Image

ആനന്ദ് ജോണിന് ഐക്യദാര്‍ഢ്യം: യോങ്കേഴ്‌സ് മലയാളി കമ്യൂണിറ്റി മുന്‍നിരയില്‍

തോമസ് കൂവള്ളൂര്‍ Published on 18 April, 2013
ആനന്ദ് ജോണിന് ഐക്യദാര്‍ഢ്യം: യോങ്കേഴ്‌സ് മലയാളി കമ്യൂണിറ്റി മുന്‍നിരയില്‍
ന്യൂയോര്‍ക്ക്: ഫാഷന്‍ ലോകത്തെ അതികായനായിരുന്ന ആനന്ദ് ജോണ്‍ മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് ന്യൂയോര്‍ക്കിലെ റൈക്കേഴ്‌സ് ഐലന്റിലെ ജയിലില്‍ എത്തിയതുമുതല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസം രണ്ടാം തീയതി മന്‍ഹാട്ടനിലുള്ള 111 സെന്‍ട്രല്‍ സ്ട്രീറ്റിലെ കോടതിയില്‍ വെച്ച് അദ്ദേഹത്തിന്റെ ന്യൂയോര്‍ക്കിലെ കേസിന് തിരശീല വീഴുന്നതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ അമേരിക്കയില്‍ ഇന്നു നിലവിലുള്ള മറ്റ് ഏതൊരു സംഘടനയെക്കാളും കൂടുതല്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചത് യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയില്‍പ്പെട്ട സഹൃദയരായ ഏതാനും ചിലര്‍ ആയിരുന്നു എന്നു കാണാന്‍ കഴിയും.

ആനന്ദ് ജോണിനെ ഇടയ്ക്കിടയ്ക്ക് ജയിലില്‍ പോയി സന്ദര്‍ശിക്കുന്നതിനും, അദ്ദേഹത്തിന് ആശ്വാസവചനങ്ങള്‍ നല്‍കുന്നതിനും കഴിഞ്ഞിരുന്നു എന്നതിലുപരി ആനന്ദ് ജോണിന്റെ നിസ്സഹായാവസ്ഥ മനസിലാക്കി രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഫണ്ടുശേഖരണം നടത്താന്‍ മുന്നിട്ടിറങ്ങിയതും ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ ഭാരവാഹികളായിരുന്നു എന്നുള്ളത് ഈ അവസരത്തില്‍ സ്മരിക്കുന്നു. അങ്ങനെ ഒരു ഫണ്ടുശേഖരണം നടത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ആനന്ദ് ജോണിന് പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍മാരെ വയ്ക്കുന്നതിനോ, പ്രൈവറ്റ് വക്കീലന്മാരെ എടുക്കുന്നതിനോ കഴിയുമായിരുന്നില്ല.

മറ്റുള്ള സംഘടനയിലുള്ളവരെക്കൂടി ഈ വിഷയത്തില്‍ ബോധവത്കരിക്കുന്നതിനും, മറ്റു സംഘടനാ നേതാക്കളെയും കൂട്ടുപിടിച്ച് പൊതുജനങ്ങളുടെ സഹകരണം പടിച്ചുപറ്റുന്നതിനും അതുവഴി സമൂഹത്തില്‍ ഒരു ചലനം സൃഷ്ടിക്കുന്നതിനും സംഘടനാ ഭാരവാഹികള്‍ക്കു കഴിഞ്ഞു. സംഘടനയുടെ പ്രഥമ സെക്രട്ടറിയും, ഇപ്പോഴത്തെ പ്രസിഡന്റുമായ ഈ ലേഖകനോടൊപ്പം (തോമസ് കൂവള്ളൂര്‍) ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച ഏതാനും ചിലരുടെ പേരുകള്‍ എടുത്തുപറയേണ്ടിയിരിക്കുന്നു. മുന്‍ പ്രസിഡന്റുമാരായ ഷീല ചെറു, എം.കെ. മാത്യൂസ്, മെമ്പര്‍മാരായ ജോയി പുളിയനാല്‍, വര്‍ഗീസ് ചെറു, മോളി ഫിലിപ്പ്, സിസിലി കൂവള്ളൂര്‍, ഏലിയാമ്മ ജോര്‍ജുകുട്ടി, ജോര്‍ജ് ജോസഫ്, ജോര്‍ജുകുട്ടി ഉമ്മന്‍ എന്നിവരെല്ലാം ഈ ലേഖകനോടൊപ്പം പലപ്പോഴായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. തുടക്കത്തില്‍ ആനന്ദ് ജോണിനെ പ്രതിനിധീകരിക്കാന്‍ ആരും മുന്നോട്ടു വരാതിരുന്ന സാഹചര്യത്തില്‍ ഇടയ്ക്കിടെ കോടതിയില്‍ ഹാജരാകാറുണ്ടായിരുന്നതും ഈ സംഘടനയില്‍പ്പെട്ടവരായിരുന്നു.

ഏപ്രില്‍ രണ്ടിന് ആനന്ദ് ജോണിന്റെ ന്യൂയോര്‍ക്കിലെ കേസിന് തിരശീല വീണപ്പോഴും സംഘടനയില്‍പ്പെട്ട നിരവധി പേര്‍ ഈ ലേഖകനോടൊപ്പം കോടതിയില്‍ ഹാജരായിരുന്നു. ചെറുതെങ്കിലും പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ സംഘടന മുമ്പന്തിയില്‍ നില്‍ക്കുന്നു എന്നുള്ളതിനു തെളിവാണിത്.

ഈയിടെ ഏപ്രില്‍ 13-ന് നടന്ന സംഘടനയുടെ ഈസ്റ്റര്‍ -വിഷു ആഘോഷത്തില്‍ പങ്കെടുത്ത ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റീജിയന്റെ വൈസ് പ്രസിഡന്റ് അറ്റോര്‍ണി വിനോദ് കെയാര്‍കെ ഇക്കാര്യം എടുത്തു പറയുകയും, സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പ്രത്യേകം പുകഴ്ത്തുകയും, യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി മറ്റു സംഘടനകള്‍ക്കുകൂടി മാതൃകയാണെന്നും പറയുകയുണ്ടായി.

ഏപ്രില്‍ രണ്ടിന് ആനന്ദ് ജോണിന്റെ വിധി ദിവസം കോടതിയില്‍ ഹാജരായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരില്‍ ചിലര്‍: എം.കെ. മാത്യൂസ്, തോമസ് കൂവള്ളൂര്‍, ജോര്‍ജുകുട്ടി ഉമ്മന്‍, ഏലിയാമ്മ ജോര്‍ജുകുട്ടി, മോളി പുളിയനാല്‍, സിസിലി കൂവള്ളൂര്‍ എന്നിവര്‍ മറ്റു നേതാക്കളോടൊപ്പം നില്‍ക്കുന്നതാണ് ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്.

വാര്‍ത്ത അയയ്ക്കുന്നത്: തോമസ് കൂവള്ളൂര്‍.
ആനന്ദ് ജോണിന് ഐക്യദാര്‍ഢ്യം: യോങ്കേഴ്‌സ് മലയാളി കമ്യൂണിറ്റി മുന്‍നിരയില്‍ആനന്ദ് ജോണിന് ഐക്യദാര്‍ഢ്യം: യോങ്കേഴ്‌സ് മലയാളി കമ്യൂണിറ്റി മുന്‍നിരയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക