Image

സ്ത്രീപീഡനം, മാലിന്യം, കുടിവെള്ളം, വിമാനത്താവളം, പള്ളിപുതുക്കല്‍, മന്ത്രിക്കസേര?

ആഡ്രൂസ് സി. പ്രോംറ്റ് ന്യൂസ് Published on 30 April, 2013
സ്ത്രീപീഡനം, മാലിന്യം, കുടിവെള്ളം, വിമാനത്താവളം, പള്ളിപുതുക്കല്‍, മന്ത്രിക്കസേര?

എന്തിനീ കൊച്ചുകേരളത്തില്‍ ഒത്തിരി വിമാനത്താവളങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മലയാളികളെ പുറത്തിറക്കാന്‍ തുടങ്ങിയെന്നത് സത്യമല്ലേ? ക്രമേണ വിമാനത്താവളം വെറും കോണ്‍ക്രീറ്റ് മരുഭൂമിയായി മാറില്ലേ? ഇവയ്ക്കുവേണ്ടി ദുര്‍വിനയോഗം ചെയ്യുന്ന പണം റോഡുകള്‍ നന്നാക്കാന്‍ ഉപയോഗിക്കണം. ഗതാഗത സ്തംഭനം, പെട്രോളിന്റെ ഉപയോഗം, അന്തരീക്ഷ മലിനീകരണം, എന്നിവയെ നീയന്ത്രിക്കുന്നതല്ലേ വിമാനത്താവളത്തെക്കാള്‍ അത്യാവശ്യം.

കൃഷിക്കാരനും, കൃഷിഭൂമിയും അപ്രത്യക്ഷമാകുന്ന കേരളത്തില്‍ പരിഹരിക്കാനാവത്ത ദുരന്തം എന്നേ തുടങ്ങി. ആഹാരത്തിനുവേണ്ടി തമിഴ് നാടിനെ ആശ്രയിക്കുന്ന കേരളീയര്‍ അവര്‍ക്ക് വെള്ളം കൊടുക്കില്ല എന്ന പിടിവാശി; എന്തൊരു വിവരമില്ലായ്മയാണ്. കേരളത്തില്‍ പെയ്യുന്ന മഴ പോരെ കേരളത്തിലെ ദുരിതം മാറ്റാന്‍.

ആരാധകരുടെ എണ്ണം കുറയുന്നു എന്ന വസ്തുത മറക്കാനാവും തുടരെത്തുടരെ പുതുക്കിപ്പണിയുന്ന വന്‍ ദേവാലയങ്ങളുടെ പ്രസരം. സ്വാര്‍ത്ഥതയുടെ ചെറു തടവറയായി യുവജനങ്ങളെ വഴിതെറ്റിക്കുന്നു എന്നതാണ് ഇവ ഉണ്ടാക്കുന്ന ദുരന്തം. മനുഷ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ട ദേവാലയങ്ങള്‍ മതരാഷ്ട്രീയ വിദ്വേഷത്തിന്റെ കളരിയായി അധഃപതിച്ചു എന്നത് ഭയാനകമാണ്. ഇവ പണിത് ഉയര്‍ത്തുവാന്‍ ഉപയോഗിക്കുന്ന പണം ഭവനരഹിതര്‍ക്ക് ഭവനം നിര്‍മ്മിക്കുവാന്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍!

മതം, സമുദായം, എന്നിവ മന്ത്രിക്കസേരക്കുവേണ്ടി അടിപിടിയും അവകാശവാദവും പ്രചരിപ്പിക്കുന്നത് മറ്റൊരു ദുരന്തം. രാഷ്ട്രീയം എന്നും ഇവയില്‍ നിന്ന് വിമുക്തമായിരിക്കണം. അതാണ് ജനാധിപത്യത്തിന്റെ കാവല്‍. കേരളത്തിലും ഇന്‍ഡ്യയിലും നിലവിലുള്ള രാഷ്ട്രീയ,സാമുദായിക, മത അരാചകത്വം സാമൂഹിക വിപ്ലവങ്ങള്‍ ഉണ്ടാക്കും. ആര്‍ക്കും ഇവയെ തടയുവാനോ, നീയന്ത്രിക്കുവാനോ സാധിക്കുകയുമില്ല. ഇത്തരം വിപ്ലവങ്ങള്‍ രക്തരഹിതമായിരിക്കുമെന്നു കരുതുന്നതും വിഡ്ഢിത്വം. ഇത്തരം വിപ്ലവങ്ങളില്‍ നിന്ന് മുതലെടുക്കുന്നതും സാമൂഹിക വിരുദ്ധര്‍ ആയിരിക്കുമെന്നതും മറക്കരുത്.

കേരളത്തിലും, ഇന്‍ഡ്യയിലും ഇന്ന് വേണ്ടത് സത്യസന്ധതയും, ആത്മാര്‍ത്ഥതയുമുള്ള നേതൃത്വമാണ്. മതം, സമുദായം, രാഷ്ട്രീയം എന്നിവയില്‍ നന്മകള്‍ നിറഞ്ഞവര്‍ നേതൃത്വം ഏറ്റെടുക്കണം. മതം, രാഷ്ട്രീയം, വര്‍ണ്ണം, സമുദായം എന്നീ പ്രാകൃത വികാരങ്ങള്‍ ഇല്ലാത്തവരും, എല്ലാ മനുഷ്യരെയും സഹോദരങ്ങള്‍ എന്ന രീതിയില്‍ കാണുവാന്‍ കഴിവുള്ളവരുമാണ് നല്ല മനുഷ്യര്‍. ഗര്‍ഭപാത്രത്തില്‍ നിന്ന് ഉരുവാകുന്ന സ്നേഹത്തില്‍ ഉപരിസ്നേഹമില്ല. സ്നേഹം, അനുകമ്പ, കരുണ എന്നിങ്ങനെയുള്ള വികാരങ്ങള്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് അധികമായി കാണപ്പെടുന്നത്. അതിനാല്‍ നന്മ നിറഞ്ഞ സ്ത്രീകള്‍ കൂടുതലായി സമൂഹത്തിന്റെ നേതൃത്വത്തില്‍ ചേരണം. അമ്മ, പെങ്ങള്‍, ഭാര്യ, പെണ്മക്കള്‍ എന്നീവിധത്തില്‍ സ്ത്രീകളെ കാണുവാന്‍ സാധിക്കുന്ന പുരുഷന്മാരുടെ എണ്ണവും വര്‍ദ്ധിക്കണം. എന്നാല്‍ മാത്രമേ പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ സ്ത്രീക്ക് സുരക്ഷിതത്വം ലഭിക്കുകയുള്ളു. വെറും ഉപഭോഗ വസ്തുവായി സ്ത്രീകളെ കണക്കാക്കുന്ന മനോഭാവം പുരുഷന്മാരില്‍ ഇല്ലാതാവണം. എങ്കില്‍ മാത്രമേ, സ്ത്രീയെ പീഡിപ്പിക്കുന്ന പുരുഷന്മാര്‍ ഇല്ലാതെയാവുകയുള്ളു. ഇന്ന് സമൂഹത്തില്‍ നിലവിലുള്ള ഓരോ അനീതിയേയും നേരിട്ട്, അവയെ നീയന്ത്രിക്കാനുള്ള സുവിശേഷം ഓരോ വ്യക്തിയേയും ബോധവത്ക്കരിക്കുക എന്നതാണ് മതം, സമുദായം, രാഷ്ട്രീയം എന്നിവയുടെ പ്രാധമീക കടമ. ഇതിന് അലക്ഷ്യം കാട്ടുന്ന സംസ്കാരം അധികനാള്‍ നിലനില്‍ക്കുകയില്ല. വേശ്യാവൃത്തിക്കു വേണ്ടി സ്ത്രീകളെ വശീകരിച്ച് വില്‍ക്കുന്നതും സ്ത്രീകള്‍! ഇവയുടെ ഉപഭോക്താക്കളില്‍ ഏറിയ പങ്കും പുരോഹിതരും നേതാക്കളും!

പരിസര മലിനീകരണവും അതുപോലെ ശ്രദ്ധിക്കപ്പെടേണ്ട വിപത്താണ്. മാലിന്യങ്ങള്‍ വേണ്ടവിധം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നില്ലെങ്കില്‍ സാംക്രമീക രോഗങ്ങള്‍ കേരള ജനതയെ നശിപ്പിക്കും. എല്ലാ രാജ്യത്തിന്റെയും ജനതയുടെ ഗതികേട് ഒന്നുതന്നെ. കേരളം ചെറിയ ഭൂപ്രദേശമായതിനാല്‍ മാലിന്യം നിമിത്തം പടരുന്ന ഭീകരത വേഗത്തില്‍ ആയിരിക്കും. കൃഷിഭൂമികള്‍ വീണ്ടെടുക്കണം. കൃഷിയുടെ നിലനില്പ് സര്‍ക്കാര്‍ തന്നെ സുരക്ഷിതമാക്കണം. പുറംരാജ്യങ്ങളില്‍ നിന്ന് തിരികെവരുന്നവരെ പുനരധിവസിപ്പിക്കാനുള്ള തത്രപ്പാടില്‍ കൃഷിഭൂമികള്‍ തുണ്ടുകളാക്കി കോണ്‍ക്രീറ്റ് തടവറകള്‍ കൊണ്ട് നിറക്കുന്നതും മറ്റൊരു ദുരന്തം. അനേകം പേര്‍ താമസിക്കുന്ന വന്‍ സൗധങ്ങള്‍ നിര്‍മ്മിക്കുന്നതിനു മുന്‍പുതന്നെ അവയില്‍ നിന്ന് ഉണ്ടാകുന്ന മാലിന്യം കൈകാര്യം ചെയ്യുവാനുള്ള പോംവഴികള്‍ ഉണ്ടാക്കണം. അമേദ്യം തടഞ്ഞുകൂടിയ ഓടകളുടെ ഭീകരത ചിന്തിക്കുക.

കേരളത്തില്‍ ധാരാളം ലഭിക്കുന്ന മഴവെള്ളം സംഭരിക്കാനുള്ള പോംവഴികള്‍ ഉണ്ടാക്കണം. മഴവെള്ളം പുരയിടങ്ങളില്‍ നിന്ന് ഒലിച്ചു പോകാതെ ഭൂമിയില്‍ തന്നെ താഴുവാന്‍ തക്കവണ്ണം കയ്യാലകള്‍ ഉണ്ടാക്കണം. നെല്പാടങ്ങളിലെ വെള്ളവും, നദികളിലെ വെള്ളവും സംഭരിച്ചു സൂക്ഷിക്കുവാന്‍ തക്കവണ്ണം ബണ്ടുകള്‍, ഡാമുകള്‍, ജലസംഭരണികള്‍ എന്നിവ ഉണ്ടാക്കണം. തന്നിമിത്തം ഭൂമിയിലെ ജലനിരപ്പ് ഉയരുകയും, കിണറുകളില്‍ വെള്ളം ഉണ്ടാവുകയും ചെയ്യും. പാടങ്ങളിലും, പുരയിടങ്ങളിലും കൃഷിയും, ജലസംഭരിണികളില്‍ മത്സ്യവും വര്‍ദ്ധിക്കും. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ ആഹാരത്തിനുവേണ്ടി തമിഴ്ന്നാട്ടിലേക്കും, കുടിവെള്ളത്തിനു വേണ്ടി ക്യൂ നില്‍ക്കുകയും ചെയ്യേണ്ട ഗതികേടിന് ശമനം ലഭിക്കുകയുള്ളു.

Join WhatsApp News
G. Puthenkurish 2013-05-01 04:36:44
പ്രശ്നങ്ങൾക്കൊപ്പം പരിഹാര മാർഗ്ഗങ്ങളും നിർദ്ദേശിക്കുന്ന നല്ല ലേഖനം 
p t paulose 2013-05-01 09:10:34
good work.
cmc 2013-05-01 18:46:23
Dear Angrews, Let your article be an eye opener for the currupt politicians religious leaders media. keep up the good work cmc
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക