Image

താരനിശ (ഹാസ്യം)- ജോണ്‍ ഇളമത

ജോണ്‍ ഇളമത Published on 01 May, 2013
താരനിശ (ഹാസ്യം)- ജോണ്‍ ഇളമത
നാട്ടില്‍ നിന്നും അമേരിക്കയിലേക്ക്, സിനിമാതാരങ്ങളുടെ പ്രവാഹം, സമ്മാറായാല്‍ അങ്ങനെ തന്നെ. ടിക്കറ്റ് നിരക്ക് കുറവൊന്നുമല്ല. അമ്പതു മുതല്‍ മുമ്പോട്ട് അഞ്ഞൂറു വരെ. ശ്രീമതിക്കൊരു മോഹം മുഖ്യതാരത്തിനൊപ്പം നിന്നൊരു ഫോട്ടോ കാച്ചണമെന്ന്. ആയ കാലത്ത്, അവക്ക് അങ്ങനെ ഒരാഗ്രഹം തോന്നീട്ടില്ല. ഇപ്പം അറുപതു കഴിഞ്ഞപ്പം വേണ്ടാത്ത മോഹങ്ങളൊക്കെ!

സിനിമാതാരങ്ങള്‍, പ്രത്യേകിച്ച്, ചോരയും നീരുമുള്ള പുരുഷന്മാരെ കാണാനും, അവരോടൊപ്പം ഫോട്ടോ എടുക്കാനും, ആബാലവൃന്ദം, സ്ത്രീജനങ്ങള്‍ക്കുള്ള ആവേശം പറഞ്ഞറിയിക്കാനാവത്തതാണ്. നിലാവത്തഴിച്ചു വിട്ട കോഴികളെ പോലെയാണ് പിന്നീടവരുടെ പെരുമാറ്റം.

തലമുടി കറുപ്പിക്കലാണ് മുഖ്യ ഇനം, എന്തിനു പുരികം വരെ കറുപ്പിച്ച്, അറുപതില്‍ നിന്ന് മുപ്പതിലേക്ക് ഇഴഞ്ഞൊരിറക്കം. മുഖം മുഴുവന്‍ ചായമടിച്ചു മിനുക്കി, തളര്‍ന്ന അവയവങ്ങള്‍ പൊക്കി കെട്ടി, മുടി ചിക്കി ഉണക്കി പറപ്പിച്ച്, നിക്കുന്നതു കാണുമ്പോള്‍ പണ്ട് നാട്ടില്‍, നാട്ടുമ്പുറത്തെ സിനിമാ കൊട്ടകക്കു മുമ്പില്‍ കാക്കണ്ണെറിഞ്ഞു നില്‍ക്കുന്ന, ദേവയാനി എന്ന അഭിസാരികയേയാണ് ഓര്‍മ്മ വരിക.

“കുര്യച്ചാ, വടി പോലെ അവിടിരിക്കാതെ ഈ സാരീടെ തുമ്പൊന്നു തൂത്ത് മിനിക്കിക്കേ!”
ഞാനോര്‍ത്തു, ഈ തുമ്പു തൂത്ത് മിനുക്കല്‍ പണി തുടങ്ങീട്ട്, വര്‍ഷം പത്തുമുപ്പത്തെട്ടായി.
ശ്രീമതി വളരെ നേരത്തെ ഒരുക്കത്തിനു ശേഷം, ഏതാണ്ടു നാലിഞ്ചു പൊക്കമുള്ള, കുറ്റിപുറം ചെരിപ്പിനുള്ളില്‍ കയറി, എന്നെ ഒരു ശകാരം!

“കുരിയച്ചനിതുവരെ ഒരുങ്ങില്ലേ, അവിടെ ചെന്നേച്ച് പൊറകി പോയി ഇരുന്ന്, കയ്യു കാലുമിളക്കി എത്തി നോക്കാനൊന്നും എനിക്കു പറ്റുകേലാ. അല്ലേലും എവിടെ എങ്കിലും നല്ല കാര്യത്തിനു പോകുമ്പം, കുര്യച്ചനെപ്പഴും മൂശേട്ട സ്വഭാവാ, കുര്യച്ചന്റെ അമ്മേ പോലെ തന്നെ”!

അവടെ ആജന്മ ശത്രു എന്റെ അമ്മയാ..! ആ ദിവ്യ രഹസ്യം ആഴ്ചയില്‍ മൂന്നു പ്രാവശ്യം എങ്കിലും, പറഞ്ഞില്ലേല്‍ അവക്കൊറക്കം വരത്തില്ല.

അവളെ മറുത്ത് ഒന്നു പറയാന്‍ ഈയുള്ളവനാളല്ല. ശിഷ്ഠകാലം സമാധാനത്തോടെ കഴിയണമെങ്കില്‍ വായ്പൂട്ടി നില്‍ക്കുന്നതാണ് ഭംഗി! ഒന്നു പറഞ്ഞ് ശിഥിലമാകുന്ന വിവാഹബന്ധം, പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗം എന്ന് ചിന്തിച്ച് നാം ഞെട്ടണ്ടാ! മണ്ടന്മാരായ കേരളക്കാര്‍ക്കൊഴികെ, സായിപ്പിനും മദാമ്മക്കുമൊക്കെ അതു കൈകാര്യം ചെയ്യാനറിയാം. അവര്‍ നമ്മേ പോലല്ല, സാമ്പത്തിക ഇടപാടുകളും, അക്കൗണ്ടും, ഭാര്യക്കും, ഭര്‍ത്താവിനും, രണ്ടാ! ഓരോരുത്തരുണ്ടാക്കുന്നത് അവരോര്‍ക്കാ. പൊതു ചിലവ്, കൃത്യം ഭാഗിക്കും, അത്രതന്നെ. എപ്പോള്‍ വേണമെങ്കിലും പിരിയാം, വേറെ ഇണയെ തേടാം. സമാധനപരമായ വേര്‍പാട്! കണ്ണീരും, പല്ലുകടിയും, നെഞ്ചത്തടിയും, ചെരുപ്പൂരി എറിയലും, ബഹളവുമൊന്നുമില്ലാത്ത വിടപറയല്‍. ആ ഏര്‍പ്പാട് നമ്മുക്കില്ലല്ലോ! 'ഓള്‍ഡീസ് ഗോള്‍ഡ്' എന്ന പഴഞ്ചന്‍ പ്രമാണക്കാരല്ലേ നാം. അല്ല, നാട്ടിലും പുതിയ ജനറേഷന്‍ ഒക്കെ ശീമക്കാരെ കടത്തിവെട്ടുന്ന പച്ചപരിഷ്‌ക്കാരികളായി മാറിക്കൊണ്ടിരിക്കുന്നു എന്നല്ലേ കേള്‍വി.

ലിവിങ്ങ് ടുഗതര്‍, എന്ന ബന്ധങ്ങളില്ലാത്ത ദാമ്പത്യം, കേരളത്തിലുടനീളം ഫാഷനായിരിക്കുന്നു, പിന്നെ സ്വവര്‍ഗ്ഗ പരിണയങ്ങളുമെല്ലാം! അമേരിക്ക, പെഴച്ചുപെറ്റ അസ്സാന്മാര്‍ഗ്ഗിക ജീവിതത്തിന്റെ ദുര്‍ദഗ്ഗസന്തതികള്‍! ഇവിടെ ഒരു ചോദ്യം ഉയരുന്നു, മനുഷ്യനും, മൃഗങ്ങളും തമ്മില്‍ എന്തു വ്യത്യാസം?

കുര്യച്ചാ, എന്തോന്നാ പകല്‍കിനാവ്കാണുന്നേ! ഒറങ്ങി സ്വപ്‌നോം കണ്ടോണ്ടിരുന്നാ മുമ്പിലത്തെ സീറ്റ് മുഴുവന്‍ തടിയന്മാരും, അവരുടെ താടകകളും കയ്യേറും!

“അച്ചാമ്മേ, അതിന് അഞ്ഞൂറിന്റെ ഫാമിലി സ്‌പെഷ്യല്‍ ടിക്കറ്റല്ലേ നമ്മടേത്.”
മലയാളി സമാജത്തിന് കെട്ടിടം പണിയാന്‍ ധനശേഖരണത്തിന്, നിര്‍ബന്ധിച്ചെടുപ്പിച്ചതാ അഞ്ഞൂറിന്റെ ടിക്കറ്റ്. ഇതെടുത്താ, മുമ്പിലിരിക്കാം, പരിപാടി കഴിയുമ്പം, നടീനടന്മാരുടെ കൂടിരുന്ന്, സപ്പറും കഴിക്കാം, ഫോട്ടോയും എടുക്കാം! അടുത്ത മോമട്ടുഗേജിനു സൊരുക്കൂട്ടിയ കാശെടുത്താ ഈ കൊടുംചതി ചെയ്തത്. എന്തു കൊണ്ടാ! ഭാര്യേ പേടി കൊണ്ട്(ബിപി) ! അല്ലെങ്കില്‍ അവളു പറയും, പിശുക്ക
ന്‍ ! അവളും കൂടി ഒണ്ടാക്കുന്ന പണത്തെ കെട്ടിപിടിച്ചിരിക്കുകയാണെന്ന്. പെന്‍ഷന്‍ പറ്റീട്ടും, മോമട്ടുഗേജു തീര്‍ന്നിട്ടില്ല, അവക്കൊന്നുമറിയണ്ട, വാര്‍ദ്ധ്യക്യത്തിലും അടിച്ചുപൊളിച്ച് ജീവിക്കണം!
ശ്രീമതി വേഷം കെട്ടിയിറങ്ങി, തട്ടകം വിട്ട ഒരു സിനിമ നടിയേപ്പോലെ കൂളിംഗ് ഗ്ലാസ് ധരിച്ച്, കുറ്റി ചെരുപ്പേ കേറി എരുമ കണക്കെ നിതംബം കുലുക്കി നടക്കുന്ന എന്റെ ഭാര്യയടെ ഗ്ലാമറു കണ്ട്, പണ്ടു ശാരൂഖാന്‍ പൊക്കിയെടുത്തപോലെ ഏതെങ്കിലും ഗ്ലാമര്‍ നടന്‍ അവളെ പൊക്കി തോളേലിരുത്തുമോ എന്നു പോലും എനിക്കു തോന്നി!

കൃത്യം ആറുമണിക്ക് സംഭവ സ്ഥലത്ത് കാറില്‍ എത്തി. അര മണിക്കൂറു മുമ്പ് തന്നെ. കെട്ടിച്ചമഞ്ഞു സുന്ദരിയായ എന്റെ ഭാര്യയെ മറ്റു മദാലസകള്‍ തെല്ലു കുശുമ്പോടെ നോക്കി മുഖം തിരിക്കുന്നത്, ഞാന്‍ കണ്ടില്ലന്ന് നടിച്ചു. എന്നാല്‍ ചില ഭര്‍ത്താക്കന്മാര്‍ എന്നെ കമന്റടിച്ചു. ഒന്നു ഞാന്‍ കേട്ടു. നാണമില്ലല്ലോ ഇയ്യാക്ക്, ഈ പലഹാര വണ്ടിയെ ചൊമന്നോണ്ടു നടക്കാന്‍!

നിവര്‍ത്തികേടു കൊണ്ടും, മാനഹാനി ഭയന്നും, കമന്റു തട്ടിവിട്ട വിരുതനു ഒരു പുഞ്ചിരി പാസ്സാക്കി. ഞാനോര്‍ത്തു, അച്ചാമ്മ എങ്ങാനും ഈ കമന്റു കേട്ടിരുന്നേ, അച്ചാമ്മേടെ ഇംഗ്ലീഷില്‍, ഫ്, കൂട്ടിയുള്ള തെറി കേട്ട് അവന്റെ കണ്ണീക്കൂടെ പൊന്നീച്ച പറന്നേനെ!

അരമണിക്കൂറു മുമ്പെത്തീട്ടും, തിക്കിതിരക്ക്! ഏറ്റം മുമ്പിലെ സീറ്റു നിറഞ്ഞു. രണ്ടാമത്തെ നിരയിലിരുവരും ആസനസ്ഥരായി.

അച്ചാമ്മ ഒരട്ടഹാസം! അവടെ തനിനിറം പുറത്തു വന്നു.

“ഞാനപ്പഴേ പറഞ്ഞതാ നിങ്ങളോട് നേരത്തെ എറങ്ങാന്‍ ഇനിയിപ്പം രണ്ടാം നെരേ കണ്ടോന്റെ പൃഷ്ടം കണ്ടോണ്ടിരിക്കാനാ എന്റെ വിധി!”

“മുമ്പില്‍ ഇരുന്ന തടിച്ച ഉണ്ടകണ്ണി, പുറകോട്ടു നോക്കി കണ്ണുരുട്ടി മൊഴിഞ്ഞു. ഇത് റിസേര്‍വ് ചെയിതിട്ടിരിക്കുന്ന സീറ്റാ, ഇതു നടത്തുന്ന ഭാരവാഹികളുടെ കുടുംബങ്ങള്‍ക്കിരിക്കാന്‍.”

ഓ, ഭാരവാഹികള്‍ ! അഞ്ഞൂറു കൊടുത്തേച്ചിരിക്കാ ഞങ്ങള്, അല്ലാതെ നിങ്ങളെപോലെ, ചക്കാത്തിലൊന്നുമല്ല.

“ഒന്നു മിണ്ടാതിരി, എന്റെ അച്ചാമ്മേ, എല്ലാവരും ഇങ്ങോട്ടു നമ്മളെ തന്നെ നോക്കുന്നു.”

“ആണായാല്‍ തന്റേടം വേണം, അല്ലാതെ കുര്യച്ചനേ പോലെ, കല്ലിനു കാറ്റുപിടിച്ച പോലെ ഞാനിരിക്കില്ല, കാര്യം അപ്പഅപ്പം പറേം.”

മുമ്പിലെ ഉണ്ടക്കണ്ണി, പേടിച്ചു പോയെന്നു തോന്നി. പിന്നെ ഒറ്റക്ഷരം ഉരിയാടിയതേയില്ല.
ആറരക്കു വിസ്സിലൂതി പരിപാടി തുടങ്ങി. അവതാരക മംഗ്ലീഷില്‍ കൊഞ്ചികുഴഞ്ഞു. പ്രശസ്ത കോമേഡിയന്‍, സ്ഥിരം കോപ്രായം കാണിച്ചു. അച്ചാമ്മ ഉള്‍പ്പെടെ സകല അബലകളും, ശേഷം ദുര്‍ബലരും പൊട്ടിച്ചിരിച്ചു. എനിക്കു ചിരിക്കാന്‍ തോന്നിയില്ല, ആഴമില്ലാത്ത ശുദ്ധ വളിപ്പ്! എങ്കിലും ഞാന്‍ ആശ്വസിച്ചു. അച്ചാമ്മ എന്‍ജോയ് ചെയ്യുന്നതില്‍. അടുത്തത് നൃത്തം! അതു കലക്കി, ഏതോ പ്രശസ്ത നാരി നക്ഷത്രം. പിന്നെ ഗാനാലാപം. മനോഹര ശബ്ദം. പഴയ സിനിമാ ഗാനങ്ങള്‍. ഗൃഹാതുരത്തിന്റെ മധുരസ്മരണകള്‍ എന്റെ ഉള്ളില്‍ ഒറ്റക്കമ്പി നാദമുതിര്‍ത്തി!

മുഖ്യതാരം രംഗത്തെത്തി. കയ്യടിയും, ആര്‍പ്പു വിളിയും ഉയര്‍ന്നു. മൂന്നാലും മട്ടന്‍ ഗയലോഗും, ആക്ഷനും, അദ്ദേഹം അഭിനയിച്ച സിനിമകളില്‍ നിന്ന്! വാസ്തവം എനിക്കെന്‍ജോയ്‌ചെയ്യാന്‍ കഴിഞ്ഞഇല്ല. അടുത്ത കാലത്ത് മലയാളമൂവി കാണാഞ്ഞതു കൊണ്ടാകാം.! അച്ചാമ്മ എഴുന്നേറ്റു നിന്ന് കൈകൊട്ടുന്നു, കാരണം പെന്‍ഷനായേ പിന്നെ അവള്, മലയാള സിനിമയുടെയും, സീരിയലിന്റെയും, അടിയില്‍ തന്നയാ വാസം! എല്ലാ ചാനലും, അവള്‍ എടുത്തിട്ടുണ്ട്, ഏഷ്യാനെററും, കൈരളീം, മഴവില്‍ മനോരമേ എല്ലാം!

എല്ലാം ശുഭമായി പര്യവസാനിച്ചു. പക്ഷേ അതൊരു ശനിദശയുടെ ആരംഭമാണെന്ന് അറിവില്ലാത്തവനായിരുന്നു ഞാന്‍!

അവസാന ഇനം താരങ്ങള്‍ക്കൊപ്പം സപ്പര്‍, കുശലം പറച്ചില്‍, ഫോട്ടോ എടുപ്പ്! അതാണല്ലോ പ്രോട്ടോകോള്‍! സ്റ്റേജിനു മുമ്പില്‍ വിരിച്ചൊരുക്കിയ മേശമേല്‍ സപ്പര്‍ വിളമ്പി. പിസ്സാ, ചീസ്, ചീപ്പ് റെഡൈ്വന്‍, ആറു ലിറ്ററിന്റെ.

അച്ചാമ്മ പുച്ഛത്തോടെ തട്ടിവിട്ടു: എന്തോന്ന് സപ്പര്‍ ! വെരിചീപ്പ് ഇവിടുത്തെ റോഡു പണിക്കാര്‍ ജോലിക്കിടേ തിന്നുന്ന ഗാര്‍ബേജ്!

അച്ചാമ്മേ, ഒന്നു മിണ്ടാതിരിക്കടീ! എന്നു പറയാന്‍ എനിക്കു തോന്നിയെങ്കിലും, നാണക്കേടും, ഭീതിയും, ആ ഉദ്യമത്തില്‍ നിന്നെന്റെ നാവിനെ തളര്‍ത്തി.

അച്ചാമ്മ കൂടെ ഫോട്ടോ എടുക്കാനിരുന്ന പ്രധാന താരത്തിന്റെ, കസേരക്കു തൊട്ടടുത്താണ് മനഃപൂര്‍വ്വം ഇരുന്നത്. അടുത്തു കാണാനും, തൊട്ടു കൊഞ്ചികുഴഞ്ഞു കുശലം പറയാനും!

ഏറെ നേരം കാത്തിരുന്നിട്ടും, പ്രധാന താരത്തെ കാണാനില്ല. അച്ചാമ്മ ക്ഷമ കെട്ടു ചോദിച്ചു.

“എന്തിയേ…..പി!”

അതിനുത്തരം പറഞ്ഞത്, അവളുടെ അടുത്തിരുന്ന, മംഗ്ലീഷ് അവതാരകയാണ്:
“അയ്യോ, അദ്ദേഹം പോയല്ലോ! പ്രധാന സ്‌പോണ്‍സറും, അദ്ദേഹത്തിന്റെഭാര്യയും വന്ന്, സപ്പറിന് അവരുടെ വീട്ടിലേക്കു കൂട്ടി കൊണ്ടുപോയല്ലോ! എന്തിനാ, ചേച്ചീടെ ചേട്ടനു കൂടെ നിന്ന് ഫോട്ടോ എടുക്കാനാണെങ്കില്‍ ഞാന്‍ തയ്യാറാ!”

ഫൂ! അച്ചാമ്മ ഒരാട്ട്! പിന്നെ പച്ച മലയാളത്തില്‍ ഒരു ഡയലോഗ്!... മലാളി, എവിടെ ചെന്നാലും അവന്റെ തരം കാട്ടും! അമേരിക്കേ എത്തീന്നു കരുതി പട്ടീടെ വാലു കുഴലിലിട്ടു വച്ച സ്ഥിതി തന്നെ! അതുകൊണ്ടും അരിശം തീരാഞ്ഞ്, അച്ചാമ്മ അവസാനത്തെ ആയുധം എടുത്ത് ഇംഗ്ലീഷില്‍ ഫ് കൂട്ടി ഒരു മുട്ടന്‍ തെറി കാച്ചി!!

ഞാന്‍ മെഴുകുതിരി പോലെ ഉരുകി ഒലിച്ചു!!
താരനിശ (ഹാസ്യം)- ജോണ്‍ ഇളമത
Join WhatsApp News
josecheripuram 2013-05-02 12:46:49
I think we malayalees satisfy our uncherished wishes or fantacies by inviting celebrities and taking pictures.Like the moon shining by sunrays.
soman sunder 2013-05-02 13:58:14
Well done. Usually this happens in America. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക