Image

നിര്‍മ്മലയ്‌ക്കും, ജോസനും, ബിജോയ്‌ക്കും ലാന ത്രൈമാസാംഗീകാരം

ജോയിച്ചന്‍ പുതുക്കുളം Published on 19 April, 2013
നിര്‍മ്മലയ്‌ക്കും, ജോസനും, ബിജോയ്‌ക്കും ലാന ത്രൈമാസാംഗീകാരം
ഷിക്കാഗോ: 2013 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച്‌ 31 വരെ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട സാഹിത്യസൃഷ്‌ടികളില്‍ നിന്നും മികച്ച കൃതികളായി നിര്‍മ്മല തോമസിന്റെ `നഷ്‌ടപ്പെടുവാന്‍' (ചെറുകഥ), ജോസന്‍ ജോര്‍ജ്‌ രചിച്ച `ഒരു മുത്തശ്ശിക്കഥ' (കവിത), ബിജോ ചെമ്മാന്തറയുടെ `പെണ്‍വേട്ടയുടെ രാഷ്‌ട്രീയം' (ലേഖനം) എന്നിവയെ ലാനയുടെ ത്രൈമാസാംഗീകാരത്തിനായി തെരഞ്ഞെടുത്തു.

ഇ-മലയാളി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ച `നഷ്‌ടപ്പെടുവാന്‍' എന്ന കഥയാണ്‌ കാനഡയില്‍ സ്ഥിരതാമസക്കാരിയും പ്രമുഖ എഴുത്തുകാരിയുമായ നിര്‍മ്മല തോമസിനെ അംഗീകാരത്തിന്‌ അര്‍ഹയാക്കിയത്‌. പാര്‍ശ്വവത്‌കരിക്കപ്പെട്ട സ്‌ത്രീ സമൂഹത്തിന്റെ വിഹ്വലതകളും പ്രതിസന്ധികളും ഒരു പ്രവാസി വീട്ടമ്മയിലൂടെ കണ്ടുകൊണ്ട്‌ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സാമൂഹ്യജീവതത്തിലെ മുഖംമൂടികള്‍ ശക്തമായി ആവിഷ്‌കരിച്ചിരിക്കുന്ന ചെറുകഥയാണ്‌ നിര്‍മ്മലയുടെ ഈ കൃതി. `ആദ്യത്തെ പത്ത്‌', `നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി', സ്‌ട്രോബറികള്‍ പൂക്കുമ്പോള്‍' എന്നിവയാണ്‌ നിര്‍മ്മലയുടെ പ്രസിദ്ധീകരിച്ച കൃതികള്‍.

പൗലോ കൊയ്‌ലോ എന്ന ലോകപ്രശസ്‌ത ബ്രസീലിയന്‍ സാഹിത്യകാരന്റെ `ദ ഡെവിള്‍ ആന്‍ഡ്‌ മിസ്‌ പ്രിം' എന്ന കൃതിയിലെ ബര്‍ത്ത മുത്തശ്ശിയുടെ കഥയെ അടിസ്ഥാനമാക്കി രചിച്ച കവിതയാണ്‌ ജോസന്‍ ജോര്‍ജിന്റെ (ഡാളസ്‌) ഇ-മലയാളി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ച `ഒരു മുത്തശ്ശിക്കഥ'. സമകാലീനവും ചരിത്രപരവുമായ സംഭവങ്ങളെ ആസ്‌പദമാക്കി മികവുറ്റ അനേകം കവിതകള്‍ രചിച്ചിട്ടുള്ള ജോസന്‍ അമേരിക്കയിലും നാട്ടിലുമുള്ള വിവിധ മാധ്യമങ്ങളില്‍ സര്‍ഗ്ഗസൃഷ്‌ടി നടത്തുന്നു.

`പെണ്‍വേട്ടയുടെ രാഷ്‌ട്രീയം' സമകാലീന മലയാളി സമൂഹത്തിലെ വേദനിപ്പിക്കുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന സ്‌ത്രീ സമൂഹത്തിന്റെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളുടെ മികച്ച രേഖാചിത്രമാണ്‌. മലയാളം പത്രം, ഇ-മലയാളി ഡോട്ട്‌കോം എന്നിവയില്‍ കഴിഞ്ഞ ത്രൈമാസം പ്രസിദ്ധീകരിച്ച ഈ ലേഖനമാണ്‌ ബിജോ ജോസ്‌ ചെമ്മാന്ത്രയ്‌ക്ക്‌ (ബാള്‍ട്ടിമൂര്‍) ഈ അംഗീകാരം നേടിക്കൊടുത്തത്‌. ഇരകളായി എന്നും വേട്ടയാടപ്പെടുന്ന മര്‍ദ്ദിത സ്‌ത്രീ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ പുതിയ രാഷ്‌ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ ഈ ലേഖനത്തില്‍ വിശകലനം ചെയ്യപ്പെടുന്നു. കാലികപ്രസക്തിയുള്ള നിരവധി ലേഖനങ്ങള്‍ അദ്ദേഹം ആനുകാലികങ്ങളിലും വെബ്‌ പോര്‍ട്ടലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന മികച്ച കൃതികളെ ലാനയുടെ അംഗീകാരത്തിനായി വായനക്കാര്‍ക്കും നിര്‍ദേശിക്കാവുന്നതാണ്‌. കഴിഞ്ഞവര്‍ഷം സുധീര്‍ പണിക്കവീട്ടില്‍, മീനു എലിസബത്ത്‌, സരോജ വര്‍ഗീസ്‌, ഗീതാ രാജന്‍, റീനി മമ്പലം, ജോണ്‍ വേറ്റം, ചാക്കോ ഇട്ടിച്ചെറിയ, നീന പനയ്‌ക്കല്‍, ജോര്‍ജ്‌ മണ്ണിക്കരോട്ട്‌, ഡോ. ജോയി ടി. കുഞ്ഞാപ്പു, സി.എം.സി. ജയന്‍ വര്‍ഗീസ്‌ എന്നിവരുടെ കൃതികളാണ്‌ ത്രൈമാസാംഗീകാരത്തിനായി ലാന തെരഞ്ഞെടുത്തത്‌.

എഴുത്തുകാര്‍ക്ക്‌ തങ്ങളുടെ രചനകള്‍ ലാന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുവാന്‍ താത്‌പര്യമുണ്ടെങ്കില്‍ vasudev.pulickel@gmail.com എന്ന വിലാസത്തിലേക്ക്‌ അയയ്‌ക്കുക. പി.ഡി.എഫ്‌ ഫോര്‍മാറ്റില്‍ അയച്ചാല്‍ നന്നായിരിക്കും. ഷാജന്‍ ആനിത്തോട്ടം അറിയിച്ചതാണിത്‌.
നിര്‍മ്മലയ്‌ക്കും, ജോസനും, ബിജോയ്‌ക്കും ലാന ത്രൈമാസാംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക