Image

ഒ.സി.ഐ എന്ന വേതാളം (കൈരളി ന്യൂയോര്‍ക്ക്‌)

Published on 22 April, 2013
ഒ.സി.ഐ എന്ന വേതാളം (കൈരളി ന്യൂയോര്‍ക്ക്‌)
ഇന്ത്യന്‍ കോണ്‍സുലേറ്റിക്കുള്ള യാത്ര അത്ര സുഖകരമല്ലെങ്കിലും അത്യാവശ്യം വരുമ്പോള്‍ ഇന്ത്യയിലേക്ക്‌ പോകുവാന്‍ വീസ ഇല്ലെങ്കില്‍ ഓടിച്ചെന്ന്‌ പണമടച്ച്‌ വീസയും വാങ്ങി ആവശ്യം നിറവേറ്റിയിരുന്ന കാലം ഇത്രയും ദുരിത പൂര്‍ണ്ണമായിരുന്നില്ല.

അതിലുപരി യാത്രയുടെ അവസാന നിമഷം വീസ ഇല്ലെന്നു കണ്ടുകഴിഞ്ഞാല്‍ ഞായറാഴ്‌ച പോലും വീസ അടിച്ചു തരാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അധികാരികള്‍ തയാറായിരുന്നു. അതും വലിയൊരു സേവനമായി മലയാളികള്‍ കരുതിയിരുന്നു. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ ഒരു പ്രവാസി മന്ത്രാലയം സൃഷ്‌ടിച്ചതോടുകൂടി - ദി കിടക്കുന്നു, എല്ലാം അവിയല്‍ പരുവം!

ആദ്യം `പിഐഒ' കാര്‍ഡ്‌ (പീപ്പിള്‍ ഓഫ്‌ ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡുണ്ടാക്കിയപ്പോള്‍ ഇത്രയും പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ ആ കാര്‍ഡ്‌ വാങ്ങാന്‍ ആളുകള്‍ താത്‌പര്യം കാണിച്ചില്ല. അതിന്റെ വില്‍പ്പന മന്ദഗതിയിലായപ്പോള്‍, പ്രവാസ മന്ത്രാലയം പിഐഒയുടെ ഒരു പുതിയ പതിപ്പ്‌ `ഒസിഐ' കാര്‍ഡുമായി രംഗത്തെത്തി. പ്രാവാസികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ മന്ത്രാലയം ഒരു പ്രഖ്യാപനവും നടത്തി. `ആയുഷ്‌കാല വിസ'. ഈ കാര്‍ഡിന്റെ പ്രചാരണത്തിനായി കോണ്‍സുലേറ്റ്‌ പ്രതിനിധികള്‍ സമാജങ്ങളേയും മറ്റും സംഘടിപ്പിച്ച്‌ ഒ.സി.ഐ കാര്‍ഡ്‌ വിതരണശൃംഖല തന്നെയുണ്ടാക്കി. ധാരാളം പ്രവാസികള്‍ അതു സ്വീകരിക്കുകയും ചെയ്‌തു. ഇനി എന്തുകൊണ്ടാണ്‌ പ്രവാസ മന്ത്രാലയം ജനങ്ങളെ മുഷിപ്പിക്കുന്ന പദ്ധതികളുമായി മുന്നോട്ടുവന്നതെന്ന്‌ നോക്കാം.

പണ്ട്‌ ദൈവം ഏദ
ന്‍ തോട്ടമുണ്ടാക്കി അതിനകത്ത്‌ രണ്ടുപേരെ കുടിയിരുത്തി. പാപം ഒന്നും ചെയ്യരുതെന്ന്‌ പറഞ്ഞു. പക്ഷെ ജീവിക്കാന്‍ വെറെ മാര്‍ഗ്ഗമൊന്നുമില്ലെന്നു വന്നപ്പോള്‍ ദൈവത്തിന്റെ നിര്‍ദേശത്തെ മറികടക്കാന്‍ ചെറിയൊരു പാപം ചെയ്‌തു. അതോടെ ജീവിതത്തിന്റെ മറു വശം അവര്‍ തിരിച്ചറിഞ്ഞു.

ഇതുപോലെ കേന്ദ്ര ഗവണ്‍മെന്റ്‌ പ്രവാസ മന്ത്രാലയം സൃഷ്‌ടിച്ച്‌ ശ്രീ വയലാര്‍ ജിയേയും, ശ്രീ അഹ്‌മദ്‌ സാഹിബിനേയും അതില്‍ കുടിയിരുത്തി. പക്ഷെ ഇവര്‍ക്ക്‌ കഴിക്കാന്‍ പോയിട്ട്‌ ഇരിക്കാന്‍ ഒരു കസേര പോലും ഇല്ലായിരുന്നു ആ മന്ത്രാലയത്തില്‍. എന്തു ചെയ്യാം? കേന്ദ്ര ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാത്ത ഒരു മന്ത്രാലയം? ഉള്ളതുകൊണ്ട്‌ ജീവിക്കുക. ബാക്കിയ്‌ക്ക്‌ പ്രവാസ സേവനം നടത്തുക, ഇതായിരുന്നു മുകളില്‍ നിന്നുള്ള ഉത്തരവ്‌. അതിനൊരു പരിഹാരം കണ്ടെത്താന്‍ ഇരുവരും നിര്‍ബന്ധിതരായി.

അവരിരുവരും കൂലങ്കഷമായി ചിന്തിക്കാന്‍ തുടങ്ങി. എങ്ങനെയും മറ്റ്‌ മന്ത്രിമാര്‍ നടക്കുംപോലെ ആഢംബരത്തോടെ നടക്കണം. അതിനെന്താണ്‌ മാര്‍ഗ്ഗം. മന്ത്രാലയത്തിനു വരുമാനം കണ്ടെത്തുക. അതു മാത്രമാണ്‌ പോംവഴി. അങ്ങനെ അവര്‍ പി.ഐ.ഒ കാര്‍ഡ്‌ പരിഷ്‌കരിക്കാനുള്ള ശ്രമം തുടങ്ങി. പി.ഐ.ഒ കാര്‍ഡ്‌ കുറെ നാള്‍ മാര്‍ക്കറ്റില്‍ കറങ്ങിയിട്ടും കാര്യമായ വരുമാനം സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല. ഇരുവരും വീണ്ടും ചിന്തിക്കാന്‍ തുടങ്ങി. ഇത്തവണ ചിദംബരത്തെക്കൂടി കൂടെ കൂട്ടി.

അദ്ദേഹം തമിഴ്‌ നാട്ടില്‍ ആക്രി പെറുക്കുന്നവരെ കണ്ടിട്ടുണ്ട്‌. അങ്ങനെ കാശുകാരായവര്‍ ധാരാളമുണ്ട്‌. ഹാ...ഇതുതന്നെ മാര്‍ഗ്ഗം.. മൂവരും എഴുന്നേറ്റു നിന്ന്‌ ഉറച്ച സ്വരത്തില്‍ പ്രഖ്യാപിച്ചു. സെക്യൂരിറ്റി പ്രശ്‌നം ഉന്നയിച്ചുകൊണ്ട്‌ പഴയ പാസ്‌പോര്‍ട്ടുകളെല്ലാം കണ്ടുകെട്ടുക. അതോടൊപ്പം ആയുഷ്‌കാല വിസയും നല്‍കുക. കുശാലെ കുശാല്‍! ഓണം ബമ്പര്‍ സമ്മാനം എന്നു പറയും പോലെ വളരെ ആകര്‍ഷണീയമായ പാക്കേജ്‌. പാസ്‌പോര്‍ട്ട്‌ തിരിച്ചുകൊടുക്കുമ്പോള്‍ അതിനൊരു ചാര്‍ജ്‌, പിന്നെ ഒ.സി.ഐക്ക്‌ വേറെയും. ഇവ രണ്ടുമില്ലെങ്കില്‍ ഇന്ത്യയിലേക്കുള്ള പ്രവേശനം ഒട്ടകം സൂചിക്കുഴയിലൂടെ പോകുമ്പോലെ ആകുമെന്ന്‌ ഭീഷണയും.

കേട്ടപാതി കേള്‍ക്കാത്ത പാതി കാക്കകൂട്ടില്‍ കല്ലെറിഞ്ഞപോലായി പ്രവാസികള്‍. തങ്ങള്‍ പുരാവസ്‌തു ശേഖരത്തില്‍ വച്ചിരിക്കുന്ന ഇന്ത്യയുടെ പഴയ പാസ്‌പോര്‍ട്ട്‌ തിരിച്ചു നല്‍കുകയും വേണം. അതോടൊപ്പം കാശും വേണം! ഇതെന്തു പുലിവാല്‍? സത്യത്തില്‍ പാസ്‌പോര്‍ട്ട്‌ തിരികെ വേണമെങ്കില്‍ കാശ്‌ ഉടമസ്ഥനു നല്‍കണം. ബഹളം മൂത്തപ്പോള്‍, മന്ത്രാലയത്തില്‍ കുടിയിരുത്തിയിരിക്കുന്നവരുടെ ബുദ്ധി പ്രകാശിച്ചു. അവര്‍ പറയുന്നത്‌ ശരിയാ. പാസ്‌പോര്‍ട്ടും, കാശും രണ്ടുംകൂടി ശരിയല്ല. ഒടുവില്‍ അതില്‍ അല്‍പം മാറ്റം വരുത്തി പ്രവാസികളെ സമാശ്വസിപ്പിച്ചു.

വന്ന നഷ്‌ടം പരിഹരിക്കാന്‍ മൂവരുടേയും ബുദ്ധി വീണ്ടും അനങ്ങാന്‍ തുടങ്ങി. ഈ ആയുഷ്‌കാല വിസ-അതൊരു പുലിവാലാണല്ലോ. നിത്യവരുമാനത്തില്‍ സാരമായ കുറവാണല്ലോ- ഇനി എന്താ ചെയ്‌ക. അവരുടെ ബുദ്ധി വീണ്ടും വികസിച്ചു. മൂവരും കൂടി ആലോചിച്ച്‌ ഒരു തീരുമാനം എടുത്തു. നിത്യ വരുമാനം കൂടിയേ തീരൂ. അതിനൊരു പോംവഴി-പുതിയ അമേരിക്കന്‍ പാസ്‌പോര്‍ട്ടുമായി വരുന്നവരുടെ പക്കല്‍ നിന്ന്‌ ഒസിഐ എംബ്ലം പുതിയ പാസ്‌പോര്‍ട്ടില്‍ ആക്കി നല്‍കുന്നതിന്‌ പഴയ ചാര്‍ജ്‌ തന്നെ ഈടാക്കുക. ബലേ ഭേഷ്‌...ഹാ...ഹാ...ഇതാ വീണ്ടും കോലാഹലം.

സത്യത്തില്‍ എന്താണ്‌ സംഭവിച്ചത്‌? ഉത്തരവാദിത്വപ്പെട്ടവര്‍ ആരാണെങ്കിലും, യവരുടെ `ഐ.ക്യൂ' വളരെ പിറകിലാണ്‌. അതാണിതിന്റെയെല്ലാം കാരണം. അല്ലെങ്കില്‍ വര്‍ഷങ്ങളായി പ്രവാസികള്‍ അതാതു രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്നു. അതോടൊപ്പം പുതിയ പാസ്‌പോര്‍ട്ടും ലഭിക്കുന്നു. ആ പാസ്‌പോര്‍ട്ടുമായി വിസയ്‌ക്ക്‌ കോണ്‍സുലേറ്റില്‍ എത്തുമ്പോള്‍ പഴയ പാസ്‌പോര്‍ട്ട്‌ തിരിച്ചേല്‍പ്പിക്കണം എന്ന നിബന്ധന നടപ്പാക്കിക്കഴിഞ്ഞാല്‍, ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം തീരില്ലേ? പകരം അവര്‍ എന്താണ്‌ കാട്ടിക്കൂട്ടിയത്‌? വിവരക്കേട്‌!!

രണ്ട്‌: ഈ പി.ഐ.ഒ കാര്‍ഡിന്‌ അല്‍പം ചാര്‍ജ്‌ കൂട്ടിയാല്‍ മാത്രം പോരെ. വേറൊരു കാര്‍ഡിന്റെ ആവശ്യമെന്ത്‌? അതിനുവേണ്ടി എന്തിനു പണം ചെലവഴിക്കുന്നു? ഇതിനൊന്നും ചന്ദ്രനില്‍ പോകുന്ന തലമണ്ട ആവശ്യമില്ല. തീര്‍ച്ചയായും ബജറ്റിലില്ലാത്ത മന്ത്രാലയത്തിന്‌ ബജറ്റ്‌ കൂടിയേ തീരൂ. ആ വിവരം പ്രവാസികളെ നേരിട്ട്‌ ധരിപ്പിച്ച്‌ കഴിയുമ്പോള്‍ പ്രശ്‌നം തീര്‍ന്നില്ലേ? പകരം പിടിച്ചുപറിക്കാരാകാന്‍ ശ്രമിക്കുന്നതെന്തിന്‌?

മറ്റൊന്ന്‌, പണമില്ലാത്ത ഒരു മന്ത്രാലയം കിട്ടിയ പണം നേര്‍വഴിക്ക്‌ ഉപയോഗിക്കുന്നതിനുപകരം ഒസിഐ കാര്‍ഡ്‌ നല്‍കാന്‍ എന്തിന്‌ പോര്‍ട്ടോറിക്കനേയും ആഫിക്കനേയും നിയോഗിക്കുന്നു. ഇവറ്റകളുടെ അടുത്തു ചെന്നാല്‍ കാടന്മാരേക്കാള്‍ കഷ്‌ടം. എന്തു വിശ്വസിച്ചാണ്‌ ഇവരെ പാസ്‌പോര്‍ട്ട്‌ ഏല്‍പ്പിക്കുന്നത്‌. ഔട്ട്‌സോഴ്‌സ്‌ എന്ന പേരും ഹേയ്‌....എന്തോ ഒക്കെ മണക്കുന്നു.

ത്രിമൂര്‍ത്തികളെ നിങ്ങളുടെ ബുദ്ധി അപാരം. സമാധാനത്തോടെ കഠിനാധ്വാനം ചെയ്‌ത്‌ ജീവിക്കുന്ന സമൂഹത്തില്‍ വിഢിത്തങ്ങള്‍ വിളമ്പി പ്രകോപനം സൃഷ്‌ടിക്കരുത്‌. അല്‍പംകൂടി വിധേയത്വം കാണിക്കുക. പ്രവാസികളോട്‌ ചിറ്റമ്മ നയം കാണിക്കാത്തവര്‍ ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നു കരുതുന്നു.

അമേരിക്കന്‍ പ്രവാസി നേതാക്കന്മാരോട്‌ ഒരു വാക്ക്‌.

സര്‍വ്വശ്രീ വിളനിലത്തിന്റേയും തോമസ്‌ ടി. ഉമ്മന്റേയും പൗരബോധത്തെ അഭിനന്ദിക്കുന്നു. അതോടൊപ്പം എടുത്തു ചാടും മുമ്പ്‌ വസ്‌തിനിഷ്‌ഠമായി കാര്യങ്ങള്‍ വിലയിരുത്തണം. അമേരിക്കയില്‍ ഒരു ഗ്രീന്‍ കാര്‍ഡ്‌ പുതുക്കുന്നതിനു 600 ഡോളറാണ്‌ ഫീസ്‌. അമേരിക്കന്‍ കോണ്‍സുലേറ്റുകളില്‍ മുംബൈയിലാണെങ്കിലും ഡല്‍ഹിയിലാണെങ്കിലും ഫീസില്‍ വളരെ മാറ്റം വന്നു. അതുപോലെ അമേരിക്കന്‍ പാസ്‌പോര്‍ട്ട്‌ കിട്ടാന്‍ നൂറില്‍ താഴെ ഡോളറിന്റെ ചിലവേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അതാണോ സ്ഥിതി? കാരണം മനുഷ്യന്റെ ജീവിത നിലവാരം ഉയര്‍ന്നു. ഒപ്പം ചെലവുകളും വര്‍ധിച്ചു. ഇതുതന്നെയാണ്‌ ഇന്ത്യന്‍ വീസ ഓഫീസുകളുടേയും സ്ഥിതി. ചിലവുകള്‍ വര്‍ധിച്ചു. അതിനു പരിഹാരം കാണാനുള്ള ശ്രമമാണ്‌ അവര്‍ നടത്തുന്നത്‌.

ഇത്തരുണത്തില്‍ മറ്റുള്ള എംബസികളുടെ പ്രവര്‍ത്തനവുമായി ഒരു താരതമ്യപഠനം നടത്തിയശേഷം പക്വതയോടെ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരിക്കും അഭികാമ്യം.
Join WhatsApp News
Thomas T Oommen, 2013-04-22 19:31:50
Powerful and Informative article.  Thank you

ദരിദ്രവാസി 2013-04-23 07:37:00
ലേഖനം കൊള്ളാം. പക്ഷേ എന്ത് പ്രയോജനം? ഇത് വായിക്കണ്ടാവാൻ വായിക്കുകയും അതിന്റെ പുറത്തു തീരുമാനെങ്ങ്ൽ എടുക്കുകയും ചെയ്യ്താലെ എന്തെങ്കിലും ഗുണം ഉള്ളു. പക്ഷേ അതിനു രാഷ്ട്രീയമായ സ്വാധീനവും മസിലും വേണം. അതില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. ന്യുയോര്ക്ക്കാര്ക്ക് ഇത് രണ്ടും ഉണ്ടായിട്ടും സംഗതികൾക്ക് ഒരു നീക്കവും കാണുന്നില്ല. പി. ജെ . കുരിയേനെ പെണ്ണ് കേസിൽ സഹായിക്കാൻ തുനിഞ്ഞ ക്രിസ്ത്യൻ നേതാക്കളും പിന്നെ ചില എഴുത്തുകാരും അയ്യാളെ വിളിച്ചു പ്രവാസികളുടെ ഈ അവസ്ഥക്ക് ഒരു പരിഹാരം കാണാൻ പറയണം. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും കടക്കണ്ടേ. ഒരു പക്ഷേ അയാൾക്ക്‌ അതിനൊന്നും സമയം കാണില്ല. ഡൽഹിയിൽ ബലാല്സംഗം തകർത്ത് നടക്കുകയല്ലേ. രാത്രിയിലൽ ഇയല്ക്കും പല പരിപാടി കാണും. അല്ല അയാള് ഇല്ലെങ്കിൽ പോകട്ടെ. അഹമാടും രവിയും ഒക്കെ ഇടയ്ക്കിടയ്ക്ക് വന്നു സൈറ്റ് സീയിങ്ങ് ഒക്കെ കഴിഞ്ഞു പോകുന്നതല്ലേ? അവരോടു ഒന്ന് പറഞ്ഞുകൂടെ എന്തെങ്കിലും ചെയ്യാൻ ? ശശി തരൂര്, ഐ എന ഓസി ചെയറമാൻ ജോർജ് എബ്രാഹം, എന്നിവര് എല്ലാം ന്യോര്ക്കിലെ മലയാളി വമ്പന്മാരുടെ കൈകുമ്പിളിൽ ഉള്ളവരല്ലേ? പിന്നെ ഫോമ ഫൊക്കാന തുടങ്ങിയവയുടെ അനിഷ്യെദ്യ നേതാക്കന്മാർ, ജനിച്ചപ്പഴേ മൈക്ക് കൈൽ പിടിച്ചു നടക്കുന്നവന്മാരും ധാരാളം ഉള്ള സ്ഥലം അല്ലെ? എന്തുകൊണ്ട് ഒന്നും നടക്കുന്നില്ല? ഇപ്പോൾ ചോദിക്കും തനിക്കും എന്ന്തെങ്കിലും ചെയ്യുത് കൂടെ എന്ന്? ഞാൻ ചെയ്യുന്നതാണ് ഇത്. നിങ്ങളുടെ ഒഴിഞ്ഞ പാത്രങ്ങളിൽ ഒന്നും ഇല്ലെന്നു വെറും ഒച്ച മാത്രമേയുള്ളൂ എന്നും കാണിച്ചു കൊടുക്കുക. എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കാരാണം ഒരു പ്രവാസി ആയി ജീവിതം ആരംഭിച്ചു. ഓസി കാര്ഡിന്റെ പുറകെ നടന്നു ഇപ്പോൾ ദരിദ്രവാസി ആയി. പിന്നെ ചിലപ്പോള ഓര്ക്കും ഇതൊക്കെ എടുത്തു അങ്ങോട്ട്‌ ചെന്നിട്ടു എന്ത് ചെയ്യാൻ . ഇവിടെ ഇടയ്ക്കു വന്നു പോകുന്ന രാഷ്ട്രീയ കള്ളന്മാരല്ലേ അവിടം ഭരിക്കുന്നത്‌. ഫോമ ഫൊക്കാന സംഘടനകള്ക്ക് ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല അതുകൊണ്ടാനെല്ലോ മുഴുവൻ സമയവും അവർ കേരാലത്തിൽ ഓരോ തരികട കാട്ടി കഴിഞ്ഞു കൂടുന്നത്. വിഷമം കൊണ്ട് എഴുതി പോയതാണ്. എന്തെങ്കിലും നടക്കും എങ്കിൽ അത് നടത്തുന്നവര്ക്ക് എന്റെ അവസാന ചില്ലി കാഴ് വരെ ഞാൻ ചിലവഴിക്കും. ഏതായാലും തെണ്ടി കുത്തുപാള എടുത്തു. ഒരു അപേക്ഷ മാത്രം ഞാൻ മരിക്കുമ്പോൾ എന്റെ മന്കൂനയുടെ മുകളില ഒരു ശ്മാരക ശില വ്യ്യിക്കനം. അതിലി ഇങ്ങേൻ എഴുതിയിരിക്കണം. " ഒരു ഓസി രക്തസാക്ഷി "
Manoj M. 2013-04-23 07:43:43
കൈരളി അഭിപ്രായപ്പെട്ടിരിക്കുന്നപോലെ  ചില കാര്യങ്ങൾ കാണാൻ കഴിയുന്നില്ല. പ്രവാസികളുടെ സൌകര്യങ്ങൾക്കു വേണ്ടിയല്ല കൊണ്‍സുലേറ്റും വിസാ ചട്ടങ്ങളും പ്രധാനമായും പ്രവർത്തി ക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും സംഭരിച്ചു വെച്ചിരിക്കുന്ന വമ്പിച്ച  സ്വത്തു - കള്ളപ്പണം - കൈകാര്യം ചെയ്യാൻ വരുന്ന  നമ്മുടെ നേതാക്കന്മാരുടെയും ഉദ്യോഗസ്ഥരുടെയും സുഗമമായ പ്രവർത്തനങ്ങൾക്കുള്ളതാണ് ഈ പ്രസ്ഥാനങ്ങൾ - വന്നുപോവാനും ബിസിനസിനും! പ്രവാസികളുടെ കാശു വാങ്ങി ചിലവ് നടത്തുന്നു, സേവനം പറഞ്ഞുകൊണ്ട്.

വർദ്ധിച്ച ഫീസുകൾ അടിച്ചേൽപ്പിച്ചു  പെർമിറ്റുകളും ലൈസൻസുകളും കാർഡുകളും  'ഉളുമ്പു' നിയമങ്ങളും ഉണ്ടാക്കി സ്വന്ത താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രീതി പുതുതല്ല. പലവിധത്തിൽ പണം അടിച്ചെടുക്കുകയാണ് ഇതിലൂടെ സാധിക്കുന്നത്.  ഓ.സി. ഐ. കാർഡും ജാടകളും അതിന്റെ പുതിയ പതിപ്പു മാത്രം. ഓ.സി.ഐ. കിട്ടാൻ എന്തിനാണ്  25-ഉം, 50-ഉം വർഷങ്ങൾ  പഴക്കമുള്ള പാസ്പോർട്ടുകൾ കൊണ്ടുവന്നു 'സറണ്ടർ ചെയ്തു' വടി പോലെ നില്ക്കാൻ ആവിശ്യപ്പെടുന്നത് ? പത്തു കൊല്ലം കഴിയുമ്പോൾ, പുതിയ ബുക്കു നല്കുമ്പോൾ പഴയതു തിരിച്ചു വാങ്ങേണ്ട കാര്യമെന്ത്? അമേരിക്ക പഴയത് കാൻസൽ ചെയ്തു തിരിച്ചു നല്കുന്നു. ഒരിടത്തും അത് പിന്നീട് ചോദിക്കാറില്ല. അമേരിക്കൻ വിസ ഉപേക്ഷിച്ചു തിരിച്ചു പോയാൽ പാസ്പോർട്ട് നിലവിൽ ഉണ്ടെങ്കിൽ തിരിച്ചു വാങ്ങുകയും ചെയ്യും. 

ഇന്ത്യയിൽ മന്ത്രിയായി കയറിക്കഴിഞ്ഞാൽ പിന്നെ സേവനം എന്നതു എന്താണെന്ന് നമുക്കറിയാം.  ഒച്ചപ്പാടുണ്ടാക്കുമ്പോൾ എന്തെങ്കിലും എല്ലുകഷണം എറിഞ്ഞുകൊടുത്ത് ജനങ്ങളെ  തൃപ്തി പ്പെടുത്തും. "പരാതി, എഴുതിക്കൊടുക്ക്, പരിഗണിക്കാം", എന്നു പറഞ്ഞു, ഒന്നും അറിയാത്ത മട്ടിൽ, സംഘടനാ നേതാക്കളെ പറഞ്ഞു വിടുന്നതും അതുകൊണ്ട് തന്നെ. കോടതികളിൽ ഇവരുടെ പ്രവർത്തികൾ ചോദ്യം ചെയ്യുകയും ജനങ്ങളെ ഉപദ്രവിക്കുന്നവരെ അടുത്ത ഇലക്ഷനിൽ പരാജയപ്പെടുത്താൻ സംഘടിച്ചു  പ്രവർത്തിക്കയുമാണ് വേണ്ടത്.

"...മറ്റുള്ള എംബസികളുടെ പ്രവര്‍ത്തനവുമായി ഒരു താരതമ്യപഠനം നടത്തിയശേഷം പക്വതയോടെ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരിക്കും അഭികാമ്യം..."

അങ്ങനെ പറയുന്നത് അവർക്കു കൂട്ടു ചേരുകയാണ്. പബ്ലിക്ക് റോഡിൽ മഴയത്തും വെയിലത്തും തണുപ്പത്തും നീണ്ട ലയിൻ നിറുത്തി വിസ അടിച്ചു കൊടുക്കുന്ന മറ്റൊരു സ്ഥലം അമേരിക്കയിൽ  ഇല്ല. എന്തു കൊണ്ടാണ് ഇന്ത്യാക്കാരെ അവരുടെ ഗവര്മെന്ടു അത്തരത്തിൽ പട്ടികളെപ്പോലെ കരുതുന്നത്? പ്രവാസികൾക്കുള്ളതല്ല പുഴുങ്ങിയ മുതിര!  അതുകൊണ്ടുതന്നെ. അങ്ങേയറ്റത്തെ ഫീസും ഈടാക്കുന്നു. ഓ.സി. ഐ-ക്കു, $310 വാങ്ങുന്നു. ബംഗ്ലാദേശിക്ക് $33-ഉം,  പാക്കി-ക്ക് $35-ഉം മാത്രമേ  വിസാ-ഫീസുള്ളൂ. പല സ്പെഷ്യൽ രാജ്യങ്ങൾക്കും $13 കൊടുത്താൽ മതി.  അമേരിക്കൻ ഗ്രീൻ കാർഡിന്റെ $600 ഫീസ് താരതമ്യപ്പെടുത്താനാവില്ല. ലൊകമെമ്പാടുമുള്ളവർ കൊതിക്കുന്ന, മെച്ചമായ ജീവിതവും വരുമാനവും ആരോഗ്യ സംരക്ഷണവും പുറമേ  സ്വന്തം ജനങ്ങൾക്ക് നല്കുന്ന എല്ലാ ജീവിത സൌകര്യങ്ങളും അനുഭവിക്കാൻ അനുവദിക്കുന്ന ഒരു രാജ്യത്തിന്റെ വിസയാണത്, ഒരു ലക്ഷവും കൂടുതലും നല്കി വരാൻ ഇന്ത്യയിലും ചൈനയിലും അനേകമാളുകൾ തള്ളുന്നു അതു നേടാൻ!  പ്രവാസിയെ വിറ്റു സുഖമായിക്കഴിയുന്ന, വലിയ വിഭാഗം  പട്ടിണിയിൽ കഴിയുന്നവരുടെ നാട്ടിൽ പോവാൻ കിട്ടുന്ന വിസയും അമേരിക്കാ യൂറോപ്പ് ഗൾഫു വിസകളും തമ്മിൽ താരതമ്യപ്പെടുത്താനാവില്ല. അങ്ങോട്ട്‌ കാശു കൊടുക്കാമെന്നു പറഞ്ഞാലും, "സോറി, വരുന്നില്ലാ", എന്നു പറയുന്നവർ അനേകമുണ്ട് മഹാഭാരത വിസ വേണോന്നു ചോദിച്ചാൽ! അത്തരത്തിൽ കുട്ടിച്ചോറാക്കിക്കഴിഞ്ഞില്ലേ ദൈവത്തിന്റെ സ്വന്ത നാട്?

ബിജു തോമസ്‌, ലാസ് വേഗാസ് 2013-04-23 10:10:33
ലേഖനത്തെ കുറിച്ചു കൂടുതല്‍ ഒന്നും എഴുതാനില്ല, ഒരേ ഒരു കാര്യം!!!
പത്തു വര്‍ഷത്തെ ഇന്ത്യന്‍ വിസ അടിച്ചു കിട്ടിയ ഒരു വിദേശിക്കോ, അതോ ഒരു ഓ സി ഐ കാര്‍ഡ്‌ കിട്ടിയ പ്രവസിക്കോ കൂടുതല്‍ പ്രയോജനം?! ഒന്ന് ആഴമായി ചിന്തിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് ഇതു പൊട്ടനും പെട്ടന്ന് പിടികിട്ടും....
Alex Vilanilam 2013-04-25 05:49:03



THE ARTICLE BY JOSE THAYYIL OF KAIRALI PUBLICATION AND THE RESPONSES OF THE READERS ARE POINTING TO CERTAIN OPEN FACTS AND TRUTHS. 
ALL THOSE GIVING LEADERSHIP IN RESOLVING THE ISSUES OF PRAVASI INDIAN COMMUNITY ARE GETTING EDUCATED CONTINUOUSLY BY SHARING AND CARING EACH OTHER. THESE COORDINATORS OF INDIAN PRAVASI ACTION COUNCIL[IPAC] A JOINT MOVEMENT OF ALL PRAVASI ORGANIZATIONS LIKE FOKANA, FOMAA,WMC ETC ARE IN CONSTANT TOUCH WITH MALAYALI AND NON_MALAYALI ORGANIZATION LEADERS. ALL HAVE AGREED ON ALL THE POINTS RAISED IN THE PETITION OF APPEAL BEING MADE TO THE PM AND PRESIDENT OF INDIA. THEY HAD INDIVIDUALLY AND COLLECTIVELY TAKEN UP THE ISSUES WITH THE CONCERNED MINISTERS AND OFFICIALS FOR THE PAST FOUR YEARS. AS NO POSITIVE OUTCOME WAS COMING THROUGH WE NOW APPROACH THE HIGHEST AUTHORITY OF INDIA WHO CAN ONLY COORDINATE THE MINISTRIES CONCERNED AND TAKE STEPS TO MITIGATE THE HARDSHIPS OF PRAVASI COMMUNITY. 

PLEASE VISIT THE WEB SITE  www.pravasiaction.com AND SIGN THE PETITION OF APPEAL. ALSO PLEASE ENCOURAGE EVERY PRAVASI INDIAN TO SIGN THE PETITION.   PLEASE BE INFORMED THAT THE FOREIGN SECRETARY RANJAN MATHAI IS GETTING THE PETITION EVERY TIME A PRAVASI SIGNS THIS. HENCE THIS ACTION PLAN IS VERY VERY EFFECTIVE. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക