Image

ഗാര്‍സീനിയ കാംബോജിയ- മീനു എലിസബത്ത്

Published on 22 April, 2013
ഗാര്‍സീനിയ കാംബോജിയ- മീനു എലിസബത്ത്
നമുക്കെല്ലാം സുപരിചിതമായ ഒരു പഴഞ്ചൊല്ലാണ്... 'മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നത്...'

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് എബിസി ന്യൂസ് ചാനലില്‍ അമേരിക്കയുടെ പ്രിയപ്പെട്ട ഡോക്ടറായ 'ഓസ് വളരെ പ്രധാനപ്പെട്ട ഒരു കണ്ടുപിടിത്തവുമായാണ് എത്തിയത്. വിഷയം പൊണ്ണത്തടിക്കൊരു ഒറ്റമൂലി.

എന്റെ ഏറ്റവും വലിയ ഒരു വീക്‌നെസാണ് സംഭവം. ചെവി ഒന്ന് കൂടെ വട്ടം പിടിച്ച് കസേര അല്പ്പം കൂടി മുന്നോട്ടു വലിച്ചിട്ട് ഞാന്‍ ശ്രദ്ധിച്ചു.അദ്ദേഹം വാതോരാതെ, വാചാലനായി, പ്രസംഗിക്കുകയാണ്.

'പ്രിയപ്പെട്ട പ്രേക്ഷകരെ, വ്യായാമം ചെയ്യാതെയും ഡയറ്റു നോക്കാതെയും എങ്ങനെ തടി കുറയ്ക്കാം എന്ന ചോദ്യം വര്‍ഷങ്ങളായി ലോകം മുഴുവന്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും നിങ്ങള്‍ സ്ത്രീകള്‍. ഇന്നലെ വരെ എനിക്കും അതിന് ഉത്തരമുണ്ടായിരുന്നില്ല. കാരണം ആരും അതിനുത്തരം കണ്ടെത്തിയിരുന്നില്ല.

പക്ഷെ ഇന്നിതാ നമ്മള്‍ക്കെല്ലാം തടി കുറയ്ക്കാനൊരു ഒറ്റ മൂലിയുമായി ഒരു
രക്ഷക അവതരിച്ചിരിക്കുന്നു. അദ്ദേഹം നിര്‍ത്താതെ തുടരുകയാണ്..

എനിക്ക് സന്തോഷമായി . രക്ഷപ്പെട്ടു. ഡയറ്റും നോക്കണ്ട, വ്യായാമവും വേണ്ട സുഖം പരിപാടി. ഞാന്‍ കടുകിടവിടാതെ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു.

ഓസ് തുടര്‍ന്നു. 'പ്രേക്ഷകരെ, ഞാന്‍ നിങ്ങളോട് പറയുന്നു പ്രത്യേകിച്ച് യാതൊരു എഫെര്‍ട്ടും എടുക്കാതെ, നിങ്ങളുടെ പൊണ്ണത്തടി കുറയ്ക്കാന്‍ ഒരു റെവലൂഷണറി, ഫാറ്റ് ബസ്റ്റര്‍ ഇതാ ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു.. ദി വണ്‍ ആന്‍ഡ് ഒണ്‍ലി 'ഗാര്‍സീനിയ കാംബോജിയാ...

സൗത്ത് ഈസ്റ്റ് ഏഷ്യയിലും പ്രത്യേകിച്ച് സൗത്ത് ഇന്ത്യയിലും ആഫ്രിക്കയിലും ധാരാളമായി കാണപ്പെടുന്ന ഈ ചെറിയ പഴം പൊണ്ണത്തടിയുടെ അന്തകനായി അവതരിച്ചിരിക്കുന്നു. നാമെല്ലാം കാത്തിരുന്നത് ഈ അത്ഭുതമരുന്നിന് വേണ്ടിയാണ്...ഈ ഗാര്‍സീനിയ കാംബോജിയ്ക്ക് വേണ്ടി. ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി.

ശെടാ ഭയങ്കരാ കൊള്ളാല്ലോ ഈ കംബോജിയ... ആഹ്ലാദത്തിന്റെ തിരത്തള്ളലില്‍, ഞാന്‍ ഈ പ്രഭാഷണത്തിന്റെ കൂടെ കാണിച്ച ദൃശ്യചിത്രങ്ങള്‍ ഒന്നും അത്ര ശ്രദ്ധിച്ചില്ല.ഒരു മന്ത്രം പോലെ പലവട്ടം ആ പേരുരുവിട്ടു...ഗാര്‍സീനിയ കംബോജിയാ. ഗാര്‍സീനിയ കംബോജിയ.

ഏതോ സിനിമയില്‍ ജഗതിയുടെ കഥാപാത്രത്തിന്റെ പേരുപോലുണ്ട്?
എന്തായാലും ഞാന്‍ പേര് ഫോണിന്റെ നോട്ട് ബുക്കില്‍ കുറിച്ചുവെച്ചു.

അപ്പോഴതാ ഡോക്ടര്‍ ഓസ് പരിചയപ്പെടുത്തുന്നു ഒരു ചൈനാക്കാരിയെ. ഡോക്ടര്‍ ജൂലി ചാന്‍. കാലിഫോര്‍ണിയയില്‍ "Integrated Medicine നില്‍ ഫെലോഷിപ്പ് ചെയ്യുന്ന ഡോക്ടര്‍ ചാന്‍ ഗാര്‍സീനിയാ കംബോജിയയെക്കുറിച്ചു നിരന്തരമായ പഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണ്.


തുടര്‍ന്നുള്ള അവരുടെ സംസാരത്തോടൊപ്പം സ്‌ക്രീനില്‍ വീണ്ടും..ഗാര്‍സീനിയാ കംബോജിയയുടെ വലിയ ചിത്രങ്ങള്‍ കടുത്ത പച്ചിലകളുള്ള, ഒരു വലിയ മരത്തില്‍വിളഞ്ഞു പഴുത്ത മഞ്ഞ നിറമുള്ളതും പഴുക്കാത്ത പച്ചപ്പഴങ്ങളും ഇടതൂര്‍ന്നു കിടക്കുന്നു.
.
...ഹേ!!!.......ഇത്....ഇത്. നമ്മടെ ..ഓ ..യ്യോ വിശ്വസിക്കാനെ കഴിയുന്നില്ല.....അതെ....ഇത് അത് തന്നെ!! ഞാന്‍ ശരിക്കുമൊന്നു ഞെട്ടി. വീണ്ടും വീണ്ടും നോക്കി. പിന്നിട് അവര്‍ പറഞ്ഞതൊന്നും കേട്ടതേയില്ല... നോട്ടം മുഴുവന്‍ ഇളംമഞ്ഞയും ചുവപ്പും കലര്‍ന്ന ആ പഴങ്ങളിലേക്കായിരുന്നു ഉം...അതല്ലേ? അതെ. അത് തന്നെയാണ്. എന്നാലും എനിക്കങ്ങോട്ട് ഒരു വിശ്വാസം വരുന്നില്ല പക്ഷെ, ...പ്രിയപ്പെട്ടവരേ, ഞാന്‍ കണ്ട പഴം ഏതായിരുന്നന്നോ? നമ്മള്‍ മലയാളികളുടെ മീന്‍കറിയിലെ റാണി...അതെ, മീന്‍കറി പാചകത്തില്‍ , നമുക്ക് ഒഴിച്ച് കൂടാനാവാത്ത...
സാക്ഷാല്‍.....കുടംപുളി.

കൊച്ചുകള്ളി. ഗാര്‍സീനിയാ കാംബോജിയ എന്ന ശാസ്ത്രനാമവുമായി, നമ്മെ ഇങ്ങനെ അത്ഭുതപ്പെടുത്തുമെന്നു ഞാന്‍ സ്വപ്നത്തില്‍ വിചാരിച്ചില്ല. നാട്ടിലെ നമ്മുടെ പറമ്പുകളില്‍ പ്രത്യേ കിച്ചൊരു ചേതവുമില്ലാതെ, പരിചരണവുമില്ലതെ, എങ്ങനെയോ വളര്‍ന്നു വരുന്ന നമ്മുടെ കുടംപുളി. അകത്ത് മധുരവും പുളിയും നിറഞ്ഞ കായ്കള്‍ ഉള്ള പ്രിയപ്പെട്ട കുടംപുളി.
അതെ....നമ്മുടെ സ്വന്തം കുടംപുളിയാണ് ഇന്ന് പൊണ്ണത്തടിക്ക് ഒറ്റമൂലിയായി പാശ്ചാത്യ ലോകത്ത് അവതരിച്ചിരിക്കുന്ന ഗാര്‍സീനിയ കംബോജിയാ.

എന്നാലും എന്റെ കുടംപുളി നീ ഈ കൈയെത്തും ദൂരത്തുണ്ടായിട്ടാണോ ഞാനും എന്നെപ്പോലെയുള്ള പെണ്ണുങ്ങളും ഇക്കണ്ട കാലം മുതല്‍ തടി കുറയ്ക്കാന്‍ ഈ നെട്ടോട്ടം ഓടിക്കൊണ്ടിരുന്നത്. വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ മനസൊന്നു തുടിച്ചു. ഒരു പ്രതീക്ഷയുടെ കിരണം എവിടെ നിന്നോ വന്നെന്നെ ഉറ്റു നോക്കുന്നത് പോലെ.

തണുപ്പ് കാലങ്ങളില്‍ ഒരു കാര്യവുമില്ലാതെ, അഞ്ചാറ് പൗണ്ടങ്ങു കൂടും. ഒന്നാമത് മടുപ്പിക്കുന്ന തണുപ്പ്. സൂര്യദേവനെ പല ദിവസങ്ങളിലും കാണാന്‍ പോലുമില്ല, എങ്ങും ഊതനിറം. മരങ്ങളെല്ലാം ഇലയും കൊഴിച്ച് ഒരേ നില്പ്പ്.പ്രകൃതിക്കും ഒരു മന്ദിപ്പ്. ഡിപ്രഷന്‍ ഇല്ലാത്തവര്‍ക്കും കൂടി അതുണ്ടോ എന്ന് തോന്നിപ്പോകുന്ന കാലാവസ്ഥ. വെളിയില്‍ നടക്കാമെന്ന് വെച്ചാല്‍ തണുപ്പാണെന്ന് മനസ് വാശി പിടിക്കും. ജിമ്മില്‍ പോകാമെന്ന് വെച്ചാല്‍ ഉടനെ അത് പറയും, ഓ സന്ധ്യയായി. ഇരുട്ടായി. ഒന്നാം ദിവസം ഇങ്ങനെ പോട്ടെ, നാളെ തൊട്ട് നിന്നെ ഞാന്‍ ജിമ്മില്‍ കൊണ്ട് പോകും. എവിടെ!

അതിനിടെ, ഒരു താങ്ക്‌സ് ഗിവിങ്ങ്, ക്രിസ്മസ്, ന്യൂ ഇയര്‍, പാര്‍ട്ടികള്‍, ഗെറ്റ് ടുഗതറുകള്‍, ഓരോ ആഘോഷത്തിനും അതിന്റേതായ ഡെലിക്കസികള്‍, കൊതിയൂറുന്ന സ്‌പെഷ്യല്‍ വിഭവങ്ങള്‍ . വയറു നമ്മളുടെതാണെന്നു നമ്മള്‍ ഓര്‍ക്കണ്ടേ? അതുമില്ല. .ഒരു മാസം മുന്‍പ് സ്‌കെയില്‍ നോക്കിയപ്പോള്‍ അതെടുത്തൊരു ഏറു കൊടുത്താലോ എന്ന് തോന്നിയതാണ്.

ഞാനും മൂത്ത സന്തതിയും ഭക്ഷണത്തിലേക്ക് നോക്കിയാല്‍ മതി പൗണ്ട് ചാടിപ്പിടിക്കും. ബാക്കി മൂന്ന് പേര്, നിറുകംതല വരെ ആറുനേരം ഭക്ഷിച്ചാലും പ്രശ്‌നമില്ല. അവര്‍ക്ക് ഹൈ, മെറ്റബോളിസം.

ബാക്കിയുള്ളവന് പൊക്കവും കുറവായതിനാല്‍ അല്പം തൂക്കം കൂടിയാല്‍, മിസ്രയിമിലെ തടിച്ചു കൊഴുത്ത പശുക്കള്‍ക്ക് കൂടെ നാണക്കേടാകും. എന്റെ ചിന്ത ഈ വഴിയെല്ലാം പോയി. എന്നാല്‍ പിന്നെ, എന്റെ നാട്ടുകാരിയായ ഈ ഒറ്റമൂലിയെക്കുറിച്ച് കൂടുതല്‍ ഒന്നന്വേഷിച്ചിട്ടു തന്നെ കാര്യം.

പിന്നിടങ്ങോട്ടുള്ള ദിവസങ്ങലില്‍ ഡോക്ടര്‍ ജൂലി ചാന്‍ ചെയ്തതിലും കൂടുതല്‍ റിസേര്‍ച്ച് ഞാന്‍ ചെയ്തു കാണും. ഗൂഗിളില്‍ പല പ്രാവശ്യം ഗര്‍സിനിയാ കംബോജിയ എന്നടിച്ചു നോക്കി. എന്റെ പൊന്നീശോയെ, ഇന്റര്‍നെറ്റ് മുഴുവന്‍ നമ്മുടെ കുടംപുളിക്കുട്ടിയുടെ പലതരം ചിത്രങ്ങള്‍. അവളങ്ങനെ സുന്ദരിമണിയായി മഞ്ഞച്ചുവപ്പുള്ള തുടുത്ത കവിളോടെ ചിരിച്ചു കൊണ്ട് നില്ക്കുന്ന തരാതരം ചിത്രങ്ങള്‍.  തോട് പൊളിച്ച രീതിയില്‍, പൊളിക്കാത്ത രീതിയില്‍, ചൊക്കി ചുളിഞ്ഞു ഉണക്കി കറുപ്പിച്ച പരുവത്തില്‍. കൂടെ, ഗാര്‍സീനിയ കംബോജിയ കഴിച്ചു, തടി കുറഞ്ഞ മദാമ്മയുടെ ബിക്കിനിപ്പടങ്ങള്‍ കഴിക്കുന്നതിനു മുന്‍പുള്ള ഒബിസ് പടങ്ങള്‍, അതില്‍ കുട്ടിയാന പോലെയുള്ള മദാമ്മകളും, അണ്ഡാവ് കമഴ്ത്തിയ പോലെ ശരീരഭാഗങ്ങളുള്ള കറുമ്പികളും കംബോജിയ കഴിച്ചു, തടി കുറച്ചു ബിയോണ്‍സെയെപ്പോലെ സൂപ്പര്‍ മോഡലായി അരച്ചാണ്‍ ചരടിന്റെ ബലത്തില്‍ നില്ക്കുന്ന പടങ്ങള്‍!!

ഇതിനെല്ലാം അപ്പുറത്ത്.
കംബോജിയ ഗുളികയുടെ തരാതരം പരസ്യങ്ങള്‍, പല കമ്പനികളുടെ പല തരം വാഗ്ദാനങ്ങളോടെ, വെളിപ്പെടുത്തലുകളോടെ, അങ്ങനെ പല ഭാവത്തിലും രൂപത്തിലും ഗൂഗിളിന്റെ ഇമെജില്‍ കുടംപുളിക്കുഞ്ഞമ്മ ചെത്തിനില്‍ക്കുന്നു. ഇതിനെല്ലാം ഉപരിയായി, പടങ്ങളുടെ കൂടെ, കുടംപുളിയുടെ ഗുണഗണങ്ങ ളെക്കുറിച്ചു, വാഴ്ത്തിപ്പാടുന്ന നീണ്ട ലേഖനങ്ങളും വിവരണങ്ങളും ധാരാളം.

വിശ്വസിക്കാതെ തരമില്ല പ്രിയപ്പെട്ട വായനക്കാരെ. നമ്മള്‍ വിശ്വസിച്ചു പോകും. നമുക്കെല്ലാം സുപരിചിതയായ നമ്മുടെ കുടംപുളിയുടെ പ്രാധാന്യവും ഗമയും പത്രാസും അത്രയ്ക്കാണ്. പക്ഷെ, എന്നത്തെയും പോലെ തന്നെ, ഇത് നമ്മളെ അറിയിക്കാന്‍ സായിപ്പ് വരേണ്ടി വന്നു എന്ന് മാത്രം.

അതങ്ങനെയാണല്ലോ, നമ്മുടെ എല്ലാ തരം പച്ചിലകളും കമ്പും കായും ചില്ലയും പൂവും മൊട്ടും വേരും സായിപ്പ് ഇവിടെ വേരോടെ പിഴുതു കൊണ്ട് വന്ന് റിസേര്‍ച്ച് ചെയ്തു പഠിച്ചു പാസാക്കി പേറ്റന്റും നമ്മുടെ കൈയില്‍ നിന്നും അടിച്ചു മാറ്റി , ആകര്‍ഷകമായ കുപ്പികളിലാക്കി കടിച്ചാല്‍ പൊട്ടാത്ത ശാസ്ത്രീയ നാമങ്ങളും ഇട്ട് നമ്മുടെ കയ്യിലോട്ട് തരുമ്പോള്‍ നമ്മുടെ കണ്ണും രണ്ടും മാത്രമല്ല തലച്ചോറും കൂടി ഇളകി താഴോട്ടു പോരും.

എന്തായാലും പുതിയ ഈ വിവരങ്ങള്‍ വെച്ച് കുടംപുളി അത്ര ചില്ലറക്കാരിയൊന്നുമല്ല കേട്ടോ. വിശപ്പ് കുറയ്ക്കുന്നു. കൊഴുപ്പ് അടിയുന്നത് കുറയ്ക്കുന്നു. മെറ്റബോളിസം റേറ്റ് കൂട്ടുന്നു, സെററ്റോനിന്റെ അളവ് കൂട്ടുന്നു, സ്‌ട്രെസ് ഹോര്‍മോണിന്റെ ലെവല്‍ കുറക്കുന്നു, പഞ്ചസാരയോടുള്ള ക്രെവിംഗ് കുറക്കുന്നു. കൊളസ്‌ട്രോള്‍ കുറയാന്‍ നല്ലതാണ്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ല.

കുടംപുളിയുടെ തോടില്‍ നിന്നും എടുക്കുന്ന സത്ത് (എക്‌സ്ട്രാറ്റ്) ആണീ മാജിക്കുകള്‍ എല്ലാം ചെയ്യുന്നത് പോലും. തായ്‌ലണ്ടുകാര്‍ പണ്ട് മുതലേ, ഭക്ഷണത്തിന് മുന്‍പ്, ഈ പുളി വെള്ളം കുടിക്കുമായിരുന്നു. എന്തായാലും തമിഴ്‌നാട്ടുകാര്‍ എങ്ങനെയോ ഇതെല്ലാം മുമ്പേ മനസിലാക്കി കുടുംപുളി ഫാമുകളും എസ്റ്റേറ്റുകളും തുടങ്ങിയിട്ട് വര്‍ഷങ്ങളായി എന്നാണ് ചെന്നൈയിലെ ഒരു സുഹൃത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റു വഴി ധാരാളം കമ്പനികള്‍ ഇത് മാര്‍ക്കറ്റ് ചെയ്യുന്നതിനാല്‍ അറുപതു ശതമാനമെങ്കിലും കുടംപുളി സത്തുള്ള ഗുളികകളാണ് ഡോക്ടര്‍ ഓസ് റെക്കമണ്ട് ചെയ്യുന്നത്. കൂടെ അല്പം ഡയറ്റും വ്യായാമവും ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

എന്തായാലും, ഇത് കേട്ട്,  ഈമലയാളി വായനക്കാര്‍ ഓടിപ്പോയി പുളി പിഴിഞ്ഞ് കുടിക്കാനും, ഇല്ലാത്ത വില കൊടുത്തു കംബോജിയ വാങ്ങാനും ഒന്നും നിന്നേക്കരുതേ. ഏത് പുതിയ മരുന്നുകളും നിങ്ങളുടെ ഡോക്ടറെ കണ്ട് ഉപദേശം തേടിയതിനു ശേഷം മാത്രം ഉപയോഗിക്കുക പ്രമേഹവും മറ്റസുഖങ്ങളും ഉള്ളവര്‍ പ്രത്യേകിച്ചും. ഗര്‍ഭിണികള്‍ കഴിക്കാനേ പാടില്ല കേട്ടോ.

ഒന്നോര്‍ത്താല്‍ നമ്മളെന്തിന് സായ്പിനെ കുറ്റപ്പെടുത്തുന്നു. ഇതുപോലെയുള്ള റിസേര്‍ച്ചുകളെല്ലാം പണ്ടേ നമുക്കും ചെയ്യാമായിരുന്നല്ലോ. എന്തുകൊണ്ട് നമ്മള്‍ ചെയ്യുന്നില്ല. എങ്ങനെയാണ് നമ്മുടെ നാട്ടിലെ ഉപ്പു തൊട്ട് കറിവേപ്പില വരെ വിദേശികള്‍ക്ക് പേറ്റന്റ് എടുക്കാന്‍ വിട്ടു കൊടുക്കുന്നത്. ആരാണിതിനൊക്കെ ഉത്തരവാദികള്‍. ഒരു പിടിത്തവുമില്ല. എന്തായാലും സായ്പുണ്ടായിരുന്നതുകൊണ്ട് നമ്മുടെ മീന്‍കറിയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കുടുംപുളിക്ക് ആഗോളതലത്തില്‍ ഒരു പേരും പ്രശസ്തിയും കിട്ടി. സന്തോഷം.

(മലയാളം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

Link:http://www.youtube.com/watch?v=LE9U-htnzNg


 EMAIL ID..meenuelizabeth@yahoo.com
ഗാര്‍സീനിയ കാംബോജിയ- മീനു എലിസബത്ത്
garcinia-cambogia
ഗാര്‍സീനിയ കാംബോജിയ- മീനു എലിസബത്ത്
ഗാര്‍സീനിയ കാംബോജിയ- മീനു എലിസബത്ത്
ഗാര്‍സീനിയ കാംബോജിയ- മീനു എലിസബത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക