Image

ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 22 September, 2011
ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്‌തംബര്‍ 17 ശനിയാഴ്‌ച റോക്ക്‌ലാന്റിലെ ക്ലാര്‍ക്‌സ്‌ടൗണ്‍ റിഫോംഡ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ കൊണ്ടാടി.

വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്കുശേഷം, താലപ്പൊലിയുടെയും വള്ളപ്പാട്ടിന്റേയും കൊട്ടും കുരവയും ആര്‍പ്പുവിളിയുടേയും അകമ്പടിയോടെ മഹാബലിയെ വേദിയിലേക്ക്‌ ആനയിച്ച്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. സെക്രട്ടറി അലക്‌സ്‌ പൊടിമണ്ണില്‍ വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. വിശിഷ്ടാതിഥികള്‍ ഭദ്രദീപം തെളിയിച്ചതോടെ പരിപാടികള്‍ ആരംഭിച്ചു. പ്രസിഡന്റ്‌ തമ്പി പനയ്‌ക്കലിന്റെ സ്വാഗതപ്രസംഗത്തിനും ഓണസന്ദേശത്തിനും ശേഷം കോ-ഓര്‍ഡിനേറ്റര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള ഓണസന്ദേശം നല്‍കി. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ സദസ്സിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയും എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്‌തു.

മുപ്പത്തിമൂന്നു വര്‍ഷത്തെ അദ്ധ്യാപക ജീവിതത്തിനുശേഷം സര്‍വ്വീസില്‍നിന്നു വിരമിച്ച ശ്രീ പി.എ. പൗലോസ്‌ ആയിരുന്നു മുഖ്യാതിഥി. തന്റെ അദ്ധ്യാപകന്‍ കൂടിയായിരുന്ന ശ്രീ പി.എ. പൗലോസിനെ സദസ്സിനു പരിചയപ്പെടുത്തുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന്‌ കുര്യാക്കോസ്‌ തരിയന്‍ പറഞ്ഞു. അസോസ്സിയേഷന്‍ പ്രസിദ്ധീകരണമായ `കേരള ജ്യോതി'യുടെ പ്രകാശനകര്‍മ്മം ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ റവ. ഫാ. ഡോ. പ്രശാന്ത്‌ പാലയ്‌ക്കാപ്പിള്ളിലിനു ആദ്യ പതിപ്പ്‌ നല്‍കി നിര്‍വ്വഹിച്ചു. പരസ്യങ്ങളും കലാസൃഷ്ടികളും അയച്ചുതന്ന എല്ലാവര്‍ക്കും ചീഫ്‌ എഡിറ്റര്‍ ജയിംസ്‌ ഇളംപുരയിടത്തില്‍ നന്ദി പ്രകാശിപ്പിച്ചു.

ക്ലാര്‍ക്‌സ്‌ടൗണ്‍ ലജിസ്ലേച്ചര്‍ സ്ഥാനത്തേക്ക്‌ ഡമോക്രാറ്റിക്‌ പാര്‍ട്ടി പ്രൈമറിയില്‍ മത്സരിച്ചു വിജയിച്ച ശ്രീമതി ആനി പോളും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഷിബു എബ്രഹാമും വരുന്ന തെരഞ്ഞെടുപ്പില്‍ ഏവരുടേയും സഹായം അഭ്യര്‍ത്ഥിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്‌തു.

2010-ലെ ഭാരവാഹികളായിരുന്ന ജോര്‍ജ്ജ്‌ താമരവേലില്‍ (പ്രസിഡന്റ്‌), ജോസഫ്‌ കുരിയപ്പുറം (ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍), ശ്രീമതി മറിയാമ്മ നൈനാന്‍ (വിദ്യാജ്യോതി മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍) എന്നിവരെ പ്രസിഡന്റ്‌ തമ്പി പനയ്‌ക്കല്‍ പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

ജിമ്മി ജോര്‍ജ്ജ്‌ വോളിബോള്‍ ടൂര്‍ണ്ണമെന്റിലും ലൂക്കോസ്‌ നടുപ്പറമ്പില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിലും വിജയിച്ച റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ നിന്നുള്ള ടീമായ `ബഫലോ സോള്‍ജിയേഴ്‌സി'ന്‌ ട്രോഫി നല്‍കി ആദരിച്ചു. ടീമിനെ പ്രതിനിധീകരിച്ച്‌ ജോര്‍ജ്ജ്‌ മുണ്ടന്‍ചിറ ട്രോഫി ഏറ്റുവാങ്ങി.

ഷൈന്‍ റോയിയുടെ നേതൃത്വത്തില്‍ ടിയാര റോയ്‌, അനിത ഒള്ളൂട്ട്‌, മാളവിക പണിക്കര്‍, നിരോഷ തമ്പി, സോണിയ ഇത്താക്കന്‍, ശില്‌പ രാധാകൃഷ്‌ണന്‍, മേഘ, റെബേക്ക വയലുങ്കല്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ ഏവരുടേയും മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റി. ഒളിവിയ മില്‍ട്ടന്‍, മനോജ്‌ അലക്‌സ്‌, സജി സ്‌കറിയ തുടങ്ങിയവരുടെ ഗാനങ്ങള്‍ ഏറെ ഹൃദ്യമായിരുന്നു.തമ്പി പനയ്‌ക്കലിന്റേയും മീനാ തമ്പിയുടേയും നേതൃത്വത്തില്‍ അവതരിപ്പിച്ച ഒപ്പന ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. ആനി പോളും മീനാ തമ്പിയും അതിമനോഹരമായ അത്തപ്പൂക്കളമൊരുക്കി. രാധാകൃഷ്‌ണന്‍ കുഞ്ഞുപിള്ളയായിരുന്നു മഹാബലിയായി വേഷമിട്ടത്‌.

വിശ്വനാഥന്‍ കുഞ്ഞുപിള്ള, രാധാകൃഷ്‌ണന്‍ കുഞ്ഞുപിള്ള എന്നിവരുടെ നേതൃത്തില്‍ നടന്ന ആവേശഭരിതമായ വള്ളംകളി കാണികളെ അല്‌പനേരത്തേക്ക്‌ വേമ്പനാട്ടു കായലിലെ ഓളപ്പരപ്പിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ജയപ്രകാശ്‌ നായരായിരുന്നു എം.സി. സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണിലിന്റെ നന്ദിപ്രകടനത്തോടെ പരിപാടികള്‍ സമാപിച്ചു.
ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക