Image

അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ ആത്മകഥയെഴുതുന്നു ( അങ്കിള്‍സാം വിശേഷങ്ങള്‍ )

Published on 23 September, 2011
അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ ആത്മകഥയെഴുതുന്നു  ( അങ്കിള്‍സാം വിശേഷങ്ങള്‍ )

ന്യൂയോര്‍ക്ക് : ഹോളിവുഡ് നടനും കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ ആതമകഥയെഴുതുന്നു. ടോട്ടല്‍ റീകാള്‍ മൈ അണ്‍ബിലീവബിള്‍ ട്രൂ ലൈഫ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ പ്രശസ്തിയിലേക്കുള്ള തന്റെ ഉയര്‍ച്ചയെപ്പറ്റിയും കാലിഫോര്‍ണിയ ഗവര്‍ണറായതിനെപ്പറ്റിയും മറിയ ഷ്‌റിവറുമായുള്ള വിവാഹമോചനത്തെക്കുറിച്ചുമെല്ലാം ഷ്വാസ്‌നെഗര്‍ തുറന്നു പറയും.

ബോഡി ബില്‍ഡിംഗില്‍ തനിക്കുള്ള താല്‍പര്യത്തെക്കുറിച്ചും ഷ്വാസ്‌നെഗര്‍ പുസ്തകത്തില്‍ തുറന്നെഴുതുന്നുണ്ട്. ഇപ്പോള്‍ എക്‌സ്‌പെന്‍ഡബിള്‍ -2 എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഷ്വാസ്‌നെഗര്‍ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് പുസ്തകം
എഴുതുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു ഷ്വാസ്‌നെഗര്‍ .

കാള്‍ ലൂയിസിന് ന്യൂജേഴ്‌സി സെനറ്റിലേക്ക് മത്സരിക്കാനാവില്ല

ന്യൂയോര്‍ക്ക് : ന്യൂജേഴ്‌സി സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിക്കാനുള്ള മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ കാള്‍ ലൂയിസിന്റെ ശ്രമങ്ങള്‍ക്ക് ഫൗള്‍ സ്റ്റാര്‍ട്ട്. സെനറ്റിലേക്ക് മത്സരിക്കണമെങ്കില്‍ മത്സരിക്കുന്ന സംസ്ഥാനത്ത് നാലു വര്‍ഷമായി സ്ഥിര താമസക്കാരനായിരിക്കണമെന്ന നിബന്ധന പാലിക്കുന്നില്ലെന്ന് കാണിച്ചാണ് ഫെഡറല്‍ അപ്പീല്‍സ് പാനല്‍ ലൂയിസിന്റെ അപേക്ഷ തള്ളിയത്.

ഈ മാസമാദ്യം ലൂയിസിന് മത്സരിക്കാന്‍ അനുമതി നല്‍കിയ വിധി റദ്ദാക്കിക്കൊണ്ടാണ് പാനലിന്റെ പുതിയ വിധി. 2005 ലും 2007 ലും ന്യൂ ജേഴ്‌സിയില്‍ ലൂയിസ് രണ്ടു വസതികള്‍ വാങ്ങി താമസമാരംഭിച്ചിരുന്നെങ്കിലും 2009 ല്‍ കാലിഫോര്‍ണിയയില്‍ നികുതി അടയ്ക്കുകയും വോട്ടു ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാനലിന്റെ നടപടി. ലൂയിസിനെ അകറ്റി നിര്‍ത്താനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തന്ത്രമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നതെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു.

ജനപ്രിയ നേതാക്കളില്‍ ഒബാമ പതിനാലാമത്

ജോഹ്നാസ്ബര്‍ഗ് : ജനപ്രിയരായ ലോകനേതാക്കളില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമക്ക് പതിനാലാം സ്ഥാനം. രാഷ്ട്രീയം, ബിസിനസ്, സംസ്‌കാരം, സ്‌പോര്‍ട്‌സ് എന്നീ മേഖലകളില്‍ നിന്നുള്ള ജനപ്രിയരായ ലോകനേതാക്കളെ കണ്ടെത്താനായി ന്യൂയോര്‍ക്ക് ആസ്ഥാനമായ റെപ്യൂട്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ വോട്ടെടുപ്പിലാണ് ഒബാമ പതിനാലാമതെത്തിയത്.

ദക്ഷിണാഫ്രിക്കയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് ആയ നെല്‍സണ്‍ മണ്ടേലയാണ് ഒന്നാമതെത്തിയത്. ടെന്നീസ്താരവും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവപ്രവര്‍ത്തകനുമായ സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡര്‍ രണ്ടാമതെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 27-ാം സ്ഥാനത്താണ്. ഒബാമയുടെ മുന്‍ഗാമിയായ ജോര്‍ജ് ബുഷ്, ക്യൂബന്‍ മുന്‍ ഫിഡല്‍ കാസ്‌ട്രോ എന്നിവരെല്ലാം പട്ടികയില്‍ അവസാനമായാണ് ഇടം പിടിച്ചത്. 25 രാജ്യങ്ങളില്‍ നിന്ന് 51000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണി റെപ്യൂട്ടേഷന്‍ സര്‍വ്വെ നടത്തിയത്.

പാക്കിസ്ഥാനുള്ള ധനസഹായം യു.എസ് പാനലിന് എതിര്‍പ്പ്

വാഷിംഗ്ടണ്‍ : തീവ്രവാദവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ പാക്കിസ്ഥാനു യു.എസ് സഹായം തുടരുന്നതിനെ സെനറ്റ് പാനല്‍ രൂക്ഷമായി വിമര്‍ശിച്ചു. തീവ്രവാദവിരുദ്ധ പോരാട്ടത്തില്‍ യു.എസ് നിഷ്‌കര്‍ഷയനുസരിച്ചുള്ള പ്രകടനത്തിന്റെ അഭാവത്തില്‍ പാക്കിസ്ഥാനുള്ള സഹായധനത്തില്‍ യു.എസ് ഭാഗികമായി കുറവു വരുത്തിയിരുന്നു. എന്നാല്‍ തുകയില്‍ വ്യക്തത വരുത്തണമെന്നാണു പാനലിന്റെ അഭിപ്രായം. പാക്കിസ്ഥാന് ഒന്നും കൊടുത്തില്ലെങ്കില്‍ പോലും കുഴപ്പമില്ലെന്നു പാക് വിമര്‍ശകനായ റിപ്പബ്ലിക്കന്‍ അംഗം മാര്‍ക്ക് കിര്‍ക്ക് അഭിപ്രായപ്പെട്ടു.

യു.എസ് സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടായ ആക്രണങ്ങളില്‍ പാക് ചാരസംഘടന ഐഎസ്‌ഐയുടെ പങ്കിനെക്കുറിച്ചു യു.എസ് അധികൃതര്‍ തന്നെ വെളിപ്പെടുത്തിയിട്ടും സഹായം തുടരുന്നതാണു വിമര്‍ശനത്തിനു കാരണം അഫ്ഗാനിലെ യു.എസ് എംബസി ആക്രമണത്തില്‍ പാക് തീവ്രവാദ സംഘടന ഹഖാനി ഗ്രൂപ്പിനെ സഹായിച്ചത് ഐഎസ്‌ഐ ആണെന്നു അഫ്ഗാനിലെ യു.എസ് സംയുക്ത സേനാമേധാവി മൈക്ക് മുള്ളന്‍ അിറയിച്ചിരുന്നു.

പരസ്യ വിമര്‍ശനം തുടര്‍ന്നാല്‍ യു.എസ് സഖ്യരാജ്യമല്ലാതാകും: പാക്കിസ്ഥാന്‍

ന്യൂയോര്‍ക്ക് : ഭീകരര്‍ക്കെതിരെയുള്ള പോരാട്ടവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനെതിരെ പരസ്യവിമര്‍ശനം തുടര്‍ന്നാല്‍ സഖ്യരാജ്യമെന്ന പദവി നഷ്ടമാകുമെന്ന് യുഎസിനു പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ യുഎസ് ശ്രമിക്കരുതെന്നും അങ്ങനെ ചെയ്താല്‍ അതിന്റെ വില ആ രാജ്യം നല്‍കേണ്ടി വരുമെന്നും പാക്ക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ പറഞ്ഞു. യുഎന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലെത്തിയ റബ്ബാനി ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്‍ നല്‍കിയ അഭിമുഖത്തിലാണ് യുഎസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കു ഹഖാനി ശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന യുഎസ് അഡ്മിറല്‍ മൈക്ക് മുള്ളന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ യു.എസ് എംബസിക്ക് നേരെയുണ്ടായ ചാവേറാക്രമണത്തിന് പിന്നില്‍ ഹഖാനി സംഘമാണെന്നും യു.എസ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റബ്ബാനിയുടെ പ്രതികരണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഏറ്റവും അടുത്ത സഖ്യകക്ഷിയായിരുന്ന പാക്കിസ്ഥാനുമായുള്ള യുഎസിന്റെ ബന്ധത്തില്‍ വിള്ള
ല്‍ വീഴുന്നുവെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക