Image

ജാക്‌സ്‌ നിനക്കു വിട (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 27 April, 2013
ജാക്‌സ്‌ നിനക്കു വിട (കവിത: ജി. പുത്തന്‍കുരിശ്‌)
അന്ന്‌ ഞാന്‍ വാതിലില്‍ മുട്ടിയപ്പോള്‍
വന്നവന്‍ വാലാട്ടി നിന്നവിടെ
പിന്നെ തിരിഞ്ഞു കുരച്ചു നിന്ന്‌
പിന്നില്‍ നിന്നാരേയൊ കാക്കുംപോലെ
വന്നുമകള്‍ വാതില്‍ തുറന്നനേരം
വന്നവനന്നെ മണത്ത്‌ നിന്നു
മിണ്ടാപ്രാണിയാണെങ്കിലെന്താ?
കണ്ടാല്‍ മിത്രത്തെ തിരിച്ചറിയും
ഇത്രയും കുത്തിക്കുറിക്കുവാന്‍ ഞാന്‍
തത്രപ്പെടുന്നെന്തന്ന ചോദ്യമുണ്ടാം
ചൊല്ലാം അക്കഥ ചുരുക്കമായി
തെല്ലു ക്ഷമയോടെ കേട്ടിടുകില്‍
മസ്‌തിഷ്‌ക്ക രോഗത്താല്‍ `ജാക്‌സ്‌' ക്ലിഷ്‌ടന്‍
അസ്‌തിബലവും കുറഞ്ഞുപോയി
വേദനയാലവന്‍ പുളഞ്ഞിടുമ്പോള്‍
വേദനിക്കും നാമും കണ്ടുനില്‌ക്കില്‍
`കാണുന്നില്ല മറ്റു മാര്‍ഗ്ഗമൊന്നും
കാണുന്നതൊ ഉറക്കിക്കളയല്‍ മാത്രം'
കേട്ടു മൃഗവൈദ്യനില്‍ നിന്നാവാര്‍ത്ത
കേട്ടുദുഃഖിതനായിരുന്നുപോയി
ഉടയോന്റെ ശബ്‌ദമായി കാവലായി
മടിയാതെ കാക്കുന്ന ഉറ്റമിത്രം
ഉപാധിയില്ലിതെ സേവിച്ചിടാന്‍
കൃപാകരന്‍ സൃഷ്‌ടിച്ച ഏക ജെന്തു
പൊടുന്നനെ നമ്മെ പിരിഞ്ഞിടുമ്പോള്‍
പെടുന്നുപാടെന്‍മനം ദൂഃഖം മാറ്റാന്‍
ഇന്നലെ വിടവാങ്ങി പോന്നനേരം
എന്നുള്ളം അറിയാതെ തേങ്ങിപ്പോയി
മനുഷ്യന്റെ ഉറ്റ സുഹൃത്തെ നിയെന്‍
മനസ്സില്‍ മായാതെ നില്‌ക്കുമെന്നും.
ജാക്‌സ്‌ നിനക്കു വിട (കവിത: ജി. പുത്തന്‍കുരിശ്‌)ജാക്‌സ്‌ നിനക്കു വിട (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക