Image

കേരളത്തിലേക്ക്‌ ബിസിനസ്‌ പാലം തീര്‍ത്ത്‌ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌

ജോര്‍ജ്‌ തുമ്പയില്‍ Published on 23 April, 2013
 	കേരളത്തിലേക്ക്‌ ബിസിനസ്‌ പാലം തീര്‍ത്ത്‌ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌
ന്യൂയോര്‍ക്ക്‌: കര്‍മ്മഭൂമിയായ അമേരിക്കയില്‍ ബിസിനസ്‌ വിജയം നേടിയ വ്യവസായ/വ്യാപാര സംരംഭകള്‍ ജന്മഭൂമിയുമായി ബിസിനസ്‌ പാലം തീര്‍ക്കുന്നു. 2008-ല്‍ തുടങ്ങിവെച്ച സുഹൃദ്‌ബന്ധത്തിന്റെ പരിണിത ഫലം എന്ന നിലയിലാണ്‌ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ പുതിയ സംരംഭം. ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ പ്രതിനിധികള്‍ മെയ്‌ 11- ന്‌ ശനിയാഴ്‌ച കേരളത്തിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ.എം. മാണി എന്നിവരുമായി പ്രധാനമായും, മറ്റ്‌ മന്ത്രിമാരുമായി സൗകര്യാനുസരണവും കൂടിക്കാഴ്‌ച നടത്തും. കേരളത്തിലെ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആതിഥേയത്വം വഹിക്കുന്ന ഈ പ്രാരംഭ സമ്മേളനത്തില്‍ കെ.എസ്‌.ഐ.ഡി.സി (കേരളാ സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ കോര്‍പ്പറേഷന്‍), കെ.എഫ്‌.സി (കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍) തുടങ്ങി വ്യാപാര-വ്യവസായ രംഗങ്ങളിലെ പ്രതിനിധികളുമായും കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌. കേരളത്തിലുള്ളവര്‍ക്ക്‌ അമേരിക്കയിലും, ഇവിടെയുള്ള സംരംഭകര്‍ക്ക്‌ കേരളത്തിലും ബിസിനസ്‌ തുടങ്ങുന്നതിനുള്ള പ്രചോദനം ഉളവാക്കുന്നതിനും, ഒത്താശ ചെയ്യുന്നതിനും വേദിയൊരുങ്ങും. മന്ത്രിസഭകള്‍ മാറിവന്നാലും ദൃഢമായി നിലനില്‍ക്കത്തക്ക വിധത്തിലുള്ള സംവിധാനങ്ങളാണ്‌ വിഭാവനം ചെയ്യുന്നത്‌.

ഇത്തരത്തിലൊരു ആശയം രൂപപ്പെട്ടത്‌ കഴിഞ്ഞ ജനുവരിയില്‍ കൊച്ചിയില്‍ നടന്ന എമേര്‍ജിംഗ്‌ കേരളയില്‍ നിന്നും, പ്രവാസി ഭാരതീയ ദിവസിലെ കൂടിവരവില്‍ നിന്നുമാണ്‌. കേരളത്തിലെ ചേംബര്‍ ഓഫ്‌ കൊമേഴ്‌സുമായി ഉചിതമായ ബന്ധം കാത്തുസൂക്ഷിക്കുക എന്ന പ്രതിജ്ഞാബദ്ധമായ മനസോടെയാണ്‌ അമേരിക്കയില്‍ നിന്നുള്ള സംഘം കേരളത്തിലേക്ക്‌ യാത്രയാകുന്നത്‌.

സംഘടനാതലത്തില്‍ ഇതേവരെ ഒരു ടൈഅപ്പ്‌ ഉണ്ടാക്കുവാന്‍ സാധിച്ചിട്ടില്ല എന്നത്‌ കണക്കിലെടുത്തുകൂടിയാണ്‌, സാധ്യതകളെക്കുറിച്ച്‌ പഠിച്ചതിനുശേഷം അടുത്ത ഘട്ടത്തിലേക്ക്‌ കടക്കാമെന്ന്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ കരുതുന്നത്‌. മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും ഈ പ്ലാറ്റ്‌ഫോമില്‍ കൂടി ഡെലിഗേഷനില്‍ പങ്കാളികളാകുവാന്‍ സാധിക്കും. ഇതോടെ നാട്ടില്‍ നിന്നും ഏഴാംകടലിനക്കരെയെത്തി ജീവിത വിജയങ്ങള്‍ കൊയ്‌തവര്‍ക്കും നാട്ടില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനന്തസാധ്യതകളാണ്‌ തുറുന്നുകിട്ടാന്‍ പോകുന്നതെന്ന്‌ ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ഭാരവാഹികള്‍ അറിയിച്ചു.

ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ദീര്‍ഘകാലമായ സ്വപ്‌നമായിരുന്നു ഇവിടുത്തെ മലയാളി ബിസിനസുകാരുടെ ഡയറക്‌ടറി പ്രസിദ്ധീകരിക്കുക എന്നത്‌. ഇത്‌ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഈ മെയ്‌മാസത്തില്‍ പുറത്തിറക്കാന്‍ കഴിയുംവിധം ധൃതഗതിയില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

വിശദവിരങ്ങള്‍ക്ക്‌: ജോണ്‍ ഐസക്ക്‌ (914 720 5030), റോയി എണ്ണച്ചേരില്‍ (914 656 9248), ജിന്‍സ്‌മോന്‍ സഖറിയ (516 776 7061).
 	കേരളത്തിലേക്ക്‌ ബിസിനസ്‌ പാലം തീര്‍ത്ത്‌ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌
Join WhatsApp News
മലപുറം മമ്മ്ദു 2013-04-24 04:37:17
ഇതെന്തു പാലമാണ് ? ബിസിനെസ്സ് പാലം! ഞമ്മക്ക് ഓസി കാർഡ് ഇല്ലാതെ സൈക്കിൾ ചബുട്ടി ഈ പാലത്തിലൂടെ മലപ്പുറത്തിനു പോകാ പറ്റ്വാ?


thomman 2013-04-24 05:30:50
ഇത് ജാഡ പാലം ആണ്.. ഈ പാലത്തെ കയറി നാട്ട്ടിൽ പോയി മന്ത്രി യെ കാണാം.. ഫോട്ടോയും വരും... പാവം പാലം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക