Image

തൃശൂര്‍ പൂരം പൊടിപൂരമായി: മൊയ്തീന്‍ പുത്തന്‍‌ചിറ (തൃശൂര്‍ )

Published on 22 April, 2013
തൃശൂര്‍ പൂരം പൊടിപൂരമായി: മൊയ്തീന്‍ പുത്തന്‍‌ചിറ (തൃശൂര്‍ )
തൃശൂര്‍ : പതിനായിരങ്ങളെ ആഹ്ളാദഭരിതരാക്കി തൃശൂര്‍ പൂരത്തിന് സമാപ്തി. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ പൂരത്തിലെ ദേവതമാര്‍ വരുന്നകൊല്ലം കാണാമെന്ന ഉറപ്പോടെ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വര്‍ഷത്തെ പൂരം സമാപിച്ചു. 

മുന്‍വര്‍ഷങ്ങളില്‍നിന്ന് ഭിന്നമായി റെക്കോര്‍ഡ് ജനക്കൂട്ടമാണ് ഇത്തവണ പൂരത്തിനെത്തിയതെന്ന് ദേശക്കാര്‍ വിലയിരുത്തി. രാവിലെ ഘടകപൂരങ്ങള്‍ നഗരത്തില്‍ മേളപ്പൂരം വര്‍ഷിച്ചു. ഉച്ചക്ക് തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യം തുടങ്ങി. അന്നമനട പരമേശ്വര മാരാരായിരുന്നു പ്രമാണി. ഉച്ചച്ചൂടിനെ വകവെക്കാതെ പഴയ നടക്കാവില്‍ തടിച്ചുകൂടിയ ജനസഹസ്രങ്ങള്‍ മേളം നന്നായി ആസ്വദിച്ചു. മേളം നേരിട്ടുകാണാമെന്ന ആഗ്രഹത്തോടെ പൂരപ്പറമ്പിലെത്തിയ എനിക്ക് ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് അകന്നുപോകാനേ കഴിഞ്ഞുള്ളൂ. തൃശൂര്‍ക്കാരനാണെങ്കിലും പൂരം പൂര്‍ണ്ണമായും ആസ്വദിക്കാനുള്ള അവസരം വേണ്ടുവോളം വിനിയോഗിച്ചു.

പഞ്ചവാദ്യത്തിന്റെ പതികാലം മഠത്തിനുമുന്നില്‍ അവസാനിപ്പിച്ച് മൂന്നാം കാലവും പിന്നിട്ട് നടുവിലാലില്‍ എത്തിയപ്പോള്‍ പതിനെട്ട് കൂട്ടിക്കൊട്ടലുകളുടെ വിസ്മയം തീര്‍ത്ത് അന്നമനട ജനക്കൂട്ടത്തിന്റെ കൈയടി നേടി. സാധാരണ 12 കൂട്ടിക്കൊട്ടലുകളാണ് പഞ്ചവാദ്യത്തില്‍ പതിവ്. നട്ടുച്ചയോടെ പാറമേക്കാവിലിന്റെ എഴുന്നള്ളിപ്പ് തുടങ്ങി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലായിരുന്നു ചെമ്പട മേളം. കുടമാറ്റത്തിന്റെ ചെറിയ പതിപ്പ് പാറമേക്കാവ് ക്ഷേത്രത്തിനുമുന്നില്‍ അരങ്ങേറി. ഒന്നരയോടെ പാണ്ടിമേളത്തിന് തുടക്കമായി. റൗണ്ട് മുറിച്ചുകടന്ന് പാറമേക്കാവ് ഭഗവതി തേക്കിന്‍കാട്ടിലെത്തി ക്ഷേത്രത്തിലേക്ക് കടന്നപ്പോള്‍ ഇലഞ്ഞിമരച്ചുവട് ലോകത്തിലേക്ക് ഏറ്റവും ഹൃദയഹാരിയായ മേളത്തിന് ഒരുങ്ങിയിരുന്നു. 

250ലേറെ വാദ്യകലാകാരന്മാരുടെ കൈവിരലുകള്‍ ചലിച്ചുതുടങ്ങിയത് ഉച്ചക്ക് 2.20ന്. പാണ്ടിയുടെ പെരുമഴയില്‍ ആസ്വാദകരുടെ സഹസ്രവിരലുകള്‍ ആകാശത്തേക്കുയര്‍ന്നു. 4.30ന് ഇലഞ്ഞിത്തറ മേളം അവസാനിച്ചപ്പോള്‍ പ്രസിദ്ധമായ തെക്കോട്ടിറക്കം. ആദ്യം തിരുവമ്പാടിയുടെ 15 ആനകള്‍ തെക്കേഗോപുര നടയിറങ്ങി. ഇതിനിടെ ഒരു ആനയുടെ പാപ്പാന് അപസ്മാരബാധയുണ്ടായി. അദ്ദേഹം കുഴഞ്ഞുവീണപ്പോള്‍ ആന ഒരു നിമിഷം ഒന്നുതിരിഞ്ഞുനിന്നു. ഇതോടെ ആളുകള്‍ ചിതറിയോടി. പക്ഷേ ആനയെ പെട്ടെന്ന് മാറ്റിയതിനാല്‍ അപകടമുണ്ടായില്ല. തുടര്‍ന്ന് തിരുവമ്പാടിയുടെ ആനകള്‍ സ്വരാജ് റൗണ്ടില്‍ കുടകളുമായി അണിനിരന്നു. പാറമേക്കാവിന്റെ 15 ആനകള്‍ അഭിമുഖം നിന്ന് കുടമാറ്റം തുടങ്ങി. തടിച്ചുകൂടിയവരെ ആവേശത്തിലാറാടിച്ച് 50ഓളം സെറ്റ് കുടകള്‍ ആനപ്പുറത്ത് വിരിഞ്ഞു. സന്ധ്യയായപ്പോള്‍ കുടകള്‍ എല്‍.ഇ.ഡി കുടകളായി മാറി തെക്കേഗോപുരനടക്ക് ശോഭ പകര്‍ന്നു. തിരുവമ്പാടിയാണ് കുടമാറ്റത്തില്‍ വൈവിധ്യമാര്‍ന്ന കുടകള്‍ അവതരിപ്പിച്ച് മുന്നേറിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് തിരുവമ്പാടി വെടിക്കെട്ടിന് തീ കൊളുത്തി. അരമണിക്കൂറിനുശേഷം പാറമേക്കാവും. പാറമേക്കാവിന്റെ കൂട്ടപ്പൊരിച്ചിലാണ് ഇത്തവണ ഗംഭീരമായത്. കൊക്കാലെയിലുള്ള താമസസ്ഥലത്തിന്റെ ടെറസ്സിലിരുന്ന് ഇത്തവണ വെടിക്കെട്ട് ദര്‍ശിച്ചു. ആകാശത്ത് വിസ്മയങ്ങള്‍ വിരിയിക്കുന്ന കാഴ്ച അവര്‍ണ്ണനീയമായിരുന്നു. പുലര്‍ച്ചെ പകല്‍പ്പൂരത്തിന് തുടക്കമായി. 12 മണിയോടെ വടക്കുന്നാഥനെ സാക്ഷിനിര്‍ത്തി ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതേടെ വീണ്ടും ഒരു വര്‍ഷത്തെ കാത്തിരിപ്പിന് തുടക്കമായി.
തൃശൂര്‍ പൂരം പൊടിപൂരമായി: മൊയ്തീന്‍ പുത്തന്‍‌ചിറ (തൃശൂര്‍ )തൃശൂര്‍ പൂരം പൊടിപൂരമായി: മൊയ്തീന്‍ പുത്തന്‍‌ചിറ (തൃശൂര്‍ )തൃശൂര്‍ പൂരം പൊടിപൂരമായി: മൊയ്തീന്‍ പുത്തന്‍‌ചിറ (തൃശൂര്‍ )
Join WhatsApp News
Sudhir Panikkaveetil 2013-04-23 07:56:35
അനുഗ്രഹീത എഴുത്തുകാരുടെ തൂലിക തുമ്പുകളുടെ
ശക്തി ദൃശ്യ മാദ്ധ്യമങ്ങളുടെ ക്യാമറ കണ്ണുകൾക്കുണ്ടോ ? ഇല്ലെന്നു അമേരിക്കൻ മലയാളിയും ഉപരി തൃശ്ശൂർ കാരനുമായ ശ്രീ മൊയ്ദീൻ പുത്തെൻ ചിറ തെളിയിച്ചിരിക്കുന്നു, best regards, Sudhir

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക