Image

വിചാരവേദിയില്‍ സി. ജെ. തോമസ്സിന്റെ നാടകപ്രപഞ്ചം

വാസുദേവ് പുളിക്കല്‍ Published on 25 April, 2013
വിചാരവേദിയില്‍ സി. ജെ. തോമസ്സിന്റെ നാടകപ്രപഞ്ചം

വിചാരവേദിയുടെ ഈ മാസത്തെ സാഹിത്യസദസ്സ് ബ്രാഡോക്ക് അവന്യുവിലുള്ള കേരള കള്‍ച്ചറല്‍ സെന്ററില്‍ മോന്‍സി കൊടുമാണ്ണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജി. ശങ്കരക്കുറുപ്പിന്റെ ഇന്നു ഞാന്‍ നാളെ നീ എന്ന കവിത ഡോ. എന്‍. പി.ഷീല ചൊല്ലിക്കൊണ്ടാണ് യോഗം ആരംഭിച്ചത്. കവിതാപാരായണത്തില്‍ എല്ലാവരും പങ്കു ചേര്‍ന്നു. സി. ജെ. തോമസ്സിന്റെ നാടകങ്ങളും നാടക ചിന്തകളും എന്നതായിരുന്നു ചര്‍ച്ചാവിഷയം. മലയാള സാഹിത്യത്തില്‍ നാടകങ്ങള്‍ക്കുള്ള സ്ഥാനം വിലയിരുത്തപ്പെട്ടു. ലോകസാഹിത്യത്തില്‍ നാടകങ്ങള്‍ സാഹിത്യാഭിവൃദ്ധിക്ക് സഹായകമായിട്ടുള്ളതും മുന്‍നിരയില്‍ നില്‍ക്കുന്നതും കണക്കിലെടുക്കുമ്പോള്‍, നാടകസാഹിത്യത്തിലേക്ക് സി. ജെ. തോമസ് കനത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും മലയാള സാഹിത്യപോഷണത്തിന് നാടകങ്ങള്‍ അത്രക്കൊന്നും ഉതകിയിട്ടില്ലെന്ന് കാണാന്‍ കഴിയും.

ഒരു കാലഘട്ടത്തില്‍ തോപ്പില്‍ ഭാസി, സി. എല്‍. ജോസ്, എന്‍. എന്‍. പിള്ള, സി. ജെ. തോമസ് എന്നിവരുടെ നാടകങ്ങള്‍  കണ്ടിട്ടുള്ളതും സി. ജെ. യുടെ അവന്‍ വരുന്നു എന്ന നാടകത്തില്‍, അവന്‍ വരുന്നു എന്നു കേള്‍ക്കുമ്പോള്‍ നായികക്കുണ്ടാകുന്ന വേവലാതിയും ഉല്‍ക്കണ്ഠയും അനുസ്മരിച്ചു കൊണ്ടും   സെകട്ടറി സാംസി കൊടുമണ്‍ല്പഏവരേയും സ്വാഗതം ചെയ്തു. പല പല യുക്തികള്‍ പറഞ്ഞ് ചെയ്ത തെറ്റുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കാമെങ്കിലും  മനസ്സാക്ഷിയുടെ മുന്നില്‍ ഉരച്ചു നോക്കുമ്പോള്‍ യുക്തികള്‍ അപര്യാപ്തമെന്ന് കണ്ട് മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരിക്കുന്നത് സ്വാഭാവികമാണ്. നാടകങ്ങള്‍ സാമൂഹ്യമാറ്റത്തിന് എത്രമാത്രം ഉതകിയിട്ടുണ്ടെന്ന് തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ ഉദാഹരണമായി എടുത്തു കൊണ്ട് മോന്‍സി കൊടുമണ്‍ ചൂണ്ടിക്കാട്ടി, സി. ജെ. യുടെ നാടകങ്ങളെ പറ്റിയുള്ള ചര്‍ച്ച വിചാരവേദി ഉജ്ജ്വലമാക്കിയതില്‍ അഭിനന്ദനം രേപ്പെടുത്തി.

പി. റ്റി. പൗലോസ് ആണ് പ്രബന്ധം അവതരിപ്പിച്ചത്. സി.. ജെ. തോമസ്സിന്റെ നാടക രചനാപാടവം എടുത്തുകാണിച്ചുകൊണ്ട് പി. റ്റി. പൗലോസ് അവതരിപ്പിച്ച പ്രൗഢമായ പ്രബന്ധം സി. ജെ. യുടെ നാടകങ്ങളെ കുറിച്ചുള്ള സമഗ്രമായ പഠനം നടത്തിയതിന്റെ തെളിവാണ്. ഒരു ചട്ടക്കൂട്ടിലും ഒതുങ്ങി നില്‍ക്കാത്ത വ്യക്തിത്വത്തിന്റെ ഉടമയായ സി. ജെ. യുടെ ജീവിതവുമായി  ബന്ധപ്പെടുത്തിയാണ് പ്രബന്ധം അവതരിപ്പിച്ചത്. കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള സി. ജെ. യുടെ കഴിവ് പി. റ്റി. പൗലോസ് ചൂണ്ടിക്കാട്ടി. അതികായനായ ദാവീദ്‌രാജാവിന്റെ വൈകൃതങ്ങള്‍ക്ക് പോലും സൗന്ദര്യം നല്‍കാന്‍ സി. ജെ. പതോമസ്സിന് സാധിച്ചിട്ടുണ്ടെന്നും സ്ര്തീപക്ഷസമീപനം സത്യസന്ധമായിരുന്നുവെന്നും, മറ്റൊന്ന് ചൂണ്ടിക്കാണിക്കാനില്ലാത്ത അനന്യതയുടെ പ്രതീകമായിരുന്നു സി. ജെ. എന്നും വ്യക്തമാക്കി. വിഷവൃക്ഷം എന്ന നാടകത്തിന്റെ മാറ്റുരച്ചു നോക്കുമ്പോള്‍ അത് സി. ജെ തോമസ്സിന്റെ നാടക പ്രപഞ്ചത്തിലെ പുഴുക്കുത്താണെന്ന് പി. റ്റി. പൗലോസ് പറഞ്ഞു വച്ചതില്‍ അദ്ദേഹത്തിന്റെ നിഷ്പക്ഷമായ വിശകലനം പ്രകടമാകുന്നു. ക്രം 27, ആ മനുഷ്യന്‍ നീ തന്നെ എന്നീ നാടകങ്ങളില്‍ അഭിനയിച്ചുട്ടുള്ള അദ്ദേഹത്തിന് സി. ജെ. യുടെ നാടകങ്ങളുടെ അന്തര്‍ധാരയിലൂടെ ഒഴുകി നടന്ന് ആ നാടകങ്ങളില്‍ സ്പന്ദിക്കുന്ന വിചാര വികാരങ്ങള്‍ തൊട്ടറിയാന്‍ സാധിച്ചിട്ടുണ്ട്.

വിഷവൃക്ഷം തൃശൂരില്‍ അവതരിപ്പിച്ചത് കണ്ടപ്പോള്‍ തനിക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍  ഡോ. ജോയ് കുഞ്ഞാപ്പു വിഷവൃക്ഷം സി. ജെ. തോമസ്സിന്റെ തൂലികയില്‍ നുന്നും ഉണ്ടാകേണ്ട കൃതിയല്ല എന്നും  . സി. ജെ. തോമസ്സിന്റെ  വ്യക്തിത്വത്തിന് വിരുദ്ധമായ ചിന്താഗതിയാണ് വിഷവൃക്ഷത്തിലുള്ളതെന്നും അഭിപ്രായപ്പെട്ടതോടൊപ്പം ക്രൈ 27 നെ പോലെ നല്ലൊരു നാടകം ഇല്ലെന്നും പറഞ്ഞു. ഇബ്‌സന്റെ പ്രശ്‌ന നാടകങ്ങളെ പരാമര്‍ശിച്ചും അദ്ദേഹം സംസാരിച്ചു. നാടകകൃത്തും സംവിധായകനും, അഭിനേതാവുമായ ജോണ്‍ വേറ്റം ആ കാലഘട്ടത്തില്‍ നാടകം അരങ്ങേറുന്നതില്‍ അനുഭവിക്കേണ്ടി വന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ അനുസ്മരിച്ചികൊണ്ട് കഥയും സംഭാഷണവും അഭിനയവും ഒത്തുചേരുമ്പോഴാണ് നാടകം പൂര്‍ണ്ണതയില്‍ എത്തുന്നത്, നാടകം മനുഷ്യജീവിതത്തിന്റെ പ്രശ്‌നങ്ങളുടെ  പ്രകടനമാണ് എന്ന് അഭിപ്രായപ്പെട്ടു.

റോസിയുമയുള്ള പരിചയം സി. ജെ. തോമസ്സിന്റെ വ്യക്തിജീവിതത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് സംസാരിക്കാന്‍ ഡോ. എന്‍. പി. ഷീലക്ക് സഹായകമായി. സാഹിത്യത്തില്‍ ആത്മാവു സമര്‍പ്പിച്ചിരുന്ന സി. ജെ. തോമസ്സിന് കുടുംബജീവതത്തില്‍ ശ്രദ്ധിക്കാന്‍ സാധിച്ചില്ല. ആ മനുഷ്യന്‍ നീ തന്നെ, അവന്‍ വരുന്നു മുതലായ  നാടകങ്ങളില്‍ മനുഷ്യജീവിതത്തിലെ അന്തഃസഘര്‍ഷം സമര്‍ത്ഥമായി ചിത്രീകരിച്ചിരിക്കുന്നതും ജീവിതത്തില്‍ നന്മ കണ്ടെത്തുന്നതും ഡോ. എന്‍. പി. ഷീല വ്യക്തമാക്കി. ആന്തരിക സംഘര്‍ഷത്തിന്റെ ചൂട് സി. ജെ. യും അനുഭവിച്ചിട്ടുണ്ടല്ലോ. ആ മനുഷ്യന്‍ നീ തന്നെ എന്ന നാടകത്തില്‍ ദാവീദ്‌രാജാവും ബെത്‌ശേബയും തെറ്റുകള്‍ ചെയ്തതിനു ശേഷം അനുഭവിക്കുന്ന മനോവ്യഥ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്നും കടുത്ത തെറ്റുകള്‍ ചെയ്താലും ഉല്‍ക്കടമായ പശ്ചാത്താപവും പ്രായശ്ചിത്തവും കൊണ്ട് ധര്‍മ്മാധിഷ്ടിതമായ പുതിയ ജീവിതത്തിലേക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാണെന്നും ഉള്ള  പാഠം ഈ നാടകത്തില്‍ നിന്നും വായിച്ചെടുക്കാമെങ്കിലും അസന്മാര്‍ഗ്ഗികതയുടേയും തിന്മയുടേയും പാതയിലൂടെ നടന്ന് വഷളായിട്ടു വേണോ നന്മയെ പറ്റി ചിന്തിച്ച് പശ്ചാത്താപിക്കാനെന്ന ചോദ്യം ബാക്കി എന്ന് വാസുദേവ് പുളിക്കല്‍ അഭിപ്രയപ്പെട്ടു. സി. ജെ. തോമസ്സിന്റെ അപൂര്‍വ്വ പ്രതിഭയെ അഭിനന്ദിച്ചു കൊണ്ട് സോഫാക്ലിസ്, ഇസ്‌കിലസ് മുതലായവരെ പറ്റി രാജു തോമസ് സംസാരിച്ചു.  അവരുടെ നാടകങ്ങള്‍ സി. ജെ. തോമസ്സിന് പ്രചോദനം നല്‍കിയിരിക്കണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

പ്രശസ്ത കവി ബേബി പനച്ചുര്‍, ഏവരുടേയും പ്രിയപ്പെട്ട നടി  സുകുമാരി, പ്രശസ്ത സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സരോജ വര്‍ഗ്ഗിസിന്റെ ഭര്‍ത്താവ് മാത്യു വര്‍ഗ്ഗിസ് എന്നിവരുടെ നിര്യാണത്തില്‍ വിചരവേദി അനുശോചിച്ചു.







വിചാരവേദിയില്‍ സി. ജെ. തോമസ്സിന്റെ നാടകപ്രപഞ്ചംവിചാരവേദിയില്‍ സി. ജെ. തോമസ്സിന്റെ നാടകപ്രപഞ്ചംവിചാരവേദിയില്‍ സി. ജെ. തോമസ്സിന്റെ നാടകപ്രപഞ്ചംവിചാരവേദിയില്‍ സി. ജെ. തോമസ്സിന്റെ നാടകപ്രപഞ്ചം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക