Image

തിരിച്ചുവരവില്‍ നിരാശപ്പെടുത്തുന്ന മീര

Published on 20 April, 2013
തിരിച്ചുവരവില്‍ നിരാശപ്പെടുത്തുന്ന മീര
നീണ്ട ഇടവേളക്കു ശേഷം മീരാ ജാസ്‌മിന്റെ രണ്ടു ചിത്രങ്ങള്‍ അടുത്തടുത്തായി തീയറ്ററുകളിലെത്തിയിരുന്നു. ആദ്യം ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്‌ത ലിസമ്മയുടെ വീട്‌. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായി സിദ്ധിഖ്‌ സംവിധാനം ചെയ്‌ത ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്‍ തീയറ്ററുകളിലെത്തിയിരിക്കുന്നു. അഭിനയ മികവ്‌ കൊണ്ട്‌ തെന്നിന്ത്യയെ മുഴുവന്‍ അമ്പരപ്പിച്ച, മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം നേടിയ മീരയുടെ നിഴല്‍ മാത്രമാണ്‌ ഈ രണ്ടു സിനിമകളിലും കാണാന്‍ കഴിഞ്ഞത്‌.

ഏഷ്യന്‍ പെയിന്റ്‌സ്‌ മുഖത്തേക്ക്‌ കോരിയൊഴിച്ചതുപോലെയുള്ള മേക്കപ്പുമായി മീര സ്‌ക്രീനിലെത്തുന്നത്‌ കാണുമ്പോള്‍ സൂത്രധാരനും, കസ്‌തൂരിമാനും, അച്ചുവിന്റെ അമ്മയും, ഒരേ കടലുമൊക്കെ ആസ്വദിച്ച ഏത്‌ മലയാളി പ്രേക്ഷകനും ചിന്തിച്ചുപോകും, മീരക്ക്‌ എന്തു സംഭവിച്ചുവെന്ന്‌. എന്നും കേട്ടിട്ടുള്ള വെള്ളിത്തിരയിലെ താരങ്ങളുടെ തകര്‍ച്ചയുടെയും പതനത്തിന്റെയും കഥകള്‍ പ്രേക്ഷകര്‍ക്ക്‌ പുതുമയല്ല. എന്നാല്‍ മീരയുടേത്‌ സമാനതകളില്ലാത്ത ഒരു മിസ്റ്ററി തന്നെയാണ്‌ മലയാളി പ്രേക്ഷകന്‌. അഭിനയത്തില്‍ ശോഭനക്കും, രേവതിക്കും, മഞ്‌ജുവാര്യര്‍ക്കുമൊക്കെ ശേഷം വ്യക്തിത്വമുള്ള ഒരു പേരായി തിളങ്ങിയ മീരാജാസ്‌മിന്‌ എങ്ങനെയാണ്‌ എല്ലാം കൈവിട്ടു പോയത്‌.

ഏറെ നാളായി തെന്നിന്ത്യയില്‍ എവിടെയും മീരക്ക്‌ കാര്യമായി സിനിമകളുണ്ടായിരുന്നില്ല. അതിന്റെ കാരണം മീരയുടെ സ്വകാര്യ ജീവിതത്തില്‍ മീരയുടെ പ്രണയവും വിവാഹം കഴിക്കാനുള്ള തീരുമാനവുമൊക്കെയായിരുന്നു. എന്നാല്‍ മാന്‍ഡലിന്‍ വിദഗ്‌ധന്‍ രാജേഷുമായുള്ള തന്റെ പ്രണയം അവസാനിച്ചുവെന്ന്‌ മീര തന്നെ പറയുന്നു. അടുത്തിടെ ഒരു മലയാളം മാഗസീനില്‍ നല്‍കിയ അഭിമുഖത്തിലാണ്‌ പേരെടുത്ത്‌ പറയാതെ തന്റെ പ്രണയം അവസാനിച്ചുവെന്ന്‌ മീര പറയുന്നത്‌. അങ്ങനെ ആറു വര്‍ഷമായി നീണ്ടു നിന്നിരുന്ന പ്രണയം ഇവിടെ അവസാനിക്കുകയാണ്‌. വിവാഹിതരാകുമെന്ന്‌ ഏവരും വിശ്വസിച്ച മീരയും രാജേഷും വേര്‍പിരിയുമ്പോള്‍ അത്‌ ഈ നായികയില്‍ ഏല്‍പ്പിച്ച ആഘാതം എത്രയെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.

വിവാഹിതാകുമെന്ന്‌ വിശ്വസിച്ചപ്പോഴും അയാള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും, വിശ്വസിക്കുന്ന വ്യക്തി വഞ്ചിക്കുകയാണെന്ന്‌ തിരിച്ചറിയുന്നതാണ്‌ ഏറ്റവും വേദനിപ്പിക്കുന്നതെന്നും മീര പറയുന്നു. എന്നാല്‍ ഇനി നഷ്‌ട പ്രണയത്തില്‍ ജീവിക്കാന്‍ തയാറല്ലെന്നും സിനിമയിലേക്ക്‌ ശക്തമായി തിരിച്ചുവരാന്‍ തയാറെടുക്കുകയാണെന്നുമാണ്‌ മീര അഭിമുഖത്തില്‍ പറഞ്ഞത്‌. എന്റെ കഴിവും ആത്മവിശ്വാസവും എന്നെ വീണ്ടും സിനിമയില്‍ പഴയ സ്ഥാനം വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന്‌ മീര പറയുന്നു. ഇതിനെ തുടര്‍ന്നാണ്‌ അടുത്തിടെ ഒരു സ്റ്റേജ്‌ ഷോയില്‍ ഗായികയായി മീരയെ കണ്ടത്‌. മികച്ച ഗായികയും തനിക്കുള്ളിലുണ്ടെന്ന്‌ മീര തെളിയിക്കുകയായിരുന്നു.

പക്ഷെ അഭിനയത്തിലേക്ക്‌ തിരിച്ചെത്തിയ മീരക്ക്‌ എന്താണ്‌ സംഭവിച്ചത്‌. ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്‍ എന്ന സിനിമയില്‍ അഭിനയം എന്തെന്നുപോലും അറിയാത്ത ഒരു പുതുമുഖമായി മീര മാറിയിരിക്കുന്നു എന്നതാണ്‌ സത്യം. ഇവിടെയാണ്‌ വ്യക്തി ജീവിതത്തിലെ താളപ്പിഴകള്‍ ഒരു ആര്‍ട്ടിസ്റ്റിനെ അഭിനയത്തില്‍ എത്രത്തോളം ബാധിക്കുമെന്ന്‌ തിരിച്ചറിയേണ്ടത്‌.

സമീപകാലത്ത്‌ വിവാഹ മോചനങ്ങള്‍ സിനിമയില്‍ ഏറി വരുകയാണ്‌. ഭരതന്റെ മകന്‍ സിദ്ധാര്‍ഥ്‌ ഭരതനും വിവാഹമോചനത്തിന്‌ തയാറെടുക്കുന്നു എന്നതാണ്‌ പുതിയ വാര്‍ത്ത. കാവ്യമാധവന്‍, മംമ്‌ത മോഹന്‍ദാസ്‌, ജ്യോതിര്‍മയി തുടങ്ങിയവരും വിവാഹമോചനം നേടിയ താരങ്ങള്‍ തന്നെ. എന്നാല്‍ കാവ്യയും മംമ്‌തയും ഇപ്പോഴും മുന്‍ നിര താരങ്ങളായി സിനിമയില്‍ നില്‍ക്കുന്നു. ജ്യോതിര്‍മയിക്കും അവസരങ്ങള്‍ കുറവില്ല. രണ്ടാം വരവില്‍ കാവ്യമാധവന്‍ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം പോലും നേടിയിരുന്നു. ഇന്ന്‌ മലയാളത്തിലെ ഒന്നാംനിര താരമാണ്‌ മംമ്‌താ മോഹന്‍ദാസ്‌. വിവാഹ ബന്ധം വേര്‍പിരിയുന്നത്‌ സ്വകാര്യ ജീവിതത്തില്‍ നല്‍കുന്ന പ്രതിസന്ധികള്‍ കരിയറിലേക്ക്‌ കടന്നു വരാതിരിക്കാന്‍ ഈ താരങ്ങള്‍ക്കെല്ലാം കഴിഞ്ഞുവെന്ന്‌ വേണം മനസിലാക്കാന്‍.

എന്നാല്‍ മറ്റു നായികമാരെപ്പോലെയാവാന്‍ മീരക്ക്‌ കഴിയാതെ പോയത്‌ എന്തുകൊണ്ടാണ്‌. ഒന്നാമതായി വിവാഹം തീരുമാനിച്ചുവെന്നല്ലാതെ വിവാഹിതയായിരുന്നില്ല മീര. രാജേഷുമായി രഹസ്യവിവാഹം നടത്തിയെന്നതെല്ലാം വെറും കഥകള്‍ മാത്രമായിരുന്നു. ആറു വര്‍ഷമായി അവര്‍ ഇരുവരും പ്രണയത്തിലായിരുന്നു എന്നതാണ്‌ സത്യം.

രാജേഷുമായിട്ടുള്ള പ്രണയം ആരംഭിക്കുന്നതിന്‌ ഏറെ മുമ്പ്‌ പൊതുസമൂഹത്തില്‍ ഏറെ ശ്രദ്ധ നേടിയ വിവാദങ്ങള്‍ മീരക്കുണ്ടായിരുന്നു. വീട്ടുകാരുമായിട്ടുള്ള സാമ്പത്തിക പ്രശ്‌നങ്ങളും, ലോഹിതദാസുമായി ചേര്‍ത്ത്‌ പലരും പടച്ചുവിട്ട ഗോസിപ്പുകളുമെല്ലാം മീരയെ വല്ലാതെ തളര്‍ത്തിയിരുന്നു. എന്നാല്‍ ലോഹിതദാസുമായി സിനിമകള്‍ അവസാനിപ്പിച്ചപ്പോഴും സത്യന്‍ ചിത്രങ്ങളിലൂടെ മീര തിളങ്ങുന്നതാണ്‌ പ്രേക്ഷകര്‍ കണ്ടത്‌. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ ചിത്രങ്ങള്‍ അതിമനോഹരമായി തന്നെ മീര അഭിനയിച്ചു. ആദ്യകാലത്തുണ്ടായ വിവാദങ്ങള്‍ മീരയുടെ അഭിനയത്തെ ബാധിച്ചിരുന്നില്ല എന്നു വേണം മനസിലാക്കാന്‍.

പിന്നീട്‌ രാജേഷുമായുള്ള പ്രണയത്തെ തുടര്‍ന്നാണ്‌ പൂര്‍ണ്ണമായും ഹൈദ്രബാദിലേക്ക്‌ മീര മാറുന്നത്‌. പിന്നീട്‌ തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങളിലായിരുന്നു മീര പൂര്‍ണ്ണമായും ശ്രദ്ധ വെച്ചിരുന്നത്‌. ഈ സമയത്താണ്‌ ട്വെന്റി ട്വെന്റി എന്ന സിനിമയുമായി ബന്ധപ്പെട്ട്‌ മീര വീണ്ടും വിവാദങ്ങളില്‍പ്പെടുന്നത്‌. അമ്മ നിര്‍മ്മിച്ച ട്വെന്റി ട്വെന്റി അഭിനയിക്കാന്‍ തയാറായില്ല എന്നതാണ്‌ മീരയും മലയാള സിനിമയിലെ താരസംഘടനയും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായത്‌. മീരക്ക്‌ മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തുന്നതില്‍ വരെ ഈ വിഷയങ്ങള്‍ ചെന്നെത്തി. തുടര്‍ന്ന്‌ മിന്നാമിന്നിക്കൂട്ടം എന്ന മലയാള സിനിമയില്‍ മീര അഭിനയിക്കാനെത്തി. സംവിധായകന്‍ കമല്‍ ഒരുക്കിയ യുവതാര ചിത്രമായിരുന്നു മിന്നാമിന്നിക്കൂട്ടം. സിനിമക്കിടെ നിരന്തരമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന സ്വഭാവമാണ്‌ മീരയുടേതെന്നും മീരയെ വെച്ച്‌ ഒരു സിനിമ ചെയ്യുക എന്നത്‌ ബുദ്ധിമുട്ടാണെന്നും സംവിധായകന്‍ കമല്‍ പിന്നീട്‌ തുറന്നടിക്കുകയുണ്ടായി. പലപ്പോഴായി മീരയെക്കുറിച്ച്‌ കേട്ടിട്ടുള്ള ഗോസിപ്പുകള്‍ ശരിയാണെന്ന്‌ വരുത്തുന്നതായിരുന്നു മിന്നാമിന്നിക്കൂട്ടത്തിന്റെ അണിയറക്കാരുടെ ഈ അഭിപ്രായ പ്രകടനങ്ങള്‍. മുമ്പ്‌ കല്‍ക്കട്ടാ ന്യൂസ്‌ എന്ന സിനിമയില്‍ നായികയായി അഭിനയിച്ച മീര തന്റെ നിസാരമായ പിടിവാശികള്‍ കാരണം ഷൂട്ടിംഗ്‌ ഒരു മാസത്തോളം വൈകിപ്പിച്ചതും അത്‌ നിര്‍മ്മാതാവിന്‌ ഭീകര നഷ്‌ടമുണ്ടാക്കിയതും വലിയ വാര്‍ത്തകളായിരുന്നു.

എന്തായാലും മിന്നാമിന്നിക്കൂട്ടത്തിനു ശേഷം മലയാളത്തില്‍ ഒരു സിനിമയും മീരക്ക്‌ ലഭിച്ചില്ല. ഇതേ സമയം തന്നെ തമിഴിലും തെലുങ്കിലും നല്ല സിനിമകളൊന്നുമില്ലാതെ വെറും രണ്ടാംനിര ചിത്രങ്ങളില്‍ അഭിനയിക്കേണ്ട ഗതികേടിലായിരുന്നു മീര. ഒരിക്കലും ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാതെ തമിഴിലും തെലുങ്കിലും നല്ല കഥാപാത്രങ്ങള്‍ നേടിയിരുന്ന മീരക്ക്‌ വെറും ഗ്ലാമര്‍ വേഷങ്ങളിലേക്ക്‌ പോലും മാറേണ്ടി വന്നു 2009-10 വര്‍ഷങ്ങളില്‍. ഒരു നല്ല അഭിനേത്രിയുടെ തകര്‍ച്ചയുടെ നേര്‍കാഴ്‌ചകളായിരുന്നു ഇതെല്ലാം.

ഈ സമയത്ത്‌ തന്നെ മീരയുടെ വ്യക്തി ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു എന്ന്‌ മനസിലാക്കണം. എന്നാല്‍ ഇത്‌ ആരെയും അറിയിക്കാതെ അഞ്‌ജാത വാസത്തില്‍ ഇരിക്കാനാണ്‌ അവര്‍ ശ്രമിച്ചത്‌. അതുകൊണ്ടു തന്നെ മലയാളത്തില്‍ ഒരുവിധ ഓഫറുകളും അവര്‍ക്ക്‌ ലഭിച്ചതുമില്ല. പിന്നീട്‌ ഫോര്‍ ഫ്രെണ്ട്‌സ്‌, മൊഹബബത്ത്‌ എന്നീ സിനിമകളിലേക്ക്‌ മീര കാസ്റ്റ്‌ ചെയ്യപ്പെട്ടു. ഈ രണ്ടു സിനിമകളും ഗതികേടുകൊണ്ട്‌ മീര തിരഞ്ഞെടുത്തവയായിരുന്നു എന്ന്‌ സ്‌പഷ്‌ടം. കാരണം മീരക്ക്‌ അഭിനയിക്കാനുള്ളതൊന്നും ഈ സിനിമകളില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല രണ്ടു സിനിമകളും തികഞ്ഞ പരാജയങ്ങളുമായി. ഇടക്കെപ്പോഴോ രാജേഷുമായി ഒരു സ്വാകര്യ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട്‌ തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല എന്ന്‌ മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ വരുത്തി തീര്‍ക്കാന്‍ മീര ശ്രമിച്ചിരുന്നു.

പക്ഷെ തമിഴിലും തെലുങ്കിലും മീരക്ക്‌ അവസരങ്ങളെല്ലാം നഷ്‌ടമായത്‌ മലയാളവും അറിയുന്നുണ്ടായിരുന്നു. മീരക്ക്‌ ഏറെ അടുപ്പമുള്ള രണ്ട്‌ സംവിധായകരോട്‌ മീര അങ്ങോട്ട്‌ വിളിച്ച്‌ ചാന്‍സ്‌ ചോദിച്ചുവെന്നാണ്‌ അടുത്തിടെ കേട്ടത്‌. പക്ഷെ മീരയെ വെച്ച്‌ ഒരു സിനിമ ചെയ്യാന്‍ അവര്‍ക്ക്‌ ധൈര്യമുണ്ടായിരുന്നില്ല എന്നതാണ്‌ സത്യം. മീര തന്നെ ലൊക്കേഷനുകളില്‍ മുമ്പ്‌ വരുത്തിവെച്ച പ്രശ്‌നങ്ങള്‍ ഇപ്പോഴും അവരെ പിന്തടരുന്നു എന്നതാണ്‌ സത്യം.

ഇപ്പോഴിത അവസരം പോലെ വീണു കിട്ടിയ ഒരു മോഹന്‍ലാല്‍ സിനിമ പരാജയമായതോടെ മീരക്ക്‌ മുമ്പില്‍ കരിയറിന്റെ ഏറ്റവും മോശം സമയമാണ്‌ വന്നു നില്‍ക്കുന്നത്‌. ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാനിലെ മീരയുടെ പ്രകടനം ഏത്‌ ചലച്ചിത്രകാരനെയും പ്രേക്ഷകനെയും നിരാശപ്പെടുത്തുന്നത്‌ തന്നെ. എന്തായാലും വലിയൊരു തിരിച്ചുവരവിന്‌ കഴിയണമെന്ന്‌ മീര ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെന്ന്‌ അവരുടെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തം. വ്യക്തി ജീവിതത്തിലെ താളപ്പിഴകളെ മാറ്റിനിര്‍ത്തി കരിയറില്‍ മാത്രം ശ്രദ്ധിച്ചാല്‍ ഇനിയും ഉയരങ്ങള്‍ കിഴടക്കാന്‍ മീരക്ക്‌ കഴിയുമെന്നത്‌ ഉറപ്പ്‌. അതിനായി മലയാളി പ്രേക്ഷകര്‍ക്കും ആശംസിക്കാം.
തിരിച്ചുവരവില്‍ നിരാശപ്പെടുത്തുന്ന മീര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക