Image

വിവേകാനന്ദസ്വാമികള്‍: ഭാരതസ്വാതന്ത്ര്യത്തിന്റെ ഉഷഃകാല നക്ഷത്രം-2

PT Paulose Published on 20 April, 2013
വിവേകാനന്ദസ്വാമികള്‍: ഭാരതസ്വാതന്ത്ര്യത്തിന്റെ ഉഷഃകാല നക്ഷത്രം-2

തന്റെ തീക്ഷണമായ സ്വരാജ്യസ്‌നേഹം വിഭാവനം ചെയ്ത ഭാവിയിലെ മഹോന്നത ഭാരതം കെട്ടിപ്പടുക്കുന്നതിന് സാമാന്യജനതയുടെ ഉന്നമനം ഒരു ഉപാധി ആണെന്ന് സ്വാമിജി എപ്പോഴും അഭിപ്രായപ്പെട്ടിരുന്നു. ഏത് സോഷ്യലിസ്റ്റിനെയും അമ്പരിപ്പിച്ചുകൊണ്ട് ഭാരതത്തിലെ മേല്‍ ജാതിക്കാരോട് തുടിക്കുന്ന വാക്കുകളില്‍ അദ്ദേഹം പ്രഖ്യാപിക്കുന്നു.

"ആര്യന്‍മാരായ പൂര്‍വ്വികരുടെ വംശക്രമം എത്രതന്നെ കൊട്ടിഘോഷിച്ചാലും പ്രാചീന ഭാരതത്തിന്റെ യോഗ്യതകളെക്കുറിച്ച് എത്ര വീമ്പിളക്കിയാലും നിങ്ങള്‍, ഭാരതത്തിലെ മേല്‍ ജാതിക്കാര്‍, ആയിരമായിരം കൊല്ലങ്ങള്‍ പഴക്കമുള്ള അസ്ഥിപഞ്ജരങ്ങള്‍ മാത്രമാണ്! നിങ്ങളുടെ പൂര്‍വ്വികര്‍ നടക്കുന്ന മൃഗമാംസം എന്ന പുച്ഛിച്ചവരിലാണ് ഇന്നും ഭാരതത്തില്‍ അല്പമെങ്കിലും വീര്യംകാണുന്നത്. നിങ്ങളാണ് യഥാര്‍ത്ഥത്തില്‍ ചലിക്കുന്ന പിണങ്ങള്‍! നിങ്ങള്‍ ഭൂതകാലത്തിന്റെ വിവിധ രൂപങ്ങളെല്ലാം കൂട്ടിക്കലര്‍ത്തിയ ഒരു മിശ്രിതം തന്നെയാണ്. നിങ്ങള്‍ അജീര്‍ണ്ണം മൂലമുണ്ടായ ഒരു ദുഃസ്വപ്നമാണ്. നിങ്ങള്‍ ശൂന്യതയാണ്. ഭാവിയിലെ അയഥാര്‍ത്ഥ വസ്തുക്കള്‍. പൗരന്മാരായി തീര്‍ന്ന സ്വപ്നലോകത്തിലെ ജീവികളെ നിങ്ങള്‍ എന്തിനായി ഇനിയും ചുറ്റിത്തിരിയുന്നു?ഭൂതകാല ഭാരതത്തിന്റെ രക്തമാംസങ്ങളില്ലാത്ത അസ്ഥികൂടങ്ങള്‍ മാത്രമാണ് നിങ്ങള്‍. എന്തുകൊണ്ട് നിങ്ങള്‍ വേഗത്തില്‍ സ്വയം ധൂളി ആയിതീര്‍ന്ന് വായുമണ്ഡലത്തില്‍ മറയുന്നില്ല? നിങ്ങളെ അസ്ഥിമാത്രമായ അംഗുലികളില്‍ പൂര്‍വ്വികന്മാര്‍ സ്വരൂപിച്ച ചില അനര്‍ഘങ്ങളായ രന്തമോതിരങ്ങളുണ്ട്. ചീഞ്ഞുനാറുന്ന നിങ്ങളുടെ ശവശരീരങ്ങളുടെ പരിരംഭണത്തില്‍ കുറെ പുരാതനമായ നിധിപേടകങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ അവയെ കൈമാറാന്‍ നിങ്ങള്‍ക്കവസരം കിട്ടിയില്ല. ഇപ്പോള്‍ ബ്രിട്ടീഷ്ഭരണത്തില്‍ കീഴില്‍ സ്വതന്ത്രമായ വിദ്യാഭ്യാസത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും ഈനാളുകളില്‍ അനന്തരാവകാശികള്‍ക്ക് അവയെ കൈമാറിയിട്ട് നിങ്ങള്‍ ശൂന്യതയില്‍ ലയിച്ച് അപ്രത്യക്ഷരാകൂ. നിങ്ങളുടെ സ്ഥാനത്ത് നവഭാരതം ഉയരട്ടെ. കലപ്പയേന്തുന്ന കര്‍ഷകരുടെ, മുക്കുവരുടെ, ചെരുപ്പുകുത്തിയുടെ, തൂപ്പുകാരുടെ കുടിലുകളില്‍ നിന്നും നവഭാരതം ഉയരട്ടെ. വഴിയോരത്ത് മധുരപലഹാരം വില്‍ക്കുന്നവന്റെ അടുപ്പില്‍നിന്നും തൊഴില്‍ശാലകളില്‍ നിന്നും ചന്തസ്ഥലങ്ങളില്‍ നിന്നും നവഭാരതം ബഹിര്‍ഗമിക്കട്ടെ. ചെറുവനങ്ങളിലും വന്‍കാടുകളിലും മലകളിലും മലയാരങ്ങളിലും സ്വാതന്ത്ര്യത്തിന്റെ സുഖമുള്ള കാറ്റ് വീശിയടിക്കട്ടെ. ഇവരെല്ലാം അനേകായിരം വര്‍ഷങ്ങള്‍ മര്‍ദ്ദനം സഹിച്ചിട്ടുള്ളവരാണ്. അതുകൊണ്ട്‌നിലക്കാത്ത ക്ലേശങ്ങള്‍ അനുഭവിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് അവര്‍ക്ക് അചഞ്ചലമായ വീര്യം കൈവരിച്ചിട്ടുണ്ട്. ഉരിയരി ചോറുകൊണ്ട് ജീവിച്ച് അവര്‍ക്ക് ലോകത്തെ നടക്കുവാന്‍ കഴിയും.  അവര്‍ക്ക് പകുതി റൊട്ടി മാത്രം കൊടുക്കുക. അരക്ഷ്ണം അപ്പം കൊണ്ടുള്ള അവരുടെ ഊര്‍ജ്ജത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം വലുതാകില്ല ലോകം. പഴമയുടെ അസ്ഥിമാടങ്ങളെ, ഇതാ നിങ്ങളുടെ അനന്തരാവകാളശികള്‍ വരാനിരിക്കുന്ന ഭാരതം. നിങ്ങളുടെ നിധി പേടകങ്ങളും രത്‌നമോതിരങ്ങളും അവര്‍ക്കെറിഞ്ഞുകൊടുക്കൂ. നിങ്ങള്‍ അന്തരീക്ഷത്തില്‍ അപ്രത്യക്ഷരാകുവിന്‍. നിങ്ങളെ ഇനി കാണുകയുമരുത്. നിങ്ങളുടെ കാതുകള്‍മാത്രം തുറന്നിരിക്കട്ടെ. നിങ്ങള്‍ അപ്രത്യക്ഷരാകുന്നതോടൊപ്പം തന്നെ അനേകലക്ഷം ഇടിവെട്ടുകളുടെ മുഴക്കത്തില്‍ നവഭാരതത്തിന്റെ ഉത്ഘാടനഘോഷണം നിങ്ങള്‍ക്ക് കേള്‍ക്കാം. അത് പ്രപഞ്ചമാകെ പ്രതിധ്വനിക്കട്ടെ.”

വിവേകാനന്ദന്‍ പല പ്രസംഗ വേദികളിലൂടെ പറഞ്ഞിട്ടുണ്ട് തന്റെ പാശ്ചാത്യസന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം മതമഹാസമ്മേളനമായിരുന്നില്ല, മറിച്ച് ഭാരതത്തിലെ പട്ടിണിപാവങ്ങളുട ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള തന്റെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സമ്പന്നമായ പാശ്ചാത്യ രാജ്യങ്ങള്‍ വല്ല സഹായമാര്‍ഗ്ഗവും നല്‍കുമോ എന്ന കണ്ടെത്തലായിരുന്നു. ആ നിലയില്‍ അദ്ദേഹത്തിന്റെ പാശ്ചാത്യപര്യടനം പരാജയമായിരുന്നു. കാരണം തന്റെ ആത്മാര്‍ത്ഥ സ്‌നേഹിതരും ശിഷ്യരും രണ്ടു സന്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഗണ്യമായ  തുക സംഭാവന ചെയ്തുവെങ്കിലും, പാശ്ചാത്യര്‍ സാധാരണ ആയി ഇന്ത്യയിലെ പാവങ്ങളെ പറ്റി തന്നെ പോലെ അത്രമാത്രം  തല്പരരല്ലെന്ന് അദ്ദേഹം കണ്ടു. ധനത്തിനുവേണ്ടി യാചിക്കാനോ, സാങ്കേതികശാസ്ത്രം പഠിക്കുവാനോ വേണ്ടി മാത്രം ഭാരതമൊരിക്കലും പാശ്ചാത്യരാജ്യങ്ങളെ സമീപിക്കരുത് എന്ന് അദ്ദേഹത്തിന്റെ പാശ്ചാത്യരാജ്യങ്ങളിലെ അനുഭവം അദ്ദേഹത്തെ പഠിപ്പിച്ചു.

ഹിന്ദുമതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പാശ്ചാത്യരാജ്യങ്ങളില്‍ അദ്ദേഹം വിശദമാക്കിയപ്പോള്‍, ഒരു വിവേകാനന്ദനെ സൃഷ്ടിച്ച ഇന്‍ഡ്യ രാജ്യത്തേക്ക് ക്രിസ്തുമതപ്രചാരകന്മാരെ അയക്കുന്നതിന്റെ ഔചിത്യത്തെക്കുറിച്ച് പല അമേരിക്കക്കാരും സംശയം പ്രകടിപ്പിക്കുവാന്‍ തുടങ്ങി. സ്വാമിജിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന്, അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ അസൂസാലുക്കളായ സ്വന്തം മതത്തിലുള്ളവരും ക്രിസ്ത്യന്‍ മിഷ്ണറിമാരും കൂടി ഒരു സംഘടിത ശ്രമം തന്നെ നടത്തി. ഇദ്ദേഹം ഒരു കള്ള സന്യാസി ആണെന്നും, ഹിന്ദുക്കളുടെ ഒരു വിഭാഗത്തെ പ്രതിനിധഈകരിക്കാത്തവനും പെട്ടെന്ന് പൊന്തിവന്ന അല്പനാണെന്നും അവര്‍ പ്രചരിപ്പിച്ചു. മറ്റൊന്ന് സ്വാമിജിയെ ലൈംഗിക ആഭാസനായി ചിത്രീകരിച്ചുകൊണ്ടും അദ്ദേഹത്തെ അതിഥി ആയി സ്വീകരിക്കുന്നതിനെതിരെ അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടും അവര്‍ ഒരു സ്വഭാവഹത്യാപരിപാടി കൂടി ആവിഷ്‌ക്കരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ അമേരിക്കയിലെ സുഹൃത്തുക്കള്‍ അതൊരു വലിയ നുണയാണെന്ന് മനസ്സിലാക്കിയതിനാല്‍ സ്വാഭാവഹത്യാപരിപാടി വിജയിച്ചില്ല. ഇത്തരത്തിലുള്ള കള്ളപ്രചരണത്തെ സ്വാമിജി നിസ്സാരമായി തള്ളി.
(തുടരും)


വിവേകാനന്ദസ്വാമികള്‍: ഭാരതസ്വാതന്ത്ര്യത്തിന്റെ ഉഷഃകാല നക്ഷത്രം-2
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക