത്തരം അതാവുമെന്നറിയുമ്പോള്‍ വെറുതെയെന്തിന് ഒരു പാഴ്ശ്രമം?

നേരിട്ട് പറയാഞ്ഞിട്ടാണോ… എത്രയോ തവണ എത്രയോ വര്‍ഷങ്ങളായി പറയുന്നു, ആഗ്രഹിയ്ക്കുന്നു… ഓരോ തവണയും ഓരോരോ തടസ്സങ്ങള്‍, ന്യായങ്ങള്‍. അമേരിയ്ക്കയില്‍ വന്നതിന്റെ പിറ്റേവര്‍ഷം മുതല്‍ ആഗ്രഹിയ്ക്കുന്നതായിരുന്നു നാട്ടിലേയ്ക്കുള്ള യാത്ര.
ന്യായീകരിയ്ക്കത്തക്കതും അല്ലാത്തതുമായ ഒരുപാട് കാരണങ്ങളാല്‍ അതൊരു മരീചികയായി മാറിക്കൊണ്ടിരുന്നു. ഐ.ടി. ഫീല്‍ഡിലെ തൊഴില്‍ അനിശ്ചിതത്വം കാരണം അരവിന്ദന്റെ ജോലി മാത്രമാശ്രയിച്ചുള്ള കുടുംബബജറ്റില്‍ നാട്ടിലേയ്ക്കുള്ള യാത്ര എന്നും അവസാന പരിഗണയില്‍ വന്നു. അതിനിടയില്‍ ഒന്നിന് പിറകെ പിറന്ന മക്കളുടെ വരവും യാത്ര ദീര്‍ഘിപ്പിച്ചു. കനത്ത ബേബിസിറ്റിംഗ് ചാര്‍ജൊഴിവാക്കാന്‍ താന്‍ മുഴുവന്‍ സമയ വീട്ടമ്മയായതോടുകൂടി അരവിന്ദന്റെ മാത്രം വരുമാനം കൊണ്ടൊരു നാട്ടില്‍പ്പോക്കും അപ്രായോഗികമാവുകായിരുന്നല്ലോ. നുള്ളിപ്പെറുക്കി മാറ്റിവച്ച കൊച്ചുസമ്പാദ്യം കൊണ്ട് സ്വന്തമായൊരു വീടുവാങ്ങിയതോടുകൂടി നാട്ടില്‍പോകണമെന്ന ആഗ്രഹത്തിന്റെ അസ്ഥിവാരമാണിടിഞ്ഞത്. കുട്ടികളുടെയും കുടുംബത്തിന്റെയും അനുദിന ചിലവുകളും മോര്‍ഗേജ് അടവുകളും കഴിഞ്ഞാല്‍ പിന്നെ നീക്കിവയ്ക്കാന്‍ ബാക്കിയൊന്നുമില്ലാതായി.

ഒന്‍പതു വര്‍ഷങ്ങള്‍  എങ്ങിനെയാണ് കടന്നുപോയതെന്ന് തനിക്ക് മാത്രമേ അറിയൂ. കുഞ്ഞുങ്ങളുടെ ഫോട്ടോകള്‍ മുറയ്ക്ക് അയച്ചുകൊടുക്കാനും ഫോണിലൂടെ അവരുടെ കൊഞ്ചലുകള്‍ കേള്‍പ്പിയ്ക്കുവാനുമല്ലാതെ അവരുടെ ഓമനമുഖമൊന്ന് വീട്ടുകാരെ നേരില്‍ കാണിയ്ക്കണമെന്ന് എത്രമാത്രം മോഹിയ്ക്കുന്നു? ഒറ്റയ്ക്കാണെങ്കിലും ഒരുവട്ടമൊന്ന് ഓടിപ്പോയി അച്ചമ്മയെയും വീട്ടുകാരെയും കണ്ട് മടങ്ങണമെന്ന് എത്രയോ തവണ ആഗ്രഹിച്ചതാണ്… അപ്പോഴൊക്കെ എന്തെങ്കിലും തടസ്സങ്ങള്‍ വന്നുചേരും. കുട്ടികളെ സ്‌ക്കൂളില്‍ ചേര്‍ത്തതില്‍പ്പിന്നെ പുതിയൊരു തടസ്സവുമായി. സമ്മര്‍വെക്കേഷനാവുമ്പോള്‍ എല്ലാവര്‍ക്കും കൂടി ഒന്നിച്ചുപോവാമെന്ന ഭര്‍ത്താവിന്റെ മോഹന വാഗ്ദാനത്തില്‍ പിന്നെയും നീണ്ട യാത്രകള്‍! നാട്ടില്‍ കാര്യമായ ബന്ധുജനങ്ങളില്ലാത്ത അരവിന്ദേട്ടന് തന്റെ വേദന മനസ്സിലാവില്ലല്ലോ. ഓരോ വിശേഷാവസരങ്ങളിലും ഒത്തുകൂടുവാന്‍ അരവിന്ദേട്ടന്റെ സഹോദരങ്ങളെല്ലാമിവിടെത്തന്നെയുണ്ട്. മരിച്ചുപോയ അച്ചനമ്മമാരുടെ  കുറവ് നികത്തുവാന്‍ ആവശ്യത്തിലധികം  സ്‌നേഹം അവര്‍ കൊടുക്കുന്നുമുണ്ട്. ഓണത്തിനും താങ്ക്‌സ്ഗിവിംഗിനും ന്യൂ ഇയര്‍ പാര്‍ട്ടിയ്ക്കുമെല്ലാം ഓരോ  വീടുകളിലും മാറിമാറി എല്ലാവരും ഒത്തുകൂടുമ്പോള്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി താനനുഭവിയ്ക്കുന്ന വേദന അവരറിയുന്നുണ്ടാവില്ല.

മരിയ്ക്കുന്നതിനുമുമ്പ് ഒരു തവണയെങ്കിലും അച്ചമ്മയെയൊന്ന് കാണുവാന്‍ സാധിയ്ക്കുമോ എന്തോ? മീനച്ചൂട്ട് കൊണ്ടെന്നപോലെ പൊള്ളുന്ന ആ ചിന്തയില്‍ കല്യാണിയുടെ ദേഹമാസകലം വിയര്‍ക്കാന്‍ തുടങ്ങി. ഇത്തവണത്തെ വിഷുവിനെങ്കിലും എല്ലാവരും കൂടി ഒന്ന് വന്ന് പോകുവാന്‍ കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും അമ്മ കെഞ്ചിപ്പറഞ്ഞതാണ്. വിഷുനാള്‍ അച്ചമ്മയുടെ പിറന്നാള്‍ കൂടിയാണ്. പോരെങ്കില്‍ ഈ വര്‍ഷം എണ്‍പത്തിനാല് തികയുകയും ചെയ്യുന്നു. കല്ലുമോളെയൊന്ന് കണ്ടാല്‍മതി അച്ചമ്മയ്ക്ക് ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട സന്തോഷമാവുമെന്നൊക്കെ അമ്മയും അച്ചനും തമാശ കലര്‍ത്തി പറഞ്ഞപ്പോള്‍ എത്രമാത്രം ആശയോടെ അരവിന്ദനോട് പറഞ്ഞുനോക്കിയതാണ്. എന്തായാലും ഇത്രയായില്ലേ, ഇനിയിപ്പോള്‍ സ്‌ക്കൂളടയ്ക്കുമ്പോള്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ തന്റെ ഇടനെഞ്ച് തകര്‍ന്നത് ആരറിയുന്നു? കൊച്ചുക്ലാസ്സുകളില്‍ പഠിയ്ക്കുന്ന മക്കളുടെ ക്ലാസ്സുകള്‍ മുടങ്ങുന്നത് അത്ര വലിയ കാര്യമൊന്നുമല്ലെന്ന് ആരെങ്കിലും അരവിന്ദേട്ടനെ മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ടോ?

അമ്മ പറയുമ്പോഴാണറിയുന്നത് അച്ചമ്മയ്ക്ക് ഡിമന്‍ഷ്യയുടെ ലക്ഷണങ്ങള്‍ കലശലായിത്തുടങ്ങിയെന്ന്. പക്ഷേ എല്ലാ ഓര്‍മ്മപ്പിശകുകള്‍ക്കുമിടയിലും കല്ലുമോളെ തിരക്കുമെന്നും അവളെ കാണുന്നില്ലല്ലോയെന്ന് പറഞ്ഞ് വിലപിയ്ക്കുമെന്നും കേട്ടപ്പോള്‍ തന്റെ മനസ്സിന്റെ താളവും തെറ്റുന്നതായി തോന്നി. അച്ചമ്മയ്ക്ക് താനെത്രമാത്രം പ്രിയങ്കരിയായിരുന്നുവെന്ന് കുടുംബത്തിലും നാട്ടുകാര്‍ക്കും മുഴുവന്‍ അറിവുള്ളതാണ്. നാല് കൊച്ചുമക്കള്ക്ക് ശേഷം പിറന്ന ആദ്യത്തെ പെണ്‍കുഞ്ഞെന്ന നിലയില്‍ അച്ചമ്മയ്ക്ക് തന്നെ വല്ലാതെ ഇഷ്ടമായിരുന്നു. “അച്ചമ്മയ്ക്ക് കല്ലുവിനോട് മാത്രമേ സ്‌നേഹമുള്ളൂ“വെന്ന് ഏട്ടന്മാര്‍ പരിഭവം പറഞ്ഞപ്പോഴൊക്കെ ഒരു പുന്നാരമുത്തം കൂടിതന്ന് അച്ചമ്മ തന്നെ മാറോടണയ്ക്കുകയായിരുന്നു പതിവ്. അവര്‍ക്കൊന്നും കൊടുക്കാതെ പലഹാരങ്ങളും മിഠായിപ്പൊതികളും തന്ന് അപൂര്‍വ്വമായൊരു നിധിപോലെയാണ് അച്ചമ്മ തന്നെ കൊണ്ടുനടന്നത്. വളര്‍ന്ന് വലുതാവുന്നത് വരെ അച്ചമ്മയെ കെട്ടിപ്പിടിച്ചാണ് കിടന്നുറങ്ങിയിരുന്നതും. അച്ചമ്മയെ പൊതിഞ്ഞിരിയ്ക്കുന്ന ചന്ദനസോപ്പിന്റെ സുഗന്ധം ഇപ്പോഴും മൂക്കിന്‍തുമ്പത്തുണ്ട്. ഒടുവില്‍ കൊച്ചിന്‍ യൂണിവേഴ്സ്റ്റിയില്‍ നിന്നും റാങ്കോടെ ബി.ടെക് പാസ്സായ തന്നെ അമേരിയ്ക്കക്കാരന്‍ സുന്ദരന്‍ വന്ന് കൊത്തിയെടുത്ത് കൊണ്ട് പോവുമ്പോള്‍ ഒരു കാര്യം മാത്രമേ അച്ചമ്മ ആവശ്യപ്പെട്ടിരുന്നുള്ളൂ, പറ്റുമെങ്കില്‍ എല്ലാ വര്‍ഷവും വിഷുവിന് നാട്ടില്‍ വരണമെന്ന്.അച്ചമ്മയുടെ കൈപിടിച്ച് വരാമെന്ന് സത്യം ചെയ്യുമ്പോള്‍ ഒരിയ്ക്കലും നിറവേറ്റാനാവാത്ത വാഗ്ദാനമാവുമതെന്ന് ഒട്ടും ഓര്‍ത്തതേയില്ല. “അച്ചമ്മേ, അടുത്ത വര്‍ഷം വിഷുവിന് വരുമ്പോള്‍ ഒരു പെട്ടി നിറയെ അച്ചമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചന്ദനസോപ്പും ഞാന്‍ കൊണ്ടുവരും” എന്ന് പറഞ്ഞപ്പോള്‍ എല്ലാവരുടെയും പൊട്ടിച്ചിരികള്‍ക്കിടയില്‍ തന്നെ കെട്ടിപ്പിടിച്ചുമ്മവച്ച അച്ചമ്മയുടെ കണ്ണുകളില്‍ കണ്ടത് സന്തോഷത്തിന്റെ കണ്ണനീരായിരുന്നോ അതോ സന്താപത്തിന്റെ ദീര്‍ഘദര്‍ശനമായിരുന്നോയെന്ന് ഇപ്പോള്‍ സംശയിയ്ക്കുന്നു.

കടലുകള്‍ക്കിപ്പുറം അച്ചമ്മയുടെ സാമീപ്യമറിഞ്ഞത്  പിന്നെ ആ ചന്ദന സുഗന്ധത്തിലായിരുന്നു. മലയാളി ഗ്രാസറിക്കടകളില്‍ നിന്നും വാങ്ങുന്ന ചന്ദനസോപ്പിന്റെ പരിമളത്തില്‍ അച്ചമ്മയുടെ സാമീപ്യം ബോധപൂര്‍വ്വം അനുഭവിയ്ക്കാന്‍ ശ്രമിച്ചു. ഓരോ തവണ അച്ചമ്മയെ കാണണമെന്ന് കലശലായി ആഗ്രഹിക്കുമ്പോഴൊക്കെ കുളിമുറിയിലെ ഏകാന്തതയില്‍ ദേഹമാസകലം ചന്ദനസോപ്പില്‍ പുതഞ്ഞ് മനം നിറയെ അച്ചമ്മയെ നിറച്ച്… അപ്പോഴൊക്കെ തന്നെ കെട്ടിപ്പിടിച്ച് മൂര്‍ദ്ധാവില്‍ ഉമ്മവച്ച് അച്ചമ്മ തന്നോടൊപ്പമുണ്ടെന്ന തോന്നലായിരുന്നു.

സെല്‍ഫോണില്‍ കല്യാണി വീണ്ടും സമയം നോക്കി. വെളുപ്പിന് അഞ്ചരയായിരിയ്ക്കുന്നു. ഈ രാത്രി അവസാനിയ്ക്കുന്നു. ഇനിയിപ്പോള്‍ എന്തുറങ്ങാനാണ്? നാട്ടില്‍ വിഷുസദ്യയൊക്കെ ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ടാവും. അച്ചമ്മയിപ്പോള്‍ വൈകുന്നേരത്തെ പതിവ് ചായകുടിച്ച് ഒരുങ്ങുകയായാവും. ഒരു ചായ തനിക്കും കുടിക്കണം. കല്യാണി അടുക്കളയിലേയ്ക്ക് നടന്നു. അമ്മയും. കല്യാണി അടുപ്പത്ത് പാല്‍പ്പാത്രം വച്ചു. അമ്മ സ്റ്റൗ കത്തിച്ചു. ചെറുചൂടോടെ കട്ടന്‍ചായ മൊത്തിക്കുടിയ്ക്കുമ്പോള്‍ അച്ചമ്മയും കല്യാണിയും പരസ്പരം നോക്കി. അച്ചമ്മയുടെ മുഖത്തെ നിര്‍വൃതി കല്യാണി തിരിച്ചറിഞ്ഞു.

നിറഞ്ഞ സംതൃപ്തിയോടെ അച്ചമ്മ പടിപ്പുരയിലേയ്‌ക്കോടി. പിന്നെ ഇടവഴിയും കടന്ന് പൊതുനിരത്തിലെത്തി. മുമ്പിലെ വാഹനങ്ങളോ ഉറ്റവരുടെ പിന്‍വിളികളോ അച്ചമ്മയെ തടഞ്ഞില്ല. മുമ്പില്‍ കല്ലുമോളുടെ പുഞ്ചിരിയ്ക്കുന്ന മുഖം മാത്രമാണ് അച്ചമ്മ കാണുന്നത്. ഉല്‍ക്കടമായ ആവേശത്തോടെ, നിറഞ്ഞ സന്തോഷത്തടെ നിരത്തിന് നടുവിലൂടെ, ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ അച്ചമ്മ ഓടി. ഒടുവില്‍….

കല്യാണി വീണ്ടും കട്ടിലിലേയ്ക്ക് തന്നെ മടങ്ങി. ഇരുട്ടിന് കൊഴുപ്പ് കുറഞ്ഞിരിയ്ക്കുന്നു. മനസ്സിന്റെ ഭാരവും കുറഞ്ഞതുപോലെ… കണ്ണുകള്‍ വീണ്ടും ഇറുക്കിയടക്കുമ്പോള്‍ മുറിയിലാസകലം വല്ലാത്തൊരു പരിമളം പടര്‍ന്നതുപോലെ അവള്‍ക്കു തോന്നി. ചന്ദനസോപ്പിന്റെ വശ്യമായ സുഗന്ധം അവള്‍ തിരിച്ചറിഞ്ഞു. കണ്ണുകള്‍ കൂടുതല്‍ ഇറുകെയടച്ച് ഒരു ഉന്മാദിനിയെപ്പോലെ. അവള്‍ ആഞ്ഞ് നിശ്വസിച്ചു. ടെലിഫോണ്‍ ബെല്ലിന്റെ ആര്‍ത്തനാദം അവള്‍ ഗൗനിച്ചതേയില്ല. അടുത്തുകിടക്കുന്ന അരവിന്ദനും അടുത്ത മുറിയില്‍ കിടന്നുറങ്ങുന്ന കുട്ടികളും അവള്‍ക്കപ്പോള്‍ ആരുമല്ലായിരുന്നു. വന്യമായ  ഒരാവേശത്തോടെ പിന്നെയും പിന്നെയും ആ പരിമളത്തില്‍ കല്യാണി ലയിച്ചുചേര്‍ന്നു.


ഉല്‍സവപ്പിറ്റേന്ന് (ചെറുകഥ)- ഷാജന്‍ ആനിത്തോട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക