Image

ബില്‍ ഗേറ്റ്‌സ്‌ യുഎസിലെ ഏറ്റവും വലിയ ധനികന്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 22 September, 2011
ബില്‍ ഗേറ്റ്‌സ്‌ യുഎസിലെ ഏറ്റവും വലിയ ധനികന്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്‌: ഫോബ്‌സ്‌ മാഗസിന്‍ പുറത്തിറക്കിയ ഏറ്റവും ധനികരായ അമേരിക്കക്കാരുടെ പട്ടികയില്‍ മൈക്രോസോഫ്‌റ്റ്‌ തലവന്‍ ബില്‍ ഗേറ്റ്‌സ്‌ തന്നെ ഒന്നാമത്‌. ഫോബ്‌സ്‌ മാഗസിന്‍ പുറത്തിറക്കിയ 400 പേരുടെ പട്ടികയിലാണ്‌ 59 ബില്യണ്‍ ഡോളര്‍ വരുമാനവുമായി ബില്‍ ഗേറ്റ്‌സ്‌ ഒന്നാമതെത്തിയത്‌.

39 ബില്യണ്‍ ഡോളറിന്റെ ആസ്‌തിയയുള്ള വാറന്‍ ബഫറ്റാണ്‌ യുഎസിലെ സമ്പന്നരില്‍ രണ്‌ടാമന്‍. രണ്‌ടാം സ്ഥാനത്തെത്തിയെങ്കിലും ബഫറ്റിന്റെ ആസ്‌തിയില്‍ ആറു ബില്യണ്‍ ഡോളറിന്റെ ഇടിവുണ്‌ടായിട്ടുണ്‌ട്‌. 33 ബില്യണ്‍ ഡോളര്‍ ആസ്‌തിയുള്ള ഒറാക്കിള്‍ സിഇഒ ലാറി എല്ലിസണാണ്‌ ധനികരില്‍ മൂന്നാമത്‌. വാള്‍മാര്‍ട്ട്‌ സ്ഥാപകന്‍ സാം വാള്‍ട്ടന്റെ കുടുംബത്തില്‍ നിന്ന്‌ മൂന്നു പേര്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്‌ട്‌.

സ്‌പില്‍ബര്‍ഗ്‌ ചിത്രം തെരഞ്ഞെടുപ്പിനു ശേഷം മാത്രം

ലോസാഞ്ചല്‍സ്‌: മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ എബ്രഹാം ലിങ്കന്‍െറ ജീവിതത്തെ ആധാരമാക്കി ഹോളിവുഡ്‌ മാന്ത്രികന്‍ സ്റ്റീവന്‍ സ്‌പീല്‍ബര്‍ഗ്‌ സംവിധാനം ചെയ്യുന്ന ചിത്രം 2012ലെ യു.എസ്‌ സെനറ്റ്‌ തെരഞ്ഞെടുപ്പിനുശേഷമേ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കൂ. തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തി എന്ന പരാതി ഒഴിവാക്കുന്നതിനാണ്‌ റിലീസിംഗ്‌ നീട്ടിവെക്കുന്നതെന്ന്‌ സ്‌പീല്‍ബര്‍ഗ്‌ പറഞ്ഞു.

ലിങ്കന്‍െറ അവസാനത്തെ നാലു മാസങ്ങള്‍ക്കാണ്‌ ചിത്രത്തില്‍ പ്രാധാന്യം നല്‍കുന്നതെങ്കിലും അടിമത്ത സമ്പ്രദായവും ആഭ്യന്തര യുദ്ധവും അവസാനിപ്പിക്കുന്നതിന്‌ ലിങ്കണ്‍ നല്‍കിയ സംഭാവനകള്‍ ചിത്രത്തിന്‍െറ ഭാഗമാണ്‌. ഡാനിയേല്‍ ഡേ ലൂയിസ്‌ ആണ്‌ മുന്‍ പ്രസിഡന്റിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌.

ട്രോയ്‌ ഡേവിസിന്റെ വധശിക്ഷ നടപ്പാക്കി

ന്യൂയോര്‍ക്ക്‌: അവസാന നിമിഷത്തെ അപ്പീല്‍ ഉയര്‍ത്തിയ ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട ട്രോയ്‌ ഡേവിസിന്റെ വധശിക്ഷ നടപ്പാക്കി. 1989ല്‍ പോലീസുകാരനായ മാക്‌ ഫെയ്‌ലിനെ വെടിവെച്ചുകൊന്ന കേസിലാണ്‌ ട്രോയ്‌ ഡേവിസിന്‌ വധശിക്ഷ ലഭിച്ചത്‌. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെത്തുടര്‍ന്നാണ്‌ ശിക്ഷ നടപ്പാക്കിയത്‌.

കേസില്‍ ഭൂരിഭാഗം സാക്ഷികളും കൂറുമാറുകയും വധശിക്ഷ നടപ്പാക്കുന്നതിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്‌തിരുന്നു. അവസാനനമിഷം വരെ താന്‍ നിരപരാധിയാണെന്ന നിലപാടിലായിരുന്നു ജോര്‍ജിയയിലെ ജാക്‌സണ്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഡേവിസ്‌.

ഫേസ്‌ബുക്കിനെ വെല്ലാന്‍ ഗൂഗിള്‍ പ്ലസ്‌ തുറന്നു

കാലിഫോര്‍ണിയ: മൂന്നുമാസം മുമ്പ്‌ പരീക്ഷണാര്‍ഥം ആരംഭിച്ച ഗൂഗിള്‍ പ്ലസ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ പൊതുജനങ്ങള്‍ക്കായി തുറന്നു. ഗൂഗിള്‍ പ്ലസില്‍ അംഗമാവാന്‍ ഇനി ആരും ക്ഷണിക്കേണ്‌ട ആവശ്യമില്ല, ആര്‍ക്കും ഇനി മുതല്‍ ഗൂഗിള്‍ പ്ലസില്‍ അംഗമാകാം. മൂന്നുമാസം കൊണ്‌ട്‌ 91 പരിഷ്‌കാരങ്ങള്‍ പ്ലസില്‍ ഗൂഗിള്‍ നടത്തി. പുതിയ ഒന്‍പതെണ്ണം കൂടി ഉള്‍പ്പെടുത്തി പരിഷ്‌ക്കരണങ്ങളുടെ സംഖ്യ നൂറ്‌ തികച്ചുകൊണ്‌ടാണ്‌ ഗൂഗിള്‍ പ്ലസ്‌ പൊതുജനസമക്ഷം എത്തിയതെന്ന്‌ ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ വ്യക്തമാക്കി. ക്ഷണമില്ലാതെ ആര്‍ക്കും ഗൂഗിള്‍ പ്ലസില്‍ ചേരാമെന്നുള്ളതാണ്‌ നൂറാമത്തെ പരിഷ്‌കരണം.

തങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ 'ഹാങൗട്ട്‌സ്‌' എന്ന ഫീച്ചറാണ്‌ ഏറ്റവും മികച്ച രീതിയില്‍ സ്വീകരിക്കപ്പെട്ടതെന്ന്‌ ഗൂഗിള്‍ പറയുന്നു. പത്തുപേര്‍ക്ക്‌ ഓണ്‍ലൈനില്‍ ഒരേസമയം വീഡിയോ ചാറ്റിങ്‌ സാധ്യമാക്കുന്ന ഫീച്ചറാണ്‌ ഹാങൗട്ട്‌സ്‌. ഹാങൗട്ട്‌സ്‌ ഫീച്ചറിന്‌ കൂടുതല്‍ കരുത്തു പകരുന്ന പരിഷ്‌ക്കരണങ്ങളാണ്‌ പുതിയതായി ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. മൊബൈല്‍ യൂസര്‍മാര്‍ക്കും ബ്രോഡ്‌കാസ്റ്റിങിലും ഹാങൗട്ട്‌സ്‌ ഫീച്ചര്‍ ഉപയോഗിക്കാന്‍ പുതിയ നീക്കം വഴി തുറക്കും. യൂസറിന്‌ ഓണ്‍ലൈന്‍ ബ്രോഡ്‌കാസ്റ്റിങ്‌ സാധ്യമാക്കുന്നതാണ്‌ പുതിയതായി അവതരിപ്പിച്ച മറ്റൊരു പരിഷ്‌കാരം.

സെര്‍ച്ച്‌ സര്‍വീസ്‌ ഗൂഗിള്‍ പ്ലസിനുള്ളിലും എത്തി. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്‌ബുക്ക്‌ മാറ്റത്തിന്‌ തയാറെടുക്കുന്ന സമയത്തുതന്നെയാമ്‌ ഗൂഗിള്‍ പ്ലസും എത്തുന്നതെന്നത്‌ ശ്രദ്ധേയമാണ്‌. നിലവില്‍ 75 കോടി അംഗങ്ങള്‍ ഫെയ്‌സ്‌ബുക്കിലുണെ്‌ടന്നാണ്‌ കണക്ക്‌. ഗൂഗിള്‍ പ്ലസിലുള്ള അംഗങ്ങളുടെ കണക്ക്‌ ലഭ്യമായിട്ടില്ല. വിശകലന കമ്പനികളുടെ കണക്കു പ്രകാരം 250 ലക്ഷം യൂസര്‍മാര്‍ ഗൂഗിള്‍ പ്ലസില്‍ അംഗങ്ങളായിട്ടുണ്‌ട്‌.

ടോഡ്‌ പാലിന്‍ വിവാഹമോചനത്തിനെന്ന്‌ റിപ്പോര്‍ട്ട്‌

ന്യൂയോര്‍ക്ക്‌: 2008ലെ യുഎസ്‌ വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന സാറാ പാലിന്റെ ഭര്‍ത്താവ്‌ ടോഡ്‌ പാലിന്‍ വിവാഹമോചനത്തിന്‌ ഒരുങ്ങുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. മുന്‍ അലാസ്‌കന്‍ ഗവര്‍ണര്‍ കൂടിയായ സാറാ പാലിന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച ആത്മകഥയാണ്‌ ടോഡ്‌ പാലിനെ വിവാഹമോചനത്തിന്‌ പ്രേരിപ്പിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.

സാറാന്‍ പാലിന്‍ കൊക്കെയ്‌ന്‍ ഉപയോഗിച്ചിരുന്നതായും മുന്‍ ബാസ്‌കറ്റ്‌ ബോള്‍ താരവുമായും ടോഡ്‌ പാലിന്റെ ബിസിനസ്‌ പങ്കാളിയുമായും സാറാ പാലിന്‌ അവിഹിത ബന്ധമുണ്‌ടായിരുന്നതായും ജോ മക്‌ഗിന്നിസ്‌ രചിച്ച പാലിന്റെ ആത്മകഥയായ `ദ്‌ റോഗ്‌' എന്ന പുസ്‌തകത്തില്‍ വ്യക്തമാക്കിയിരുന്നു. വിവാഹ മോചനം 2012ലെ യുഎസ്‌ പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ കച്ചമുറുക്കുന്ന സാറാ പാലിന്‌ തിരിച്ചടിയാകുമെന്നാണ്‌ കരുതുന്നത്‌.

ഇത്‌ ടോഡിനെ കുപിതാനാക്കിയെന്നും പുസ്‌തകം കുടുംബത്തിന്‌ മോശം പ്രതിച്ഛായ സൃഷ്‌ടിച്ചുവെന്നുമാണ്‌ വിവരം. സാറ ഇതുവരെ വിവാഹിതയല്ലെന്ന്‌ പുസത്‌കത്തില്‍ സഹോദരന്‍ ചക്കി പറഞ്ഞതും ടോഡിനെ നിരാശനാക്കിയിട്ടുണ്‌ട്‌. 23 വര്‍ഷത്തെ വിവാഹ ജീവിതവും അഞ്ചു കുട്ടികളുടെ പിതാവുമായശേഷം തന്റെ ഭാര്യസഹോദരന്‍ പോലും തന്നെ അംഗീകരിക്കാത്തതും വിവാഹ മോചനത്തിന്‌ ഒരുങ്ങാന്‍ ടോഡിനെ പ്രേരിപ്പിക്കുന്നുണ്‌ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

നിയന്ത്രണം നഷ്‌ടമായ ഉപഗ്രഹം വെള്ളിയാഴ്‌ച ഭൂമിയില്‍ പതിച്ചേക്കും

വാഷിംഗ്‌ടണ്‍: നിയന്ത്രണം നഷ്‌ടമാ യുഎസ്‌ ഉപഗ്രഹം വെള്ളിയാഴ്‌ചയോടെ ഭൂമിയില്‍ പതിച്ചേക്കുമെന്ന്‌ നാസ. വെള്ളിയാഴ്‌ച ഉച്ചയ്‌ക്കുശേഷം ഉപഗ്രഹം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്ന്‌ നാസ അറിയിച്ചു. എന്നാല്‍ ഉപഗ്രഹം എവിടെ പതിക്കുമെന്ന്‌ ഇപ്പോഴും ഉറപ്പ്‌ പറയാനാവില്ലെന്ന്‌ നാസ വ്യക്തമാക്കി.

ചെറിയ ഭാഗങ്ങളായാണ്‌ ഭൂമിയില്‍ പതിക്കുകയെന്നതിനാല്‍ ആശങ്കവേണ്‌ടെന്ന്‌ നാസ അറിയിച്ചിട്ടുണ്‌ടെങ്കിലും ജനവാസമേഖലകളില്‍ പതിച്ചാല്‍ എന്തുസംഭവിക്കുമെന്നതിനെക്കുറിച്ച്‌ ജനങ്ങള്‍ ഇപ്പോഴും ഭീതിയിലാണ്‌.

സിറിയക്കെതിരെ യുഎന്‍ ഉപരോധം വേണമെന്ന്‌ ഒബാമ

ന്യൂയോര്‍ക്ക്‌: സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കു നേരെ സൈന്യം അക്രമം തുടരുന്ന സാഹചര്യത്തില്‍ സിറിയയ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭ ഉപരോധം ഏര്‍പ്പെടുത്തണമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ. യുഎന്‍ സിറിയയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്‌ട സമയം ആണിതെന്നും യുഎന്‍ പൊതുസമ്മേളനത്തെ അഭിസംബോധനചെയ്യവെ ഒബാമ പറഞ്ഞു.

സിറിയയ്‌ക്കുവേണ്‌ടിയും ലോകത്തിന്റെ സമാധാനത്തിനും സുരക്ഷയ്‌ക്കും വേണ്‌ടിയും നമ്മള്‍ ഏക ശബ്ദത്തില്‍ സംസാരിക്കേണ്‌ടത്‌ ആവശ്യമാണ്‌. യു.എന്‍ സിറിയയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്‌ട സമയമാണിതെന്നും ഒബാമ പറഞ്ഞു. നമ്മള്‍ ഇന്നിവിടെ സമ്മേളിക്കുമ്പോള്‍ സിറിയയില്‍ കുട്ടികളും സ്‌ത്രീകളുമടക്കമുള്ള മനുഷ്യര്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ആയിരങ്ങളാണ്‌ കൊല്ലപ്പെട്ടത്‌. ആയിരങ്ങള്‍ പാലായനം ചെയ്‌തു.

ഈ സാഹചര്യത്തില്‍ നമ്മുടെ മുന്നിലുള്ള ചോദ്യം നാം സിറിയന്‍ ജനതയ്‌ക്കൊപ്പമോ അതോ അവരുടെ പീഡകര്‍ക്കൊപ്പമോ എന്നതാണെന്നും ഒബാമ പറഞ്ഞു. യുഎസും യൂറോപ്യന്‍ യൂണിയനും നേരത്തെ തന്നെ സിറിയയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക